എം എം അക്ബർ
ജെൻഡർ ന്യൂട്രൽ യൂണിഫോമിനെ അനുകൂലിക്കുന്നവർ ആൺ-പെൺ സമത്വത്തിലേക്കുള്ള ചുവടുവെപ്പായാണ് അതിനെ അവതരിപ്പിക്കാറുള്ളത്. എൽജിബിടി ആക്ടിവിസത്തെയോ അവരുടെ പ്രവർത്തനപദ്ധതികളെയോ കുറിച്ച് യാതൊന്നുമറിയാത്ത അവരിൽ ചിലർ മനസ്സിലാക്കുന്നത് ഇതൊരു സമത്വപ്രശ്നമായും ലിംഗനീതിയ്ക്ക് വേണ്ടിയുള്ള കാൽവെപ്പായുമെല്ലാമാണ്. അവരുടെ വാദങ്ങളും അവയ്ക്കുള്ള പ്രതിവാദങ്ങളുമാണ് താഴെ:
വാദം 1: സ്ത്രീപുരുഷ സമത്വം നിലനിൽക്കുമ്പോഴാണ് എല്ലാവർക്കും സംതൃപ്തിയും സമാധാനവുമുണ്ടാവുക എന്നതിനാൽ വസ്ത്രസമത്വത്തിലൂടെ അതിന്ന് ശ്രമിക്കേണ്ടതുണ്ട്.
പ്രതിവാദം: അടിസ്ഥാനരഹിതവും അശാസ്ത്രീയവുമായ വാദമാണിത്. എല്ലാ സസ്തനിവർഗ്ഗങ്ങളിലും സ്ത്രീയും പുരുഷനുമുണ്ട്. ആ വർഗ്ഗങ്ങളുടെ നിലനിൽപ്പിനായി ഓരോ ലിംഗവും അവയുടേതായ ദൗത്യങ്ങൾ നിർവ്വഹിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. പ്രസ്തുത ദൗത്യങ്ങൾ സമമല്ല; എന്നാൽ പരസ്പരപൂരകമാണ്. മനുഷ്യവർഗ്ഗത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. അമ്മയാവുക, മുലയൂട്ടുക തുടങ്ങിയ സ്ത്രീദൗത്യങ്ങൾ ഏറ്റെടുക്കാൻ പുരുഷന് ഒരിക്കലും കഴിയുകയില്ല. വർഗ്ഗത്തിന്റെ നിലനിൽപ്പിന് തന്നെ ആധാരമാവുന്ന സുപ്രധാനമായ ആ ദൗത്യങ്ങൾ നിർവ്വഹിക്കാൻ ജീവശാസ്ത്രപരമായി നിർബന്ധിതരായ സ്ത്രീകളെ സംരക്ഷിക്കുകയും പ്രയാസങ്ങളിൽ താങ്ങാവുകയുമാണ് പുരുഷധർമ്മം. അവരിലൂടെയുണ്ടാകുന്ന കുട്ടികളെ പോറ്റാനാവശ്യമായ സംവിധാനങ്ങളുണ്ടാക്കേണ്ടതും അവന്റെ ഉത്തരവാദിത്തമാണ്. പരസ്പരപൂരകങ്ങളായ ഈ ധർമ്മങ്ങൾ യഥാരൂപത്തിൽ നിർവ്വഹിക്കപ്പെടുമ്പോഴാണ് ഇരുവർക്കും സംതൃപ്തിയും സമാധാനവുമുണ്ടാവുക. അപ്പോൾ തന്നെയാണ് ശാരീരികവും മാനസികവും വൈകാരികവുമായി ആരോഗ്യമുള്ള പുതിയ തലമുറയുടെ സൃഷ്ടി നടക്കുക. സമ്പൂർണ്ണമായ സ്ത്രീ-പുരുഷ സമത്വം നിലനിന്നാൽ ആണിനും പെണ്ണിനും മക്കൾക്കുമെല്ലാം സംതൃപ്തിയും സമാധാനവുമുണ്ടാവുമെന്ന വാദത്തിന് ഉപോൽബലകമായ വസ്തുനിഷ്ഠമോ ശാസ്ത്രീയമോ ആയ തെളിവുകളൊന്നുമില്ല. മനുഷ്യചരിത്രമോ വർത്തമാനമോ ആ വാദത്തെ അനുകൂലിക്കുന്നതായി വ്യക്തമാക്കുന്ന സ്ഥിതിവിവരക്കണക്കുകളൊന്നും നൽകുന്നുമില്ല. സ്വാഭാവികമായി ഇല്ലാത്തതും എത്ര ശ്രമിച്ചാലും ഉണ്ടാകാൻ പോകുന്നില്ലാത്തതുമായ സ്ത്രീ-പുരുഷ സമത്വം എന്ന ആശയം തന്നെ പ്രകൃതിവിരുദ്ധമാണ്. പ്രകൃതിവിരുദ്ധമായ മാർഗം സ്വീകരിച്ചുകൊണ്ട് സംതൃപ്തിയും സമാധാനവുമുണ്ടാക്കുവാൻ കഴിയില്ല. അതുകൊണ്ട് തന്നെ സ്ത്രീ-പുരുഷ സമത്വത്തിനായി വസ്ത്രസ്വത്വങ്ങൾ എടുത്തുകളയുകയെന്ന ആശയം തന്നെ മാനവവിരുദ്ധമാണ്.
