ഇസ്‌ലാമിക ദര്‍ശനം ഏറെ പരിഗമിച്ച വിഷയമാണ് പരിസ്ഥിതിയും പരിസ്ഥിതി പരിപാലനവും. താത്വികമായും പ്രായോഗികമായും തദ്‌സംബന്ധമായി ഇസ്‌ലാം പലതും മുന്നോട്ടുവച്ചിരിക്കുന്നു. ഇസ് ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളായ ഏകദൈവവിശ്വാസവും പരലോകവിശ്വാസവും അയത്‌നലളിതമായി മനസ്സിലാക്കാന്‍ ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചതും സമര്‍പ്പിച്ചതും പരിസ്ഥിതിയിലെ വ്യത്യസ്തവും അനേകവുമായ സൃഷ്ടിപ്രതിഭാസങ്ങളെയും വസ്തുയാഥാര്‍ത്ഥ്യങ്ങളെയുമാണ്. ഇതില്‍ ജീവ-നിര്‍ജീവഘടങ്ങള്‍ എന്ന വ്യത്യാസമില്ല.
മാനവസമൂഹം ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ബഹുമുഖങ്ങളായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രകൃതിയെയും അതുമായുള്ള ഇടപഴക്കത്തെയും ആത്മീയമായി സമീപിക്കണമെന്നതാണ് ഇസ് ലാമിക പാരിസ്ഥിതികശാസ്ത്രത്തിലെ ഒന്നാമത്തെ പാഠം. പ്രകൃതിവിഭവങ്ങളും പ്രതിഭാസങ്ങളും ദൈവഹിതാനുസൃതം മാത്രം ഉപയോഗിക്കാനുള്ളതാണെന്നും അത് ലംഘിക്കും വിധമുള്ള മനുഷ്യഇടപെടലുകള്‍ മനുഷ്യകരങ്ങളുടെ തെറ്റായ ഇടപെടലുകളാമെന്നും ഖുര്‍ആനും നബിവചനങ്ങളും പഠിപ്പിക്കുന്നു. എല്ലാ വസ്തുക്കളെയും സൃഷ്ടിക്കുകയും അവക്കെല്ലാം അവയുടെ ജിവിതധര്‍മ്മം നിര്‍ണ്ണയിക്കുകയും ചെയ്തത് അല്ലാഹുവാണ്. (ത്വാഹ 50) എന്ന സൂക്തത്തിന്റെ വിവക്ഷ, അല്ലാഹുവിനെ സൃഷ്ടാവായും മാര്‍ഗദര്‍ശകനായും അംഗീകരിക്കണമെന്നു മാത്രമല്ല ഒരോ വസ്തുവിനെയും അവയ്ക്ക് നിര്‍ണ്ണയിച്ചു കൊടുത്ത ധര്‍മ്മം നിര്‍വ്വഹിക്കാന്‍ അനുവദിക്കണമെന്നുമാണ്……
ആരെങ്കിലും അല്ലാഹുവിന്റെ അനുഗ്രഹം വീണുകിട്ടിയ ശേഷം മാറ്റിമറിച്ചാല്‍ തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. (അല്‍ ബഖറ 211) എന്ന സൂക്തം നമുക്ക് ലഭിക്കുന്ന ഏത് അനുഗ്രഹത്തിനും ബാധകമാണ്. അവര്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ മാറ്റുക തന്നെ ചെയ്യും (അന്നിസാഅ് 119) എന്നതിന്റെ വിവക്ഷ മൃഗങ്ങളെ വരിയുടക്കലാണെന്ന് ഇബ്‌നു അബ്ബാസ്, ഇബ്‌നു ഉമര്‍, അനസ്, സഈദിബ്‌നു മുസയ്യിബ്, ഇക്‌രിമ, അബൂഇയാദ്, ഖതാദ, സൗരി, അബൂസ്വാലിഹ് എന്നിവര്‍ അഭിപ്രായപ്പെട്ടതായി തഫ്‌സീറു ഇബ്‌നു കസീറില്‍ കാണാം. ഇന്ന് ലോകം അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തരം പാരിസ്ഥിതിക ദുരന്തങ്ങളുടെയും അടിസ്ഥാനം പ്രകൃതിയിലെ ജീവ-നിര്‍ജീവ വസ്തുക്കളെ അവയുടെ യഥാര്‍ത്ഥ ധര്‍മ്മം നിര്‍വ്വഹിക്കാന്‍ അനുവദിക്കാതെ മനുഷ്യന്‍ കൃത്രിമമായി ഇടപെടുന്നതാണ്. ഇസ്രാഈല്‍ സമുദായത്തിലെ ഒരാള്‍ തന്റെ പശുവിനെയുമായി നടന്നു പോകവേ അതിന്റെ പുറത്തുകയറി യാത്ര ചെയ്യാന്‍ ശ്രമിച്ചുവെന്നും, അപ്പോള്‍ പശു അയാളെ നോക്കി, എന്നെ സൃഷ്ടിച്ചത് ഇതിനല്ലെന്നും കാര്‍ഷികാവശ്യത്തിനാണെന്നും പ്രതികരിച്ചതായി നബി(സ) പ്രസ്താവിക്കുകയുണ്ടായി (ബുഖാരി).
