വളരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ എന്റെ ജീവിതത്തിന് ചെറിയൊരു മുസ്‌ലിം പശ്ചാത്തലമുണ്ടായിരുന്നു. അമ്മ, ഏട്ടന്‍, ചേച്ചി, ഇവരുടെയൊക്കെ സംഭാഷണങ്ങളില്‍ മലപ്പുറം, അരീക്കോട്, ക്ലാരി മുതലായ പ്രദേശങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ കടന്നുവരാറുണ്ടായിരുന്നതുകൊണ്ടാണത്. അഛനോടൊപ്പം അവര്‍ അവിടങ്ങളിലുള്ള എം.എസ്.പി ക്യാമ്പുകളിലെ വസതികളില്‍ താമസിച്ചിരുന്നതാണല്ലോ. മുസ്‌ലിം സമ്പര്‍ക്കങ്ങളും സൗഹൃദങ്ങളും അവര്‍ക്കുണ്ടായിരുന്നു. അവര്‍ പറഞ്ഞതൊന്നും ഇപ്പോള്‍ എനിക്ക് ശരിക്കോര്‍മയില്ല. എനിക്കാ പശ്ചാത്തലം ഒട്ടുമറിയുകയുമില്ല. അഛന്‍ വിരമിച്ച ശേഷമാണ് എന്റെ ജനനം. എന്നിരിക്കിലും സംഭാഷണങ്ങളിലെ സൗഹൃദഭാവം എന്നിലേക്കുപകന്‍ന്നു. മലബാറിലെ മുസ്‌ലിംകളുടെ പാചകരീതികളും അമ്മക്കു വശമായിരുന്നു. അമ്മയുണ്ടാക്കുന്ന നെയ്ചോറിന്റെയും പത്തിരിയുടെയും സ്വാദ് ഇപ്പോഴുമോര്‍ക്കുന്നു. നെയ്ചോറ് ഏട്ടന്റെ ഇഷ്ടവിഭവങ്ങളിലൊന്നായിരുന്നു. ‘കുട്ട്യേളല്ലേ നെയ്ചോറല്ലേ പയ്ച്ചിട്ടല്ലേ ബെയ്ച്ചോട്ടേ’ എന്നൊരു ഈരടിയും അമ്മ പറഞ്ഞു തന്നതോര്‍ക്കുന്നു. അതിനേക്കാള്‍ രസകരമായ ഒരു നാടന്‍ പാട്ടും അമ്മയില്‍നിന്ന് കിട്ടിയിട്ടുണ്ട്. ‘അയ്യോന്റുമ്മാ എടങ്ങളി പെറ്റു’ /എന്തേ കുട്ടി?’ ‘പൂച്ചക്കുട്ടി’/ ‘ആരേ വന്നു’ ‘അങ്ങേലുമ്മ’/ ‘എന്തേ കൊടുന്നു?’ ‘ മത്തിത്തല. പൂച്ചകളോട് ഇഷ്ടമായിരുന്നത്കൊണ്ട് (ഇന്നും ഇഷ്ടമാണ്) എനിക്ക് പ്രിയപ്പെട്ട പാട്ടുകളിലൊന്നായിരുന്നു അത്.
