2. എല്ലാ മതങ്ങളും ഒരു ‘വിധി’യെ കുറിച്ച് പറയുന്നു ‘Pre Planning’ എന്ന ഒരു രീതി. ഇങ്ങനെ Pre Planned ആയ ഒരു ജീവിതമാണ് നമ്മള്‍ ജീവിക്കുന്നത് എങ്കില്‍ പിന്നെ ഈ പറയുന്ന നരകസ്വര്‍ഗങ്ങള്‍ നിരര്‍ഥകമല്ലെ?
ദിവാകരന്‍, പാലക്കാട്
A മനുഷ്യന്റെ ഭാഗധേയം മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടിരിക്കുന്നു
ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തമനുസരിച്ച് മനുഷ്യന്‍ പൂര്‍ണമായും പാരമ്പര്യ നിയമത്തിന് വിധേയമാണ്. അതനുസരിച്ച് മനുഷ്യന്റെ സ്വഭാവവും പെരുമാറ്റവും ജീവിതരീതികളുമെല്ലാം യുഗാന്തരങ്ങായി തലമുറ തലമുറകളായി തുടര്‍ന്ന് വരുന്നവയാണ്. പാരമ്പര്യത്തിന്റെ പിടിയില്‍നിന്ന് കുതറിമാറാനാര്‍ക്കും സാധ്യമല്ല. മനുഷ്യന്‍ ചെയ്യുന്ന നന്മയുടെയും തിന്മയുടെയും ബീജങ്ങള്‍ തന്റെ പൂര്‍വ പരമ്പരയിലെ ഏതോ പൂര്‍വപിതാവിനാല്‍ നിക്ഷേപിക്കപ്പെട്ടതായിരിക്കും. അണ്ടിയില്‍ നിന്ന് മാവെന്നപോലെ അനിവാര്യമായും പാരമ്പര്യത്തില്‍ നിന്ന് എല്ലാം പിറവിയെടുക്കുന്നു. ഈ കാഴ്ചപ്പാടിലും മനുഷ്യന് തന്റെ സ്വഭാവരീതികളും പെരുമാറ്റ സമ്പ്രദായങ്ങളും തീരുമാനിക്കുന്നതില്‍ ഒരു പങ്കുമില്ല. എല്ലാം അലംഘനീയമായ പൈതൃകത്തിനും പാരമ്പര്യത്തിനും വിധേയമാണ്.
കമ്മ്യൂണിസ്റ്റ് ദര്‍ശനമനുസരിച്ച് മനുഷ്യന്‍ സാമൂഹിക അവസ്ഥകളുടെയും സാമ്പത്തിക ഘടനയുടെയും സാംസ്‌കാരിക സാഹചര്യത്തിന്റെയും സൃഷ്ടിയാണ്. മനുഷ്യന്റെ സ്വഭാവവും പെരുമാറ്റവും വികാരവിചാരങ്ങളും കര്‍മ സമ്പ്രദായങ്ങളും ജീവിത സമീപനങ്ങളുമെല്ലാം ബാഹ്യമായ കാര്യങ്ങളാല്‍ സംഭവിക്കുന്നവയാണ്. നന്മതിന്മകള്‍ ഓരോരുത്തരും ജീവിക്കുന്ന സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്നര്‍ഥം.പ്രമുഖ സോവിയറ്റ് സാമൂഹ്യ ശാസ്ത്രജ്ഞനായ ഇവാന്‍ പാവ് ലോവ്(Ivan Petrovich Pavlov) എഴുതുന്നു: “പ്രകൃതിയിലുള്ള മറ്റെല്ലാ വസ്തുക്കളെയും പോലെ മനുഷ്യന്‍ ഒരു വ്യവസ്ഥയാണ്. പ്രകൃതിയിലുള്ള അലംഘനീയവും സാമാന്യവുമായ നിയമങ്ങള്‍ക്ക് മനുഷ്യന്‍ കടപ്പെട്ടിക്കുന്നു.”
