”അവനാണ് അല്ലാഹു. സ്രഷ്ടാവും നിര്‍മാതാവും രൂപരചയിതാവും അവന്‍തന്നെ. വിശിഷ്ടനാമങ്ങളൊക്കെയും അവന്നുള്ളതാണ്. ആകാശഭൂമികളിലുള്ളവയെല്ലാം അവന്റെ മഹത്വം കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവനാണ് അജയ്യനും യുക്തിജ്ഞനും.” (വിശുദ്ധ ഖുര്‍ആന്‍: അധ്യായം: അല്‍ ഹശ്ര്‍, സൂക്തം: 24)
വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിന്റെ 99 വിശിഷ്ടനാമങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്.
അല്ലാഹുവിന്റെ സുപ്രധാനമായ ഗുണങ്ങള്‍ ഇവയാണ്.
1. അവന്‍ അനാദിയും അനശ്വരനുമാണ്. അവനെ ആരും സൃഷ്ടിച്ചതല്ല. കാലഭേദങ്ങള്‍ക്കതീതമായി, കഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ കാലത്തും അവനുണ്ട്. അവന്റെ അസ്തിത്വത്തിന് തുടക്കവും ഒടുക്കവുമില്ല.
2. അവന്‍ സ്രഷ്ടാവാണ്. അവന്‍ വസ്തുക്കളെ ഇല്ലായ്മയില്‍നിന്ന് ഉണ്ടാക്കുന്നു.
3. അവന്‍ രക്ഷിതാവാണ്. അവന്‍ ആഹാരം നല്‍കുന്നു. പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.
4. അവന്‍ ഉടമസ്ഥനും ഭരണാധിപനുമാണ്. ഓരോ സൃഷ്ടിയും അവന്റെ ഉടമസ്ഥതയിലും അവന്റെ ഭരണാധിപത്യത്തിന് കീഴിലുമാണ്.
5.അവന്‍ സര്‍വജ്ഞനാണ്. എല്ലാ കാര്യങ്ങളും എല്ലാ അനക്കങ്ങളും അടക്കങ്ങളും അവന്‍ അറിയുന്നു. എന്തുണ്ടായി, എന്തുണ്ടാകുന്നു, എന്തുണ്ടാകും, …. എല്ലാം അവനറിയാം. യാതൊന്നും അവന്റെ അറിവിന് പുറത്തല്ല.
6. അവന്‍ യുക്തിമാനാണ്. യുക്തിയുടെ അടിസ്ഥാനത്തിലല്ലാത്ത ഒരു പ്രവൃത്തിയും അവനില്‍നിന്നുണ്ടാകുന്നില്ല. ഉദ്ദേശ്യമില്ലാതെയുള്ള പ്രവൃത്തികളുമില്ല. ഫലശൂന്യമായ ചെയ്തികളും അവനില്ല. മറിച്ച്, ഓരോ പ്രവര്‍ത്തനത്തിന്റെയും പിന്നില്‍ സമുന്നതമായ ജ്ഞാനവും സമുന്നതമായ യുക്തിയും സമുന്നതമായ ഉദ്ദേശ്യവും അടങ്ങുന്നുണ്ട്.
7. അവന്‍ അജയ്യനാണ്. സര്‍വശക്തനാണ്. അവന്റെ എല്ലാ തീരുമാനങ്ങളും അനിഷേധ്യങ്ങളാണ്. അവന്റെ ഒരു വിധിയും ഒരു ശാസനവും ചോദ്യം ചെയ്യാന്‍ കഴിവുള്ളവരാരുമില്ല.
8. അവന്‍ നീതിമാനാണ്. അവന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നീതിയിലും നിഷ്പക്ഷതയിലും നിലെകൊള്ളുന്നു. അവന്റെ നിയമങ്ങള്‍- പ്രാപഞ്ചികനിയമങ്ങളും സാന്മാര്‍ഗികനിയമങ്ങളും-നീതിയില്‍ നിലകൊള്ളുന്നു.
9. എല്ലാ കര്‍മങ്ങള്‍ക്കും അവന്‍ പ്രതിഫലം നല്‍കുന്നു. നന്മയ്ക്ക് രക്ഷയും തിന്മയ്ക്ക് ശിക്ഷയും നല്‍കുന്നു.
10. അവന്‍ ആരാധ്യനാണ്. വണങ്ങാനും ശിരസ്സ് നമിക്കാനും പ്രാര്‍ഥിക്കാനും അര്‍ഹതപ്പെട്ടവന്‍ അവന്‍ മാത്രമാണ്.
11. അവന്‍ ഏകന്‍. അവന്റെ ഗുണങ്ങളിലൊന്നിലും ഒരാളും പങ്കാളിയോ എതിരാളിയോ അല്ല.