ഇസ്‌ലാമിനോട് മാനസികമായി എന്നെ കൂടുതല്‍ അടുപ്പിച്ച മറ്റൊരു ഘടകമുണ്ട്, എന്റെ അമ്മയുടെയും അഛന്റെയും വകയിലുള്ള മുസ്‌ലിം ബന്ധുക്കള്‍. അമ്മയുടെ അഛന്റെ സഹോദരിയുടെ മകന്‍ ആരുടെയോ പ്രഭാഷണം കേട്ട് ആകൃഷ്ടനായി ഇസ്‌ലാം മതം സ്വീകരിച്ചിരിക്കുന്നു. റസാക്കമ്മാവന്‍ എന്നുമായിരുന്നു ഞങ്ങളദ്ദേഹത്തെ വിളിച്ചിരുന്നത്. ഏട്ടന്നും ചേച്ചിക്കുമായിരുന്നു ഈ അമ്മാവനോട് അടുപ്പം. അഛന്റെ വകയിലുമുണ്ടായിരുന്നു മതംമാറിയ ഒരു കസിന്‍ – ഇസ്മാഈല്‍ ചെറിയഛന്‍. ചെറിയമ്മ റഹ്മത്ത് തമിഴ് മുസ്‌ലിമാണ്. മകന്‍ സിറാജുദ്ദീന്‍. വളരെ സ്നേഹമുള്ള കൂട്ടത്തിലായിരുന്നു ആ കുടുംബം. ചെറിയഛനോടും കൂടുതല്‍ അടുപ്പമുണ്ടായിരുന്നത് ഏട്ടന്നും ചേച്ചിക്കുമായിരുന്നു. ഞാന്‍ ഒരിക്കല്‍ ആ കുടുംബത്തോടൊപ്പം നാലഞ്ചുദിവസം താമസിച്ചിട്ടുണ്ട്. എം.എക്ക് പഠിക്കുമ്പോള്‍ ദില്ലിയില്‍ നിന്ന് ഒരു അവധിക്കു വന്ന സമയത്ത്. ആലുവയില്‍ കുറച്ച് കാലം അവര്‍ ഉണ്ടായിരുന്നു. പിന്നീട് അവര്‍ സേലത്തേക്ക് തിരിച്ചുപോയി. ചുരുക്കിപ്പറഞ്ഞാല്‍ എനിക്ക് രക്തബന്ധമുള്ളവര്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും മുസ്‌ലിം സമുദായത്തിലുണ്ട്. പലരെയും എനിക്കറിയില്ല. എന്നെ അവര്‍ക്കുമറിയില്ല എന്നേയുളളൂ. രണ്ടുമാസം മുമ്പ് എന്റെ ചേച്ചിയുടെ പേരമകന്‍ ആദിത്യ രവിശങ്കര്‍ ഒരു മുസ്‌ലിം പെണ്‍കുട്ടിയെ ജീവിതപങ്കാളിയായി തെരഞ്ഞടുത്തു എന്നുകൂടി പറയാനുണ്ട്.
കുട്ടിക്കാലത്തുതന്നെയാണ് സാഹിത്യം വഴിക്കുള്ള ഇസ്‌ലാം സ്വാധീനവും ഉണ്ടായത്. ഉറൂബിന്റെ (പി.സി കുട്ടികൃഷണന്‍) ഉമ്മാച്ചുവിന്റെ രൂപത്തിലാണതാദ്യം വന്നത് (ഞാന്‍ വായിച്ച ആദ്യ നോവലും അതു തന്നെ). അമ്മയുടെ വര്‍ത്തമാനത്തില്‍നിന്ന് ചെറിയ പരിചയം വന്ന മലബാറിലെ മുസ്‌ലിംകളുടെ ഭാഷ ഇപ്പോള്‍ മനസ്സില്‍ പതിഞ്ഞു. ബഷീറിന്റെ ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് എന്നതായിരുന്നു മുസ്‌ലിംസമുദായത്തെ പരിചയപ്പെടുത്തിയ രണ്ടാമത്തെ പുസ്തകം. ഇതില്‍നിന്ന് അന്നത്തെ ജീവിതരീതി മാത്രമല്ല വിശ്വാസവുമായി ബന്ധപ്പെട്ട കുറേ ആശയങ്ങളും മനസ്സിലായി (ഉദഃ ശജ്‌റത്തുല്‍ മുന്‍തഹായുടെ ഇല വീഴുന്നത്)
