ഡോ. ഇ. എം സക്കീർ ഹുസൈൻ
പാരമ്പര്യ ക്രിസ്ത്യാനികള്‍ സി.ഇ – 52-ല്‍ തോമാശ്ലീഹാ കേരളത്തിലെത്തിയെന്നു വിശ്വസിക്കുമ്പോള്‍ പ്രൊട്ടസ്റ്റന്റുകാര്‍ അതൊരു കെട്ടുകഥയാണെന്നു വാദിക്കുന്നു. സി.ഇ 345-ല്‍ ക്‌നായിതൊമ്മനും സംഘവും കേരളത്തിലെത്തുകയും ബാബിലോണിയന്‍ സിംഹാസനവുമായി കേരളീയ ക്രിസ്ത്യാനികള്‍ ബന്ധം പുലര്‍ത്തുകയും ചെയ്തു. സെലൂഷ്യാ സ്റ്റെസിഫോണ്‍ എന്ന ബാബിലോണിയന്‍ ആസ്ഥാനത്തുനിന്നുമുള്ള മെത്രാന്മാരായിരുന്നു കേരളീയ ക്രിസ്ത്യാനികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ഭരണപരമായ ചുമതലകള്‍ ‘അര്‍ക്കദിയാക്കോന്മാരി’ല്‍ നിക്ഷിപ്തമായിരുന്നു. പള്ളിയോഗം കൂടി തെരഞ്ഞെടുക്കുന്ന ചുമതലക്കാരനെയാണ് ‘അര്‍ക്കദിയാക്കോന്‍’ അഥവാ ‘ജാതിക്കു കര്‍ത്തവ്യന്‍’ എന്നു വിളിച്ചിരുന്നത്.
1498-ല്‍ പോര്‍ച്ചുഗീസുകാരുടെ വരവോടെയാണ് കേരളത്തിലെ ക്രൈസ്തവരുടെ സഭാന്തരീക്ഷം കലുഷിതമാകുന്നത്. ലത്തീന്‍ സഭയുടെ ആധിപത്യത്തിനായുള്ള പോര്‍ച്ചുഗീസ് പരിശ്രമം 1599-ലെ ഉദയംപേരൂര്‍ സുനഹദോസിലേക്ക് കാര്യങ്ങളെത്തിച്ചു. ആ നാള്‍വഴികളെക്കുറിച്ച് ഇപ്രകാരം വായിക്കാം:
”കടുംതുരുത്തിയില്‍നിന്നും ഉദയംപേരൂരിലെത്തിയ മെനസിസ് കൊച്ചിരാജാവുമായി ചര്‍ച്ചചെയ്ത് പറങ്കികളെ അനുസരിക്കാത്ത സുറിയാനി ക്രൈസ്തവരുടെ വസ്തു വകകള്‍ കണ്ടുകെട്ടുമെന്ന് വിളംബരം ചെയ്യിച്ചു. ആര്‍ച്ചുബിഷപ്പിനെ അനുസരിക്കുവാന്‍ കൊച്ചി രാജാവ് നേരിട്ട് അര്‍ക്കദിയാക്കോനോട് ആവശ്യപ്പെട്ടു. ഇതോടെ ‘അര്‍ക്കദിയാക്കോന്‍’ നിസ്സഹായനായി. പ്രതിയോഗിയുടെ ദുര്‍ബലത മനസ്സിലാക്കിയ മെനസിസ് ഉടനെ പത്ത് വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചു.
1. കല്‍ദായ സുറിയാനി ആചാരങ്ങളും വിശ്വാസങ്ങളും ഉപേക്ഷിക്കുക.
2. തോമാശ്ലീഹായുടെയും പത്രോസിന്റെയും നിയമങ്ങള്‍ ഒന്നാണെന്ന് പ്രഖ്യാപിക്കുക.
3. അര്‍ക്കദിയാക്കോന്റെ അധികാര സ്ഥിരീകരണത്തിന് ലത്തീന്‍ ആര്‍ച്ചു ബിഷപ്പിന്റെയടുത്ത് വിശ്വാസ പ്രഖ്യാപനം നടത്തുക.
