ദൈവദാസന്‍മാരേ! നിങ്ങളേവരെയും ആദ്യമായി എന്നെത്തന്നെയും ഞാന്‍ അനുശാസിക്കുന്നു, അല്ലാഹുവോട് കൂറും ഭക്തിയും ഉള്ളവരായി വര്‍ത്തിക്കുവാന്‍.
ജനങ്ങളേ! എന്റെ വാക്ക് സശ്രദ്ധം ശ്രവിക്കുവിന്‍. ഒരുപക്ഷേ ഈ കൊല്ലത്തിന് ശേഷം നിങ്ങളുമായി ഇതേ നിലയില്‍ സന്ധിക്കുവാന്‍ ഇനിയൊരിക്കല്‍ കഴിഞ്ഞില്ലെന്ന് വരാം.
ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അഭിമാനവും അന്ത്യനാള്‍ വരെയും പവിത്രമാണ്. ഈ ദിനത്തിന്റെ, ഈ മാസത്തിന്റെ, ഈ നാടിന്റെ പവിത്രത എത്രമാത്രമാണോ അത്രതന്നെ നിങ്ങളുടെ ജീവനും സ്വത്തും പവിത്രമായിരിക്കും. അതിനാല്‍, അവയുടെ മേല്‍ നിങ്ങള്‍ പരസ്പരം കൈയേറ്റം നടത്തരുത്. നിങ്ങളുടെ നാഥനുമായി നിങ്ങളൊരിക്കല്‍ സന്ധിക്കും. അന്നേരം നിങ്ങളുടെ ചെയ്തികളെപ്പറ്റി അവന്‍ ചോദ്യം ചെയ്യും. അതുകൊണ്ട് ആരുടെയെങ്കിലും കൈവശം സൂക്ഷിപ്പുമുതലുകളുണ്ടെങ്കില്‍ അവ അവകാശികള്‍ക്ക് തിരിച്ചേല്പിച്ചുകൊള്ളട്ടെ.
അറിഞ്ഞുകൊള്ളുക, അല്ലാഹു പലിശ നിരോധിച്ചിരിക്കുന്നു. എല്ലാ പലിശ ഇടപാടുകളും ഇന്നോടെ റദ്ദു ചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങളുടേതായ മൂലധനം നിങ്ങള്‍ക്കുണ്ടായിരിക്കും. പലിശ ഇടപാടൊന്നും വേണ്ടെന്ന് അല്ലാഹു കണിശമായി നിശ്ചയിച്ചിരിക്കുന്നു. ഏറ്റവും ആദ്യമായി ഞാന്‍ റദ്ദ് ചെയ്യുന്നത് എന്റെ പിതൃവ്യനായ അബ്ബാസുബ്‌നു അബ്ദുല്‍ മുത്വലിബിന് കിട്ടാനുള്ള പലിശയാണ്. അറിഞ്ഞുകൊള്ളുക: അജ്ഞാനകാലത്തിന്റേതായ എല്ലാ രക്തപ്പകയും പ്രതികാരാവകാശവും റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. ഏറ്റവും ആദ്യമായി ഞാന്‍ റദ്ദ് ചെയ്യുന്നത്, ഹാരിസുബ്‌നു അബ്ദുല്‍ മുത്വലിബിന്റെ മകന്‍ റബീഅത്തിന്റെ പുത്രനായ ആമിറിന്റെ (എന്റെ പിതൃവ്യപൗത്രന്റെ) രക്തപ്പകയാണ്. അറിഞ്ഞുകൊള്ളുക: അജ്ഞാനകാലത്തിന്റേതായ സകല ചിഹ്നങ്ങളെയും ആചാരോപചാരങ്ങളെയും ഞാനിതാ എന്റെ പാദങ്ങള്‍ക്കടിയില്‍ റദ്ദ് ചെയ്യുന്നു, എന്നാല്‍ കഅ്ബാ പരിപാലനവും ഹാജിമാര്‍ക്കുള്ള ജലദാനവും ഇക്കൂട്ടത്തില്‍ നിന്നും വ്യത്യസ്തമത്രെ.
ജനങ്ങളേ! ഈ മണ്ണില്‍വെച്ച് ഇനി പിശാച് ആരാധിക്കപ്പെടുമെന്നുള്ളത് അവന്റെ വ്യാമോഹം മാത്രമാണ്. എന്നിരുന്നാലും നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ പിശാചു തക്കം പാര്‍ത്തിരിക്കുന്നുണ്ട്. അതിനാല്‍, വിശ്വാസത്തിന്റെ സുരക്ഷിതത്വത്തിനായി നിങ്ങള്‍ കരുതിയിരിക്കുക.