ഇസ്‌ലാമിക വീക്ഷണമനുസരിച്ച് ദൈവത്തിന്റെ അറിവും വിധിയുമായി ബന്ധപ്പെട്ട് മൂന്ന് വശങ്ങളുണ്ട്. അതില്‍ ഒന്നാമത്തേത്,മനുഷ്യന് നല്‍കപ്പെട്ട സ്വാതന്ത്ര്യമാണ്. ഓരോരുത്തര്‍ക്കും തങ്ങളുടെ ജീവിതപാത തെരഞ്ഞെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ശരിയും തെറ്റും നന്മയും തിന്മയും ധര്‍മവും അധര്‍മവും നീതിയും അനീതിയും തെരഞ്ഞെടുത്ത് ഏതു വഴിയിലൂടെയും സഞ്ചരിക്കാം. ദൈവം ആരെയും നിര്‍ബന്ധിച്ച് ഏതെങ്കിലും വഴിയിലൂടെ നടത്തുകയില്ല. ജനിതക കോഡുകളിലെ രേഖകളെയും പരിണാമത്തിലെ പാരമ്പര്യങ്ങളെയും കമ്യൂണിസത്തിലെ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളെയും മറികടക്കാന്‍ മനുഷ്യ മനസ്സുകള്‍ക്കും ആത്മാക്കള്‍ക്കും സാധിക്കും. അഥവാ ജന്മവാസനകളെ നിയന്ത്രിക്കാനും അതിജയിക്കാനുമുള്ള കഴിവും സ്വാതന്ത്ര്യവും മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്നു. ഈ സ്വയം തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം ലഭിച്ച ഭൂമിയിലെ ഏക ജീവിയാണ് മനുഷ്യന്‍.ഇതര ജീവജാലങ്ങളില്‍ നിന്ന് മനുഷ്യനെ വേര്‍തിരിക്കുന്ന അതിപ്രധാനമായ ഘടകവും അതുതന്നെ. ആദര്‍ശ വിശ്വാസങ്ങളില്‍ മാറ്റം വരുന്നതോടെ ജീവിതം പൂര്‍ണമായി പരിവര്‍ത്തിതമാകുന്നത് അതിനാലാണ്.ഫറവോനു വേണ്ടി മൂസാനബിയോട് മത്സരിക്കാന്‍ വന്ന മാരണക്കാരുടെ മനംമാറ്റത്തിന്റെ കാര്യം ഓര്‍ക്കുക.
എന്നാല്‍ പ്രപഞ്ചസ്രഷ്ടാവായ ദൈവം രഹസ്യവും പരസ്യവുമായ എല്ലാം അറിയുന്നവനാണ്. മനുഷ്യന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും അവനറിയും. അതോടൊപ്പം ദൈവത്തിന്റെ അറിവും വിധിയും നിര്‍ണിതവും അലംഘനീയവുമാണ്. ഈ ദൈവിക അറിവിനെയും വിധിയെയും നിരവധി സ്ഥലങ്ങളില്‍ വിശദീകരിച്ച ഖുര്‍ആന്‍ മനുഷ്യന് നല്‍കിയ സ്വാതന്ത്ര്യത്തെ സംബന്ധിച്ചും അവ്വിധം തന്നെ അനേക തവണ ആവര്ത്തിച്ചാവര്ത്തിച്ചുറപ്പി
എന്നാല്‍ ദൈവത്തിന്റെ അറിവും വിധിയും മനുഷ്യന്റെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണി ഏതാണ്? അതെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ ഒന്നും വിശദീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അക്കാര്യത്തില്‍ ആര്‍ക്കും ഒന്നും അറിയുകയില്ല. ഇത് മനുഷ്യന്റെ ഒരു പോരായ്മയല്ല. പ്രതിഭാശാലികളുടെ കര്‍മത്തിന്റെ യുക്തിയും രഹസ്യവും വിശദാംശങ്ങളും അയാള്‍ തന്നെ വിശദീകരിക്കാതെ സാമാന്യബുദ്ധികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. അപ്പോള്‍ അനന്ത വിസ്തൃതമായ പ്രപഞ്ചത്തെ സൃഷ്ടിച്ച് സംരക്ഷിക്കുന്ന, 800 കോടി മനുഷ്യര്‍ക്ക് ബുദ്ധിയും ബോധവും യുക്തിയും നല്‍കിയ അതിരുകളില്ലാത്ത അറിവിന്റെയും ബോധത്തിന്റെയും യുക്തിയുടെയും ഉടമയായ ദൈവത്തിന്റെ കര്‍മങ്ങളുടെ പിന്നിലെ രഹസ്യവും വിശദാംശവും അവന്‍ തന്നെ വിശദീകരിക്കാതെ കോടാനുകോടി സൃഷ്ടികളില്‍ ഒന്നായ മനുഷ്യന് മനസ്സിലാക്കാന്‍ കഴിയണമെന്നില്ല.
എന്നാല്‍ ഒരു കാര്യം ഉറപ്പാണ്. ദൈവം മനുഷ്യന് നല്‍കിയ സ്വാതന്ത്ര്യവും സാധ്യതയുമനുസരിച്ച് മാത്രമേ അവന് ബാധ്യതയുള്ളു. അത് പൂര്‍ത്തീകരിച്ചാല്‍ ജീവിതവിജയവും സ്വര്‍ഗവും ഉറപ്പാണ്. ആരെയും അവരുടെ സ്വാതന്ത്ര്യത്തിനും സാധ്യതക്കുമപ്പുറം ദൈവം ഒന്നിനും നിര്‍ബന്ധിക്കുന്നില്ല. ഇക്കാര്യം ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.(2:286)
അതിനാല്‍ ദൈവത്തിന്റെ അറിവും വിധിയും മനുഷ്യ ജീവിതത്തെ ഒട്ടും പ്രതികൂലമായി ബാധിക്കുന്നില്ല. അതോടൊപ്പം വിധിയിലുള്ള വിശ്വാസം ഏതു പ്രതിസന്ധിയിലും അസ്വസ്ഥതയും അലസതയുമകറ്റി മനുഷ്യന് മനശ്ശാന്തിയും കര്‍മ പ്രചോദനവും നല്‍കുന്നു.