4. കേരളത്തില്‍നിന്നും ലഭിക്കാവുന്ന എല്ലാ പുരാതന കല്‍ദായ സുറിയാനി ആരാധനാ ഗ്രന്ഥങ്ങളും മറ്റ് രേഖകളും ലത്തീന്‍കാരെ ഉടനെ ഏല്‍പിക്കുക (അമൂല്യമായ ഈ ഗ്രന്ഥങ്ങളെല്ലാം പിന്നീട് തീയില്‍ കത്തിച്ചുകളഞ്ഞു).
5. മാര്‍പ്പാപ്പയുടെ അപ്രമാദിത്യത്തെ അംഗീകരിക്കുക.
6. ബഗ്ദാദിലെ പാത്രിയാര്‍ക്കീസിനെ ശപിച്ചു തള്ളുക.
7. റോമില്‍നിന്നും നിയമിക്കുന്നതും ഗോവ മെത്രാപ്പോലീത്തയുടെ പരിപൂര്‍ണ അംഗീകാരം ഉള്ളവരെയും മാത്രം കേരളത്തില്‍ മെത്രാന്മാരായി സ്വീകരിക്കുക.
8. മെനസിസിനെ മെത്രാപ്പോലീത്തയായി അംഗീകരിക്കുക.
9. ഒരു പ്രാദേശിക സുനഹദോസ് വിളിച്ചു കൂട്ടുവാനുള്ള ഏര്‍പ്പാടുകള്‍ നടത്തുക.
10. ആര്‍ച്ചു ബിഷപ്പ് പോകുന്നിടത്തെല്ലാം ആയുധ അകമ്പടിയില്ലാതെ അര്‍ക്കദിയാക്കോന്‍ തനിയെ പോകുക.
ഈ കരാര്‍ വ്യവസ്ഥകള്‍ സ്വീകരിക്കുവാന്‍ ഇരുപതു ദിവസത്തെ സാവകാശവും നല്‍കപ്പെട്ടു. പക്ഷേ, അര്‍ക്കദിയാക്കോന്‍ കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. പോര്‍ച്ചുഗീസുകാരുടെ ആശ്രിതനായിരുന്ന കൊച്ചി രാജാവിനോട് അര്‍ക്കദിയാക്കോനെ തടവിലാക്കി ഗോവയിലേക്ക് നീക്കം ചെയ്യുവാനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുവാന്‍ മെനസിസ് ആവശ്യപ്പെട്ടു. ഗോവയില്‍ കൊണ്ടുപോയി ജീവനോടെ ദഹിപ്പിക്കുകയോ കടലില്‍ കെട്ടിത്താഴ്ത്തുകയോ ആയിരുന്നു മെനസിസിന്റെ ഉദ്ദേശ്യം. ഭയചകിതനായ അര്‍ക്കദിയാക്കോന്‍ വയ്പിക്കോട്ട സെമിനാരിയില്‍ ചെന്ന് കീഴടങ്ങി. എല്ലാ ഉടമ്പടികളിലും ഒപ്പുവച്ചു.” (പേ. 53,54 ഉദയംപേരൂര്‍ സുനഹദോസ് ഒരു വ്യത്യസ്ത സാക്ഷ്യ പത്രം).
ഗോവയിലെ മതദ്രോഹ വിചാരണാ കോടതിയുടെ തലവനായിരുന്നു ഗോവാ ആര്‍ച്ച് ബിഷപ്പായിരുന്ന മെനസിസ്. ആദില്‍ഷായുടെ ഭരണശേഷം ഗോവ പിടിച്ച പോര്‍ച്ചുഗീസുകാര്‍ ക്രിസ്തുമതം സ്വീകരിക്കാന്‍ വിസമ്മതിച്ച മുസ്‌ലിംകളെയും കൊങ്കണ ദേശ ബ്രാഹ്മണരായ കൊങ്കിണികളെയും ജീവനോടെ ചുട്ടുകൊല്ലാന്‍ സ്ഥാപിച്ചതായിരുന്നു ഇന്‍ക്വിസിഷന്‍ കോര്‍ട്ട്. 1599-ല്‍ തന്നെയായിരുന്നു കുഞ്ഞാലി മരക്കാര്‍ നാലാമനെയും സുഹൃത്തുക്കളെയും ഇതേ മതദ്രോഹവിചാരണാ കോടതി വധശിക്ഷ വിധിച്ച് കൊന്നത്. മുസ്‌ലിംകളുടെയും ഹിന്ദുക്കളുടെയും മാത്രമല്ല; ലത്തീന്‍വത്കരണത്തിനു വിസമ്മതിച്ച ക്രൈസ്തവരുടെയും അവസ്ഥ ഇതുതന്നെയായിരുന്നു.
