Question: “ഭഗവത്ഗീത ദൈവികമാണോ?“
Answer: നിലവിലുള്ള വേദങ്ങൾ മനുഷ്യ ഇടപെടലുകൾക്ക് വിധേയമായിട്ട ണ്ടെന്ന് ഡോ. രാധാകൃഷ്ണൻ, എൻ.വി. കൃഷ്ണവാരിയർ, നരേന്ദ്രഭൂഷൺ, സത്യവ്രത പട്ടേൽ പോലുള്ള വേദപണ്ഡിതന്മാർ അസന്ദിഗ്ധമായി വ്യക്ത മാക്കിയതാണ്.
മഹാഭാരതത്തിൽ കുരുക്ഷേത്രയുദ്ധഭൂമിയിൽ കൗരവരോട് യുദ്ധം ചെയ്യാൻ പാണ്ഡവന്മാർ ചെന്നപ്പോൾ പാണ്ഡവവീരനായ അർജുനന് ബന്ധുജനങ്ങളെ കൊല്ലാൻ വലിയ ദുഃഖം തോന്നി. അർജുനന്റെ തേരാളിയായ കൃഷ്ണൻ അർജുനന്റെ അസ്ഥാനത്തുള്ള ആ ഹൃദയദൗർബല്യം മാറ്റാൻ പറഞ്ഞുകൊടുത്ത താപദേശമാണ് ഗീതയെന്ന് വിശ്വസിക്കപ്പെടുന്നു. വ്യാസമഹർഷിയാണ് ഗീതയുൾപ്പെടെയുള്ള മഹാഭാരതം നിർമിച്ചത്.
ശ്രീകൃഷ്ണൻ ഭഗവാന്റെ അവതാരമാണെന്നും അതിനാൽ ഗീത ഭഗവദ്ഗീതയാണെന്നും പ്രചരിപ്പിക്കപ്പെടുന്നു. എന്നാൽ ഭഗവാൻ ഒരിക്കലും മനുഷ്യരൂപത്തിൽ അവതരിക്കില്ലെന്നും അവതരിച്ചിട്ടില്ലെന്നുമാണ് പ്രമുഖരായ ഹൈന്ദവ പണ്ഡിതന്മാരും പരിഷ്കർത്താക്കളും വ്യക്തമാക്കുന്നത്. സ്വാമി ദയാനന്ദ സരസ്വതി ഇക്കാര്യം ചോദ്യോത്തരരൂപത്തിൽ ഇങ്ങനെ അവതരിപ്പിക്കുന്നു.
“പ്രശ്നം: ഈശ്വരൻ അവതാരം സ്വീകരിക്കുന്നുണ്ടോ?
ഉത്തരം: ഇല്ല. എന്തെന്നാൽ ‘അജ ഏക പാത്’ (35-53), ‘സപർവ്വഗാതു ക്രമകായം’ (40-8) എന്നു തുടങ്ങിയ യജുർവേദ വചനങ്ങളിൽനിന്ന് പരമേശ്വരൻ ജന്മം കൊള്ളുന്നില്ലെന്ന് മനസ്സിലാകുന്നുണ്ട്.
“പ്രശ്നം:
യദാ യദാ ഹി ധർമസ്യ
ഗ്ലാനിർഭവതി ഭാരത
അഭ്യുത്ഥാന മധർമസ്യ
തദാത്മാനം സൃജാമ്യഹം (ഭഗവത് ഗീത അ: 4 ശ്ലോകം 7)
ധർമത്തിന് ലോപം വരുമ്പോഴെല്ലാം ഞാൻ ശരീരം ധരിക്കുന്നു എന്ന് ശ്രീകൃഷ്ണൻ പറയുന്നുണ്ടല്ലോ?
ഉത്തരം: വേദവിരുദ്ധമായതുകൊണ്ട് ഇത് പ്രമാണമാകുന്നില്ല. ധർമാത്മാവും ധർമത്തെ രക്ഷിക്കാൻ ഇഛിക്കുന്നവനുമായ ശ്രീകൃഷ്ണൻ ‘ഞാൻ യുഗം തോറും ജന്മം കൈക്കൊണ്ടു ശിഷ്ട ജനങ്ങളെ പരിപാലിക്കുകയും ദുഷ്ടന്മാരെ സംഹരിക്കുകയും ചെയ്യും’ എന്നിങ്ങനെ ആഗ്രഹിച്ചിട്ടുണ്ടായിരിക്കാം. അങ്ങനെ ചെയ്യുന്നതിൽ ദോഷമൊന്നുമില്ല. എന്തെന്നാൽ ‘പരോപകാരായ സതാം വിഭൂതയഃ’ -സജ്ജനങ്ങളുടെ ശരീരം, മനസ്സ്, ധനം എന്നിവയെല്ലാം പരോപകാരത്തിനായിട്ടുള്ളതാണല്ലോ. എന്നാലും ശ്രീകൃഷ്ണൻ ഇതുകൊണ്ട് ഈശ്വരനാണെന്ന് വരുവാൻ തരമില്ല”(സത്യാർഥ പ്രകാശം, പുറം 304, 305).
ഈശ്വരന് അവതാരമുണ്ടാവില്ലെന്ന് ശ്രീവാഗ്ഭടാനന്ദ ഗുരുവും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട് (വാഗ്ഭടാനന്ദന്റെ സമ്പൂർണ കൃതികൾ, പുറം 357-359, 751, 752. മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്).
ഗീത തന്നെ അവതാര സങ്കൽപത്തെ നിരാകരിക്കുന്നു.
