അമേരിക്കയിലെ ക്രിസ്ത്യൻ പുരോഹിതനായിരുന്ന സാമുവൽ ഏൾ ശ്രോപ് ശൈർ ഇസ്‌ലാം സ്വീകരിച്ചു. ഇസ്‌ലാം സ്വീകരിക്കാനുണ്ടായ പശ്ചാത്തലം അദ്ദേഹം പങ്കുവെച്ചു. സൗദി അറേബ്യയിൽ താമസിക്കുന്ന സാമുവൽ ഏൾ ശ്രോപ് ശൈർ, രാജാധികാരത്തിന് കീഴിൽ ജീവിക്കുന്ന അവിടത്തെ ജനങ്ങളുടെ ആതിഥേയത്തവും ഉയർന്ന ധാർമികതയുമാണ് ഇസ്‌ലാം സ്വീകരിക്കുന്നതിന് പ്രചോദനമായത് എന്ന് പറയുന്നു.. Easy to read എന്ന ഖുർആനിന്റെ ഇംഗ്ലീഷ് ഭാഷ്യത്തിന്റെ എഡിറ്ററായി പ്രവർത്തിക്കാനാണ് 2011 ൽ സാമുവേൽ ജിദ്ദയിലേക്ക് യാത്ര തിരിച്ചത്. യാത്രക്ക് മുമ്പ് തന്റെ വിശ്വാസം മൂലം രാജാധികാരത്തിന് കീഴിൽ താൻ വിവേചനം നേരിടുമോ എന്ന് അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. മാധ്യമങ്ങൾ മുസ്‌ലിംകളെ, പ്രത്യേകിച്ച് സൗദികളെ മോശമായാണ് ചിത്രീകരിച്ചിരുന്നത്. എന്നാൽ അതൊക്കെ തെറ്റിദ്ധാരണയും വ്യാജവുമാണെന്ന് അദ്ദേഹം വേഗം തന്നെ തിരിച്ചറിഞ്ഞു.
“മുസ്‌ലിംകളെന്നൊ അമുസ്‌ലിംകളെന്നോ വ്യത്യാസമില്ലാതെ മറ്റുള്ളവരെ സ്വാഗതം ചെയ്യാനും ഉദാരമായി സൽക്കരിക്കാനും മുൻകൈയ്യെടുക്കുന്ന നല്ല ആൾക്കാരെ ഞാൻ കണ്ടു” – അദ്ദേഹം പറഞ്ഞു.
താൻ അനുഭവിച്ച കാരുണ്യം, ആതിഥ്യം, സൗഹാര്‍ദം, ഖുർആനോട് ചേർന്നുള്ള പ്രവർത്തനം തുടങ്ങിയവ ഇസ്‌ലാമിനെ കുറിച്ച് പഠിക്കുവാനും തുടർന്ന് ഇസ്‌ലാം സ്വീകരിക്കാനും അദ്ദേഹത്തിന് പ്രചോദനം നൽകി.
തന്റെ ഇസ്‌ലാമാശ്ലേഷത്തെ കുറിച്ച് യൂട്യൂബിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ വിശദമായി അദ്ദേഹം പറയുന്നുണ്ട്.
ഖുർആൻ വിവർത്തനം ചെയ്യുന്നതിനിടയിൽ ധാരാളം ചോദ്യങ്ങൾ മനസ്സിലുടക്കുകയും ആ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം തേടുകയും ചെയ്തു.യേശു ക്രിസ്തുവിനെയും കന്യാമറിയത്തെയും ആദരവോടെ വിശുദ്ധ ഖുർആനിൽ പ്രതിപാദിക്കുന്നത് അദ്ദേഹത്തിൽ മതിപ്പുളവാക്കി. പ്രാർഥനാ സമയത്ത് അദ്ദേഹം അടുത്തുള്ള പള്ളിയിലേക്ക് പോകാൻ തുടങ്ങി. “എന്റെ ഹൃദയം കൂടുതൽ സമയവും പള്ളിയിലായി. അങ്ങോട്ട് പോകാൻ ദൈവം എന്നെ പ്രേരിപ്പിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു”. അദ്ദേഹം പറഞ്ഞു.
മാസങ്ങൾക്ക് ശേഷം തനിക്ക് ദൈവ സാമീപ്യം അനുഭവപ്പെടുന്ന പള്ളികൾ എല്ലാം സന്ദർശിക്കാനുള്ള ധൈര്യം സംഭരിച്ചു. തുടർന്ന് ഇസ്‌ലാമിനെ കുറിച്ച് കൂടുതലായി പഠിക്കാനാരംഭിക്കുകയും അധികം വൈകാതെ തന്നെ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.
തയ്യാറാക്കിയത് :മുഷ്താഖ് ഫസൽ