നാല് ദിക്കുകള്‍ക്കും നാല് സിംഹാസനങ്ങള്‍ എന്ന തീരുമാനപ്രകാരമുള്ള, ബാലിലോണിയ, അലക്‌സാണ്ട്രിയ, അന്ത്യോഖ്യ, റോം എന്നീ പാത്രിയാര്‍ക്കേറ്റുകള്‍ക്ക് തുല്യ പദവിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ റോം മേല്‍ക്കൈ നേടുകയും മറ്റു സഭകള്‍ തങ്ങള്‍ക്കു കീഴില്‍ കൊണ്ടുവരാന്‍ ചതുരുപായങ്ങള്‍ പ്രയോഗിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി കേരളത്തിലെ മാര്‍തോമ്മാ മാര്‍ഗക്കാരായ ക്രിസ്ത്യാനികളെ റോമിനു കീഴിലാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ബാബിലോണിയന്‍ പോപ്പിനെ ശപിച്ചു തള്ളാന്‍ മെനസിസ് കേരള ക്രൈസ്തവരെ നിര്‍ബന്ധിച്ചത്.
ഉദയംപേരൂര്‍ സുനഹദോസ്
കേരളീയ ക്രൈസ്തവര്‍ പാഷണ്ഡികളാണെന്നും (Heresy) അവരെ ശുദ്ധീകരിക്കണമെന്നും അതിനുവേണ്ടിയാണ് സുനഹദോസ് കൂടുന്നതെന്നുമായിരുന്നു പോര്‍ച്ചുഗീസ് മിഷനറിമാരുടെ വാദം. എന്നാല്‍ ആ വാദം ശരിയായിരുന്നില്ലെന്നാണ് പെരുന്തോട്ടം പിതാവിന്റെ അഭിപ്രായം. ”മാര്‍തോമ്മാ നസ്രാണികളെ പൂര്‍ണമായും റോമന്‍ രീതികള്‍ അനുവര്‍ത്തിക്കുന്നവരാക്കുക എന്നതാണ് ഫാ. ഫെര്‍ണാന്റോയുടെ ലക്ഷ്യമെന്ന് കത്തില്‍നിന്ന് വ്യക്തമാണ്. റോമന്‍ രീതികള്‍ എന്നതുകൊണ്ട് പാശ്ചാത്യ സഭയുടെ അഥവാ ലത്തീന്‍ സഭയുടെ ആചാരാനുഷ്ഠാനങ്ങള്‍ എന്നാണു വിവക്ഷ. അത് നസ്രാണിസഭയെ പാഷണ്ഡതയില്‍നിന്നു ശുദ്ധീകരിക്കുവാനായിരുന്നില്ല. പാഷണ്ഡത ഇവിടെ ഒരിക്കലും അദ്ദേഹത്തിനു കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നു ഫെര്‍ണാന്റോ തന്നെ സാക്ഷ്യപ്പെടുത്തുന്നു” (പേ. 23,24. മാര്‍തോമ്മാ നസ്രാണി സഭ പ്രതിസന്ധികളിലൂടെ).
മുമ്പ് പട്ടാളക്കാരനായിരിക്കുകയും പിന്നീട് കൊടുങ്ങല്ലൂരിലെ ഫ്രാന്‍സിസ്‌കന്‍ സെമിനാരിയുടെ റെക്ടറായിരിക്കുകയും ചെയ്തയാളാണ് ഫാദര്‍ ഫെര്‍ണാന്റോ.
