മാനവരാശിയുടെ സ്നേഹവും സൗഹൃദവും
സമാധാനപരമായ ജീവിതവും എന്നും ആഗ്രഹിച്ചിട്ടുള്ളതാണ് ഇസ്ലാമിന്റെ ചരിത്രം. ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട മതവും അതു
തന്നെ. ചൂഷണത്തിനും അടിമത്തത്തിനും എതിരായതിനാൽ, ഫാഷിസ് ചൂഷകശക്തികളും ഉടമ വ്യവസ്ഥ അംഗീകരിക്കുന്നവരും ഒറ്റക്കെട്ടായി ഇസ്ലാമിനെ എതിർക്കുന്നതാണ് അതിനു കാരണം. ഇസ്ലാം ആശയത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. മതത്തിന്റെ വിശുദ്ധി വ്രതാനുഷ്ഠാനത്തിലൂടെ ജീവിച്ച് കാണിച്ചു കൊടുക്കുകയാണ് ഇസ്ലാംമത വിശ്വാസികൾ. താൻ വയറുനിറച്ച് ഭക്ഷണം കഴിക്കുമ്പോൾ കോടാനുകോടി മനുഷ്യർ ഒരു നേരത്തെ ഭക്ഷണം കിട്ടാതെ എരിഞ്ഞമരുന്ന ഈ ലോകത്ത്, തന്റെ വയറിൻറ വിശപ്പ് എന്താണെന്ന് നേരിട്ട് മനസ്സിലാക്കാനും സഹജീവികളുടെ വിശപ്പ് മാറ്റാൻ തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം കൊടുക്കാനും തയാറാകുന്നത് അനുകരണീയമായ ജീവിതചര്യയാണ്. ഇതിന് സമാനമായ ഒരു മതശാസന മറ്റ് ഒരു മതത്തിലുമില്ല.
എല്ലാ ജനങ്ങളെയും ഒരുപോലെ പരിഗണിക്കണമെന്നത് സാമുഹിക നീതിയാണ്. അതിനു തടസ്സം നിൽക്കുന്നത് ആരായാലും അവരെക്കൂടി നമ്മളിലേക്ക് അടുപ്പിക്കുക എന്ന വലിയ സന്ദേശം നബി തിരുമേനി ലോകത്തിനു നൽകിയത് ഈ പുണ്യമാസത്തിലാണ്. നിരായുധരായ ഒരു മനുഷ്യരെയും ഒരു തരത്തിലും ഉപദ്രവിക്കരുത് എന്ന സന്ദേശം ലോകത്തിന് നൽകിയത് ബദർ യുദ്ധമാണ്. നിരായുധരായ മനുഷ്യരെ ബോംബിട്ട് ചാമ്പലാക്കുന്ന ഈ കാലത്ത് ഈ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്. മനുഷ്യൻറ സമത്വത്തെ ഏറ്റവും കൂടുതൽ
ഊന്നിപ്പറഞ്ഞ ഖുർആൻ അവതരിപ്പിക്കപ്പെട്ടതും ഈമാസമാണ്.