Question: “ഇസ്‌ലാമിലെ പരലോക വിശ്വാസവും ഹിന്ദുമതത്തിലെ പുനർജന്മ സങ്കൽപവും തമ്മിൽ വല്ല വ്യത്യാസവുമുണ്ടോ? ഉണ്ടെങ്കിൽ എന്താണ്? പുനർജന്മ സങ്കൽപത്തെ ഇസ്‌ലാം അംഗീകരിക്കുന്നുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്?”
Answer: മരണത്തോടെ മനുഷ്യജീവിതം അവസാനിക്കുന്നില്ല എന്ന ഒരൊറ്റ കാര്യത്തിൽ മാത്രമേ പരലോക വിശ്വാസവും പുനർജന്മ സങ്കൽപവും ഒത്തുവരുന്നുള്ളൂ. ഇസ്‌ലാമിക വിശ്വാസമനുസരിച്ച് ഭൂമി കർമവേദിയാണ്. വിചാരണയും വിധിയും മരണശേഷം മറുലോകത്താണ്. ഭൂമിയിലെ കർമങ്ങളുടെ അടിസ്ഥാനത്തിലാണ് പരലോകത്തെ രക്ഷാശിക്ഷകളുണ്ടാവുക. പദാർഥനിഷ്ഠമായ പ്രപഞ്ച ഘടനയുടെയും ഇവിടത്തെ അവസ്ഥകളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ, പഞ്ചേന്ദ്രിയങ്ങളുടെ പരിധിയിൽ നിന്നുകൊണ്ട് പരലോകം എങ്ങനെയായിരിക്കുമെന്ന് സങ്കൽപിക്കുക സാധ്യമല്ല. എന്നാൽ ദൈവനിർദേശമനുസരിച്ച് വിശുദ്ധ ജീവിതം നയിക്കുന്നവർക്ക് അവിടെ സർവവിധ സൗഭാഗ്യങ്ങളും സുഖസൗകര്യങ്ങളുമുള്ള ശാശ്വത സ്വർഗം ലഭിക്കുമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ദൈവധിക്കാരിയായി പാപപങ്കിലമായ ജീവിതം നയിക്കുന്ന അക്രമികൾ നരകാവകാശികളാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. മരണശേഷമുള്ള മറുലോകത്തെ രക്ഷാശിക്ഷകൾ നിഷ്കൃഷ്ടമായ വിചാരണക്കും നീതിനിഷ്ഠമായ വിധിക്കും ശേഷമായിരിക്കും ലഭിക്കുക. അതേസമയം പരലോകത്തെ വിചാരണയും വിധിയുമൊക്കെ മനുഷ്യനിവിടെ നിർവഹിക്കുന്നതുപോലെയായിരിക്കുമെന്ന് ധരിക്കുന്നത് പരമാബദ്ധമത്രെ. എന്നാൽ രക്ഷ ലഭിക്കുന്നവൻ ഭൂമിയിലെ തന്റെ ഏതു സൽക്കർമം കാരണമാണത് കിട്ടിയതെന്നും ശിക്ഷ അനുഭവിക്കുന്നവൻ ഏതു പാപത്തിന്റെ പേരിലാണതിന് വിധേയനായതെന്നും വ്യക്തമായറിയും. അപ്പോഴല്ലേ അത് യഥാർഥ കർമഫലവും രക്ഷാശിക്ഷയുമാവുകയുള്ളൂ.
എന്നാൽ പുനർജന്മ സങ്കൽപമനുസരിച്ച് മരണശേഷമുള്ള ജനനവും ജീവിതവും ഇവിടെ ഭൂമിയിൽ തന്നെയാണ്. ധർമം പാലിക്കാത്തവർ മരണാനന്തരം ശുനകനോ ശൂദ്രനോ ചണ്ഡാലനോ മറ്റോ ആയി വീണ്ടും ഇവിടെ ജനിക്കുമെന്നതാണ് പുനർജന്മ സിദ്ധാന്തം. അതേസമയം ധർമനിഷ്ഠമായ ജീവിതം നയിച്ചാൽ ബ്രാഹ്മണനോ ക്ഷത്രിയനോ വൈശ്യനോ ആയി പുനർജനിക്കുമെന്നും അത് അവകാശപ്പെടുന്നു. ഇവ്വിഷയകമായി ചില കാര്യങ്ങൾ ഇവിടെ വിശദമായി തന്നെ ഗ്രഹിക്കേണ്ടതുണ്ട്.