അങ്കമാലിയെ ഒഴിവാക്കി ഉദയംപേരൂരില്‍ സുനഹദോസ് നടത്തുവാന്‍ തീരുമാനിച്ചത്, കൊച്ചിരാജാവിന്റെ അധികാര സീമയിലായിരുന്നു ഉദയംപേരൂര്‍ എന്നതിനാലാണ്. അങ്കമാലിയിലാകട്ടെ അര്‍ക്കദിയാക്കോനാണ് ആധിപത്യം.
1599 ജൂണ്‍ 20-നാണ് ഉദയംപേരൂര്‍ സുനഹദോസ് നടന്നത്. 153 വൈദികരും 660 അല്‍മായ പ്രതിനിധികളും സുനഹദോസില്‍ പങ്കെടുത്തു. ഇതില്‍ നൂറോളം വൈദികര്‍ മെനസിസ് പട്ടം കൊടുത്ത് ഒരുക്കിനിറുത്തിയവരായിരുന്നു. അന്ന് നിലവിലുള്ള ഇരുനൂറോളം വൈദികരില്‍നിന്ന് അമ്പതില്‍ താഴെ ആളുകള്‍ മാത്രമേ സുനഹദോസില്‍ പങ്കെടുത്തിരുന്നുള്ളൂ എന്നും പെരുന്തോട്ടം പിതാവ് തന്റെ ഗ്രന്ഥത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
”മെനസിസ് വിളിച്ചുകൂട്ടിയതുപോലുള്ള ഒരു സിനഡിനെ ഇവിടത്തെ വൈദികര്‍ പൊതുവെ അനുകൂലിച്ചിരുന്നില്ലെന്നും അതില്‍ അവര്‍ സംതൃപ്തരല്ലായിരുന്നുവെന്നുമാണ് ഇതില്‍നിന്നു മനസ്സിലാവുക. ഈ വിശകലനങ്ങള്‍ വ്യക്തമാക്കുന്നത് ഉദയംപേരൂര്‍ സുനഹദോസ് അതില്‍ തന്നെ ഒരു പരാജയവും അസാധുവും ആയിരുന്നു എന്നാണ്.”
(പേ. 69 അതേപുസ്തകം).
സുനഹദോസ് തീരുമാനങ്ങള്‍
1. അങ്കമാലി രൂപതയുടെ മെത്രാനാണ് താനെന്നും സുനഹദോസ് നടത്താന്‍ തനിക്ക് അവകാശമുണ്ടെന്നും മെനസിസ് വാദമുന്നയിച്ചു.
2. ‘നെസ്‌തോറിയന്‍ പാഷണ്ഡത’യെ തള്ളിക്കൊണ്ടുള്ള ‘വിശ്വാസപ്രഖ്യാപനം’ നിലവില്‍ വന്നു.
3. പരസ്പരം സഹോദരങ്ങള്‍ തമ്മില്‍ കുറ്റമേറ്റു പറയുന്ന ‘പിഴമൂളല്‍’ ഒഴിവാക്കി വൈദികനോടുള്ള കുമ്പസാരം അടിച്ചേല്‍പിച്ചു.
4. ബാബിലോണിയന്‍ പിതാക്കന്മാരെ പ്രകീര്‍ത്തിക്കുന്ന ഭാഗങ്ങള്‍ ഖുര്‍ബാനയില്‍നിന്ന് ഒഴിവാക്കി.
5. വൈദികര്‍ വിവാഹം കഴിക്കരുതെന്ന് തീരുമാനിച്ചു. വിവാഹം കഴിച്ചിട്ടുള്ളവര്‍ ഭാര്യമാരെ ഒഴിവാക്കണമെന്നും.
6. മന്ത്രവാദം, ജ്യോതിഷം, അയിത്താചരണം എന്നിവ ക്രിസ്ത്യാനികള്‍ ഒഴിവാക്കണം.
7. വിഗ്രഹങ്ങള്‍ പള്ളിയില്‍ പ്രതിഷ്ഠിക്കുക.
8. മറിയത്തെ ദൈവമാതാവായി അംഗീകരിക്കുക.
