-ശൈഖ് മുഹമ്മദ് കാരകുന്ന്
പ്രവാചക പുത്രി ഫാത്തിമാ ബീവി ഗർഭിണിയായിരുന്നു. അവർക്ക് മധുരമുള്ള ഈത്തപ്പഴം കഴിക്കാൻ അതിയായ ആഗ്രഹം. തൻറെ പ്രിയതമൻ അലിയുടെ വശം പണമില്ലെന്ന് അവർക്കറിയാം. അതിനാൽ തൻറെ ആഗ്രഹം മനസ്സിൽ ഒളിപ്പിച്ചു വെച്ചു. ഒരു ദിവസം ഇരുവരും വീട്ടിൽ വിശ്രമിക്കവെ ഫാത്തിമാ തൻറെ അഭിലാഷം അലിയെ അറിയിച്ചു. തൻറെ പ്രിയതമയുടെ ഇംഗിതം പൂർത്തീകരിക്കാൻ വേണ്ടി അദ്ദേഹം അങ്ങാടിയിലേക്ക് പോയി. ഒരു കടയിൽ നിന്ന് ഈത്തപ്പഴം കടം വാങ്ങി. മടങ്ങി വരുമ്പോൾ പിന്നിൽ നിന്നൊരു വിളി.
“അലിയേ അവിടെ നിൽക്കൂ. വിശന്നിട്ടു വയ്യ. വല്ലതും തരണേ.”ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അലി കണ്ടത് ഒരു പടു വൃദ്ധനെയാണ്.കുഴിഞ്ഞ കണ്ണുകളും ചുക്കിച്ചുളിഞ്ഞ കൈകാലുകളും മെലിഞ്ഞൊട്ടിയ ശരീരവും ചപ്പിയ വയറും അയാളുടെ ദാരിദ്ര്യം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. രണ്ടാമതൊന്നാലോചിക്കാതെ അലി തൻറെ വശമുണ്ടായിരുന്ന പഴപ്പൊതി അയാൾക്കു കൊടുത്തു.
വെറും കയ്യോടെ തിരിച്ചുവരുന്ന പ്രിയതമനെ ഫാത്തിമാ ബീവി നിർവികാരയായി നോക്കിനിന്നു. വീട്ടിലെത്തിയ അലി പ്രിയതമയുടെ അടുത്ത് ചെന്ന് സംഭവിച്ചതൊക്കെ വിശദീകരിച്ചു. അതിന് ഫാത്തിമാ ബീവിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:”അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ. ആ പഴം കഴിച്ചിരുന്നുവെങ്കിൽ അൽപസമയത്തെ സന്തോഷമല്ലേ ഉണ്ടാവുമായിരുന്നുള്ളു. അങ്ങയുടെ പ്രവൃത്തി നമുക്ക് മരണംവരെയും മരണത്തിനുശേഷവും സന്തോഷിക്കാനുള്ള വക നൽകിയിരിക്കുന്നു.”
മനുഷ്യൻ എപ്പോഴും മോഹങ്ങളുടെ തടവറയിലായിരിക്കും. പൂർത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങളുടെ പ്രതീകമാണവൻ. ഒരാഗ്രഹം സാക്ഷാത്കരിക്കപ്പെടുമ്പോൾ പുതിയവ പിറവിയെടുക്കും. അതുകൊണ്ടുതന്നെ സമ്പത്തിനും സൗകര്യങ്ങൾക്കും വേണ്ടിയുള്ള മനുഷ്യൻറെ അലച്ചിലുകൾ അവസാനിക്കുകയില്ല. ആസന്നമരണനായിരിക്കുമ്പോഴും ഒട്ടേറെ മോഹങ്ങൾ അവനെ വേട്ടയാടിക്കൊണ്ടിരിക്കും. ചിതറിത്തെറിച്ച ആഗ്രഹങ്ങളുമായാണ് പലരും മറമാടപ്പെടുകയെന്ന് പ്രവാചകൻ പറയാനുള്ള കാരണവും അതു തന്നെ.
സ്വയം തീർത്ത സ്വാർത്ഥതയുടെ തടവറയിൽ നിന്ന് മോചനം നേടാൻ കഴിയുന്നവർ വളരെ കുറവാണ്.അധികപേർക്കും അശരണരുടെ ആർത്തനാദം കേട്ടുണരാനും മനുഷ്യ സ്നേഹത്തിൻറെ മഹിത മേഖലകളിലേക്കുയരാനും സാധിക്കാത്തത് അതിനാലാണ്.തന്നേക്കാൾ താഴെയുള്ളവരെ കാണാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാനും ലുബ്ധ് മനുഷ്യനെ അനുവദിക്കുകയില്ല.
ഹസ്രത്ത് അലിയും ഫാത്തിമാ ബീവിയും കയറിപ്പറ്റിയ ഉന്നത വിതാനത്തിലെത്താനാണ് ഓരോരുത്തരും ശ്രദ്ധിക്കേണ്ടതും ശ്രമിക്കേണ്ടതും. തനിക്ക് ഏറ്റവും ആവശ്യമുള്ള സന്ദർഭത്തിൽ ഏറെ പ്രിയങ്കരമായത് തന്നെക്കാൾ അർഹരായവർ ആവശ്യപ്പെടുമ്പോൾ കൈവിടാൻ കഴിയുന്നവരാണവർ. പ്രായോഗികമായി നടപ്പാക്കാൻ ഏറെ പ്രയാസമുള്ള ഈ നിലവാരത്തിലെത്താൻ ശ്രമിക്കുമ്പോഴാണ് അതിനടുത്തെങ്കിലുമെത്താൻ നമുക്ക് സാധിക്കുക. മനസ്സ് ഉദാരമായാൽ ദരിദ്രർക്കും ദാനം നൽകുന്നവരാകാം. മറിച്ചായാൽ എത്ര സമ്പന്നരുടെ വശവും മറ്റുള്ളവർക്ക് കൊടുക്കാൻ ഒന്നുമുണ്ടാവില്ല.
പ്രകാശ രേഖ: പതിനൊന്ന്