‘നല്ല ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് പോലിസുകാര്‍ എന്റെ കയ്യില്‍ പൊള്ളലേല്‍പ്പിച്ചു. തെരുവില്‍ വച്ച് അവര്‍ എന്നെ തീയില്‍ എറിയാന്‍ ശ്രമിച്ചു. പക്ഷേ കൂടെയുണ്ടായിരുന്ന രണ്ട് പോലിസുകാരുടെ ഇടപെടല്‍ എന്റെ ജീവന്‍ രക്ഷിച്ചു’. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ പോലിസില്‍നിന്നുള്ള 14 വയസ്സ് മാത്രം പ്രായമുള്ള കൗമാരക്കാരന്റെ മനസ്സ് മരവിക്കുന്ന അനുഭവമാണിത്. സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശ് പോലിസിന്റെ അതിനിഷ്ഠൂരമായ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമിരയായവരില്‍ ഒരാളാണ് ഈ കൗമാരക്കാരന്‍. യോഗി ആതിഥ്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ കാവിവല്‍ക്കരിക്കപ്പെട്ട പോലിസ് ഉദ്യോഗസ്ഥര്‍ കുട്ടികളെ പോലും ക്രൂരമായി മര്‍ദ്ദിച്ചുവെന്നതിന്റെ അസ്വസ്ഥ ജനകമായ വിവരണങ്ങള്‍ അടുത്തിടെ സംഭവസ്ഥലം സന്ദര്‍ശിച്ച കാരവാനെ മുഹബ്ബത്തിന്റെ വസ്തുതാന്വേഷണ സംഘമാണ് തെളിവ് സഹിതം പുറത്തുവിട്ടത്. പോലിസ് സ്‌റ്റേഷനകത്ത് വച്ച് പൂര്‍ണ നഗ്നരാക്കിയാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പോലും ക്രൂരമായി ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ പലര്‍ക്കും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കാരവാന്‍ മുഹബ്ബത്തിന്റെ വസ്തുതാന്വേഷണ സംഘത്തിന്റെ മുമ്പിലാണ് പോലിസുകാരില്‍നിന്നു അനുഭവിച്ച ഭീകരത 14 കാരന്‍ വെളിപ്പെടുത്തിയത്. പോലിസ് കസ്റ്റഡിയിലെ പീഡനങ്ങള്‍ ഏല്‍പ്പിച്ച ആഘാതം മൂന്നാഴ്ച പിന്നിട്ടിട്ടും ആ കൗമാരക്കാരന്റെ മുഖത്തുനിന്നു മാഞ്ഞുപോയിട്ടില്ല.
തന്റെ സഹോദരനെ ആള്‍ക്കൂട്ടത്തിനിടയില്‍ തിരയുന്നതിനിടെയാണ് 14കാരന്‍ പോലിസിന്റെ പിടിയിലാവുന്നത്. തുടര്‍ന്ന് ക്രൂരമര്‍ദ്ദനമായിരുന്നു. അതിനിടെ ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് കൈകളില്‍ പൊള്ളലേല്‍പ്പിച്ചു. തുടര്‍ന്ന് കാറില്‍ കയറ്റിയും മര്‍ദ്ദിച്ചു.രണ്ടുദിവസം അനധികൃതമായി ബാരക്കില്‍ തടങ്കലില്‍ വച്ചും ക്രൂരമായി പീഡിപ്പിച്ചു. ഭക്ഷണം പോലും നല്‍കാതെയായിരുന്നു ഈ കണ്ണില്‍ചോരയില്ലാത്ത മര്‍ദ്ദനം. പോലിസ് പിടിയിലായ എല്ലാവരുടേയും കഥ സമാനമായിരുന്നു. സമരത്തില്‍ പങ്കാളികളായ നൂറു പേരുടെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് തടവിലിട്ട ആദ്യ രാത്രി പോലിസ് നിഷ്‌ക്കരുണം മര്‍ദ്ദിച്ചതായി കൗമാരക്കാരന്‍ പറഞ്ഞു. തന്റെ കണ്‍മുമ്പില്‍വച്ച് മറ്റ് നിരവധി തടവുകാരെയും പോലിസ് ക്രൂരമായി മര്‍ദ്ദിച്ചു. കുര്‍ത്ത. പൈജാമ ധാരികളെയും താടി വച്ചവരെയും പോലിസ് ദയാരഹിതമായാണ് മര്‍ദ്ദിച്ചത്.
പോലിസ് ഉദ്യോഗസ്ഥന്‍ തന്നെ തീയിലേക്കെറിയാന്‍ ശ്രമിച്ചതായും കുട്ടി വസ്തുതാന്വേഷണ സംഘത്തോട് പറഞ്ഞു. ക്രൂരമായി മര്‍ദ്ദിക്കുന്നതിനിടെയാണ് പോലിസുകാരന്‍ തന്നെ തീയിലേക്ക് എറിയാന്‍ ശ്രമിച്ചത്. പക്ഷേ കൂടെയുണ്ടായിരുന്ന രണ്ട് പോലിസുകാരുടെ ഇടപെടല്‍ എന്റെ ജീവന്‍ രക്ഷിച്ചു. തന്നെ തീയില്‍ എറിയരുതെന്നും കാറില്‍ കയറ്റണമെന്നും അവര്‍ പറഞ്ഞു. തുടര്‍ന്നാണ് കാറില്‍ കയറ്റിയത്. അവിടെ വച്ചും ക്രൂരമര്‍ദ്ദനമായിരുന്നു.’അവര്‍ (പോലിസ്) തങ്ങളെയും വിശുദ്ധ ഖുര്‍ആനെയും അധിക്ഷേപിച്ചു. ഒരു ഉദ്യോഗസ്ഥന്‍ അകത്തേക്ക് വന്നപ്പോള്‍ താന്‍ വെള്ളം ചോദിച്ചു. അദ്ദേഹം ആദ്യം എന്നെ അസഭ്യം പറയുകയും പിന്നീട് വെള്ളം തരികയും ചെയ്തു.തങ്ങള്‍ ദിവസം മുഴുവന്‍ അവിടെ ഇരുന്നു. അവര്‍ ഇടയ്ക്കിടെ വന്ന് എന്നെയും മറ്റുള്ളവരെയും മര്‍ദ്ദിച്ചുകൊണ്ടേയിരുന്നു. രണ്ടു ദിവസം തങ്ങള്‍ക്ക് അവര്‍ ഭക്ഷണം നല്‍കിയില്ല. തങ്ങളുടെ കുടുംബവുമായി ഫോണിലൂടെയോ വ്യക്തിപരമായോ സംസാരിക്കാനും അവര്‍ അനുവദിച്ചില്ല.