9. പൂര്‍ണമായ ലത്തീന്‍വത്കരണം.
വിശ്വാസപ്രഖ്യാപനം
”ദുഷ്ടപാഷണ്ഡവേദക്കാരനായ നെസ്‌തോറിയസിനെയും അദ്ദേഹത്തിന്റെ അബദ്ധ സിദ്ധാന്തങ്ങളെയും അദ്ദേഹത്തിന്റെ അനുയായികളെയും ഞാന്‍ ശപിക്കുന്നു. ഒന്നാം സുനഹദോസ് അനുസരിച്ച് നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ സത്യദൈവമായും സത്യമനുഷ്യനായും ഞാന്‍ വണങ്ങുന്നു. മാത്രമല്ല ക്രിസ്തുവില്‍ രണ്ടു സ്വഭാവവും അതായത് മനുഷ്യ സ്വഭാവവും ദൈവ സ്വഭാവവും ഉണ്ടെന്നും, ഏകദൈവിക ആള്‍രൂപം മാത്രമേയുള്ളൂവെന്നും ഞാന്‍ വിശ്വസിക്കുന്നു.
എത്രയും ശുദ്ധമാക്കപ്പെട്ട കന്യകാമറിയം ദൈവമാതാവെന്നും വിളിക്കപ്പെടേണ്ടതാകുന്നു എന്നും സത്യദൈവത്തിന്റെ അമ്മയാകുന്നുവെന്നും അംഗീകരിക്കുന്നു. ശുദ്ധറോമാ സഭയെ എന്റെ മാതാവായും ഗുരുനാഥയായും മറ്റെല്ലാ പള്ളികളുടെയും ശിരസ്സായും ഞാന്‍ അനുസരിക്കുന്നു.
ബാബിലോണിലെ പാത്രിയാര്‍ക്കീസിനോടു ഇനി മേലില്‍ അന്യോന്യം സമ്പര്‍ക്കമുണ്ടാവില്ലെന്നും വാഗ്ദാനം ചെയ്യുന്നു. വിശേഷിച്ച് ഈ രൂപതയില്‍ അതതുകാലത്ത് റോമാ മാര്‍പ്പാപ്പയാല്‍ നിയമിക്കപ്പെട്ട മെത്രാന്മാരെയല്ലാതെ മറ്റു യാതൊരുത്തനെയും ഞാന്‍ സ്വീകരിക്കുകയില്ല എന്നു വാഗ്ദാനം ചെയ്യുന്നു.”
(ഡോ. അലക്‌സ് ഡി. മെനസിസ് ഉദയംപേരൂര്‍ സുനഹദോസ്).
സുനഹദോസിന്റെ ഒന്നാം തീരുമാനം തന്നെ ഇന്നും ചോദ്യം ചെയ്യപ്പെടുന്നതാണെന്നും അതിനാല്‍ തന്നെ ബാക്കിയെല്ലാം അസാധുവാണെന്നും വാദിക്കുന്നവരാണ് സിറോ മലബാര്‍ സഭയിലെ ഭൂരിഭാഗം പുരോഹിതന്മാരും.
‘സുനഹദോസ് വിളിച്ചുകൂട്ടുവാന്‍ തനിക്ക് അധികാരമുണ്ടെന്ന് മെനസിസ് അവകാശപ്പെട്ടു. സുനഹദോസ് വിളിച്ചുകൂട്ടിക്കൊണ്ടുള്ള കത്തിലും അതിന്റെ ഉദ്ഘാടന പ്രസംഗത്തിലും അദ്ദേഹം ഈ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അതിന് അദ്ദേഹത്തിന്റെ ന്യായങ്ങള്‍ ഇവയാണ്. ഒന്ന്, മെത്രാനില്ലാതെ ഒഴിഞ്ഞുകിടക്കുന്ന അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത താനാണ്. രണ്ട്, ക്ലമന്റ് എട്ടാമന്‍ മാര്‍പ്പാപ്പ തിരുവെഴുത്തുകളിലൂടെ മെനസിസിനെ അധികാരപ്പെടുത്തിയിട്ടുണ്ട്. മെത്രാപ്പോലീത്തയുടെ ഈ അവകാശവാദം ശരിയാണോ എന്നു പരിശോധിക്കാം.” (പേ. 56, മാര്‍ത്തോമ്മാ നസ്രാണിസഭ പ്രതിസന്ധികളിലൂടെ).
