Question: “പരലോകത്ത് പുരുഷന്മാർക്ക് സ്വർഗകന്യകകളെ ഇണകളായി ലഭിക്കുമെന്ന് ഖുർആൻ പറയുന്നു. എന്നാൽ സ്ത്രീകൾക്ക് ഇത്തരം ഇണകളെ കിട്ടുമെന്ന് എവിടെയും കാണുന്നില്ല. സ്വർഗത്തിലും സ്ത്രീവിവേചനമോ?”
Answer: ദൈവിക നിയമമനുസരിച്ച് ഭൂമിയിൽ ജീവിക്കുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇടമാണ് സ്വർഗം. ഇക്കാര്യത്തിൽ സ്ത്രീ-പുരുഷന്മാർക്കിടയിൽ ഒരു വിവേചനവും ഇസ്‌ലാമിലില്ല. ഖുർആൻ പറയുന്നു: “സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവർ നന്മ കൽപിക്കുന്നു. തിന്മ വിരോധിക്കുന്നു. നമസ്കാരം നിഷ്ഠയോടെ നിർവഹിക്കുന്നു. സകാത്ത് നൽകുന്നു. ദൈവത്തെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവർക്ക് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുക തന്നെ ചെയ്യും. അല്ലാഹു സകലർക്കും അജയ്യനും യുക്തിജ്ഞനുമത്രെ. വിശ്വാസികളായ സ്ത്രീ പുരുഷന്മാർക്കായി അല്ലാഹു അടിഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നു. അവരതിൽ നിത്യവാസികളായിരിക്കും. ആ അനശ്വര സ്വർഗങ്ങളിൽ അവർക്കായി പാവനമായ വസതികളുണ്ടായിരിക്കും. സർവോപരി ദൈവപ്രീതിയും! അതെത്ര മഹത്തരം ഇതുതന്നെയാകുന്നു വൻവിജയം” (അധ്യായം 9, വാക്യം 71, 72).
“നിശ്ചയം, മുസ്‌ലിംകളും വിശ്വാസികളും വണക്കമുള്ളവരും സത്യസന്ധരും സഹനശീലരും അല്ലാഹുവിനോട് ഭയഭക്തിയുള്ളവരും ദാനശീലരും വ്രതമനുഷ്ഠിക്കുന്നവരും തങ്ങളുടെ ലൈംഗികാവയവങ്ങളെ സൂക്ഷിക്കുന്നവരും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീകളും പുരുഷന്മാരും ആരോ, അവർക്ക് അല്ലാഹു പാപമുക്തിയും മഹത്തായ പ്രതിഫലവും ഒരുക്കിവച്ചിരിക്കുന്നു” (അധ്യായം 33, വാക്യം 35)
“സ്ത്രീയാവട്ടെ, പുരുഷനാവട്ടെ, നിങ്ങളിലാരുടെയും കർമത്തെ നാം നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വർഗത്തിൽപെട്ടവരാണല്ലോ. അതിനാൽ എനിക്കുവേണ്ടി സ്വദേശം വെടിയുകയും എന്റെ മാർഗത്തിൽ സ്വഭവനങ്ങളിൽനിന്ന് ബഹിഷ്കൃതരാവുകയും മർദിക്കപ്പെടുകയും എനിക്കായി സമരം ചെയ്യുകയും വധിക്കപ്പെടുകയും ചെയ്തവരാരോ അവരുടെ സകല പാപങ്ങളും ഞാൻ പൊറുത്തുകൊടുക്കുന്നതാകുന്നു. ഞാനവരെ അടിഭാഗത്തിലൂടെ ആറുകളൊഴുകുന്ന ആരാമങ്ങളിൽ പ്രവേശിപ്പിക്കുന്നതുമാണ്. ഇത് അല്ലാഹുവിൽ നിന്നുള്ള പ്രതിഫലമാകുന്നു. ഉൽകൃഷ്ടമായ പ്രതിഫലം ദൈവത്തിങ്കൽ മാത്രമത്രെ(അധ്യായം 3, വാക്യം 195)
സ്ത്രീ-പുരുഷ ഭേദമന്യേ സുകൃതവാന്മാരെല്ലാം സ്വർഗാവകാശികളായിരിക്കുമെന്ന് ഈ വിശുദ്ധ വാക്യങ്ങൾ വ്യക്തമാക്കുന്നു. സ്വർഗം ദൈവികദാനവും സമ്മാനവുമാണ്. മനുഷ്യരാഗ്രഹിക്കുന്നതൊക്കെയും അവിടെ ലഭിക്കും. അതിനാൽ പുരുഷന്മാർക്ക് അവരാഗ്രഹിക്കുന്ന ഇണകളെയെന്നപോലെ സ്ത്രീകൾക്ക് അവർ കൊതിക്കുന്ന കൂട്ടുകാരെയും കിട്ടും.