ജനങ്ങളേ! മാസങ്ങളും തീയതികളും മാറ്റിമറിക്കുന്നത് അവിശ്വാസത്തിന്റെ ലക്ഷണംതന്നെയാണ്. അത് അവിശ്വാസികളുടെ തെറ്റായ സഞ്ചാരം ബലപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹു നിരോധിച്ചതിനെ നിയമവിധേയമാക്കാനും നിയമവിധേയമായതിനെ നിരോധിക്കാനും കൊല്ലങ്ങളെയും മാസങ്ങളെയും അവര്‍ മാറ്റിമറിക്കുന്നു. വാസ്തവമാകട്ടെ, കാലഗണനയുടെ വ്യവസ്ഥകള്‍ എന്നും ഒന്നുതന്നെയായിരുന്നു. ആകാശഭൂമികളെ അല്ലാഹു സംവിധാനിച്ച അന്ന് മാസങ്ങളുടെ എണ്ണം ദൈവഗ്രന്ഥത്തില്‍ പന്ത്രണ്ട് തന്നെയാണ്. കൂട്ടത്തില്‍ നാലെണ്ണം, ദുല്‍ഖഅദഃ, ദുല്‍ഹിജ്ജഃ, മുഹര്‍റം, റജബ് എന്നിവ യുദ്ധനിഷിദ്ധ മാസങ്ങളത്രെ.
ജനങ്ങളേ! ഭാര്യമാര്‍ക്ക് നിങ്ങളോടുള്ളതുപോലെ നിങ്ങള്‍ക്ക് അവരോടും ചില ബാധ്യതകളുണ്ട്. അവര്‍ അവരുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നിടത്തോളം കാലം അവര്‍ക്ക് സംതൃപ്തിയോടുകൂടി ഭക്ഷണവും വസ്ത്രവും കൊടുക്കേണ്ടത് നിങ്ങളുടെ കടമയാണ്. നിങ്ങള്‍ അവരോട് നല്ല നിലയില്‍ പെരുമാറുകയും സ്‌നേഹശീലരായിരിക്കുകയുംവേണം. കാരണം, അവര്‍ നിങ്ങളുടെ ജീവിതപങ്കാളികളും ബാധ്യതയുള്ള സഹായികളുമാണ്. അവര്‍ നിങ്ങള്‍ക്കിഷ്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പുകളില്‍ ചവിട്ടിക്കരുത്. നിങ്ങളുടെ സമ്മതമില്ലാതെ വീട്ടില്‍ പ്രവേശിപ്പിക്കുകയുമരുത്. ഇതാകുന്നു അവരുടെ കര്‍ത്തവ്യം.
സ്പഷ്ടമായ നീചവൃത്തി ചെയ്യാതിരിക്കലും അവരുടെ കടമയാകുന്നു. അങ്ങനെ ചെയ്യുന്ന പക്ഷം അവരോട് ശയ്യകളില്‍ വേറിട്ട് നില്‍ക്കുവാനും പോരെങ്കില്‍ അപായകരമല്ലാത്ത അടി കൊടുക്കുവാനും നിങ്ങളെ അല്ലാഹു അനുവദിച്ചിരിക്കുന്നു. അങ്ങനെ അവര്‍ അതില്‍ നിന്നും പിന്‍മാറിയാല്‍ മര്യാദയനുസരിച്ച് അവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കല്‍ നിങ്ങളുടെ കര്‍ത്തവ്യമാണ്. സ്ത്രീകള്‍ നിങ്ങളുടെ പക്കല്‍ നിബദ്ധരാണ്. അവര്‍ക്ക് സ്വന്തമായി യാതൊന്നുമില്ല. അല്ലാഹുവിന്റെ സൂക്ഷിപ്പുസ്വത്തായായാണ് അവരെ നിങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത്. അവന്റെ തിരുമൊഴിപ്രകാരമാണ് അവരമായുള്ള സംഭോഗം നിങ്ങള്‍ക്ക് അനുവദനീയമാക്കിയിരിക്കുന്നത്. അതിനാല്‍ ജനങ്ങളേ! എന്റെ വാക്ക് ശരിക്കും ശ്രവിക്കുവിന്‍.
