Question: “സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ചക്കു കാരണം വ്യവസ്ഥയുടെ തകരാറാണെന്ന് പ്രചരിപ്പിക്കുന്നവർ ഇസ്‌ലാമിന്റെ കാര്യത്തിലാകുമ്പോൾ മറിച്ചൊരു നിലപാട് സ്വീകരിക്കുന്നത് തികഞ്ഞ വൈരുധ്യമല്ലേ?”
Answer: സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ചയും ഇസ്‌ലാമിക ഭരണസംവിധാനത്തിൽ കാലാന്തരേണയുണ്ടായ തിരിച്ചടിയും പ്രത്യക്ഷത്തിൽ ഒരേപോലെയാണെന്ന് തോന്നിയേക്കാം. എന്നാൽ രണ്ടും തമ്മിൽ വളരെ പ്രകടമായ അന്തരമുണ്ട്. ആദർശഘടന, അവകാശ വാദങ്ങൾ, ചരിത്ര പാഠങ്ങൾ, പ്രായോഗികാനുഭവങ്ങൾ എന്നിവ പരിശോധിക്കുന്ന ഏവർക്കുമിത് അനായാസം ബോധ്യമാകും:
1. കമ്യൂണിസത്തിന്റെ ലക്ഷ്യം അതിന്റെ മാനിഫെസ്റ്റോ വ്യക്തമാക്കുന്നപോലെ വർഗരഹിത സമൂഹത്തിന്റെ സംസ്ഥാപനമാണ്. ലെനിൻ വിശദീകരിച്ച വിധം ഭരണാധികാരിയും ഭരണീയനും നേതാവും അനുയായിയും പോലീസും പട്ടാളവും കോടതിയുമൊന്നുമില്ലാത്ത സമൂഹത്തിന്റെ നിർമിതി. എന്നാൽ ഇത്തരമൊരു സമൂഹം മാർക്സിനുശേഷം ഭൂമിയിൽ ഒരിഞ്ചു സ്ഥലത്തു പോലും ഒരു നിമിഷവുമുണ്ടായിട്ടില്ല. അഥവാ, മാർക്സിസം അല്ലെങ്കിൽ കമ്യൂണിസം ലോകത്തെവിടെയും ഇത്തിരി നേരത്തേക്കു പോലും സ്ഥാപിതമായിട്ടില്ല. ഇസ്‌ലാമിന്റെ സ്ഥിതി ഇതല്ല. അത് പൂർണമായും പ്രയോഗവൽക്കരിക്കപ്പെടുകയും ചരിത്രത്തിൽ തുല്യതയില്ലാത്ത സദ്ഫലങ്ങൾ സമ്മാനിക്കുകയും ചെയ്തുവെന്നത് സുവിദിതവും അവിതർക്കിതവുമത്രെ.
2. അനിവാര്യമായും സ്ഥാപിതമാകുന്ന വ്യവസ്ഥയെന്ന നിലയിലാണ് കമ്യൂണിസത്തെ അതിന്റെ ആചാര്യന്മാർ പരിചയപ്പെടുത്തിയിരുന്നത്. ഇടവപ്പാതിയിൽ മഴ വർഷിക്കും വിധം പ്രകൃതിയുടെ അലംഘനീയ നിയമമാണതിന്റെ പ്രയോഗവൽക്കരണമെന്നായിരുന്നുവല്ലോ അവരുടെ പ്രചരണം. മുതലാളിത്തത്തിൽനിന്ന് സോഷ്യലിസത്തിലേക്കും അതിൽനിന്ന് കമ്യൂണിസത്തിലേക്കുമുള്ള ക്രമാനുസൃതമായ പരിവർത്തനം ചരിത്രത്തിന്റെ അനിവാര്യതയായാണ് വിവരിക്കപ്പെട്ടത്. ആർക്കും അതിനെ തടയാനാവില്ലെന്നും അവരവകാശപ്പെട്ടു. പക്ഷേ, സംഭവിച്ചത് മറിച്ചാണെന്ന് അനുഭവം അസന്ദിഗ്ധമായി തെളിയിക്കുന്നു. സമൂഹം സോഷ്യലിസത്തിൽ നിന്ന് കമ്യൂണിസത്തിലേക്ക് മുന്നേറുകയല്ല, മുതലാളിത്തത്തിലേക്ക് തിരിച്ചു പോവുകയാണുണ്ടായത്. സോഷ്യലിസ്റ്റ് നാടുകളിലെയും സമൂഹങ്ങളിലെയും അനുഭവമിത് സാക്ഷ്യം വഹിക്കുന്നു. എന്നാൽ ഇസ്‌ലാം കാലവർഷം പോലെ അനിവാര്യമായും സ്ഥാപിതമാവുന്ന ഒരു വ്യവസ്ഥയാണെന്ന് അതൊരിക്കലും അവകാശപ്പെട്ടിട്ടില്ല. സമൂഹത്തിന് സ്വീകരിക്കാനെന്നപോലെ നിരാകരിക്കാനും സ്വാതന്ത്ര്യമുള്ള സ്വാതന്ത്ര്യം അനുവദിക്കുന്ന പ്രത്യയശാസ്ത്രമാണ്. സമൂഹത്തിന്റെ ആഗ്രഹാഭിലാഷങ്ങളും തീരുമാനവും അനുകൂല സാഹചര്യവും ദൈവവിധിയും ഒത്തുവരുമ്പോഴത് പ്രയോഗത്തിൽ വരുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കിൽ ആശയതലത്തിൽ മാത്രമൊതുങ്ങുന്നു. അഥവാ, സ്വയം സ്ഥാപിതമാവുകയും അനിവാര്യമായും നിലവിൽ ചെയ്യുന്ന വരികയും നിലനിൽക്കുകയും ഒന്നല്ല ഇസ്‌ലാമിക വ്യവസ്ഥ. അവ്വിധം അതിനെ ഒരിക്കലും ഒരിടത്തും പരിചയപ്പെടുത്തപ്പെട്ടിട്ടുമില്ല. ഇസ്‌ലാമിനില്ലാത്ത അവകാശവാദത്തിന്റെ പേരിൽ അതിനെ വിമർശിക്കുന്നത് നീതിയല്ലല്ലോ.
3. കമ്യൂണിസത്തിലേക്കുള്ള ചവിട്ടുപടിയെന്ന് വിശേഷിപ്പിക്കപ്പെട്ട സോഷ്യലിസം സ്ഥാപിതമായ നാടുകളിലെല്ലാം ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയല്ല, പെരുകുകയാണുണ്ടായത്. വ്യക്തികളുടെ സമസ്താവകാശങ്ങളും കവർന്നെടുത്ത് അവരെ യന്ത്രങ്ങളെപ്പോലെ നിർവികാരരും നിർവീര്യരുമാക്കി പണിയെടുപ്പിച്ചിട്ടും പൗരന്മാരുടെ പ്രാഥമികാവശ്യങ്ങൾ പോലും പരിഹരിക്കപ്പെടുകയുണ്ടായില്ല. അതിനാൽ ജനം സോഷ്യലിസ്റ്റ് സംവിധാനത്തിന്നെതിരെ രംഗത്തിറങ്ങി വിപ്ലവം സംഘടിപ്പിക്കുകയും സോഷ്യലിസ്റ്റ് വ്യവസ്ഥയെ കടപുഴക്കിയെറിയുകയുമാണു ണ്ടായത്. എന്നാൽ ഇസ്‌ലാമിക വ്യവസ്ഥ സ്ഥാപിതമായപ്പോൾ ജനങ്ങളുടെ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടുകയും ക്ഷേമപൂർണമായ സാഹചര്യം സംജാതമാവുകയും ചെയ്തു. അതുകൊണ്ടുതന്നെ ജനം ഇസ്‌ലാമിക വ്യവസ്ഥ സ്ഥാപിതമാകണമെന്നും നിലനിൽക്കണമെന്നുമാണാഗ്രഹിച്ചിരുന്നത്. ഭരണാധികാരികളാണ് അതിനെതിരെ നിലകൊണ്ടത്. നാലു ഖലീഫമാരുടെ കാലശേഷം ഇസ്‌ലാമിക വ്യവസ്ഥയുടെ നടത്തിപ്പിൽ വീഴ്ചവരുത്തിയത് ഉമവിയാക്കളും അബ്ബാസിയാക്കളുമായ ഭരണാധികാരികളാണ്. അപ്പോഴൊക്കെയും ജനത ഇസ്‌ലാമിക വ്യവസ്ഥയുടെ പക്ഷത്തായിരുന്നു. ഇന്നത്തെ സ്ഥിതിയും ഭിന്നമല്ല. ഈജിപ്തിലെയും അൾജീരിയയിലെയും തുർക്കിയിലെയും സഊദി അറേബ്യയിലെയും ജനങ്ങൾ ഇസ്‌ലാമിക വ്യവസ്ഥക്കുവേണ്ടി നിലകൊള്ളുമ്പോൾ ഭരണാധികാരികളാണ് അതിനെതിരെ നിലകൊള്ളുന്നത്. പാശ്ചാത്യ മുതലാളിത്ത സാമ്രാജ്യശക്തികൾ അവരെ പിന്തുണക്കുകയും ചെയ്യുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥയെ അത് സ്ഥാപിതമായ നാടുകളിലെ ജനം എതിർക്കുമ്പോൾ സർവാധിപതികളായ ഭരണാധികാരികൾ അതിന്റെ കൂടെ നിന്ന് സോഷ്യലിസത്തെ സംരക്ഷിക്കുവാൻ ശ്രമിക്കുന്നു. ഇസ്‌ലാമിക വ്യവസ്ഥയുടെ സംസ്ഥാപനത്തിന് ജനം ആവശ്യപ്പെടുമ്പോൾ ഭരണാധികാരികൾ അതിനെ നിരാകരിക്കുന്നു. രണ്ടു വ്യവസ്ഥകളും തമ്മിലുള്ള പ്രകടമായ അന്തരമാണിതിനു കാരണം.
4. ട്രാഫിക് നിയമങ്ങൾ പോലെയാണ് ഇസ്‌ലാമിക വ്യവസ്ഥയെന്ന് പറയാം. അവ പാലിച്ച് നടപ്പാക്കിയാൽ എല്ലാവിധ പ്രയാസങ്ങളിൽ നിന്നും നാശനഷ്ടങ്ങളിൽനിന്നും രക്ഷപ്പെടാം. മറിച്ചായാൽ ദുരന്തം അനിവാര്യമത്രെ. ചരിത്രാനുഭവങ്ങളൊക്കെയും ഇതിനു സാക്ഷിയാണ്. ട്രാഫിക് നിയമങ്ങൾ പോലെത്തന്നെ ഇസ്‌ലാമിക വ്യവസ്ഥയും പാലിക്കാനും പാലിക്കാതിരിക്കാനും മനുഷ്യന് സ്വാതന്ത്ര്യവും സാധ്യതയുമുണ്ട്.
5. സൻആ മുതൽ ഹദറമൗത് വരെ ഒരു യാത്രാ സംഘത്തിന് നിർഭയമായി സഞ്ചരിക്കാൻ സാധിക്കുമാറ് ഇസ്‌ലാമിക വ്യവസ്ഥ സ്ഥാപിതമാവുമെന്ന് പ്രവാചകൻ ഇസ്‌ലാമിക പ്രബോധനത്തിന്റെ പ്രാരംഭ ഘട്ടത്തിലെ വളരെ പ്രതികൂലമായ പരിതഃസ്ഥിതിയിൽ തന്നെ പ്രവചിക്കുകയുണ്ടായി. ഇത് പൂർണമായും പുലർന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അപകാരം തന്നെ ഇസ്‌ലാമിക വ്യവസ്ഥ പിൽക്കാലത്ത് തിരസ്കരിക്കപ്പെടുമെന്നും പ്രവാചകൻ താക്കീതു ചെയ്തതും പൂർണമായും പുലരുകയു ണ്ടായി. ഇസ്‌ലാമിന്റെ സത്യതയ്ക്കും ദൈവികതയ്ക്കുമുള്ള തെളിവുകൂടിയാണിത്. അതേസമയം കമ്യൂണിസം നിലവിൽ വരുന്ന പ്രദേശത്തെയും രീതിയെയും കാലത്തെയും സംബന്ധിച്ച മാർക്സിന്റെ പ്രവചനങ്ങളൊക്കെയും പിഴക്കുകയാണുണ്ടായത്.