1. കാരണം വ്യക്തമാക്കുകയും പ്രതിയെ ബോധ്യപ്പെടുത്തുകയും ചെയ്യാതെ നാം ശിക്ഷ നടപ്പാക്കിയാൽ അത് തീർത്തും അനീതിയായാണ് അനുഭവപ്പെടുക. നാം ആരെയെങ്കിലും അടിക്കുകയോ ജയിലിലടയ്ക്കുകയോ വധിക്കുകയോ ആണെങ്കിൽ അത് ഏത് കുറ്റത്തിന്റെ പേരിലാണെന്ന് വ്യക്തമാക്കുകയും ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തുകയും വേണം. ഇത് നീതിയുടെ പ്രാഥമിക താൽപര്യമത്രെ. അതോടൊപ്പം വിചാരണയും വിധിക്കും ശേഷമായിരിക്കണം ശിക്ഷ നടപ്പാക്കപ്പെടുന്നത്. എന്നാൽ ശൂദ്രനോ ചണ്ഡാലനോ ഒരിക്കലും ഇവ്വിധം വിചാരണക്ക് വിധേയമാക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ ജന്മത്തിൽ താൻ എന്തു തെറ്റ് ചെയ്തതിന്റെ പേരിലാണ് ഈ ജന്മത്തിൽ ഇവിധമായതെന്നറിയുകയുമില്ല. കഴിഞ്ഞ ജന്മത്തിലെ കർമഫലമാണ് ഈ ജീവിതത്തിലെ സ്ഥിതി നിർണയിക്കുന്നതെങ്കിൽ അത് ഏത് കർമത്തിന്റെ ഫലമാണെന്നറിയണമല്ലോ? ബ്രാഹ്മണനും ക്ഷത്രിയനും തങ്ങളുടെ ഏതു പുണ്യകർമമാണ് അവ്വിധമാകാൻ കാരണമെന്നും അറിയുന്നില്ല. അതുകൊണ്ടുതന്നെ പുനർജന്മ സങ്കൽപം കർമഫല സിദ്ധാന്തത്തിനും തദടിസ്ഥാനത്തിലുള്ള രക്ഷാശിക്ഷാ വിശ്വാസത്തിനും കടകവിരുദ്ധമത്രെ.
2. പുനർജന്മ സങ്കൽപ പ്രകാരം പാപി രണ്ടാം ജന്മത്തിൽ നീചനും അധമനുമായിരിക്കും. അത്തരക്കാരിൽ നിന്ന് നികൃഷ്ടജീവിതവും അധമവൃത്തികളുമാണുണ്ടാവുക. സുകൃതങ്ങളുണ്ടാവുകയില്ല. അതിനാൽ മൂന്നാം ജന്മം കൂടുതൽ അധമവും പതിതവുമായിരിക്കും. നാലാം ജന്മം അതിലും ഹീനമായിരിക്കും. ഇങ്ങനെ പാപികൾ ഓരോ ജന്മത്തിലും കൂടുതൽ കൂടുതൽ പാപികളാവുകയല്ലാതെ അവർക്ക് ഉദ്ഗതി പ്രാപിക്കുക സാധ്യമേയല്ല. മാത്രമല്ല, പാപിയായ മനുഷ്യന് അടുത്ത ജന്മത്തിൽ മൃഗമാകാം. മൃഗത്തിന് പിന്നെ മനുഷ്യനാകാൻ സാധ്യമാണോ? പുതുതായി പിറക്കുന്ന മനുഷ്യർ കഴിഞ്ഞ ജന്മത്തിൽ എന്തായിരുന്നു? എന്തു പുണ്യം ചെയ്തതിന്റെ പേരിലാണ് മനുഷ്യരായി ജന്മംകൊണ്ടത്? ഇത്തരം ചോദ്യങ്ങൾക്കൊന്നും പുനർജന്മ സിദ്ധാന്തത്തിൽ ഉത്തരമില്ല.
