– ശൈഖ് മുഹമ്മദ് കാരകുന്ന്
പ്രകാശ രേഖ: പതിമൂന്ന്
സാഹിത്യ ലോകത്തെ എക്കാലത്തെയും മികച്ച പ്രതിഭയാണ് ലിയോ ടോൾസ്റ്റോയി. യുദ്ധവും സമാധാനവും, അന്നാ കരീനീന എന്നീ കൃതികളെ കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും. മഹാത്മാഗാന്ധിക്കും മാർട്ടിൻ ലൂഥർ കിങിനും അഹിംസാ പോരാട്ടങ്ങൾക്ക് പ്രചോദനമായി വർത്തിച്ചത് അദ്ദേഹമാണ്.
ഒരുദിവസം ടോൾസ്റ്റോയ് വീട്ടിൽനിന്ന് അങ്ങാടിയിലേക്ക് നടന്ന് പോവുകയായിരുന്നു. വഴിയിൽ ഒരു യാചകൻ കിടക്കുന്നത് കണ്ടു. അയാൾ ടോൾസ്റ്റോയിയോട് വല്ലതും തരണമേയെന്ന് യാചിച്ചു. അദ്ദേഹത്തോട് സഹതാപം തോന്നിയ ടോൾസ്റ്റോയി എന്തെങ്കിലും കൊടുക്കണമെന്ന് കരുതി അടുത്തുചെന്നു. പോക്കറ്റിൽ കയ്യിട്ടു നോക്കുമ്പോൾ ഒന്നുമുണ്ടായിരുന്നില്ല. അതിനാൽ സങ്കടപ്പെട്ട് പറഞ്ഞു:”സഹോദരാ, ക്ഷമിക്കണം.സഹായിക്കണമെ ന്നുണ്ടായിരുന്നു. ഒന്നുമില്ലല്ലോ.”
“താങ്കൾ എനിക്കെല്ലാം നൽകിയിരിക്കുന്നു മറ്റാരും തരാത്തത് തന്നിരിക്കുന്നു.”യാചകൻ പറഞ്ഞു.
“ഞാൻ ഒന്നും തന്നില്ലല്ലോ” ടോൾസ്റ്റോയ് അത്ഭുതപ്പെട്ടു.
“താങ്കൾ എന്നെ സഹോദരാ എന്ന് വിളിച്ചില്ലേ? അങ്ങനെ ആരെങ്കിലും എന്നെ വിളിച്ചതായി എനിക്ക് ഓർമ്മ പോലുമില്ല.’
വംശവെറിയാലും ജാതി സമ്പ്രദായത്താലും തൊഴിൽപരമായും സാമ്പത്തിക കാരണങ്ങളാലും മറ്റും സാമൂഹിക ഉച്ചനീചത്വവും അവഗണനയും അനുഭവിക്കുന്നവർക്ക് സഹോദരാ എന്ന വിളിയെക്കാൾ ആശ്വാസമേകുന്ന മറ്റൊന്നുമുണ്ടാവില്ല. ഒരേ വയറ്റിൽ പിറന്നവൻ എന്നർത്ഥം വരുന്ന ആ സംബോധന സമത്വവും തുല്യതയും മഹത്തായ പരിഗണനയും വിളംബരം ചെയ്യുന്നു. സാമൂഹ്യനീതിയുടെ പ്രഖ്യാപനം കൂടിയാണത്.
അതിനാലാണല്ലോ കേരളത്തിൽ ജാതി സമ്പ്രദായത്തിനെതിരെ ധീരോജ്ജ്വലമായ വിപ്ലവം നയിച്ച അയ്യപ്പൻ തൻറെ സംഘടനക്ക് “സഹോദര സംഘം’ എന്നും പത്രത്തിന് “സഹോദരൻ’ എന്നും പേരിട്ടത്. അതിന് പ്രചോദനം ലഭിച്ചത് പ്രവാചകനിൽ നിന്നായതിനാൽ അദ്ദേഹത്തിൻറെ പ്രിയ പത്നിയുടെ പേര് ആയിശയെന്ന് സ്വന്തം മകൾക്ക് നൽകുകയും ചെയ്തു.
സമൂഹത്തിൽ ഒട്ടേറെ തട്ടുകൾ നിലനിൽക്കുകയും പലരും കടുത്ത വിവേചനങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന സമകാലീന സാഹചര്യത്തിലും സഹോദരാ എന്ന സംബോധന ഏറെ പ്രസക്തമത്രേ. നമ്മുടെ നാട്ടിലും കോടിക്കണക്കിന് മനുഷ്യർ അതു കേട്ടാൽ അഭിമാനിക്കുകയും ആശ്വാസമനുഭവിക്കുകയും ചെയ്യുന്നവരായുണ്ട്. എന്നാൽ ഒട്ടും കൃത്രിമത്വവും കാപട്യവുമില്ലാതെ അതു പറയാൻ അപൂർവ്വം ചിലർക്കേ കഴിയുകയുള്ളൂ. എല്ലാവരെയും ഒരേപോലെ സമന്മാരായി കാണുന്ന, ആഢ്യത്വത്തിൻറെ അംശ ലേശമില്ലാത്ത വിശാല മനസ്കർക്ക് മാത്രം.
യാചകനും ടോൾസ്റ്റോയിയും | ശൈഖ് മുഹമ്മദ് കാരകുന്ന്
previous post