Question : പാലക്കാട് ഒരു മാതാവ് തന്റെ മകനെ കഴുത്തറുത്ത് കൊന്നതുമായി ബന്ധപ്പെട്ട് നാസ്‌തിക എഴുത്തുകാരായ സജീവ് ആല, ആരിഫ് ഹുസൈന്‍ തെരുവത്ത് എന്നിവരുടെ എഴുത്തുകളില്‍ അതിന് കാരണം മതമാണെന്ന് പറയുന്നുണ്ട്. ഇസ്‌ലാമിന്റെ ബലി സങ്കല്‍പങ്ങളുടെ പശ്ചാത്തലത്തില്‍ അതിന് മറുപടി പറയാമോ?
Answer : പാലക്കാട് ജില്ലയിൽ ഒരു മാതാവ് തന്റെ മകനെ കഴുത്തറുത്തു കൊന്ന സംഭവത്തെത്തുടർന്നാണ് ഇസ്‌ലാമിലെ ബലി സങ്കല്പം ചർച്ചകളിൽ ഇടം പിടിച്ചത്. ഇസ്‌ലാമിലെ ബലി എന്ന ആശയത്തിന്റെ ആത്മാവ് ഒരു മനുഷ്യനും കൊല്ലപ്പെടരുത് എന്നതാണ്. മനുഷ്യൻ കൊല്ലപ്പെടാവുന്ന സാഹചര്യത്തിൽ പോലും അങ്ങനെ സംഭവിക്കുന്നത് പരമാവധി ഒഴിവാക്കുക എന്ന കൽപനയെ അനുസ്മരിക്കുകയാണ് ഓരോ ബലി പെരുന്നാളിലെ ബലിയിലും വിശ്വാസികൾ ചെയ്യുന്നത്. മനുഷ്യനെ സൃഷ്ടിച്ചത് ദൈവമാണ്. ദൈവത്തിന് മനുഷ്യന്റെ ജീവൻ ചോദിക്കാൻ അധികാരമുണ്ട്. അതൊരു തത്വശാസ്ത്രപരമായ കാര്യമാണ്. അങ്ങനെ അധികാരം ഉണ്ടായിരിക്കെ ഇബ്രാഹിം നബിയോട് തന്റെ പുത്രനെ ബലികൊടുക്കാൻ അല്ലാഹു കല്പിക്കുന്നു. അങ്ങനെ ഇബ്രാഹീം നബിയും ഇസ്മാഈൽ നബിയും ആ കൽപ്പനയനുസരിച്ച് ബലികർമ്മത്തിന് സന്നദ്ധമായപ്പോൾ അല്ലാഹു അത് വിലക്കി. ഒരാടിനെ ബലിക്കായി സമ്മാനിക്കുകയും ചെയ്തു. ഇത് നൽകുന്ന സന്ദേശം മനുഷ്യൻ ബലി നൽകപ്പെടാവുന്ന ഏറ്റവും ന്യായമായ സന്ദർഭത്തിൽ പോലും മനുഷ്യൻ ബലി നൽകപ്പെടരുതെന്നാണ്. ഈ ആടിനെ ബലി അറുത്ത സംഭവത്തിൻ്റെ (പ്രയോഗത്തിൽ അവിടെ ആടാണ് ബലി അറുക്കക്കപ്പെടുന്നത്) പുനരാവിഷ്കാരമാണ് ബലിപെരുന്നാളിലെ ബലി. പെരുന്നാളിൽ മൃഗത്തെ ബലി നൽകുന്നത് സ്വന്തത്തിന് ഭക്ഷിക്കാനും പാവപ്പെട്ടവർക്ക് ദാനം ചെയ്യാനുമാണ്. മനുഷ്യനെയെന്നല്ല, ഒരു ജീവിയെയും അത്യാവശ്യത്തിനല്ലാതെ ഹനിക്കരുതെന്നാണ് ഇസ്‌ലാമിക ശാസന.അങ്ങനെ കൊന്നാൽ പരലോകത്ത് ആ ജീവികൾ മനുഷ്യനെതിരെ ദൈവത്തിന്റെ സന്നിധിയിൽ ആവലാതി ബോധിപ്പിക്കുകയും ദൈവം ആ ആവലാതി കേൾക്കുകയും ചെയ്യുമെന്ന് പ്രവാചകൻ പഠിപ്പിക്കുന്നു.