3. ഹൈന്ദവ വേദങ്ങളിലെവിടെയും പുനർജന്മ സിദ്ധാന്തമില്ല. ഉപനിഷത്തുകളിലേ അതിനെ സംബന്ധിച്ച് പരാമർശവും വിശദീകരണവുമുള്ളൂ. ഇക്കാര്യം ഡോ. എസ്. രാധാകൃഷ്ണൻ ഇങ്ങനെ വ്യക്തമാക്കുന്നു: “ബ്രാഹ്മണം അടുത്ത ലോകത്തിലേ ജനനമരണങ്ങൾ നടക്കുന്നതായി സ്വീകരിക്കുന്നുള്ളൂ. ഉപനിഷത്തുകളിലായപ്പോൾ ആ വിശ്വാസം ഈ ലോകത്താണ് പുനർജന്മമെന്ന വിശ്വാസപ്രമാണമായി മാറി”(ഭാരതീയ ദർശനം, വാള്യം ഒന്ന്, പുറം 224, മാതൃഭൂമി പബ്ലിഷിംഗ് കമ്പനി, കോഴിക്കോട് 1995).
അതിനാൽ പുനർജന്മ സങ്കൽപം വേദപ്രോക്തമല്ലെന്നത് സുവിദിതമത്രെ.
4. ഉപനിഷത്തിലാണ് പുനർജന്മത്തെപ്പറ്റി പറയുന്നത്. ജാതിവ്യവസ്ഥയെ ന്യായീകരിക്കാനും അതിന്റെ കടുത്ത വിവേചനങ്ങളെയും ക്രൂരതകളെയും നിലനിർത്താനുമായി ആവിഷ്കരിക്കപ്പെട്ടതാണ് അതെന്ന് ആർക്കും അനായാസം മനസ്സിലാക്കാവുന്നതാണ്.
പുനർജന്മത്തെപ്പറ്റി പറയുന്ന ഛാന്ദോഗ്യോപനിഷത്തിലിങ്ങനെ കാണാം:
‘തദ് യ ഇഹ രമണീയചരണാ അഭ്യാശോ ഹ യത്തേ രമണിയാം
യോനിമാപദ്യേരൻ, ബ്രാഹ്മണയോനിം വാ ക്ഷത്രിയയോനിം വാ വൈശ്യയോനിം വാ. അഥ യ ഇഹ കപൂയചരണാ അഭ്യാശോ ഹ യത്തേ കപൂയാം യോനിമാപദ്യേരൻ, ശ്വയോനിം വാ സൂകരയോനിം ചണ്ഡാലയോനിം, വാ’
(അധ്യായം 5, ഖണ്ഡം 10, ശ്ലോകം 7)
(അവരിൽ സൽക്കർമങ്ങൾ ചെയ്യുന്നവരാരോ അവർ വേഗം തന്നെ ഉത്തമ യോനികളിൽ ചെന്നു ചേരുന്നു. ബ്രാഹ്മണയോനിയിലോ ക്ഷത്രിയ യോനിയിലോ വൈശ്യയോനിയിലോ എത്തിച്ചേരുന്നു. അതുപോലെ അശുഭചാരന്മാരായവരാരോ അവർ അശുഭ യോനിയെ പ്രാപിക്കുന്നു. പട്ടിയുടെ യോനിയെയോ പന്നിയുടെ യോനിയെയോ ചണ്ഡാലന്റെ യോനിയെയോ പ്രാപിക്കുന്നു.)
ഇത് ഉയർന്ന ജാതിക്കാരിൽ, തങ്ങൾ മേൽജാതിയിലായത് കഴിഞ്ഞ ജന്മത്തിൽ പുണ്യം ചെയ്തതിനാലാണെന്നും അതിനാൽ തങ്ങളിന്നനുഭവിക്കുന്ന പ്രത്യേകാവകാശങ്ങൾക്കെല്ലാം ന്യായമായും അർഹരാണെന്നുമുള്ള ബോധം വളർത്തുന്നു. അതോടൊപ്പം താഴ്ന്ന ജാതിക്കാർ അവ്വിധമായത് അവരുടെത്തന്നെ കർമഫലമാണെന്ന ധാരണയും സൃഷ്ടിക്കുന്നു. അവരെ പട്ടികളെയും പന്നികളെയുമെന്നപോലെ നികൃഷ്ട ജീവികളായി കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ജാതിവ്യവസ്ഥയുടെ എല്ലാവിധ വൃത്തികേടുകളെയും അരക്കിട്ടുറപ്പിക്കുകയും ന്യായീകരിക്കുകയുമാണ് പുനർജന്മ സിദ്ധാന്തം ചെയ്യുന്നത്.