ജനങ്ങളേ ! ഞാന്‍ നിങ്ങളുടെ പക്കല്‍ രണ്ടു കാര്യങ്ങള്‍ ഏല്‍പ്പിക്കുന്നു. അതു മുറുകെ പിടിക്കുകയാണെങ്കില്‍ നിങ്ങള്‍ വിജയിക്കും. വഴി പിഴയ്ക്കുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണവ. ഒരു വിശ്വാസി മറ്റൊരു വിശ്വാസിയുടെ സഹോദരനാണ്. അതിനാല്‍ മനഃസംതൃപ്തിയോടെ സഹോദരന്‍ നല്‍കുന്ന ധനമല്ലാതെ മറ്റൊന്നും അനുഭവിപ്പാന്‍ പാടുള്ളതല്ല. എനിക്ക് ശേഷം പരസ്പരം കഴുത്തറുത്തുകൊണ്ട് അവിശ്വാസികളായിത്തീരരുത്. നിങ്ങള്‍ സ്വയം ദ്രോഹിക്കരുത്. നിങ്ങള്‍ നിങ്ങളുടെ ആശ്രിതരുടെ കാര്യത്തിലും ശ്രദ്ധിക്കുക. നിങ്ങളുടെ ആശ്രിതരെ ശ്രദ്ധിക്കുക. നിങ്ങള്‍ ഭക്ഷിക്കുന്നതുപോലെ അവര്‍ക്കും ഭക്ഷിക്കാന്‍ നല്‍കുക. നിങ്ങള്‍ ധരിക്കുന്ന വസ്ത്രംപോലെത്തന്നെ അവരെയും വസ്ത്രം ധരിപ്പിക്കുക.
മാനവ സമുദായമേ! നിങ്ങളുടെ ദൈവം ഒന്ന്, നിങ്ങളുടെ പിതാവ് ഒന്ന്. നിങ്ങളെല്ലാം ആദമില്‍ നിന്ന്. ആദമോ മണ്ണില്‍ നിന്നും. കൂടുതല്‍ ദൈവഭക്തിയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കല്‍ കൂടുതല്‍ ശ്രേഷ്ഠന്‍. അറബിക്ക് അറബിയല്ലാത്തവനേക്കാളോ അനറബിക്ക് അറബിയേക്കാളോ യാതൊരു മഹത്വവുമില്ല. മഹത്വങ്ങള്‍ക്ക് അടിസ്ഥാനം നിങ്ങളുടെ ദൈവഭക്തിമാത്രം. ജീവിതത്തില്‍ സൂക്ഷ്മതയുള്ളതാര്‍ക്കാണോ അവനാണ് അല്ലാഹുവിന്റെയടുത്ത് ഏറ്റവും ബഹുമാന്യന്‍.
ജനങ്ങളേ! എനിക്ക് ശേഷം ഒരു പ്രവാചകന്‍ വരാനില്ല. അതുകൊണ്ട് ശ്രദ്ധിച്ചുകേള്‍ക്കുക. നിങ്ങളുടെ നാഥന്റെ കല്‍പ്പനയനുസരിച്ചു ജീവിക്കുക. അഞ്ച് നേരം നമസ്‌കരിക്കുക മനഃസന്തുഷ്ടിയോടെ സകാത്ത് കൊടുക്കുക. റമദാനില്‍ വ്രതമനുഷ്ടിക്കുക. നിങ്ങളുടെ നാഥന്റെ മന്ദിരം വന്ന് സന്ദര്‍ശിക്കുക. നിങ്ങളുടെ കൂട്ടത്തിലുള്ള ഭരണകര്‍ത്താക്കളെ അനുസരിക്കുക. എങ്കില്‍ നിങ്ങളുടെ നാഥന്റെ സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാം.
അല്ലയോ ജനങ്ങളേ! നിങ്ങളോട് എന്നെപ്പറ്റി ചോദ്യമുണ്ടാകും. എന്തായിരിക്കും നിങ്ങളുടെ മറുപടി?
”അങ്ങ് പ്രബോധന കര്‍ത്തവ്യം നിര്‍വഹിക്കുകയും സദുപദേശം ചെയ്തുവെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കും.” ജനാവലി ഉച്ചത്തില്‍ ഘോഷിച്ചു. അനന്തരം തിരുദൂതര്‍ ആകാശത്തിനു നേരെ വിരല്‍ ചൂണ്ടി മൂന്ന് തവണ ആവര്‍ത്തിച്ചു : ”അല്ലാഹുവേ! നീ സാക്ഷി!”
”അറിഞ്ഞുകൊള്ളുക: ഇവിടെ സന്നിഹിതരായവര്‍ ഇവിടെയില്ലാത്തവര്‍ക്ക് ഈ സന്ദേശം എത്തിച്ചുകൊടുക്കുവിന്‍.”