സ്ത്രീ – പുരുഷ സമ്പർക്കങ്ങളും ബന്ധങ്ങളും ഒരിക്കലും ഏകപക്ഷീയമാവുക സാധ്യമല്ലല്ലോ. പുരുഷന്മാർക്ക് സ്ത്രീകളെ ലഭിക്കുമെന്ന് പറഞ്ഞാൽ സ്ത്രീകൾക്ക് പുരുഷന്മാരെയും ഇണകളായി കിട്ടുമെന്നത് സ്വാഭാവികവും അനിവാര്യവുമാണല്ലോ. ഒന്നു പറഞ്ഞാൽ മറ്റൊന്നു പറയേണ്ടതിന്റെ ആവശ്യമില്ലെന്നർഥം.
ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുർആൻ മനുഷ്യർക്കുവേണ്ടിയാണ് അവതീർണമായത്. അതിനാലതിന്റെ ശൈലിയും പ്രയോഗവും ഘടനയുമെല്ലാം ജനങ്ങൾക്ക് അനായാസം മനസ്സിലാക്കാൻ സാധിക്കുമാറ് പരിചിതരീതിയിലാണ്. എക്കാലത്തെയും വിശ്വസാഹിത്യത്തിലെന്ന പോലെ ഖുർആന്റെ അവതരണകാലത്തെ അറബി സാഹിത്യത്തിലും സ്ത്രൈണ സൗന്ദര്യമാണ് വർണിക്കപ്പെട്ടിരുന്നത്. ഖുർആനിലും പ്രബോധിത സമൂഹത്തിന് തീർത്തും സ്വീകാര്യവും വേഗം ഉൾക്കൊള്ളാൻ സാധിക്കുന്നതുമായ അതേ രീതിയാണ് സ്വീകരിക്കപ്പെട്ടത്. അതേ സമയം ഭൂമിയിൽ വച്ച് അറിയുന്നതും സങ്കൽപിക്കുന്നതുമായ സകല സീമകൾക്കും അതീതമായ സുഖസൗകര്യങ്ങളാവും സ്വർഗത്തിലുണ്ടാവുകയെന്ന് ഖുർആൻ അസന്ദിഗ്ധമായി അറിയിക്കുകയും അതിൽ സ്ത്രീ-പുരുഷന്മാരെല്ലാം ഒരേപോലെ പങ്കാളികളായിരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. അതിനാൽ സ്വർഗത്തിൽ സ്ത്രീ വിവേചനത്തിന്റെ പ്രശ്നമേ ഉദ്ഭവിക്കുന്നില്ല. വിവേചനമെന്നത് അതിനിരയാവുന്നവർക്ക് അനിഷ്ടകരമായിരിക്കുമല്ലോ. ആർക്കും അനിഷ്ടകരമായ ഒന്നും അവിടെയുണ്ടാവില്ലെന്ന് വിശുദ്ധ വേദഗ്രന്ഥം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്.
സ്വർഗത്തിലും സ്ത്രീവിവേചനമോ?
previous post