വാദം 2: പുരുഷനും സ്ത്രീയും എല്ലാ അർത്ഥത്തിലും തുല്യരാണെന്ന സന്ദേശം നൽകാനുള്ളതാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം
പ്രതിവാദം: നടേ പറഞ്ഞ പോലെ പുരുഷനും സ്ത്രീയും എല്ലാ അർത്ഥത്തിലും തുല്യരാണെന്ന വാദം പ്രകൃതിവിരുദ്ധവും അശാസ്ത്രീയവുമാണ്. മനുഷ്യർക്കറിയാവുന്ന 6,495 സസ്തനി വർഗങ്ങളിൽ ഒരെണ്ണത്തിൽ പോലും അവയിലെ ആണും പെണ്ണും ഒരേ ധർമ്മങ്ങൾ നിർവ്വഹിക്കുന്നവയല്ല. ഒരു ജീവിവർഗ്ഗത്തിലെ ആണും പെണ്ണും തമ്മിലുള്ള പ്രകടമായ വ്യതിരിക്തതകൾ എത്ര അധികമാണോ അതിന് ആനുപാതികമായി അവയിലെ ആൺ-പെൺ ധർമ്മങ്ങളുടെ വ്യാത്യാസം അധികമായിരിക്കും എന്നാണ് ജീവശാസ്ത്രം പറയുന്നത് (sexual dimorphism). മനുഷ്യവർഗ്ഗത്തിലെ പുരുഷന്റെയും സ്ത്രീയുടെയും ശരീരവും മനസ്സുമെല്ലാം ഏറെ വ്യതിരിക്തതകളുണ്ട് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. അത് കൊണ്ട് തന്നെ പുരുഷനെയും സ്ത്രീയെയും തുല്യരായാണ് പരിഗണിക്കേണ്ടതെന്ന വാദം പ്രകൃതിവിരുദ്ധമാണ്. സമത്വം അടിച്ചേൽപ്പിക്കുന്നത് അപകടമേയുണ്ടാക്കൂ. ആണിനേയും പെണ്ണിനേയും തുല്യമായി പരിഗണിക്കുന്നതിന് (equality) പകരം തങ്ങളുടെ ധർമ്മനിർവ്വഹണത്തിന് എന്താണോ ആവശ്യം അവ നൽകി പരിഗണിക്കുകയാണ് (equity) ലിംഗനീതി. ആണിനേയും പെണ്ണിനേയും തുല്യമായി ഗണിക്കുന്നത് പ്രകൃതിവിരുദ്ധമായതുകൊണ്ടുതന്നെ അതിന്നായി എന്ന പേരിൽ ഉണ്ടാക്കുന്ന വസ്ത്രം അടിച്ചേൽപ്പിക്കലും പ്രകൃതിവിരുദ്ധമാണ്.