5. മരണശേഷം മനുഷ്യാത്മാക്കൾ മൃഗശരീരത്തിൽ നിലകൊള്ളുന്നുവെന്ന പ്രാകൃത ഗോത്രവിശ്വാസത്തിൽ നിന്നാണ് പുനർജന്മ സങ്കൽപം രൂപം കൊണ്ടത്. ഡോ. എസ്. രാധാകൃഷ്ണൻ എഴുതുന്നു: “കർമപദ്ധതിയുടെയും പുനർജന്മ സിദ്ധാന്തത്തിന്റെയും ആശയം ആര്യമസ്തിഷ്കത്തിൽ രൂപംകൊണ്ടതാണെന്ന് ഉറപ്പിച്ചു പറയാം. എന്നാൽ ഇതിനുള്ള പ്രേരണ ലഭിച്ചത് മരണശേഷം ആത്മാക്കൾ മൃഗശരീരങ്ങളിൽ കുടികൊള്ളുന്നു എന്ന് വിശ്വസിക്കുന്ന ആദി ഗോത്രക്കാരിൽ നിന്നാകാമെന്ന സംഗതിയും നിഷേധിക്കേണ്ടതില്ല.”(ഭാരതീയ ദർശനം, വാള്യം 1, പുറം 113)
6. സെമിറ്റിക് മതങ്ങളെപ്പോലെത്തന്നെ ഹിന്ദുമതത്തിലെ വേദങ്ങളും പരലോകത്തെപ്പറ്റിയാണ് പറയുന്നത്. ഋഗ്വേദത്തിലും സാമവേദത്തിലും അഥർവവേദത്തിലും പരലോകത്തെ സംബന്ധിച്ച് പരാമർശം കാണാം. ഉദാഹരണത്തിന്:
‘രായ അഗ് നേ മഹേ ത്വാ ദാനായ സമിധീമഹി
ഈഡിഷ്വാ ഹി മഹേ വൃഷൻ ദ്യാവാ ഹോത്രായാ പൃഥിവീ’
(സാമവേദം, ആഗ്നേയ കാണ്ഡം: 1-10-3)
(എല്ലാ ആഗ്രഹങ്ങളും പൂർണമാക്കുന്ന ഭഗവാനേ, അങ്ങയിൽനിന്നും ഏറ്റവും വലിയ ദാനം കിട്ടാൻ അങ്ങയെ ഞങ്ങൾ സന്തോഷിപ്പിക്കുന്നു. അറിവിന്നായും ഭൂമിയിൽ സമാധാനത്തിനായും പരലോകത്ത് ശാന്തിക്കായും ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു.)
അഥർവ വേദം, പരലോകത്തെപ്പറ്റി ചിന്തിച്ച് സൽക്കർമങ്ങളനുഷ്ഠിക്കാൻ ദമ്പതികളോടാവശ്യപ്പെടുന്നു.
‘അന്വാരഭേഥാമനുസംരഭേഥാമേതം ലോകം ശ്രദ്ദധാനാഃ സചന്തേ’ (6:12: 3)
വേദങ്ങളിലെന്നപോലെത്തന്നെ ഉപനിഷത്തുകളിലും പുരാണങ്ങളിലുമെല്ലാം പരലോകത്തെയും സ്വർഗ നരകങ്ങളെയും സംബന്ധിച്ച ധാരാളം പരാമർശങ്ങളുണ്ട്.