പാരിസ്ഥിതികപ്രശ്‌നങ്ങള്‍ക്ക് ധാരാളം താത്വികനിര്‍ദ്ദേശങ്ങളും പ്രായോഗികപരിഹാരങ്ങളും മതേതരമായി സമര്‍പ്പിക്കപ്പെട്ടതാണെങ്കിലും അവയൊന്നും പ്രശ്‌നത്തെ സമൂലമായി കൈകാര്യം ചെയ്യുന്നവയല്ല. വി,യത്തെ ആത്മീയമായി സമീപിക്കുന്ന ഇസ് ലാമിനു മാത്രമേ ദുരന്തങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ. പക്ഷെ മുസ് ലീംകളുടെ ഭാഗത്തുനിന്ന് ഈ വിഷയകമായി പ്രസ്തുത സ്വഭാവത്തിലുള്ള നിലപാടുകള്‍ഉണ്ടാവുന്നില്ലെന്നത് പറയാതെ വയ്യ, എത്രയോ മതേതരവാദികള്‍ പരിസ്ഥിതിപോഷകരവും സൃഷ്ടിപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃക കാണിക്കുമ്പോഴും ഇസ് ലാമിന്റെ തദ്വിഷയകമായ താത്വികവശങ്ങള്‍ പോലും മുസ് ലീംകള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നില്ല.
പരിസ്ഥിതി എന്ന പദം പോലും പ്രതിലോമപരമാണെന്നു തോന്നും വിധമാണ് ചിലരുടെയെങ്കിലും പ്രതികരണം- ദേശീയപാത മുപ്പത് മീറ്ററില്‍ മതി എന്ന് വാദിക്കുന്നവര്‍ പോലും ഭൂമിയുടെ കാര്‍ഷികേതരമായ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് നിര്‍ബന്ധമില്ലാത്തവരും സ്വജീവിതത്തില്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരുമാണ്. സര്‍ക്കാറുകളുടെ തെറ്റായ വികസനത്തെ എന്ന പോലെ, വ്യക്തികളുടെ അനിയന്ത്രിതമായ ഭൂഉപയോഗത്തെയും കാണാന്‍ പലര്‍ക്കും കഴിയുന്നില്ല- അതുകൊണ്ടുതന്നെ ആശയപരവും സാംസ്‌ക്കാരികവുമായ അവബോധത്തിലൂടെ ജനങ്ങളെ പരിസ്ഥിതിസാക്ഷരരാക്കുകയാണ് പ്രഥമമായി വേണ്ടത്. ഇസ് ലാമിക പരിസ്ഥിതി വിജ്ഞാനീയം എന്ന ശാഖയുടെ പ്രസക്തി ഇവിടെയാണ്.
പ്രകൃതിവിഭവങ്ങള്‍ ചൂഷണംചെയ്യുന്ന നാടന്‍-വിദേശ കുത്തകകള്‍ക്കെതിരെ ആത്മാര്‍ത്ഥമായിട്ടാണ് സമരം ചെയ്യുന്നതെങ്കില്‍ ലളിതമായ ജീവിതം എന്ന ആശയം ജനങ്ങളെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും കഴിയണം.ഇതിന് ആദ്യം മുന്‍കയ്യെടുക്കേണ്ടത് മതസംഘടനകളാണ്. ഭൂമിയുടെ ഭൗതികോപയോഗം അതിനെ കാര്‍ഷികമായി ഉജ്ജീവിപ്പിച്ചുകൊണ്ടായിരിക്കണമെന്നാണ് നബി (സ) യുടെ നിര്‍ദ്ദേശം അതിന് ഇസ് ലാമിക സാങ്കേതികഭാഷയില്‍ ഇഹ്യാഉല്‍ അര്‍ദ് (ഭൂമിയിലെ ജീവിപ്പിക്കല്‍) എന്നു പറയുന്നു. എന്നാല്‍ ഇതിനുപകരം പ്രകൃതിവിഭവങ്ങള്‍ അനിയന്ത്രിതമായി കവര്‍ന്നും ലക്കും ലഗാനുമില്ലാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയും ജീവന്റെ എല്ലാ തെഴുപ്പുകളും ചവിട്ടിയരച്ചും കേരളത്തെ മുഴുവന്‍ കോണ്‍ക്രീറ്റ് വല്‍ക്കരിച്ച് ഭൂമിയെ കൊല്ലാനാണ് ഇമാതത്തുല്‍ അര്‍ദ് ആധുനിക സമൂഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ എന്റെ വകയും എന്തെങ്കിലും കിടക്കട്ടെയെന്നാണ് ഒരോ കേരളീയന്റെയും നലപാട് എന്ന് സാമാന്യമായി പറയാം.