വാദം 3: ജെൻഡർ ന്യൂട്രൽ യൂണിഫോം വഴി കുറേക്കൂടി ഊഷ്മളമായ സൗഹൃദമുണ്ടാക്കാനും ആണും പെണ്ണും തുല്യരാണെന്ന ബോധമുണ്ടാക്കുവാനും കഴിയും
പ്രതിവാദം: വസ്ത്രധാരണത്തിലെ ഐകരൂപ്യം വഴി സൗഹൃദം ഊഷ്മളമാകുമെന്നും തുല്യതാബോധമുണ്ടാകുമെന്നും പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? അത്തരത്തിലുള്ള വല്ല പഠനവും നടന്നിട്ടുണ്ടോ? അങ്ങനെയൊന്നും നടന്നതായി ഈ വാദമുന്നയിക്കുന്നവർ തന്നെ ഉദ്ധരിക്കുന്നതായി കണ്ടിട്ടില്ല. വസ്ത്രം ഓരോരുത്തരുടെയും സ്വത്വത്തെ പ്രതിനിധീകരിക്കുന്നതാണ്. സ്വത്വം ഇല്ലാതാക്കിക്കൊണ്ടുള്ള സൗഹൃദത്തിന് യാന്ത്രികതയാണുണ്ടാവുകയെന്നതാണ് സത്യം. സ്വത്വം മറച്ചുവെച്ചുകൊണ്ടുള്ള, സ്വാഭാവികമല്ലാത്ത സൗഹൃദം വഴിയുണ്ടാകുന്ന ബന്ധങ്ങൾക്ക്, അത് കേവലമായ സ്നേഹബന്ധമാണെങ്കിലും പ്രണയമാണെങ്കിലും, സ്ഥായീഭാവമുണ്ടാവുകയില്ല. തികച്ചും യാന്ത്രികമായ കൊടുക്കൽ വാങ്ങലുകൾ മാത്രമേ അതിലൂടെയുണ്ടാവൂ. ആണും പെണ്ണും സമന്മാരല്ലെന്ന് പറഞ്ഞല്ലോ. തുല്യരാണെന്ന് വാദത്തിന് വേണ്ടി അംഗീകരിച്ചാൽ പോലും വസ്ത്രം ഒരേപോലെയായാൽ തുല്യതാബോധമുണ്ടാകുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് സമ്മതിക്കേണ്ടി വരും. അതല്ല, തുല്യതാബോധമുണ്ടാകുമെന്ന് തന്നെയാണ് വാദമെങ്കിൽ അങ്ങനെ വാദിക്കുന്നതിന്റെ ശാസ്ത്രീയമായ അടിസ്ഥാനമെന്താണ് എന്ന് വ്യക്തമാക്കേണ്ടേതുണ്ട്? ഒരു അടിസ്ഥാനവുമില്ലാത്തതിനാലാണ് അങ്ങനെയൊന്നും ഉദ്ധരിക്കപ്പെടാത്തത്. ശാസ്ത്രീയമായ ഒരു പഠനവും അങ്ങനെ സ്ഥാപിക്കുന്നില്ല; സ്ഥിതിവിവരക്കണക്കുകളൊന്നും ആ വാദത്തെ സ്ഥിരീകരിക്കുന്നുമില്ല. കേവലമായ ഊഹത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള പരികല്പനയാണത്. അത്തരം പരികല്പനകളുടെ പരീക്ഷണത്തിന് വേണ്ടി ഭാവിപൗരന്മാരുടെ ജീവിതം കൊണ്ട് കളിക്കുന്നത് ന്യായീകരിക്കാനാവില്ല.
വാദം 4: ജെൻഡർ ന്യൂട്രൽ യൂണിഫോം പെൺകുട്ടികളിൽ തങ്ങൾ ആൺകുട്ടികളെപ്പോലെ തന്നെയാണെന്നും ഒട്ടും കുറവല്ലെന്നുമുള്ള ധാരണയുണ്ടാക്കുകയും അപകർഷതയില്ലാതെ സമൂഹത്തിൽ ഇടപെടാൻ അവരെ പ്രാപ്തമാക്കുകയും ചെയ്യുന്നു