ഈശാവാസ്യോപനിഷത്തിൽ മരണാനന്തരമുള്ള നരകത്തെ സംബന്ധിച്ച് ഇങ്ങനെ കാണാം:
‘അസുര്യാ നാമ തേ ലോകാഃ അന്ധേന തമസാവൃതാഃ
താംസ്തേ പ്രേത്യാഭിഗച്ഛന്തി യേ കേ ചാത് മഹനോ ജനാഃ’ (മന്ത്രം:3)
(സൂര്യനില്ലാത്ത ആ ലോകങ്ങൾ അജ്ഞതാന്ധകാരവൃതങ്ങളാകുന്നു. ആത്മഘാതികൾ, അഥവാ ഈശ്വര സ്മരണയില്ലാതെ വിഷയാസക്തരായി കഴിയുന്നവർ വീണ്ടും ദുഃഖനിരതമായ ആ ലോകങ്ങളിലെത്തുന്നു).
സ്വർഗത്തെ സംബന്ധിച്ച് കഠോപനിഷത്ത് പറയുന്നു.
‘സ്വർഗേ ലോകേ ന ഭയം കിഞ്ചനാസ്തി
ന തത്ര ത്വം ന ജരയാ ബിഭേതി
ഉഭേ തീർത്വാശനായാപിപാസേ
ശോകാതിഗോ മോദതേ സ്വർഗലോകേ’ (1:1: 12) (സ്വർഗലോകത്ത് അൽപം പോലും ഭയമില്ല. അവിടെ ആർക്കും മരണമില്ല. ജരാനരയാൽ ആർക്കും ഭയവുമില്ല. അവിടെ വസിക്കുന്നവർ വിശപ്പിനും ദാഹത്തിനും ശോകാദികൾക്കും അതീതന്മാരായി എല്ലാവിധ ആനന്ദവും അനുഭവിക്കുന്നു.)
മനുസ്മൃതിയിലിങ്ങനെ കാണാം:
‘നാമുത്ര ഹി സഹായാർഥം പിതാ മാതാ ച തിഷ്ഠത
ന പുത്രദാരാ ന ജ്ഞാതിർ ധർമസ്തിഷ്ഠതി കേവലഃ’ (4:239) (പരലോകത്ത് സഹായത്തിന് അച്ഛനമ്മമാരെ കിട്ടുകയില്ല. മക്കളോ ഭാര്യയോ ബന്ധുക്കളോ അവിടെ പ്രയോജനപ്പെടുകയില്ല. സഹായിക്കാൻ ധർമം മാത്രം നിലകൊള്ളുന്നു.)
‘ഏകഃ പ്രജായതേ ജന്തുരേക ഏവ പ്രലീയതേ ഏകോ(അ)നുഭുങ് ക്സുകൃതമേക ഏവ ച ദുഷ്കൃതം’ (4: 240)
(ജീവി ജനിക്കുന്നതും മരിക്കുന്നതും തനിച്ചാണ്. സ്വർഗത്തിൽ സുകൃതം അനുഭവിക്കുന്നതും നരകത്തിൽ ദുഷ്കൃതം അനുഭവിക്കുന്നതും തനിച്ചു തന്നെ)
ഭഗവദ് ഗീതയും സ്വർഗ-നരകങ്ങളുടെ കാര്യം ഊന്നിപ്പറയുന്നു. ഉദാഹരണത്തിന് ചിലതു മാത്രമിവിടെ ഉദ്ധരിക്കാം.
‘ഉത്സന്നകുലധർമാണാം മനുഷ്യാണാം ജനാർദന!
നരകേ നിയതം വാസോ ഭവതീത്യനു ശുശ്രുമ’ (പ്രഥമാധ്യായം, ശ്ലോകം 44)
(ഹേ ജനാർദനാ, കുലധർമങ്ങൾ നശിച്ചുപോയ മനുഷ്യരുടെ വാസം എന്നെന്നേക്കും നരകത്തിലാണെന്ന് ഞങ്ങൾ കേട്ടറിഞ്ഞിട്ടുണ്ട്.)
‘അഥ ചേത്ത്വമിമം ധർമ്യം
സംഗ്രാമം ന കരിഷ്യസി
തതഃ സ്വധർമം കീർത്തിം ച
ഹിത്വാ പാപമവാപ്സ്യസി’ (ദ്വിതീയാധ്യായം, ശ്ലോകം 33)
(എന്നാൽ അർജുനാ, നീ സ്വധർമാനുസൃതമായ ഈ യുദ്ധം ചെയ്യാതിരിക്കുന്ന പക്ഷം സ്വർഗപ്രാപ്തിയുണ്ടാവുകയില്ലെന്നു തന്നെയല്ല. സ്വധർമ ത്തെയും യശസ്സിനെയും ഉപേക്ഷിക്കുന്നതുകൊണ്ട് നിനക്ക് പാപം നേരിടുന്നതുമാണ്.)
