ചോദ്യം: മുസ്‌ലിംകൾ രണ്ട് പെരുന്നാൾ ആഘോഷങ്ങളിൽ നിർവഹിച്ചു. വരുന്ന, ഒരുനേര ഭക്ഷണമായ ‘ഫിത്വർ സകാത്തി’നും ഒരു നേരവിഭവമായ ‘ബലിമാംസ’ത്തിനും ഇന്നത്തെ കേരള ചുറ്റുപാടിൽ എന്തുമാത്രം പ്രസക്തിയുണ്ട്? പെരുന്നാൾ ദിവസത്തിലെങ്കിലും അരിയും മാംസവും ശേഖരിക്കാൻ കഴിയാത്ത ഏതെങ്കിലും മുസ്‌ലിംകൾ ഇന്ന് കേരളത്തിലുണ്ടോ? ചെറിയ പെരുന്നാളിന് ‘ചോറി’ന് മാത്രമുള്ളത് നൽകി ചാറിനെ അവഗണിക്കുന്നതും, വലിയ പെരുന്നാളിന് ‘ചാറി’നുള്ളത് നൽക ‘ചോറി’നെ വിസ്മരിക്കുന്നതും വിരോധാഭാസമല്ലേ? ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ പ്രവാചകന്റെ കാലഘട്ടത്തിൽ ദാരിദ്ര്യത്തെ ചുറ്റിപ്പറ്റി നിന്നിരുന്ന ഇത്തരം സമ്പ്രദായങ്ങൾ എവിടെയും എല്ലാകാലത്തും ചിലപ്പോൾ പ്രഹസനമാകുന്നില്ലേ?
ഉത്തരം: രണ്ട് പെരുന്നാൾ ദിവസങ്ങളിൽ ഏർപ്പെടുത്തിയ സകാത്തുൽ ഫിത്വറും ഉദ്ഹിയ്യത്തും സമൂഹത്തിലെ പട്ടിണി മാറ്റാൻ മാത്രമുള്ളതല്ല. റമദാനിൽ നോമ്പനുഷ്ഠിച്ചവർക്ക് സംഭവിച്ചേക്കാവുന്ന പാളിച്ചകളും പിഴവുകളും പരിഹരിക്കാൻ പെരുന്നാൾ ദിവസം നിർബന്ധമാക്കിയ ദാനമാണ് ഫിത്വർസകാത്ത്. അത് സമൂഹത്തിലെ പാവങ്ങൾക്ക് പെരുന്നാൾ ഭക്ഷണമാവാൻ, മുഖ്യാഹാരമായ പദാർഥമായിരിക്കണമെന്നും നിഷ്കർഷിച്ചു. ഇക്കാലത്ത് കേരളത്തിൽ ഫിത്വർസകാത്ത് സ്വീകരിക്കാൻ അർഹരായവർ ഇല്ലെന്ന നിഗമനം വാസ്ത വവിരുദ്ധമാണ്. ഏതെങ്കിലും പ്രദേശത്ത് പട്ടിണിക്കാരില്ലെങ്കിൽ ഉള്ളേടത്തേക്ക് അയച്ചാൽ മതി. ഇന്ത്യൻ ജനസംഖ്യയിൽ 40 കോടിയിലധികം ദാരിദ്ര്യരേഖക്കു താഴെയാണെന്നോർക്കുക.
ഉദ്ഹിയ്യത്ത് മഹാനായ ഇബ്റാഹീം നബിയുടെ പുത്രബലിയുടെ അനുസ്മരണമാണ്. അതേസമയം മൃഗമാംസം മിക്ക സമൂഹങ്ങളിലെയും ഇഷ്ട ഭോജ്യവുമാണ്. അതിനാൽ ബലിമാംസം സ്വയം ഭുജിക്കാനും പാവങ്ങൾക്ക് നൽകാനും ഖുർആൻ നിർദേശിച്ചു. പട്ടിണിക്കാർക്ക് അതുമാത്രം പോരെങ്കിൽ ആഹാരത്തിന് വകനൽകേണ്ടത് സമ്പന്നരുടെ പണ്ടേയുള്ള ബാധ്യതയാണ്. അവരത് നിറവേറ്റിയേ പറ്റൂ. അതിനായി ശരീഅത്തിൽ പുതിയ ഭേദഗതിയൊന്നും ആവശ്യമില്ല.