-ശൈഖ് മുഹമ്മദ് കാരകുന്ന്
വളെരെയേറെ വിസ്മയകരമായ കഴിവുകളുള്ള ജീവിയാണ് നായ.കൃത്യവും വ്യക്തവും വ്യവസ്ഥാപിതവുമായ പരിശീലനം ലഭിച്ചാൽ മാത്രമേ അത് പ്രകടമാവുകയുള്ളു.അങ്ങനെ പരിശീലിപ്പിക്കപ്പെടുന്ന നായക്ക് ലോകത്തിലെ മുഴുവൻ മനുഷ്യരുടെയും ശരീരത്തിന്റെ ഗന്ധം വേർതിരിച്ചറിയാൻ കഴിയും. പരിശീലനമില്ലെങ്കിൽ അത്യത്ഭുതകരമായ ഈ സിദ്ധി പുറത്തെടുക്കപ്പെടുകയോ പ്രയോജനപ്പെടുകയോ ഇല്ല.
വേട്ടക്കാണ് നായക്ക് പരിശീലനം ലഭിക്കുന്നതെങ്കിൽ അത് പിടികൂടുന്ന ഉരുവിനെ സ്വയം ഭക്ഷിക്കാതെ യജമാനന് എത്തിച്ചു കൊടുക്കും. വീട് കാക്കാനാണ് പരിശീലിപ്പിക്കുന്നതെങ്കിൽ അക്കാര്യം ഭംഗിയായി നിർവഹിക്കും.
ഇവ്വിധം പല ജീവികളിലും ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ പരിശീലിപ്പിച്ച് പുറത്തെടുക്കാൻ കഴിഞ്ഞാൽ അവ അത്ഭുതകരമായ കാര്യങ്ങൾ നിർവഹിക്കും.പ്രാവുകളെ സന്ദേശങ്ങൾ കൈമാറാനും രാജാളി പക്ഷികളെ വേട്ടക്കും ഉപയോഗിക്കുന്നത് അങ്ങനെയാണ്. പരിശീലനത്തിൻറെ പ്രാധാന്യമാണ് ഇതൊക്കെയും നമ്മെ ബോധ്യപ്പെടുത്തുന്നത്.
ഓരോ മനുഷ്യ കുഞ്ഞും ഭൂമിയിൽ പിറന്നു വീഴുന്നത് നിരവധി സിദ്ധികളുമായാണ്. ശരിയായ പരിശീലനം ലഭിച്ചാൽ മാത്രമേ അവ വളർന്ന് വികസിച്ച് പ്രകാശിതമാവുകയുള്ളു. നിർഭാഗ്യവശാൽ ശരിയായ പരിശീലനത്തിലൂടെ അത്യപൂർവം കുട്ടികളിലെ അപൂർവ്വം കഴിവുകളേ വളർത്തപ്പെടാറുള്ളു. ലോകമെങ്ങുമുള്ള മഹാഭൂരിപക്ഷം കുട്ടികളിലും നിലീനമായ വിവരണാതീതമായ യോഗ്യതകൾ പരിപോഷണം ലഭിക്കാതെ കൂമ്പടഞ്ഞ് പോവുകയാണ്. ഇവിടെയാണ് മാതാപിതാക്കളുടെയും അധ്യാപകരുടെയും സമൂഹത്തിൻറെയും ശ്രദ്ധയും ജാഗ്രതയും പതിയേണ്ടത്.മറ്റു ജീവികൾക്ക് ആവശ്യമായതിൻറെ അനേകമടങ്ങ് പരിരക്ഷണവും പരിശീലനവും മനുഷ്യർക്ക് ലഭിക്കേണ്ടതുണ്ട്.കടക് മണിയോളം ചെറിയ വിത്തിൽ ആൽമരങ്ങൾ പോലുള്ള വടവൃക്ഷങ്ങൾ ഒളിഞ്ഞുകിടപ്പുണ്ടെന്ന പോലെ പല കുഞ്ഞുങ്ങളിലും സമൂഹത്തിൽ സാരമായ മാറ്റം വരുത്താൻ കഴിയുന്ന വിസ്മയകരമായ യോഗ്യതകൾ ഒളിഞ്ഞിരിക്കുന്നുവെന്ന കാര്യം മറക്കാതിരിക്കുക.ഈ വസ്തുത തിരിച്ചറിഞ്ഞ് മക്കളെ വളർത്തുമ്പോഴാണ് ഖുർആൻ വിശേഷിപ്പിച്ച പോലെ മാതാപിതാക്കൾ രക്ഷിതാക്കളാവുക.ദൈവത്തിന് രക്ഷിതാവ് എന്ന അർത്ഥത്തിൽ ഉപയോഗിച്ച റബ്ബ് എന്ന പദം തന്നെയാണ് മാതാപിതാക്കൾക്കും വേദഗ്രന്ഥം പ്രയോഗിച്ചതെന്ന വസ്തുത പ്രത്യേകം പ്രസ്താവ്യമാണ്.
പ്രകാശ രേഖ: പത്ത്