കൊലപാതകം ഈ ലോകത്ത് മനുഷ്യൻ ചെയ്യുന്ന ഏറ്റവും വലിയ തിന്മയാണ്. ഇസ്‌ലാമിക നിയമശാസ്ത്രത്തിൽ ഏത് തെറ്റിനും അതിനനുസരിച്ച ശിക്ഷ മാത്രമേയുള്ളൂ എന്നാൽ നന്മക്ക് ഒരുപാട് ഇരട്ടി പ്രതിഫലമുണ്ട്. എന്നാൽ ഒരു തെറ്റിന് മാത്രം അധിക ശിക്ഷ നൽകപ്പെടും. അത് കൊലപാതകമാണ്. ആരെങ്കിലും ഒരു മനുഷ്യനെ അന്യായമായി വധിച്ചാൽ അയാൾ ലോകത്തിലെ മുഴുവൻ മനുഷ്യരെയും വധിച്ചതിന്നു സമമാണ്. ആരെങ്കിലും ഒരാൾക്ക് ഒരാളുടെ ജീവിതത്തിന് കാരണക്കാരനായാൽ അത് മുഴുവൻ മനുഷ്യർക്കും ജീവൻ നൽകിയതിന് തുല്യമാണ് എന്ന് വിശുദ്ധ ഖുർആൻ (5:32) പഠിപ്പിക്കുന്നുണ്ട്.
അത് പഠിപ്പിക്കുന്നതിന്റെ പശ്ചാത്തലം ആദമിന്റെ ഒരു പുത്രൻ കാബീൽ മറ്റൊരു പുത്രനായ ഹാബീലിനെ വധിച്ച ചരിത്രം അനുസ്മരിച്ചതിനുശേഷമാണ്. ഇക്കാരണത്താൽ ബനു ഇസ്രായേൽ സമൂഹത്തിനും ലോകത്തുള്ള മുഴുവൻ മനുഷ്യർക്കും ഇത് അല്ലാഹു നിയമമായിട്ട് നൽകിയിരിക്കുന്നു. ഇസ്‌ലാമിക ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ ഒന്നാമത്തെതും മുഴുവൻ നിയമങ്ങൾ തന്നെയും മനുഷ്യജീവന് സംരക്ഷണം നൽകുന്നതാണ്. വിശ്വാസം നഷ്ടപ്പെടുക അവിശ്വാസത്തിന്റെ വാചകങ്ങൾ ഉച്ചരിക്കുക എന്നത് ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം അചിന്തനീയവും ആപൽക്കരവുമായ കാര്യമാണ്. പക്ഷേ അതിലും ഇളവു നൽകിയിരിക്കുന്നു. ഒറ്റ കാര്യത്തിന്മേൽ. നിഷേധത്തിന് അനുസരിച്ചില്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്ന ഘട്ടം വന്നാൽ നിങ്ങൾക്ക് നിഷേധത്തിന്റെ വാക്യവും ഉച്ചരിക്കാം. നിഷിദ്ധ ഭക്ഷണങ്ങൾ കഴിക്കരുത്. അത് കടുത്ത ഹറാം ആണ്. അതേസമയം ജീവൻ നഷ്ടപ്പെട്ടു പോകുന്നു പിടിച്ചുനിൽക്കണമെങ്കിൽ നിഷിദ്ധ ഭക്ഷണം കഴിക്കുകയല്ലാതെ വേറെ വഴികളില്ലെങ്കിൽ നിഷിദ്ധ ഭക്ഷണവും അനുവദനീയമാണ് എന്ന് ഖുർആൻ പഠിപ്പിക്കുന്നത് കാണാൻ കഴിയും. പക്ഷെ, കൊലപാതകത്തിന് ഈ ഇളവുകൾ ഒന്നുമില്ല. ഹജ്ജിനെ കുറിച്ചും ബലിയെ കുറിച്ചും എഴുതിയ സാമൂഹ്യ ശാസ്ത്രജ്ഞനും പണ്ഡിതനുമായ ഡോ. അലി ശരീഅത്തി ബലിയെ കുറിച്ച് പറയുന്നത് നോക്കുക. “സർവശക്തനായ ദൈവം നമ്മെ ബലിയിലൂടെ ഒരു ഭാഗം പഠിപ്പിക്കുകയായിരുന്നു. ഇന്ന് തൊട്ട് ഒരു മനുഷ്യനും ദൈവത്തിനുവേണ്ടി ബലി അർപ്പിക്കപ്പെടരുത്, അഥവാ അതിനുമുമ്പ് അർപ്പിക്കപ്പെട്ട ബലിയെല്ലാം ശരിയാണ് എന്നല്ല. ഇസ്‌ലാമേതരമായ പല മതസംഹിതകളിലും സരണികളിലും നരബലിയുണ്ട്. ആ നരബലിക്ക് ഒരു തിരുത്ത്. അതിനി ആവർത്തിക്കരുതെന്ന് പഠിപ്പിക്കുകയാണ്.” ഇത് ഇബ്രാഹിമിന്റെ ചര്യയാണ്. ബലിയർപ്പിക്കപ്പെടേണ്ടത് മനുഷ്യനെയല്ല. മനുഷ്യൻ രക്‌തദാഹിയുമല്ല. ഇനി ബലിയറുപ്പിച്ചാൽ ദൈവം രക്തദാഹിയൊ മാംസം ആഗ്രഹിക്കുന്നവനും അല്ല. മറിച്ചു ആ മാംസം നിങ്ങൾ മനുഷ്യർക്ക് തന്നെയാണ് നൽകേണ്ടത്. ആ ബലി മൃഗത്തിന്റെ ശരീരം ഭൂമിയിൽ പതിച്ചു കഴിഞ്ഞാൽ നിങ്ങൾ അതിൽ നിന്ന് ഭക്ഷിക്കുക. ദൈവത്തിനുവേണ്ടി ബലിയർപ്പിക്കുകയും അതിന്റെ രക്തം വിഗ്രഹങ്ങളുടെ ശരീരത്തിൽ ആ കല്ലുകളിൽ പുരട്ടുകയും അതിന്റെ മാംസം വിഗ്രഹങ്ങൾക്ക് നൈവേദ്യം അർപ്പിക്കുകയും ചെയ്യുന്ന രീതി ലോകത്ത് മുൻപ് ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട്. ആ മാംസത്തിന്റെ ഗുണഭോക്താക്കൾ ആരാണെന്ന് ചോദിച്ചാൽ പുരോഹിതന്മാരാണ്. പുരോഹിതന്മാരുടെ കൂട്ടാളികളായ രാജാക്കന്മാരും പണക്കാരും ഒക്കെയാണ്. അങ്ങനെ ദൈവം രക്തവും മാംസവും ഒന്നും ആവശ്യപ്പെടുന്നില്ല. മറിച്ചു ദൈവത്തിനു വേണ്ടി നിങ്ങൾ തന്നെ അത് കഴിക്കുക. ഏതോ പുരോഹിതൻ അല്ല ദൈവത്തെ പ്രതിനിധീകരിക്കേണ്ടത് നിങ്ങൾ തന്നെയാണ്. പിന്നെ ആവശ്യങ്ങൾ പറയുന്ന ദരിദ്രരായ ആളുകളെയും സ്വന്തം പ്രയാസങ്ങൾ മറച്ചുവെക്കുന്ന ദരിദ്രരായ ആളുകളെയും നിങ്ങൾ ഊട്ടുകയും ചെയ്യുക. ആവശ്യക്കാർക്ക് തന്നെയാണ് ബാലിംമാംസം നൽകേണ്ടത്. ബലിയിലൂടെയും സകാത്തിലൂടെയും സ്വദഖയിലൂടെയും ദാനധർമ്മങ്ങളിലൂടെയും ഒക്കെ ഇസ്ലാം ചെയ്യുന്നത് ഉള്ളവനിൽ നിന്ന് വിഭവങ്ങൾ എടുത്ത് ഇല്ലാത്തവർക്ക് വികേന്ദ്രീകരിക്കുകയുമാണ്. അതേസമയം ബഹുദൈവത്വത്തിന്റെ ആരാധനാരീതികളിൽ സംഭവിക്കുന്നത് ഇവിടെ ഖുർആനിൽ തിരുത്തു പറയുന്നതിന്റെ പശ്ചാത്തലമായി പ്രവർത്തിക്കുന്നതുപോലെ പോലെ എല്ലാം ആരാധനാലയങ്ങളിലേക്ക് കേന്ദ്രീകരിക്കുകയെന്നതാണ്. ഇല്ലാത്തവനിൽ നിന്ന് ഉള്ള പുരോഹിതരിലേക്കും രാജാവിലേക്കും പണക്കാരിലേക്കും വിഭവങ്ങൾ കേന്ദ്രീകരിക്കുക. ഉള്ളവൻ കൂടുതൽ കൂടുതൽ ഉള്ളവനും ഇല്ലാത്തവൻ കൂടുതൽ കൂടുതൽ ഇല്ലാത്തവരായി തീരുകയും ചെയ്യുന്ന ഒരു ധന കേന്ദ്രീകരണ ക്രമം ആണ് ആ ആരാധനാ രീതികൾ. ദൈവത്തിനെന്തിനാ പൊൻകുരിഷ് എന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥാപാത്രം ചോദിക്കുന്നുണ്ടല്ലോ. സമ്പത്തിനെ കേന്ദ്രീകരിക്കുന്ന മതത്തിനെതിരെ സമ്പത്ത് ഇല്ലാത്തവരിലേക്ക് വികേന്ദ്രീകരിക്കുന്ന ഒരു മതത്തിന്റെ ആരാധനാ രീതിയും സാമൂഹ്യപരിഷ്കരണ രീതിയും കൂടിയാണ് സത്യത്തിൽ ബലി എന്ന് പറയുന്നത്. അത് ഒരിക്കലും മനുഷ്യനെ ബലി കൊടുക്കുന്നതല്ല. എല്ലാ നരബലിക്കും