സംസ്‌ക്കാരത്തെക്കുറിച്ചുള്ള ഏത് ചര്‍ച്ചയിലും മുഴങ്ങിക്കേള്‍ക്കുന്നത് മനുഷ്യന്‍ ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന സാംസ്‌ക്കാരികപ്രതിസന്ധിയാണ്. നിലവിലുള്ള സാംസ്‌ക്കാരികപരിസരത്തെപ്പറ്റി ആര്‍ക്കും നല്ല അഭിപ്രായമില്ല. മനുഷ്യന്റെ സങ്കല്‍പ്പത്തിലുള്ള ഉദാത്തവും ഉല്‍കൃഷ്ടവുമായ സംസ്‌ക്കാരം വളരെ അകലെയാണെന്ന് തോന്നുന്നു. സംസ്‌ക്കാരത്തെ സ്‌നേഹിക്കുന്നവര്‍ മാത്രമല്ല തകര്‍ക്കുന്നവരും വ്യാകുലപ്പെടുന്നു, മലിനമാക്കപ്പെട്ട ജീവിതത്തെപ്പറ്റി. സംസ്‌ക്കാരത്തിന്റെ അന്തകര്‍ക്കും സംസ്‌ക്കാരം ഇഷ്ടമാണെന്നാണ് ഇതിന്റെ മറ്റൊരര്‍ഥം. എന്നാല്‍ സ്വന്തം ജീവിതംകൊണ്ട് സംസ്‌ക്കാരം തേജോമയമാക്കാന്‍ അവര്‍ ഒരുക്കമല്ല. ഒരു സാംസ്‌ക്കാരിക ചുറ്റുപാടിന്റെ ഗുമഭോക്താക്കളാവുക മാത്രമാണ് അവരുടെ ലക്ഷ്യം. ഇത് തന്നെയാണ് നാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. സത്യം പറയാന്‍ വയ്യ, കേള്‍ക്കാന്‍ ഇഷ്ടം. കൊടുക്കാന്‍ മനസ്സില്ല കിട്ടിയാല്‍ മതിയാവില്ല. മൂല്യങ്ങള്‍ വ്യക്തിജീവിതത്തില്‍ വേണ്ട സാമൂഹികജീവിതത്തില്‍ ഉണ്ടായാല്‍ കൊള്ളാം! വ്യക്തിയില്ലാത്തത് എങ്ങനെ സമൂഹത്തിലുണ്ടാവും? ഒരായിരം വട്ടം നാം നമ്മോട് തന്നെ ചോദിക്കേണ്ട വലിയ ചോദ്യമാണിത്.
മനുഷ്യനെ മൃഗത്തില്‍ നിന്ന് വേര്‍തിരിക്കുന്നതെന്തോ അതാണല്ലാ സംസ്‌ക്കാരം. മൃഗത്തില്‍ നിന്ന് മനുഷ്യനിലേക്കുള്ള മുന്നേറ്റമാണ് പുരോഗതി. മൃഗത്തേക്കാള്‍ താഴാനും മാലാഖയെക്കാള്‍ ഉയരാനുമുള്ള മനുഷ്യന്റെ വ്യത്യസ്തകഴിവുകളെ സംസ്‌ക്കാരത്തിന്റെ രണ്ട് അറ്റങ്ങളായി കണക്കാക്കാവുന്നതാണ്. മൃഗത്തില്‍ നിന്ന് മനുഷ്യനിലേക്കുള്ള പ്രയാണമെന്നത് സഹായിക്കുന്നതെല്ലാം സാംസ്‌ക്കാരികാഭിവൃദ്ധിയുടെ ഉപാധികളാണ്. പ്രവാചകന്‍മാരും ദാര്‍ശനികന്‍മാരും ഋഷിവര്യന്‍മാരുമായിരുന്നു സാംസ്‌ക്കാരിക മുന്നേറ്റത്തിന്റെ ചാലകശക്തികള്‍. കലയും സാഹിത്യവും ഉള്‍പ്പെടെയുള്ള മറ്റുപാധികളും അതില്‍ മഹത്തായ പങ്കു വഹിച്ചിട്ടുണ്ട്. എന്നാല്‍ ചിന്തകരും ചിന്താപ്രസ്ഥാനങ്ങളും കലയും സാഹത്യവും തന്നെയാണ് സംസ്‌ക്കാരത്തെ തകര്‍ക്കാനുള്ള ഉപാധികളായും വര്‍ത്തിച്ചുപോന്നത്.
സംസ്‌ക്കാരമെന്ന് പറയുന്നത് മാനം മുട്ടി നില്‍ക്കുന്ന സര്‍വ്വകലാശാലകളല്ല, അവിടെ നിന്ന് പ്രസരണം ചെയ്യപ്പെടുന്ന അറിവുമല്ല, അറിവില്‍ നിന്നുറവയെടുക്കുന്ന വിവേകമാണ്. മനസ്സിനെ ദീപ്തമാക്കാത്ത അറിവ് കൊണ്ട് സംസ്‌ക്കാരമുണ്ടാവില്ല. സംസ്‌ക്കാരമെന്നാല്‍ ഭക്തജനപ്രവാഹമുള്ള അമ്പലമല്ല, മസ്ജിദോ ചര്‍ച്ചോ അല്ല അവിടെ നടത്തപ്പെടുന്ന ബലികര്‍മ്മങ്ങളോ ആരാധനകളോ അല്ല ഭക്തന്റെ ഹൃദയചൈതന്യമാണ്. ലക്ഷം രൂപയും ബഹുമതിപത്രവും അവാര്‍ഡായി ലഭിച്ച നോവലോ കവിതയോ അല്ല സംസ്‌ക്കാരം വായനക്കാരന്റെ ഹൃദയത്തിലേക്ക് പനിനീര്‍പ്പൂവില്‍നിന്ന് സുഗന്ധമെന്നപോലെ സംക്രമിക്കുന്ന വെളിച്ചമാണ്. സംസ്‌ക്കാരം പ്രത്യക്ഷമാകുന്നത് നമ്മുടെ വീടിന്റെ മുന്‍വശത്തെ കൊത്തുപണിയിലല്ല അടുക്കളക്ക് പിന്നിലാണ്. അവിടെ മാലിന്യമാണെങ്കില്‍ മിന്‍വശം മോടിപിടിപ്പിച്ചത് കൊണ്ട് കാര്യമൊന്നുമില്ല. സംസ്‌ക്കാരം മനുഷ്യന്റെ വാക്കാണ്. പ്രവൃത്തിയാണ് വികാരവും വിചാരവുമാണ്. സംസ്‌ക്കാരം ഒരു മാനസികാവസ്ഥയാണ്. ദൈനംദിനജീവിതത്തിലെ കൊച്ചുകൊച്ചുപ്രശ്‌നങ്ങള്‍ക്കതീതമായി നൈതികമൂല്യങ്ങളുമായി സദാ വ്യാപൃദമായിരിക്കുന്ന മനസ്സ്. സന്തോഷവും ദുഖവും ഒരുപോലെ അനുഭവിക്കാന്‍ കഴിയുന്ന വലിയമനസ്സ്.
അടുത്തനേരത്തെ ഭക്ഷണത്തെപ്പറ്റിയും നാളെ ധരിക്കാന്‍ പോകുന്ന പാന്‍സിന്റെയും ഷര്‍ട്ടിന്റെയും മാച്ചിംഗിനെപ്പറ്റിയും മാത്രം ആലോചിച്ചു വിഷമിക്കുന്ന മനസ്സുകള്‍ക്കു വഴങ്ങുന്നതല്ല സംസ്‌ക്കാരം. പത്ത് സെന്റ് പുരയിടത്തില്‍ ഭൂമിയിലും ആകാശത്തിലുമായി നിറഞ്ഞുനില്‍ക്കുന്ന തന്റെ ഇരുനിലമാളികയെക്കുറിച്ചും അതില്‍ ടെലിവിഷനുമുന്നില്‍ വളര്‍ത്തപ്പെടുന്ന കുട്ടികളെക്കുറിച്ചും പിന്നെ പ്രത്യേക കൂട്ടില്‍ പ്രത്യേക ഭക്ഷണം നല്‍കി ഓമനിച്ചു വളര്‍ത്തുന്ന പട്ടിയെക്കുറിച്ചും മാത്രം ചിന്തിച്ച് തലപുണ്ണാക്കുന്നവനും ദഹിക്കുന്നതല്ല സംസ്‌ക്കാരം. തന്റെ പത്ത് സെന്റ് ഭൂമിയുടെ വന്‍മതിലുകള്‍പ്പുറം ഒരു വലിയഭൂമിയുണ്ടെന്നും അവിടെയും വീടുകളും കുഞ്ഞുങ്ങളും ഉണ്ടും ഉണ്ണാതെയും ജീവിക്കുന്നുണ്ടെന്നും അറിയുന്നവനേ സംസ്‌ക്കാരത്തെപ്പറ്റി ചിന്തിക്കാന്‍ കഴിയൂ.