6. ഇസ്‌ലാം ആവർത്തന സ്വഭാവമുള്ള വ്യവസ്ഥയാണ്. ജനത്തിന് ഏതു കാലത്തും പ്രദേശത്തും അത് പ്രയോഗവൽക്കരിക്കാൻ സാധിക്കും. ഇസ്‌ലാമിക വ്യവസ്ഥ കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകളിൽ ഇടയ്ക്കിടെ പൂർണാർഥത്തിൽ സ്ഥാപിതമായ ചരിത്രാനുഭവങ്ങളിതിനു സാക്ഷിയാണ്. അതിനാൽ ഇസ്‌ലാമിക വ്യവസ്ഥ നിരാകരിക്കപ്പെട്ടുവെന്ന വാദം ശരിയോ വസ്തുനിഷ്ഠമോ അല്ല. കാരണം, ഇവ്വിധം നിരാകരിക്കപ്പെട്ടശേഷം പല ഘട്ടങ്ങളിലുമത് വീണ്ടും സ്ഥാപിതമായിട്ടുണ്ട്.
7. മനുഷ്യചരിത്രത്തിൽ തീർത്തും അസദൃശവും എക്കാലത്തേക്കും ഏറ്റവും മാതൃകായോഗ്യവുമെന്ന നിലയിൽ പൂർണാർഥത്തിൽ ഇസ്‌ലാമിക വ്യവസ്ഥ പ്രവാചകനുശേഷം ദീർഘകാലം നിലനിന്നില്ലെന്നത് ശരിയാണെങ്കിലും 1924-ൽ ഉസ്മാനിയാ ഖിലാഫത്തിന്റെ അന്ത്യം വരെ അത് ഭാഗികമായും ചിലപ്പോൾ ഒട്ടൊക്കെ പൂർണമായും ചിലപ്പോൾ പരിപൂർണമായും നിലനിന്നുപോന്നിട്ടുണ്ട്. ഇന്നും പല നാടുകളിലും ഇസ്‌ലാമിക ഭരണവ്യവസ്ഥ അതിന്റെ സദ്ഫലങ്ങൾ സമ്മാനിച്ചുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ പതിനാലു നൂറ്റാണ്ടിലൊരിക്കലും മുസ്‌ലിം സമൂഹം ഇസ്‌ലാമിക വ്യവസ്ഥയെ തീർത്തും നിരാകരിച്ച് വിരുദ്ധമായ വ്യവസ്ഥയെ സ്വീകരിച്ച അനുഭവമുണ്ടായിട്ടില്ല. എന്നാൽ സോഷ്യലിസ്റ്റ് സമൂഹങ്ങൾ ഹ്രസ്വകാലത്തെ പരീക്ഷണശേഷം അതിനെ കൈയൊഴിച്ച് തികച്ചും വിരുദ്ധമായ മുതലാളിത്ത വ്യവസ്ഥയെ വാരിപ്പുണരുകയുണ്ടായി. പൂർവ യൂറോപ്യൻ നാടുകളിൽ പലതുമിതിന്റെ അനിഷേധ്യ ഉദാഹരണങ്ങളത്രെ.
8. ഇസ്‌ലാം എന്നത് കേവലമൊരു രാഷ്ട്രീയ ഭരണവ്യവസ്ഥ മാത്രമല്ല; അതിന്റെ പരമമായ ലക്ഷ്യം മനുഷ്യനെ ദൈവ കോപത്തിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷിച്ച് ദൈവപ്രീതിക്കും പ്രതിഫലമായ സ്വർഗത്തിന്നും അർഹരാക്കുകയെന്നതാണ്. അതോടൊപ്പം ഭൂമിയിൽ മനസ്സിന്റെ സ്വാസ്ഥ്യവും വ്യക്തിജീവിതത്തിന്റെ വിശുദ്ധിയും കുടുംബ ഘടനയുടെ ഭദ്രതയും സമൂഹത്തിന്റെ സമാധാനവും അത് ഉറപ്പുവരുത്തുന്നു. കാല -ദേശഭേദങ്ങൾക്കതീതമായി ഈ നിയോഗങ്ങളത്രയും ഇസ്‌ലാം ഇന്നോളം നിർവഹിച്ചുപോന്നിട്ടുണ്ട്. ഇപ്പോൾ നിർവഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ലോകാന്ത്യം വരെ ഇത് തുടരുകയും ചെയ്യും. എന്നാൽ ഇത്തരമൊന്നും കമ്യൂണിസത്തിൽനിന്ന് ഒരിക്കലും ഒരിടത്തും പ്രതീക്ഷിക്കാവതല്ല.