– ശൈഖ് മുഹമ്മദ് കാരകുന്ന്
ആർത്തി അപകടകരമാണ്. സർവ്വ നാശത്തിന് കാരണവും. ഇത് വ്യക്തമാക്കുന്ന ഒരു കഥയുണ്ട്. യേശുവും ശിഷ്യനും ഒരു യാത്രയിലായിരുന്നു. ക്ഷീണവും വിശപ്പും കഠിനമായപ്പോൾ അവർ ഒരു മരച്ചുവട്ടിലിരുന്നു. യേശു ഏതാനും നാണയം നൽകി, മൂന്ന് റൊട്ടി വാങ്ങാൻ ആവശ്യപ്പെട്ടു. ശിഷ്യൻ അങ്ങാടിയിൽ പോയി മൂന്ന് റൊട്ടി വാങ്ങി. മടങ്ങിവരുമ്പോൾ ശിഷ്യൻ ആലോചിച്ചു: “എന്തിനാണ് മൂന്ന് റൊട്ടി. ഒന്ന് ഗുരുവിനും ഒന്ന് തനിക്കും. പിന്നെ ഒന്നുണ്ട്. അയാൾ അത് തിന്നാൻ തീരുമാനിച്ചു. അതോടൊപ്പം രണ്ട് റൊട്ടിയേ കിട്ടിയുള്ളൂ എന്ന് ഗുരുവോട് കള്ളം പറയാനും.”
യേശുവിൻറെ അടുത്തെത്തിയ ശിഷ്യൻ രണ്ട് റൊട്ടി കയ്യിൽ കൊടുത്തു. യേശു ചോദിച്ചു: “മൂന്നാമത്തേത് എവിടെ?”
ശിഷ്യൻ പറഞ്ഞു:” രണ്ടെണ്ണമേ കിട്ടിയുള്ളൂ”
“മൂന്നെണ്ണം ഉണ്ടായിരുന്നില്ല? നീ കള്ളം പറയുകയല്ലേ?. യേശു അന്വേഷിച്ചു.
“രണ്ടെണ്ണമേ കിട്ടിയുള്ളൂ” എന്ന് വീണ്ടും ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞു.
റൊട്ടി കഴിച്ച് യേശുവും ശിഷ്യനും വിശപ്പടക്കി. അവർ യാത്ര തുടർന്നു . ഒരു പുഴയുടെ അടുത്തെത്തിയപ്പോൾ യേശു വീണ്ടും ചോദിച്ചു:” മൂന്ന് റൊട്ടി ഉണ്ടായിരുന്നില്ലേ?”
ഇല്ലെന്ന് ശിഷ്യൻ ആണയിട്ടു പറഞ്ഞു. ആ യാത്രയ്ക്കിടയിൽ മൂന്നു നാലു തവണ ഇതാവർത്തിച്ചു. അവസാനം അവരിരുവരും വിശ്രമിക്കാനായി മരുഭൂമിയിൽ ഒരിടത്തിരുന്നു.
അൽപ്പ സമയത്തിനു ശേഷം യേശു മണൽത്തരികൾ ഒരുമിച്ചു കൂട്ടി. അവ ഉപയോഗിച്ച് മൂന്നു ചെറിയ കൂനകളുണ്ടാക്കി. തുടർന്ന് അവ സ്വർണമായിത്തീരാൻ ദൈവത്തോട് പ്രാർത്ഥിച്ചു. അങ്ങനെ അത് മൂന്നു സ്വർണക്കട്ടികളായി. അപ്പോഴും ശിഷ്യൻ ചിന്തിക്കാൻ തുടങ്ങി: “മൂന്നാമത്തെ സ്വർണ്ണക്കട്ടി ആർക്കായിരിക്കും”? അയാളുടെ ചിന്തക്ക് അറുതി വരുത്തി യേശു പറഞ്ഞു :”ഒരു സ്വർണ്ണക്കട്ടി എനിക്ക്. രണ്ടാമത്തേത് നിനക്ക്. മൂന്നാമത്തേത് റൊട്ടി തിന്ന ആൾക്ക് “. ഇതുകേട്ട് ശിഷ്യൻ വിചാരിച്ചു: “തെറ്റ് തുറന്ന് പറഞ്ഞ് കുറ്റത്തിനു മാപ്പ് ചോദിച്ചാൽ ഒരു സ്വർണ്ണക്കട്ടി കൂടി കിട്ടുമല്ലോ”.
