ഒരാള്‍ ഇസ്‌ലാമിലേക്ക് പ്രവേശിക്കുകയും തന്റെ പഴയ പേര് നിലനിര്‍ത്തി അതിലേക്ക് ഇസ്‌ലാമികമായ പേര് ചേര്‍ക്കുകയും ചെയ്യുന്നതില്‍ പ്രശ്‌നമില്ല. പുരുഷന്മാര്‍ക്ക് പഴയ പേരിന്റെ കൂടെ മുഹമ്മദ്, അഹ്മദ്, അബ്ദുല്ല തുടങ്ങിയവും സ്ത്രീകള്‍ക്ക് ആയിശ, ഖദീജ, ഫാത്വിമ തുടങ്ങിയ പേരുകളും ചേര്‍ക്കാവുന്നതാണ്.
പൊതുവെ അറബികള്‍ക്കിടയില്‍ ഉയര്‍ന്ന സ്ഥാനമുളള വ്യക്തികള്‍ക്ക് വ്യത്യസ്തങ്ങളായ പേരുകളുണ്ടായിരിന്നു. ഉദാഹരണമായി, അബ്ദുല്ല, അബൂബക്കര്‍, സിദ്ധീഖ് എന്നിവയെല്ലാം ഒരാളുടെ പേരുകളാണ്. അതുപോലെ തന്നെയാണ് ഉമര്‍, അബൂഹഫ്‌സ്, അല്‍ഫാറൂഖ് എന്നിവയും. ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ പേരുകളുണ്ടാകുന്നതില്‍ പ്രശ്‌നമില്ല, പ്രത്യേകിച്ച് മുസ്‌ലിമല്ലാത്ത വ്യക്തി ഇസ്‌ലാമിലേക്ക് വരികയാണെങ്കില്‍. പക്ഷേ, അതിന് ഇസ്‌ലാമിക ശരീഅത്ത് അംഗീകരിക്കാത്ത അബ്ദുല്‍മസീഹ് (യേശുവിന്റെ അടിമ) തുടങ്ങിയ പേരുകളാവരുത് എന്ന ഒരു നിബന്ധനയുണ്ട്. അങ്ങനെയുളള പേരുകളാണെങ്കില്‍ ഇസ്‌ലാമിക പേരുകളിലേക്ക് മാറ്റേണ്ടതുണ്ട്. എന്നാല്‍, പ്രശ്‌നമില്ലാത്ത പഴയ പേരുകള്‍ മാറ്റണമെന്നില്ല. പ്രവാചക അനുചരന്മാര്‍ ജാഹിലിയ്യ കാലത്ത് വിളിക്കപ്പെട്ടിരുന്ന പേരുകള്‍ ഇസ്‌ലാമിലും നിലനിര്‍ത്തുകയുണ്ടായി. എന്നാല്‍ ഇസ്‌ലാമികമായ നല്ല പേരുകള്‍ സ്വീകരിക്കുകയാണ് ഏറ്റവും ഉചിതമായിട്ടുളളത്.