ഏതിരിലാണ് ഇസ്‌ലാമിന്റെ മൃഗബലി ചരിത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ബലിയെന്ന ആരാധന ഹജ്ജെന്ന ആരാധനാ സമുച്ചയത്തിന് അകത്താണ് സ്ഥിതിചെയ്യുന്നത്. ഹജ്ജിന്റെ സമ്മേളനം നടക്കുന്ന ഹറമിന്റെ വാക്ക് തന്നെ കുറിക്കുന്നത് പവിത്രമെന്നാണ്. ആ പവിത്രത ആ ഭൂമിക്ക് മാത്രമല്ല ആ ആരാധനാലയത്തിന് മാത്രമല്ല അവിടങ്ങളിലെ മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവികൾക്കും പവിത്രതയുണ്ട്. അവിടെ വെച്ച് ഒരു പച്ചത്തണ്ട് പോലും മുറിക്കാൻ പാടില്ല. ആരെയും കൊല്ലാൻ പാടില്ല. മനുഷ്യ ജീവന്റെ പവിത്രതയും പ്രാധാന്യവുമാണ് ഹജ്ജും ഹറമും സന്ദേശമായി വിളംബരം ചെയ്യുന്നത്. അതേപോലെ പ്രവാചകൻ (സ) യുടെ ആദ്യത്തെയും അവസാനത്തെയും ഹജ്ജായാ ഹജ്ജത്തുൽ വിദാഇൽ വെച്ച് നടത്തിയ ഖുതുബ പ്രഭാഷണമായ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ മനുഷ്യജീവനെക്കുറിച്ചാണ് പ്രവാചകൻ പറയുന്നത്. “മനുഷ്യജീവൻ ഈ ദിവസം പോലെ ഈ സ്ഥലം പോലെ ഈ മാസം പോലെ പവിത്രമാണെന്ന് ആണ്.” ഹജ്ജ് നടക്കുന്നത് ദുൽ ഹജ്ജ് മാസത്തിലാണ്. അത് ഉൾപ്പെടെ അതിനു മുമ്പും പിമ്പുമുള്ള മൂന്നു മാസങ്ങളും ചേർത്ത് ചാന്ദ്രവർഷ കലണ്ടറിലെ നാല് മാസങ്ങൾ യുദ്ധം നിഷിദ്ധമായ പവിത്രമായ മാസങ്ങൾ ആണ്. അതിനകത്താണ് ബലി സ്ഥിതി ചെയ്യുന്നത് എന്നത് മനുഷ്യജീവന്റെ പവിത്രതയാണ് ബലി ഉദ്ഘോഷിക്കുന്നത് എന്ന് തെളിയിക്കുന്നു. ഇനി ഇവിടെ ഉണ്ടായ സംഭവം നോക്കാം, ഒരു ആൾക്ക് എന്തെങ്കിലും തരത്തിലുള്ള സ്വപ്നദർശനമോ അല്ലെങ്കിൽ ഇൽഹാമോ അതീന്ദ്രിയജ്ഞാനമോ ഉണ്ടാകുന്നതായി അവർക്ക് അനുഭവപ്പെടുകയോ ചെയ്താൽ അതിന്റെ ഇസ്‌ലാമിക വിധി ശരീഅത്തിനെതിരായ ഇത്തരം സ്വപ്നമോ അതീന്ദ്രിയ അനുഭവങ്ങളോ ഒന്നും പ്രമാണമാവുകയില്ല എന്നതാണ്. ഇതാണ് ഇസ്‌ലാ.മിൽ വ്യത്യസ്ത സരണികൾക്കിടയിൽ തർക്കമില്ലാത്ത സുസമ്മതമായ മതതത്വം. അതുകൊണ്ടുതന്നെ ഒരാളെ ബലികൊടുക്കാൻ ആർക്കെങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ടായാൽ ശരീഅത്ത് വിരുദ്ധമായത് കൊണ്ട് തന്നെ അത് പ്രാവർത്തികമാക്കാൻ പാടില്ല എന്നുള്ളതാണ് നിലപാട്. ചെയ്താൽ അത് അങ്ങേയറ്റം മതവിരുദ്ധമായ കാര്യമാണ്. ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് മിക്കപ്പോഴും ആളുകളുടെ മാനസികമായ ഭ്രമാസ്ഥകളിൽ ആയിരിക്കും. അതിനെ രോഗമായി കാണുകയും ചികിൽസിക്കുകയും ആണ് വേണ്ടത്. അതിനിടയിൽ സംഭവിക്കുന്ന കാര്യങ്ങൾ ദുരന്തങ്ങൾ ആയിട്ട് മനസ്സിലാക്കുകയെ നിവൃത്തിയുള്ളൂ.