പ്രതിവാദം: ഏത് തരം സ്വത്വമാണെങ്കിലും ആ സ്വത്വത്തെ അംഗീകരിക്കാതെയുള്ള നടപടികളൊന്നും തന്നെ അതുമായി ബന്ധപ്പെട്ട അപകർഷതകളുണ്ടെങ്കിൽ അവയെ പരിഹരിക്കാനുതകുകയില്ല എന്ന സാമൂഹ്യശാസ്ത്രയാഥാർഥ്യം അംഗീകരിക്കാതെയുള്ളതാണ് ഈ വാദം. കറുത്തവരും വെളുത്തവരുമുള്ള ഒരു സമൂഹത്തിൽ വെളുത്തവർ കറുത്തവരെക്കാൾ പഠനത്തിൽ മുന്നിലാണെന്നും അതിനാൽ കറുത്തവരെന്ന അപകർഷതാബോധം നിലനിൽക്കുന്നുവെന്നും കരുതുക. കറുത്തവരുടെ സംസ്കാരവും രീതികളുമെല്ലാം ഉപേക്ഷിച്ച് വെളുത്തവരുടേത് സ്വീകരിച്ചാൽ ഈ അപകർഷത കൂടുകയും വെള്ളക്കാരോടുള്ള മാനസികമായ അടിമത്തം വർധിക്കുകയും മാത്രമേയുള്ളൂ. കറുത്തവരുടെ സംസ്കാരവും രീതികളുമെല്ലാം അവരുടെ സ്വത്വമാണെന്ന് മനസ്സിലാക്കുകയും അവ നിലനിർത്തിക്കൊണ്ട് തന്നെ അപകർഷതയില്ലാതെയാക്കാൻ എങ്ങനെ കഴിയുമെന്ന് ചിന്തിക്കുകയും നടപ്പാക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥത്തിലുള്ള പരിഹാരമാവുക. പുരുഷനെ പുരുഷനായും സ്ത്രീയെ സ്ത്രീയായും അംഗീകരിക്കുകയും അവരുടെ സ്വത്വങ്ങളെ പരിഗണിക്കുകയും ചെയ്തു കൊണ്ടാണ് അവരിൽ ആർക്കെങ്കിലും സ്വന്തം സ്വത്വത്തിന്റെ പേരിൽ അപകർഷതയുണ്ടാക്കുന്ന സാഹചര്യങ്ങളുണ്ടെങ്കിൽ അവ പരിഹരിക്കാനാവശ്യമായ മാർഗങ്ങൾ ആരായേണ്ടത്. അല്ലാത്ത പക്ഷം ഏത് സ്വത്വത്തിന്റെ രീതികളാണോ സ്വീകരിക്കപ്പെടുന്നത് അവരോടുള്ള മനസികാടിമത്തത്തിന് മാത്രമേ നിമിത്തമാകൂ. ജെൻഡർ ന്യൂട്രൽ യൂണിഫോമിന്റെ പേരിൽ ആൺവസ്ത്രങ്ങൾ അടിച്ചേല്പിക്കപ്പെടുമ്പോൾ ആണവസ്ഥകളെ വിഗ്രഹവൽക്കരിക്കുന്ന ലിബറലിസ്റ്റ് രീതിക്ക് ആക്കം വർധിക്കുക മാത്രമേയുള്ളൂ. പെൺവസ്ത്രങ്ങളാണ് അടിച്ചേല്പിക്കപ്പെടുന്നതെങ്കിൽ അത് ഒരുതരം കോമാളിത്തം മാത്രമാണാവുകയെന്ന് എല്ലാവർക്കുമറിയാം. ആണവസ്ഥകളെ വിഗ്രഹവൽക്കരിക്കുകയല്ല, പകരം പെണ്ണവസ്ഥകളെ സ്വാഭാവികമായി മനസ്സിലാക്കുകയും അത് ആണവസ്ഥകളെക്കാൾ ഒട്ടും അധമമല്ലെന്ന് ഉൾക്കൊള്ളുകയും ചെയ്യുമ്പോഴാണ് അപകർഷതയില്ലാതെയാക്കാൻ കഴിയുക. ആ രംഗത്ത് ജെൻഡർ ന്യൂട്രൽ യൂണിഫോം വിപരീതഫഫലം മാത്രമേയുണ്ടാക്കൂ. വസ്ത്രസ്വത്വങ്ങളിൽ മാറ്റങ്ങളൊന്നും വരുത്താതെ തന്നെ വിദ്യാഭ്യാസ-സാമൂഹ്യരംഗങ്ങളിൽ അപകർഷതയില്ലാതെ മുന്നേറാനാവുമെന്ന് മലബാറിലെ സ്ത്രീകൾ തെളിയിച്ചു കഴിഞ്ഞിട്ടുള്ളതാണ്. മതപരമായ വസ്ത്രസ്വത്വത്തെ അപകർഷതയായി മനസ്സിലാക്കാതെ അവ അഭിമാനപൂർവ്വം പ്രകടിപ്പിച്ചുകൊണ്ട് തന്നെ വിദ്യാഭ്യാസരംഗത്ത് മുന്നേറുവാനുള്ള മാർഗങ്ങളുണ്ടാക്കിയതുകൊണ്ടാണ് ആ രംഗത്തെ നവോത്ഥാനമുണ്ടായത്.