‘ഹതോ വാ പ്രാപ്സ്യസി സ്വർഗം
ജിത്വാ വാ ഭോക്ഷ്യസേ മഹീം,
തസ്മാദുത്തിഷ്ഠ കൗന്തേയ
യുദ്ധായ കൃതനിശ്ചയഃ (ദ്വിതീയാധ്യായം, ശ്ലോകം 37) (അല്ലയോ കുന്തിപുത്രാ, ശത്രുക്കൾ നിന്നെ വധിച്ചാൽ, നിനക്ക് സ്വർഗത്തിൽ പോകാം. നീ ശത്രുക്കളെ ജയിക്കുന്നതായാൽ രാജ്യമനുഭവിക്കുകയും ചെയ്യാം. അതുകൊണ്ട് രണ്ടായാലും നീ യുദ്ധം ചെയ്യാനുറച്ചു കൊണ്ടു വേഗം എഴുന്നേൽക്കുക.)
വേദകാലം മുതൽക്കു തന്നെ പരലോക വിശ്വാസമുണ്ടായിരുന്നുവെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. ഡോ. രാധാകൃഷ്ണൻ എഴുതുന്നു: “സ്വർഗം, നരകം എന്നിവയെപ്പറ്റിയുള്ള ചില അവ്യക്ത ധാരണകളിൽ നിന്ന് ചിന്താ ശക്തിയുള്ള മനസ്സുകൾക്ക് ഒഴിഞ്ഞുമാറാൻ കഴിഞ്ഞിരുന്നില്ല. പുനർജന്മ സിദ്ധാന്തങ്ങൾ അപ്പോഴും വിദൂരത്തിലായിരുന്നു. മരണത്തോടെ എല്ലാം അവസാനിക്കുന്നില്ലെന്ന ഉറപ്പ് വൈദികാര്യന്മാർക്ക് ഉണ്ടായിരുന്നു.” (ഭാരതീയ ദർശനം, വാള്യം 1, പുറം 91)
രാഹുൽ സാംകൃത്യായൻ എഴുതുന്നു: “വേദത്തിലെ ഋഷിമാർ ഈ ലോകത്തിന് വിഭിന്നമായ മറ്റൊരു ലോകമുണ്ടെന്ന് വിശ്വസിച്ചിരുന്നു. അവിടേക്കാണ് മരണാനന്തരം സൽക്കർമികൾ പോകുക. അവരവിടെ ആനന്ദപൂർവം ജീവിക്കുന്നതാണ്. താഴെയുള്ള പാതാളം അന്ധകാരമായ നരകലോകമാണ്. അവിടേക്കാണ് ദുഷ്കർമികൾ പോകുന്നത്” (വിശ്വദർശനങ്ങൾ, പുറം 552).
അതിനാൽ പുനർജന്മ സിദ്ധാന്തം അനിസ്‌ലാമികമെന്ന പോലെത്തന്നെ അവൈദികവുമാണ്. അത് ജാതിവ്യവസ്ഥയുടെ ജീർണതകൾ സംരക്ഷിക്കാൻ നിർമിക്കപ്പെട്ടതാണ്. പരലോകത്തെയും സ്വർഗ-നരകങ്ങളെയും സംബന്ധിച്ച വിശ്വാസമാണ് ഇസ്‌ലാമികമെന്നതുപോലെ തന്നെ ഹൈന്ദവവും. വേദപ്രോക്തവും ധർമനിഷ്ഠവും അതുമാത്രമത്രെ.
(വിശദ പഠനത്തിന് ഡയലോഗ് കേരള പ്രസിദ്ധീകരിച്ച ‘പുനർജന്മ സങ്കല്പവും പരലോകവിശ്വാസവും’ എന്ന കൃതി കാണുക. വിതരണം: ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്)