Question: “ഹജ്ജിലും പെരുന്നാളിലും നടത്തുന്ന ബലികർമം ശരിയാണോ? എന്തിനാണിത്ര കൂടുതൽ ജീവികളെ കൊല്ലുന്നത്?”
Answer: ചരിത്രത്തിന്റെ ഇരുളടഞ്ഞ ഇടനാഴികകളിൽ ഇടക്കിടെ നടന്നുകൊണ്ടിരുന്ന നരബലിയെന്ന അത്യാചാരത്തിന് അറുതിവരുത്തിയ മഹൽസംഭവത്തിന്റെ അനുസ്മരണമാണ് ഇസ്‌ലാമിലെ ബലി. ഒപ്പം അസദൃശമായ ആത്മത്യാഗത്തിന്റെ ഓർമപുതുക്കലിലൂടെയുള്ള സമർപ്പണ പ്രതിജ്ഞയും, പ്രായമേറെയായിട്ടും ഇബ്റാഹീം പ്രവാചകന്നു സന്താനങ്ങളുണ്ടായില്ല. അതീവ ദുഃഖിതനായ അദ്ദേഹം ദൈവത്തോടു സന്താനലബ്ധിക്കായി മനംനൊന്തു കേണു. നിരന്തര പ്രാർഥനക്കൊടുവിൽ പ്രപഞ്ചനാഥൻ അദ്ദേഹത്തിന് ഒരു മകനെ പ്രദാനം ചെയ്തു. ഇസ്മാഈൽ എന്നു വിളിക്കപ്പെട്ട ആ ഇഷ്ടപുത്രൻ കൂടെ നടക്കാറായപ്പോൾ അവനെ ബലി നൽ ണമെന്ന ദൈവശാസനയുണ്ടായി. പിതാവും പുത്രനും ദൈവകൽപന പാലിച്ച് ബലിക്കൊരുങ്ങി. അപ്പോൾ, മകനെ അറുക്കേണ്ടതില്ലെന്നും പകരം മൃഗത്തെ ബലിനൽകിയാൽ മതിയെന്നും ദൈവശാസനയുണ്ടായി.
‘എന്തുകിട്ടുമെന്ന’ ചോദ്യമുണർത്താനാണല്ലോ ഭൗതിക ജീവിതവീക്ഷണം മനുഷ്യനെ എപ്പോഴും പ്രേരിപ്പിക്കുക. എന്നാൽ, ‘എന്തു നൽകാനാവും’ എന്ന ചിന്തയും ചോദ്യവുമാണ് മതം എപ്പോഴും വിശ്വാസികളിലുണർത്തുക. അതിനു ‘പ്രയാസപ്പെട്ടതെന്തും’ എന്ന് ജീവിതത്തിലൂടെ മറുപടി നൽകാനുള്ള പ്രചോദനമാണ് ബലി സൃഷ്ടിക്കുന്നത്.
തനിക്കേറ്റം പ്രിയപ്പെട്ടതുൾപ്പെടെ എന്തും ദൈവത്തിനു സമർപ്പിക്കാൻ സന്നദ്ധനായ ഇബ്റാഹീം പ്രവാചകന്റെ ത്യാഗപൂർണമായ ഈ പ്രവൃത്തിയുടെ പ്രതീകാത്മകമായ ആവർത്തനമാണ് ഹജ്ജിലെയും അതിനോടനു ബന്ധിച്ച പെരുന്നാളിലെയും ബലി. തനിക്കേറ്റം ഇഷ്ടപ്പെട്ടതുൾപ്പെടെ ആവശ്യമായതൊക്കെ നൽകാൻ ഒരുക്കമാണെന്നതിന്റെ പ്രതിജ്ഞയും പ്രഖ്യാപനവുമാണത്. പണമോ പദവിയോ പ്രതാപമോ പ്രശസ്തിയോ പെണ്ണാ പൊന്നോ കുലമോ കുടുംബമോ അന്തസ്സോ അധികാരമോ ഒന്നും തന്നെ ദൈവഹിതത്തിനെതിരായ ജീവിതത്തിനു കാരണമാവില്ലെന്ന ദൃഢവിശ്വാസത്തിന്റെ പ്രകാശനം കൂടി അതിലുണ്ട്.
സർവപ്രധാനമെന്ന് കരുതുന്നവയുടെ സമർപ്പണമാണല്ലോ ഏവർക്കും ഏറെ പ്രയാസകരം. താനതിനൊരുക്കമാണെന്ന് വിശ്വാസി ബലിയിലൂടെ വിളംബരം ചെയ്യുന്നു. പ്രത്യക്ഷത്തിൽ അതൊരു ജീവൻ ഹനിക്കലാണ്. എന്നാൽ, അതിന്റെ ആന്തരാർഥം അതിമഹത്തരമത്രെ. പ്രപഞ്ചനാഥന്റെ പ്രീതിക്കായി ഏറെ പ്രിയംകരമായതൊക്കെ കൊടുക്കാനും പ്രയാസകരമായത് ചെയ്യാനും തയ്യാറാണെന്ന് പ്രതിജ്ഞയും അതുൾക്കൊള്ളുന്നു. അതിനാലാണ് ഖുർആൻ അതിനെ സംബന്ധിച്ച് ഇങ്ങനെ പറഞ്ഞത്: “അവയുടെ മാംസമോ രക്തമോ ദൈവത്തെ പ്രാപിക്കുന്നില്ല. മറിച്ച്, അവനെ പ്രാപിക്കുന്നത് നിങ്ങളുടെ അർപ്പണബോധമാകുന്നു.”(22: 37)
ഇസ്‌ലാമിലെ ദൈവാരാധനകളേറെയും സമൂഹത്തിനു പൊതുവിലും അവരിലെ അഗതികൾക്കും അശരണർക്കും വിശേഷിച്ചും ഗുണം ചെയ്യുന്നവയാണ്. ബലിയും അവ്വിധം തന്നെ. അല്ലാഹു ആജ്ഞാപിക്കുന്നു. “അതിൽനിന്ന് നിങ്ങൾ സ്വയം ഭക്ഷിക്കുക. പ്രയാസപ്പെടുന്ന ആവശ്യക്കാരെ ആഹരിപ്പിക്കുകയും ചെയ്യുക.”(ഖുർആൻ 22: 28)
സന്തോഷത്തിന്റെ സന്ദർഭങ്ങളിലെല്ലാം ദൈവത്തോടുള്ള നന്ദിപ്രകടനത്തിന്റെ ഭാഗമായി അവന്റെ സൃഷ്ടികളായ മനുഷ്യർക്ക് പ്രത്യേകിച്ചും അവരിലെ പാവങ്ങൾക്ക് അന്നദാനം നടത്തുന്നത് നല്ലതാണെന്ന് ഇസ്‌ലാം നിർദേശിക്കുന്നു. ആഹാരപദാർഥങ്ങളിൽ ഏറ്റം പോഷകാംശമുള്ളതും ഉത്തമവും മാംസഭക്ഷണമായതിനാൽ അതു നൽകുന്നതിൽ ഉദാരമതികളായ വിശ്വാസികൾ നിഷ്കർഷത പുലർത്തുകയും ചെയ്യുന്നു. ലോകത്തിന്റെ ഏതു ഭാഗത്തെ, ഏതു ജനവിഭാഗത്തിന്റേതായാലും മാംസവിഭവങ്ങളില്ലാത്ത സൽക്കാരത്തളികകൾ വളരെ വളരെ വിരളമത്രെ.