അവജാനന്തി മാം മൂഢാ
മാനുഷീം തനു മാ ശ്രിതം
പരം ഭാവമജാനന്തോ
മമ ഭൂത മഹേശ്വരം
മോഘജ്ഞാനാ വിചേതസഃ
രാക്ഷസി മാധുരി ചൈവ
പ്രകൃതീം മോഹിനീം ശ്രീതാഃ
(ഭൂതങ്ങളുടെ മഹേശ്വരനെന്ന പരമമായ എന്റെ ഭാവത്തെ അറിയാത്ത മൂഢന്മാർ എന്നെ മാനുഷികമായ ശരീരത്തെ ആശ്രയിച്ചവനായി തെറ്റായി മനസ്സിലാക്കുന്നു. അങ്ങനെ എന്നെ ധരിക്കുന്നവരുടെ ആശകളും അവർ ചെയ്യുന്ന കർമങ്ങളും അവർക്കുള്ള ജ്ഞാനവും നിഷ്ഫലങ്ങളാണ്. അവർ അവിവേകികളും മനസ്സിനെ മോഹിപ്പിക്കുന്ന രാക്ഷസ പ്രകൃതിയെയും അസുര പ്രകൃതിയെയും ആശ്രയിച്ചുള്ളവരാകുന്നു. (അധ്യായം 9, രാജ വിദ്യാ രാജഗുഹ്യയോഗം, ശ്ലോകം 11, 12).
ഗീതയിലെ ഇത്തരം സൂക്തങ്ങൾ ദിവ്യവചനങ്ങളാവാനുള്ള സാധ്യത നിഷേധിക്കാനാവില്ല. എന്നാൽ ശ്രീകൃഷ്ണൻ ഭഗവാനായിരുന്നുവെന്ന സങ്കൽപം തീർത്തും തെറ്റാണ്. ഗീതയുടെ തന്നെ ഉപര്യുക്ത പ്രസ്താവത്തിന് കടകവിരുദ്ധവുമാണ്. ശ്രീകൃഷ്ണൻ ദൈവദൂതനാവാനുള്ള സാധ്യതയാണ് ഏറെയുള്ളത്. എന്നാൽ അദ്ദേഹത്തിന്റെ വ്യക്തവും സത്യസന്ധവുമായ ചരിത്രം ലഭ്യമല്ലാത്തതിനാൽ ഇക്കാര്യത്തിൽ ഖണ്ഡിതമായൊരു നിഗമനത്തിലെത്തുക സാധ്യമല്ല.
ഗീതയുടെ വ്യക്തവും ഖണ്ഡിതവുമായ ചരിത്രം ലഭ്യമല്ല. അത് മഹാഭാരതയുദ്ധത്തോടനുബന്ധിച്ചാണോ രചിക്കപ്പെട്ടതെന്ന കാര്യത്തിൽ പോലും വീക്ഷണ വ്യത്യാസമുണ്ട്. ഗീതയുടെ കാലവും വിവാദവിധേയമാണ്. ക്രിസ്തുവിനു മുമ്പ് അഞ്ചാം നൂറ്റാണ്ടിലാണെന്നും നാലാം നൂറ്റാണ്ടിലാണെന്നും മൂന്നാം നൂറ്റാണ്ടിലാണെന്നും ക്രിസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടിലാണെന്നും നാലാം നൂറ്റാണ്ടിലാണെന്നുമെല്ലാം അഭിപ്രായാന്തരമുണ്ട്. ഈ അവ്യക്തതയെക്കുറിച്ച് ഡോ. രാധാകൃഷ്ണൻ എഴുതുന്നു: “ഭഗവദ്ഗീത മഹാഭാരതത്തിന്റെ യഥാർഥ ഭാഗമാണെന്ന് നാം സ്വീകരിച്ചാൽ തന്നെയും അതിൽ പല കാലഘട്ടങ്ങളിലെയും കൃതികൾ ഉൾക്കൊള്ളിച്ചിട്ടുള്ളതുകൊണ്ട് നമുക്ക് ഗീതയുടെ കാലത്തെപ്പറ്റി ഉറപ്പ് പറയാനാവില്ല. (ഭാരതീയ ദർശനം, ഭാഗം 1, പുറം 481).
ഗീതാകർത്താവ് തന്റെ കാലത്തെ വിവിധ ചിന്താധാരകളെ സമന്വയിപ്പിക്കുകയും സമാഹരിക്കുകയുമാണുണ്ടായതെന്ന് ഡോ. രാധാകൃഷ്ണൻ തുടർന്നു പറയുന്നു.
ഏതായാലും ഗീത ദൈവികമാണെന്ന് അദ്ദേഹത്തിന് അഭിപ്രായമില്ല. “ദർശനം, മതം, സദാചാരങ്ങൾ എന്നിവയുടെ ഉപദേശങ്ങളടങ്ങുന്ന ഗ്രന്ഥമാണത്. അതിനെ ശ്രുതിയെന്നോ അഥവാ ഈശ്വരീയമായ അരുളപ്പാടെന്നോ കരുതുന്നില്ല. സ്മൃതിയെന്ന് പറയാവുന്നതാണ്”(Ibid പുറം 477).
ചുരുക്കത്തിൽ ഗീതയിൽ ദൈവിക സന്ദേശങ്ങളുടെ അംശങ്ങളും ആശയങ്ങളും ഉണ്ടാവാമെങ്കിലും അതൊരു ദൈവിക ഗ്രന്ഥമല്ല. ഒരു ദൈവിക ഗ്രന്ഥമാണെന്ന് ഗീത സ്വയം അവകാശപ്പെടുന്നില്ലെന്നതും ശ്രദ്ധേയമത്രെ.