തസ്രാക്ക് എന്ന പാലക്കാടന്‍ ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയത്തില്‍ ചേച്ചി പഠിപ്പിക്കാന്‍ പോയതാണ് മറ്റൊരു സംഭവം. മുസ്‌ലിം സമുദായത്തില്‍പെട്ട കുറേ കുട്ടികള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അവരുള്‍പ്പെടെ എല്ലാ കുട്ടികളുമായി നല്ല അടുപ്പമായി ചേച്ചിക്ക്, അതുവഴി തസ്രാക്കുമായും. തസ്രാക്കിലെ ഖാളിയാരും മൊല്ലാക്കയും മറ്റും വീട്ടില്‍ ഇടക്കിടെ കേള്‍ക്കുന്ന പേരുകളായി. ഏട്ടന്റെ സര്‍ഗവൈഭവത്തില്‍ വ്യക്തിത്വമുള്ള കഥാപാത്രങ്ങളായി രൂപാന്തരപ്പെട്ട് അവര്‍ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലും മലയാളസാഹിത്യത്തിലും ഇടം നേടുകയും ചോയ്തു. അങ്ങനെ സ്നേഹത്തിന്റെ പല വഴികളിലൂടെയുമാണ് ഇസ്‌ലാം എന്നെ സ്പര്‍ശിച്ചത്. മുതിര്‍ന്നപ്പോള്‍ ശരാശരി ജിജ്ഞാസയുള്ള ആരെയുമെന്നപോലെ ലോകത്തെ സ്വാധീനിച്ച ആശയങ്ങളില്‍ താല്പര്യം വരികയും വായനയിലൂടെ പലതും പരിചയപ്പെടുകയും ചെയ്തു. ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷയുമായി പരിചയപ്പെടുന്നത് ആ താല്പര്യത്തിലാണ്. ഞാനേറെ ആദരിക്കുന്ന ഭഗവദ്ഗീതയെ സമീപിച്ചതുപോലെ വിനയത്തോടെയാണ് വിശുദ്ധ ഗ്രന്ഥത്തെ സമീപിച്ചത്. ദില്ലിവാസത്തിന്റെ കാലത്തായിരുന്നു അത്. ദില്ലിയാണ് എനിക്ക് സൂഫിസത്തിലും സൂഫിസംഗീതത്തലും താല്‍പര്യമുണ്ടാക്കിയത്. അതിന്നും നിലനില്‍ക്കുന്നു. ദില്ലിയുടെ ഹൃദയത്തില്‍ എവിടെയൊക്കെയോ വിഭജനത്തിന്റെ മുറിപ്പാടുകള്‍ കിടക്കുന്നുണ്ട്. അതേസമയം അവക്കപ്പുറമുള്ള ഹിന്ദു മുസ്‌ലിം സാംസ്കാരിക സാമഞ്‌ജസ്യവും.
എന്റെ ഗുരുവിനെപറ്റി നവജ്യോതി ശ്രീകരുണാകരഗുരു ആദ്യമായി പറഞ്ഞു കേട്ടപ്പോള്‍ എന്നെ വളരെ ആകര്‍ഷിച്ച ഘടകങ്ങളിലൊന്ന്, ഗുരുവിന്റെ ഗുരു സൂഫിയെന്നു വിശേഷിപ്പിക്കാവുന്ന ഒരു ഫക്കീറായിരുന്നു എന്നതാണ് എന്ന് ഗുരു പറഞ്ഞിട്ടിട്ടുണ്ട്. ഫക്കീറിനെ ആളുകള്‍ പട്ടാണിസ്വാമി എന്നും വിളിച്ചിരുന്നു. അറബിയും തമിഴും അറിയുന്ന പണ്ഡിതനായിരുന്നു പട്ടാണിസ്വാമി. മൂന്നു മദ്‌റസകളില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന ഉസ്താദും ചിട്ടയായി ജീവിക്കുന്ന മുസല്‍മാനുമായിരുന്നു അദ്ദേഹം. തന്റെ ഭാര്യയും മക്കളും ഒരു പകര്‍ച്ചാവ്യാധി