– ശൈഖ് മുഹമ്മദ് കാരകുന്ന്
നെപ്പോളിയൻ ബോണപ്പാർട്ടിൻറെ ഫ്രാൻസ് അധിനിവേശ കാലത്ത് ലേ പാരീസ് പത്രം സ്വീകരിച്ച സമീപനം വിഖ്യാതമാണ്.
അധിനിവേശ യാത്ര ആരംഭിച്ച ആദ്യ ദിനം കൊടുത്ത തലക്കെട്ട് ദുഷ്ട മൃഗം ഫ്രാൻസിലേക്ക് എന്നായിരുന്നു. രണ്ടാമത്തെ ദിവസം കൊള്ളക്കാരൻ വരുന്നുവെന്നും മൂന്നാം ദിവസം രക്ത ദാഹി ഫ്രാൻസിൻറെ നേരെ കുതിക്കുന്നുവെന്നും തലക്കെട്ട് നൽകി.
നെപ്പോളിയൻ ഫ്രാൻസിൻറെ അടുത്തെത്തിയ നാലാം ദിവസം തലക്കെട്ടിന് വമ്പിച്ച രൂപപരിണാമം സംഭവിച്ചു. നെപ്പോളിയൻ പാരീസിൻറെ പടിവാതിൽക്കൽ എന്ന ശീർഷകമാണ് അന്ന് കരുതിയത്. അഞ്ചാം ദിവസം നെപ്പോളിയൻ ബോണോപ്പാർട്ട് ഫ്രാൻസിൽ എന്നായി മാറി. ആറാം നാൾ നെപ്പോളിയൻറെ ചിത്രത്തോടെയിരുന്നു പ്രധാന വാർത്ത. അതിങ്ങനെയായിരുന്നു: മഹാനായ നെപ്പോളിയൻ ബോണോപ്പാർട്ട് പാരിസ് പിടിച്ചടക്കി.
ഏഴാം ദിവസം തലക്കെട്ട് ബാനറാവുകയായിരുന്നു. ദുഷ്ട മൃഗം തിരുമനസ്സിന്നുടമയായ മഹാനായ ചക്രവർത്തിയും.അന്ന് ലെ പേരീസിൻറെ തലക്കെട്ട് ‘നെപ്പോളിയൻ ചക്രവർത്തിക്ക് പാരീസിലേക്ക് സ്വാഗതം; ചക്രവർത്തി തിരുമനസ്സ് നീണാൾ വാഴട്ടെ’ എന്നായിരുന്നു.
മനുഷ്യൻറെ ഏറ്റവും ചീത്തയായ വികാരങ്ങളാണ് ആർത്തിയും ഭയവും. അവ രണ്ടും മനുഷ്യനെ ഏത് ഹീന വൃത്തിക്കും പ്രേരിപ്പിക്കുന്നു. അധികാര കേന്ദ്രങ്ങൾക്ക് മുമ്പിലാണ് അവ ഏറ്റവും അശ്ലീലമായി മാറുക. അതിനാൽ അധികാരം കയ്യടക്കി വെക്കുന്നവരുടെ മുമ്പിൽ അവർ മുട്ടു കുത്തുകയും ഇഴയുകയും ചെയ്യുന്നു. കള്ളക്കഥകൾ ചമച്ച് പ്രശംസാ വചനങ്ങൾ കൊണ്ട് പൊതിയുന്നു. സ്വന്തമായ വ്യക്തിത്വം പോലുമില്ലാത്ത മനസ്സാക്ഷിയെ വഞ്ചിച്ച ഹീന ജീവികൾ എന്നാണ് ചരിത്രം അവരെക്കുറിച്ച് എന്നും എവിടെയും രേഖപ്പെടുത്താറുള്ളത്.
എന്നാൽ മാന്യതയൊട്ടുമില്ലാതെ അത്യന്തം അപമാനകരമായ ഇത്തരമൊരു സമീപനത്തിലൂടെ അവർ നേടുന്നത് നിന്ദ്യതയല്ലാതൊന്നുമല്ലെന്ന് ഏറെപ്പേരും ഓർക്കാറില്ലെന്നതാണ് ഏറ്റവും വലിയ ദുരന്തം.
21