വാദം 5: അപരലിംഗത്വമുള്ളവരെ (transgender) ഉൾക്കൊള്ളുവാനും അത് വഴി അവർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരമാകുവാനും ജെൻഡർ ന്യൂട്രൽ യൂണിഫോം വഴി സാധിക്കും
പ്രതിവാദം: അപരലിംഗത്വമുള്ളവരുടെ പ്രശ്നം ഏതെങ്കിലുമൊരു വസ്ത്രമാണെന്ന് തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ് ഇത്തരം പരിഹാരങ്ങൾ നിർദേശിക്കപ്പെടുന്നത്. അവരുടെ പ്രശ്‍നങ്ങളിലൊന്ന് മാത്രമാണ് എതിർലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുവാനുള്ള ഇച്ഛ (transvestism). എല്ലാവരുടെയും വസ്ത്രം ഒന്നുതന്നെയാക്കിയാൽ ഈ ഇച്ഛ ഇല്ലാതെയാകുമെന്ന് സ്ഥാപിക്കുന്ന പഠനങ്ങളൊന്നും തന്നെയില്ല. ആൺഅപരലിംഗത്വമുള്ളയാൾക്ക് (transman) ചിലപ്പോൾ ആൺവസ്ത്രം അടിച്ചേല്പിക്കപ്പെടുമ്പോൾ അത് സന്തോഷം നൽകിയേക്കാം. എന്നാൽ പെൺഅപരലിംഗത്വമുള്ളയാൾ (transwoman) അപ്പോഴും മാനസികമായി അസംതൃപ്തയായിരിക്കും. അപരലിംഗത്വമുള്ളവരുടെ പ്രയാസങ്ങൾ അംഗീകരിക്കുകയും അവർ അനുഭവിക്കുന്ന ദുരിതങ്ങൾ പരിഹരിക്കുകയും ചെയ്യുവാനുള്ള ആത്മാർത്ഥമായ പരിശ്രമങ്ങളാണുണ്ടാവേണ്ടത്. അത് സമ്മതിക്കാതെ അവർ അനുഭവിക്കുന്ന പ്രയാസങ്ങളുടെയും ദുരിതങ്ങളുടെയും മറവിൽ LGBTQIA+ ലൈംഗികാഭിനിവേശങ്ങളെയെല്ലാം ന്യായീകരിക്കാനാണ് ഇന്ന് ആ രംഗത്തെ ആക്ടിവിസ്റ്റുകൾ ശ്രമിക്കുന്നത്. അവരുടേത് ദുരിതങ്ങളാണ് എന്ന് അംഗീകരിച്ചാൽ മാത്രമേ അവ പരിഹരിക്കുവാനുള്ള പരിശ്രമങ്ങൾ നടക്കൂ. അത് അംഗീകരിക്കാതെ, അവരെ മുന്നിൽ നിർത്തിക്കൊണ്ട് എല്ലാ തരം വൈകൃതങ്ങളെയും ന്യായീകരിക്കുവാൻ അവരെ മറയാക്കുന്നവർക്ക് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. അവരുടേത് ദുരിതങ്ങളാണ് എന്ന് കരുതുന്നത് പോലും ക്രിമിനൽ കുറ്റമായി കാണുകയും അവ പരിഹരിക്കാനായുള്ള ഗവേഷങ്ങണളെയും പഠനങ്ങളെയുമെല്ലാം ശക്തിയുപയോഗിച്ച് തടയുകയും ചെയ്യുന്നതാണ് ജെൻഡർ പൊളിറ്റിക്സ്. ജെൻഡർ ന്യൂട്രൽ യൂണിഫോം വഴി അപരലിംഗത്വമുള്ളവരുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനാകുമെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാൽ പോലും അത് അടിച്ചേൽപ്പിക്കുന്ന നടപടി ന്യായീകരിക്കാനാവുകയില്ല. സമൂഹത്തിലെ ന്യൂനാൽ ന്യൂനപക്ഷത്തിന്റെ (ഇന്ത്യയിലെ ജനസംഖ്യയിൽ അപരലിംഗത്വമുള്ളവർ 0.00036 ശതമാനമാണ്) അവകാശസംരക്ഷണത്തിനായി ബഹുഭൂരിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്നതും അവരുടെ ദുരിതങ്ങളില്ലാതെയാക്കാനായി ബഹുഭൂരിപക്ഷത്തെ ദുരിതക്കയത്തിൽ താഴ്ത്തുന്നതും എങ്ങനെ ന്യായീകരിക്കാനാണ്!??
(തുടരും)