ഫാദര്‍ ജോസഫ് പെരുന്തോട്ടം എത്തുന്ന അന്തിമവിധി ‘സുനഹദോസ് ഡിക്രികളില്‍ മെനസിസ് സ്വയം വിശേഷിപ്പിക്കുന്നത് മലബാര്‍ സഭയുടെ മെത്രാപ്പോലീത്താ എന്നാണ്. ഈ പദവി മെനസിസിനു നിയമാനുസൃതം ലഭിച്ചതല്ല. സ്വയം അവകാശപ്പെട്ടതു മാത്രമാണ്.’ (പേ. 57, അതേപുസ്തകം).
നിയമസാധുതയില്ലാത്ത വ്യക്തി, നിയമസാധുതയില്ലാത്ത സുനഹദോസിലൂടെ ഒരു സമൂഹത്തിന്റെ മൊത്തം പൈതൃകത്തെ അട്ടിമറിച്ച് അവരെ വഞ്ചിച്ചതിന്റെ കഥയാണ് ചുരുക്കിപ്പറഞ്ഞാല്‍ ഉദയംപേരൂര്‍ സുനഹദോസ് എന്നത്. അതിന്റെ പ്രതികരണങ്ങള്‍ കാലാകാലങ്ങളായി കേരളീയ ക്രൈസ്തവ സമൂഹത്തില്‍ കണ്ടുവരുന്നു. ഇന്നും നിലക്കാത്ത ആ പ്രതികരണങ്ങളുടെ ഭാഗമായിട്ടാണ്, സിറോ മലബാര്‍ സഭയിലെ ആരാധനാ ക്രമ ഏകീകരണ വിവാദത്തെയും കാണേണ്ടത്.
ആരാധനാ ക്രമ വിവാദം
1599-ലെ ഉദയംപേരൂര്‍ സുനഹദോസിനു മുമ്പേ ഉണ്ടായിരുന്ന കല്‍ദായാ/ബാബിലോണിയന്‍ ആരാധനാ ക്രമത്തിലേക്ക് സിറോ മലബാര്‍ സഭ തിരിച്ചു പോകണം എന്നതാണ് ഈ ഏകീകരണ വാദത്തിന്റെ കാതല്‍. ലത്തീന്‍ ക്രമത്തിന്റെ ഭാഗമായി ജനങ്ങള്‍ക്കഭിമുഖമായിട്ടാണ് ഖുര്‍ബാന നടന്നിരുന്നത്; കല്‍ദായ ക്രമത്തില്‍ അള്‍ത്താരക്കഭിമുഖമായും. ഇതു രണ്ടും ഒരുമിച്ച് കൊണ്ടുവന്ന് പൈതൃകത്തെ വീണ്ടെടുക്കുവാന്‍ കല്‍ദായ ക്രമവാദികള്‍ റോമില്‍ സമ്മര്‍ദം ചെലുത്തി. റോം കല്‍ദായ ക്രമം വീണ്ടെടുക്കുവാന്‍ പൈതൃക വാദികള്‍ക്ക് അനുമതി നല്‍കി. അപ്പോഴാണ് പുതിയ പ്രശ്‌നം ഉത്ഭവിച്ചത്. നാലു നൂറ്റാണ്ടായി തുടരുന്ന ക്രമമാണോ, അതിനു മുമ്പേ തലമുറകള്‍ക്കപ്പുറം നടന്നെന്നു പറയപ്പെടുന്ന തെറ്റുകള്‍ തിരുത്തലാണോ വേണ്ടത്? ഈ ചോദ്യം പുരോഹിതന്മാരും വിശ്വാസികളും ഉന്നയിച്ചു തുടങ്ങിയതോടെയാണ് സഭക്ക് ഈ പ്രശ്‌നം ഒരു കീറാമുട്ടിയായത്. പൈതൃകവാദികള്‍ തെറ്റുകള്‍ തിരുത്തി ബാബിലോണിയന്‍ കല്‍ദായക്രമങ്ങള്‍ വീണ്ടെടുക്കുവാന്‍ ശ്രമിച്ചപ്പോള്‍, തങ്ങളുടെ അപ്പനപ്പൂപ്പന്മാര്‍ക്കു പോലും അപരിചിതമായ ക്രമങ്ങള്‍ക്കായി ഇപ്പോഴത്തെ പൈതൃകം വേണ്ടെന്നു വെക്കില്ലെന്ന് മറുപക്ഷവും വാശിപിടിച്ചു.