മലിനീകരണം തടയാന്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം എന്നപോലെ പരിസ്ഥിതിയുടെ പരിപാലനത്തിന് കര്‍ശനമായ നടപടികള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. വീട്-കെട്ടിടനിര്‍മ്മാണങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ വേണം. ഒരോരുത്തര്‍ക്കും അവരവരുടെ സാമ്പത്തികശേഷിയനുസരിച്ച് ഏതു നിര്‍മ്മാണവും നടത്താമെന്ന തെറ്റായ സമീപനം ഇന്ന് സാര്‍വ്വാംഗീകതമായിരിക്കുന്നു. വലുപ്പം കൂടിയാലെന്ത്- നികുതി ചുമത്തി പരിഹരിക്കാമല്ലോ എന്നാണ് സര്‍ക്കാര്‍ നയം. ടാറ്റക്കും ബിര്‍ലക്കും അംബാനിക്കും സാമ്പത്തികശേഷിയനുസരിച്ച് കേരളത്തില്‍ വീടുണ്ടാക്കാമെന്നാണ് ന്യായമെങ്കില്‍ മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ അവര്‍ വീടുകളുണ്ടാക്കിയാല്‍ ഇതേ ന്യായം വെച്ച് നാം അംഗീകരിക്കേണ്ടിവരില്ലേ.
വ്യക്തികളുടെ താല്‍പര്യങ്ങള്‍ക്കപ്പുറം സമൂഹതാല്‍പര്യങ്ങള്‍ക്കായിരിക്കണം പ്രഥമ പരിഗണന. പൊതവാഹനങ്ങള്‍ വര്‍ദ്ധിപ്പിച്ച് സ്വകാര്യവാഹനങ്ങളെ നിയന്ത്രിക്കണം. ഉഖ്ദുറു ന്നാസബി അദ്ഫറിഹിം (ഏറ്റവും ദുര്‍ബലരെ വെച്ച് വേണം ജനങ്ങളെ വിലയിരുത്താന്‍) എന്ന നബി വചനം ആരാധനകളില്‍ മാത്രമല്ല എല്ലാ മേഖലകളിലും ബാധകമാണ്. ഇസ് ലാമിക രാഷ്ട്രത്തിന് കൈവന്ന ഭൂസ്വത്തുക്കള്‍ നിലവിലുള്ളവര്‍ക്കായി വീതം വെച്ച് നല്‍കണമെന്ന ചിലരുടെ നിര്‍ദ്ദേശത്തെ അല്‍ ഹശ്ര്‍ 10ാം സൂക്തം മുന്നില്‍ വെച്ച് ഖലീഫ ഉമര്‍ നിരാകരിച്ചതും ഭാവി തലമുറകള്‍ക്കായി ഭൂബാങ്ക് സ്ഥാപിച്ചതും പരിഗണിക്കാതെയാണ് മക്കളുടെയും പേരമക്കളുടെയും ഭാവിയെപ്പോലും അപകടപ്പെടുത്തി ഇന്ന് കേരളത്തില്‍ ഭൂവിനിയോഗം നടക്കുന്നത്. ബ്രോക്കര്‍മാരുടെ കയ്യിലെ വെറും കച്ചവടച്ചരക്കല്ല ഭൂമി എന്നും മാനവതയുടെ ജീവാധാരമാണ് അതെന്നും നാം എന്നാണ് മനസ്സിലാക്കുന്നത്. പരിസ്ഥിതിയെ ഗുണപരമായി സ്വാധീനിക്കുന്ന ജീവിതവീക്ഷണം സ്വീകരിക്കാന്‍ നാം സന്നദ്ധമാവുമോ? നാം നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതികപ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാനം സാംസ്‌ക്കാരികമാണെന്നിരിക്കെ അവയുടെ പരിഹാരവും സാംസ്‌ക്കാരികമായിത്തന്നെ വേണം.
(പരിസ്ഥിതി ഇസ്‌ലാമിക പരിപ്രേക്ഷ്യം എന്ന പുസ്തകത്തില്‍ നിന്നും)