Question: “ഇസ്‌ലാം അവയവ ദാനത്തെ അനുകൂലിക്കാതിരിക്കാൻ കാരണമെന്താണ്? ദൈവത്തിന്റെ സൃഷ്ടിപ്പിൽ മാറ്റം വരുത്തലായതിനാലാണോ?”
Answer: അവയവ ദാനത്തെ ഇസ്‌ലാം അനുകൂലിക്കുന്നില്ലെന്ന ധാരണ ശരിയല്ല. ജീവിച്ചിരിക്കെ വൃക്ക പോലെ ഒന്നിലധികമുള്ളതും ഒന്നു ദാനം ചെയ്താലും ജീവൻ നിലനിർത്താൻ സാധിക്കുന്നതുമായ അവയവം ദാനം ചെയ്യുന്നതിനെ ഇസ്‌ലാം ഒരു നിലക്കും വിലക്കുന്നില്ല. അപ്രകാരം തന്നെ മരണപ്പെട്ട ആളുടെ അവയവം ജീവിച്ചിരിക്കുന്നവർക്ക് ആവശ്യമായി വരികയാണെങ്കിൽ അനന്തരാവകാശികളുടെ അനുവാദത്തോടെ മാറ്റിവയ്ക്കുന്നതിനെയും ഇസ്‌ലാം വിലക്കുന്നില്ല. രണ്ടും വൈദ്യശാസ്ത്രത്തിന്റെ നൂത സിദ്ധികളെന്ന നിലയിൽ അവയെ പഠനവിധേയമാക്കിയ ആധുനിക ഇസ്‌ലാമിക പണ്ഡിതന്മാർ അനുകൂലിക്കുകയാണുണ്ടായത്. അവയവങ്ങൾ വിൽക്കുന്നതിനെയും അനന്തരാവകാശികളുടെ അനുവാദമില്ലാതെ മൃതശരീരത്തിലെ അവയവങ്ങളെടുക്കുന്നതിനെയുമാണ് ഇസ്‌ലാം വിലക്കുന്നത്. ഇസ്‌ലാമിനെപ്പോലെത്തന്നെ ആധുനിക ലോകത്തെ എല്ലാ രാജ്യത്തും ഇതു രണ്ടും നിയമവിരുദ്ധമാണ്.