നമസ്‌കരിച്ചു കൊണ്ടിരുന്ന ഒരു സമൂഹത്തില്‍ കുറച്ച് അക്രമികള്‍ വന്ന് നിങ്ങള്‍ ഇനിമേലില്‍ നമസ്‌കരിക്കണ്ട, വേണമെങ്കില്‍ ഖുത്വ്ബ നടത്തിക്കോളൂ എന്നു പറഞ്ഞെന്നു കരുതുക. അക്രമികളെ പേടിച്ച് ആ പാവങ്ങള്‍ ഖുത്വ്ബ നടത്തി കാലം കഴിച്ചു. അക്രമികളെല്ലാം പോയിക്കഴിഞ്ഞപ്പോള്‍ ചിലര്‍ക്ക് തോന്നി നമസ്‌കാരം അങ്ങനെ ഒഴിവാക്കാന്‍ പാടുള്ളതല്ലല്ലോ എന്ന്. അവര്‍ മറ്റുള്ളവരോടു പറഞ്ഞു. ‘നമസ്‌കാരം ഒഴിവാക്കാവതല്ല; നമുക്ക് നമസ്‌കരിക്കാം’ എന്ന്. അപ്പോള്‍ ചിലര്‍ പറഞ്ഞു: ‘ഞങ്ങളുടെ അപ്പനപ്പൂപ്പന്മാര്‍ നമസ്‌കരിക്കുന്നത് ഞങ്ങള്‍ പോലും കണ്ടിട്ടില്ല. അതിനാല്‍ ഞങ്ങള്‍ നമസ്‌കരിക്കുന്നില്ല’ എന്നു പറഞ്ഞാല്‍, എങ്ങനെയുണ്ടാകും? ഇങ്ങനെ ഇസ്‌ലാമിലെ ആരാധനാക്രമവുമായി താരതമ്യം ചെയ്ത് രസകരമായി ഈ വിഷയം ആലോചിക്കാവുന്നതാണ്.
ഗ്രന്ഥസൂചി
1. കേരളത്തിലെ ക്രൈസ്തവ സഭകള്‍ ഒരു പഠനം, ഫാ. വര്‍ഗീസ് കല്ലാപ്പാറ. മയൂരി പ്രസ്, അത്താണി 1994.
2. മാര്‍ത്തോമ്മാ നസ്രാണിസഭ പ്രതിസന്ധികളിലൂടെ, ഡോ. ജോസഫ് പെരുന്തോട്ടം, മാര്‍ത്തോമ്മാ വിദ്യാനികേതന്‍. ചങ്ങനാശ്ശേരി 1993.
3. സഭാ ചരിത്ര സംഗ്രഹം
റവ. ഡോ. സി.ഇ എബ്രഹാം, സി.എസ്.എസ് ബുക്ക്‌ഷോപ്പ് തിരുവല്ല 1996.
4. ഉദയംപേരൂര്‍ സുനഹദോസ് ഒരു വ്യത്യസ്ത സാക്ഷ്യപത്രം. രാജു ആമ്പക്കാടന്‍, മാര്‍ നര്‍സായി പ്രസ്സ് തൃശൂര്‍ 1999.
5. ഡോ. അലക്‌സ് ഡി. മെനസിസും ഉദയംപേരൂര്‍ സുനഹദോസും. ഫാ. ജോണ്‍ പള്ളത്ത് ഗുഡ്‌ഷെപ്പേര്‍ഡ് മൊണാസ്ട്രി. കോട്ടയം 1999.