പ്രതിസന്ധിഘട്ടം വരുമ്പോൾ പ്രതീക്ഷ പുലർത്തുന്നവർക്കേ അതിജീവിക്കാൻ കഴിയൂ. നാളെ ഒന്നും പ്രതീക്ഷിക്കാനില്ലാത്തവൻ ജീവിച്ചിരുന്നിട്ടെന്ത് കാര്യം? നാളെ സമൂഹത്തിന് ഒന്നും നൽകാനില്ലാത്തവൻ ജീവിച്ചിട്ട് ലോകത്തിനെന്ത് കാര്യം?
പ്രതീക്ഷയില്ലാത്തവന് ആത്മവിശ്വാസമുണ്ടാകില്ല. ആത്മവിശ്വാസമില്ലെങ്കിൽ വ്യക്തികൾക്ക് മാത്രമല്ല, സമൂഹങ്ങൾക്കും പ്രതിരോധശക്തി ഇല്ലാതാകും.
അനുചരനായ അനസ്ബ്നു മാലിക് ഉദ്ധരിക്കുന്ന മുഹമ്മദ് നബിയുടെ ഒരു വചനമുണ്ട്.
“ലോകാവസാനം വരുന്ന ഘട്ടത്തിൽ നിങ്ങളിലൊരാളുടെ കൈവശം ഒരു ഈത്തപ്പനതൈ ഉണ്ടെങ്കിൽ അത് നടുകതന്നെയാണ് അയാൾ ചെയ്യേണ്ടത്”.
ഭൗതികമായ കണക്കുകൂട്ടലിൽ പ്രതീക്ഷ പുലർത്താൻ ഒരു കാരണവും കാണുന്നില്ലെങ്കിലും പ്രതീക്ഷ കൈവിടാതെ സ്വധർമം അനുഷ്ഠിക്കണമെന്നാണ് ഈ നബിവചനത്തിന്റെ പാഠം. നമ്മുടെ കഠിനാധ്വാനത്തിന്റെ ഫലം ജീവിതകാലത്ത് നമുക്ക് അനുഭവിക്കാൻ കഴിഞ്ഞില്ലെന്നുവരാം. എന്നാലും, ഓരോരുത്തരും തന്റേതായ ധർമമനുഷ്ഠിക്കണമെന്നാണ് ഇസ്ലാമിന്റെ കൽപന. പൂർവികർ നട്ടുനനച്ച് വളർത്തിയതിന്റെ കായ്കനികൾ നാമനുഭവിക്കുന്നു. നമ്മുടെ പിറകെ വരുന്നവർക്കായി നാം നട്ടുപിടിപ്പിക്കുക എന്ന് ഖലീഫ ഉമർ പൗരന്മാരെ ഉൽബോധിപ്പിക്കാറുണ്ടായിരുന്നു. പ്രതീക്ഷയോടെ കർമനിരതരാവാനുള്ള ആഹ്വാനമാണ് കോവിഡ്കാലത്തെ റമദാൻ.