അങ്ങനെ അയാൾ പറഞ്ഞു: “ഗുരോ, ക്ഷമിക്കണം.റൊട്ടി തിന്നത് ഞാനാണ്. വിശപ്പിൻറെ കാഠിന്യംകൊണ്ട് തിന്നുപോയതാണ്.”
അപ്പോൾ യേശു പറഞ്ഞു:” മൂന്ന് സ്വർണ്ണക്കട്ടിയും നീ എടുത്തുകൊള്ളൂ. എനിക്ക് ഒന്നും വേണ്ട”
അങ്ങനെ അദ്ദേഹം ശിഷ്യനോട് വിട പറഞ്ഞു.തനിച്ച് യാത്രയായി.
യേശുവിൻറെ ശിഷ്യൻ സ്വർണ്ണക്കട്ടികൾ മുന്നിൽവച്ച് അത് കണ്ട് ആസ്വദിക്കുകയായിരുന്നു. പെട്ടെന്നാണ് മൂന്ന് കൊള്ളക്കാർ അവിടെയെത്തിയത്. അവർ അയാളെ കൊന്ന്ഔൺ സ്വർണ്ണക്കട്ടികൾ കൈവശപ്പെടുത്തി.
അല്പസമയത്തിനുശേഷം രണ്ടുപേർ അവ വിൽക്കാനായി അങ്ങാടിയിലേക്ക് പോയി. മൂന്നാമനോട് അവർ തിരിച്ചു വരുമ്പോഴേക്കും ഭക്ഷണം ഉണ്ടാക്കാൻ ആവശ്യപ്പെട്ടു.
ഭക്ഷണം ഉണ്ടാക്കി കൊണ്ടിരിക്കേ അയാൾ ആലോചിച്ചു :”ഇതിൽ വിഷം കലർത്തി അവർ രണ്ടുപേരെയും കൊന്നാൽ സ്വർണ്ണക്കട്ടികളുടെയൊക്കെ വില തനിക്ക് സ്വന്തമാക്കാമല്ലോ”. അങ്ങനെ അയാൾ പരിസരത്ത് നിന്ന് വിഷക്കായ ശേഖരിച്ച് ആഹാരത്തിൽ കലർത്തി. സ്വർണ്ണം വിൽക്കാൻ പോയവർ ചിന്തിച്ചതിങ്ങനെ:” മൂന്നാമനെ കൊന്നാൽ പണം മുഴുവൻ ഞങ്ങളിരുവർക്കും ഭാഗിച്ചെടുക്കാമല്ലോ. അങ്ങനെ അവരിരുവരും മാരകായുധങ്ങളുമായി വന്ന് ഭക്ഷണം ഒരുക്കിവെച്ച മൂന്നാമനെ അടിച്ചുകൊന്നു. തുടർന്ന് അയാൾ പാകം ചെയ്തു വെച്ച ആഹാരം എടുത്ത് കഴിച്ചു. പിന്നെ സംഭവിച്ചത് എന്താണെന്ന് പറയേണ്ടതില്ലല്ലോ. അങ്ങനെ ആർത്തി മൂന്നുപേരെയും നശിപ്പിച്ചു.
ആർത്തി അതുമായി ജീവിക്കുന്നവനെ തന്നെയാണ് നശിപ്പിക്കുക. ശാരീരികമായി നശിപ്പിച്ചില്ലെങ്കിലും മാനസികമായി തകർക്കും. തളർത്തും. ഒരു നിമിഷം പോലും ശാന്തിയോ അസ്വസ്ഥതയോ നൽകുകയില്ല.
30