പിടിപെട്ട് പെട്ടെന്ന് മരിച്ചുപോയതോടെയാണ് അദ്ദേഹം ഗഹനമായ ഭക്തിയിലേക്കും ആത്മീയതയിലേക്കും തിരിഞ്ഞത്. ഗുരുവിന്റെ ഗുരുവിനെ ഞാന്‍ കണ്ടിട്ടില്ല. ഗുരു പലപ്പോഴായി പലതും പറഞ്ഞുകേട്ടതില്‍ നിന്നാണ് ഗംഭീരമായ വ്യക്തിത്വമായിരുന്നു ഫക്കീറിന്റേതെന്ന് ബോധ്യമാണ്. ശ്രീമതി സുഗതകുമാരി ഏതാനും പേരോടൊത്ത് ഒരിക്കല്‍ പട്ടാണിസ്വാമിയെ കാണാന്‍ പോയവിവരം പറഞ്ഞിട്ടുണ്ട്. ഒന്നു നോക്കിയതല്ലാതെ ഒരു വാക്കുപോലും പറഞ്ഞില്ല. അവര്‍ കുറേ പഴം വാങ്ങിക്കൊണ്ടുകൊടുത്തത് സ്വീകരിക്കാന്‍ താത്പര്യം കാണിച്ചില്ല. സമീപത്തുവെച്ചപ്പോള്‍ വിലക്കിയുമില്ല. അവര്‍ തൊഴുതു തിരികെ പോന്നു. ഫക്കീറില്‍ക്കൂടി ഇസ്‌ലാമിനെ അറിഞ്ഞതുകൊണ്ടാകാം തികച്ചും സമദര്‍ശിയാണെങ്കിലും ഗുരു തന്റെ ശിഷ്യപരമ്പരയോട് എടുത്തു പറഞ്ഞത്, മുസ്‌ലിംകള്‍ നിങ്ങളുടെ സഹോദരങ്ങളാണ് എന്ന്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു രാവിലെ ആശ്രമത്തിനകത്ത് ഒരു കെട്ടിടത്തിന്റെ തിണ്ണയില്‍ ഗുരുവും മുറ്റത്ത് ഞാനുള്‍പ്പെടെ അഞ്ചാറുപേരും നില്ക്കുമ്പോള്‍ ആശ്രമത്തിലെ സ്കൂളുമായി ബന്ധപ്പെട്ട ഒരാള്‍ നബിദിനത്തിന് സ്കൂളിന് അവധിയില്ലേ എന്ന് ചോദിച്ചു. ഗുരു അപ്പോള്‍ പറഞ്ഞു നബിയെപ്പോലൊരു മഹാന്‍ ജനിച്ച ദിവസം വിശുദ്ധദിനമാണെന്നാന്ന്. ദൈവം ഏല്‍പിച്ച ഒരു കാര്യം നടത്താനാണല്ലോ നബി ജനിച്ചത്.
ഗുരുവിന്റെ ഈ സ്നേഹമാണ് നബിയെ കുറിച്ച് കൂടുതല്‍ വായിക്കാന്‍ എനിക്ക് പ്രേരണയായത്. നബിയിലൂടെ അവതരിച്ച ഖുര്‍ആന്‍ ദൈവനിശ്ചയത്തിന്റെ പ്രകാശനമായിട്ടുതന്നെ ഞാന്‍ കാണുന്നു. ഇരുപത്തിമൂന്നാം ‘സൂറ’യിലെ നാല്‍പത്തിനാലാം വചനം പറയുന്നത്, ദൈവത്തിന്റെ സന്ദേശം എത്തിക്കാന്‍ ദൂതന്മാരെ ഒന്നിനു പിറകെ ഒന്നായി അയച്ചിട്ടുണ്ട് എന്നാണ്. ഓരോ തവണയും ജനം ദൂതനില്‍ കാപട്യം ആരോപിച്ചിട്ടുണ്ടെന്നും വിശ്വസിക്കാത്ത ആളുകളെ വെച്ചേക്കില്ല എന്നുമുണ്ട്. ഒരു ചരിത്രസത്യം തന്നെയാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്റെ നിത്യസാന്നിധ്യമാണ് ഖുര്‍ആന്‍ വെളിവാക്കുന്നത്. കഴുത്തിലെ ഞരമ്പിനേക്കാളും അടുപ്പമാണ് നമ്മോട് ദൈവത്തിനെന്നല്ലേ അതില്‍ പറഞ്ഞിട്ടുള്ളത്. ഏകദൈവവിശ്വാസി എന്ന നിലക്ക് അത് സത്യമാണെന്നെനിക്ക് ബോധ്യമുണ്ട്.