നഗരങ്ങളും ഗ്രാമങ്ങളും ഒരു പോലെ ചിരന്തനമായി നാം കാത്തുസൂക്ഷിക്കുന്ന സംസ്‌ക്കാരസങ്കല്‍പ്പതിനു നേരെ പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. സാംസ്‌ക്കാരികകേന്ദ്രങ്ങളും സാംസ്‌ക്കാരികനേതാക്കളും വരെ സംസ്‌ക്കാരത്തിന്റെ ശത്രുക്കളായി മാറിക്കഴിഞ്ഞു. സാംസ്‌ക്കാരികനേതൃത്വം ഒരു അലങ്കാരമോ അധികാരമോ, നന്നെ ചുരുങ്ങിയത് ഒരു ജോലിയോ ആണിന്ന്. ഭാരതസര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ പെട്ടികളിലൂടെയാണ് സംസ്‌ക്കാരം വിനിമയം ചെയ്യപ്പെടുന്നത്. സംസ്‌ക്കാരത്തിന്റെ നാശം തടയാനും വ്യാപനം ത്വരിതപ്പെടുത്താനും ഗവണ്‍മെന്റ് സ്വീകരിച്ച ഒരു മാര്‍ഗ്ഗമാണിത്. ശമ്പളത്തോടൊപ്പം ഒന്നാംക്ലാസ് റെയില്‍വേ ടിക്കറ്റും തലസ്ഥാന നഗരിയില്‍ മേത്തരം താമസസൗകര്യങ്ങളും വാഗ്ദാനം ചെയ്ത് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് അധ്യാപകരെ വിളിച്ചു വരുത്തി, അവരുടെ മുമ്പില്‍ പ്രസിദ്ധരായ കലാകാരന്‍മാരുടെ, മണിക്കൂറിന് ആയിരക്കണക്കിന് രൂപ വിലയുള്ള പരിപാടികള്‍ അവതരിപ്പിച്ച്, തിരിച്ചു പോകുമ്പോള്‍ കള്‍ച്ചറല്‍കിറ്റ് എന്ന ലേബലൊട്ടിച്ച ഇരുമ്പ്‌പെട്ടിയില്‍ കുറെ സ്ലൈഡുകളും ചിത്രങ്ങളും നല്‍കിയത്‌കൊണ്ട് സംസ്‌ക്കാരം നിലനില്‍ക്കുകയോ വളരുകയോ ചെയ്യുന്നില്ല. രണ്ടാംക്ലാസ് ടിക്കറ്റില്‍ യാത്രചെയ്ത്, വ്യാജരേഖയുണ്ടാക്കി ഒന്നാംക്ലാസ് ടിക്കറ്റിന്റെ ചാര്‍ജ് കൈപ്പറ്റുകയും കള്‍ച്ചറല്‍കിറ്റില്‍ നിന്ന് തനിക്ക് വേണ്ടതെല്ലാം സ്വന്തമാക്കുകയും ചെയ്യുന്ന അധ്യാപകനില്‍ നിന്ന് ചോര്‍ന്നുപോയതെന്തോ അതാണ് സംസ്‌ക്കാരം; കിറ്റില്‍ അവശേഷിക്കുന്നതല്ല.