നമസ്‌കാരത്തിനുശേഷം പള്ളിയില്‍നിന്നു വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. ആളുകള്‍ തന്റെ വീടിന്റെ പരിസരത്ത് കൂടെ ഒടുന്നതാണ് ആദ്യം കണ്ടത്. താന്‍ വീട്ടില്‍ എത്തി സഹോദരന്‍ എവിടെയാണെന്ന് ഉമ്മയോട് ചോദിച്ചു. അവന്‍ അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അവനെ അന്വേഷിച്ച് താന്‍ പുറപ്പെട്ടു. നാനാഭാഗത്തുനിന്നും പോലിസ് വാഹനങ്ങള്‍ വരുന്നത് കാണാമായിരുന്നു. അതിനിടെ എന്നെ പിടികൂടി പോലിസൂകാര്‍ ലാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു. തന്റെ സഹോദരനെ അന്വേഷിച്ചിറങ്ങിയതാണെന്ന് പറഞ്ഞിട്ടും അവര്‍ ചെവികൊണ്ടില്ല.
തന്റെ കൂടെ മറ്റാരൊക്കെ ഉണ്ടെന്ന് ചോദിച്ച് വൃത്തികെട്ട ഭാഷയില്‍ അധിക്ഷേപിക്കാന്‍ തുടങ്ങി. അവരില്‍ ഒരാളെ പോലും തനിക്കറിയില്ലെന്ന് താന്‍ പറഞ്ഞു. തെരുവിലിട്ട് അരമണിക്കൂറോളം അവര്‍ അടിച്ചു. തുടര്‍ന്ന് എന്നെ കാറില്‍ ഇരുത്തി, വീണ്ടും അടിച്ചു.നിന്നെ രക്ഷിക്കാന്‍ നിന്റെ അല്ലാഹു വരുമോയെന്ന് ഒരു പോലിസുകാരന്‍ ചോദിച്ചു. ഇതിനിടെ പോലിസ് മര്‍ദ്ദിച്ച് ജയ്ശ്രീരാമും വിളിപ്പിച്ചു. 19 കുട്ടികള്‍ ഇപ്പോഴും പോലിസ് കസ്റ്റഡിയില്‍ പ്രായപൂര്‍ത്തിയാകാത്ത 19 ആണ്‍കുട്ടികള്‍ ഇപ്പോഴും സാംബാലില്‍ പോലിസ് കസ്റ്റഡിയിലാണെന്ന് വസ്തുതാന്വേഷണ റിപോര്‍ട്ട് വ്യക്തമാക്കുന്നു. പോലിസ് കസ്റ്റഡിയിലുള്ള മറ്റൊരു 14കാരനും സാംബാല്‍ പട്ടണത്തില്‍ നിന്നുള്ളതാണ്. ക്രൂര പീഡനമാണ് ഈ 14കാരനും പോലിസ് കസ്റ്റഡിയില്‍ ഏല്‍ക്കേണ്ടിവന്നതെന്ന് അവന്റെ മാതാവ് വസ്തുതാന്വേഷണ സംഘത്തിനു മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. മുസാഫര്‍നഗര്‍, മീററ്റ്, സാംബാല്‍, ഫിറോസാബാദ് എന്നീ നാലു പട്ടണങ്ങളില്‍ പോലീസ് കസ്റ്റഡിലെടുത്തവരോട് ക്രൂരമായാണ് പെരുമാറിയത്. ഇവിടങ്ങളില്‍ കുട്ടികളെ പോലും പോലിസ് വെറുതെവിട്ടില്ല. മുസാഫര്‍നഗറില്‍ യത്തീംഖാന മദ്രസയില്‍നിന്നു 40 പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരെ നിഷ്‌ക്കരുണം മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തു. ജനകീയ ട്രൈബ്യൂണല്‍ ഭരണകൂട നടപടി സംബന്ധിച്ച യുപിയിലെ ജനകീയ ട്രൈബ്യൂണല്‍ യുപി പോലീസിനും ഭരണകൂടത്തിനും എതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, 2015ന്റെ നഗ്നമായ ലംഘനമാണ് യുപി പോലിസ് നടത്തിയതെന്നും ജൂറി കൂറ്റപ്പെടുത്തി. കുട്ടികളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ മുഴുവന്‍ ഏജന്‍സികളും അവരുടെ ചുമതല നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടതായും ജസ്റ്റിസ് എ പി ഷാ, ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി, ജസ്റ്റിസ് വി ഗോപാല ഗൗഢ,അക്കാദമിക് വിദഗ്ധരും അടങ്ങിയ ട്രൈബ്യൂണല്‍ ജൂറി നിരീക്ഷിച്ചു.
പോലിസ് മര്‍ദ്ദിച്ച് ജയ്ശ്രീരാമും വിളിപ്പിച്ചു
previous post