ഇസ്ലാം ഒരു സംസ്‌കാരമല്ല. നമ്മളിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇസ്‌ലാമിന്റെ സത്ത മതകീയമാണ്. നമ്മുടെ വിശ്വാസത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും അടിസ്ഥാനമായ തൗഹീദ് ഈ യാഥാര്‍ത്ഥ്യത്തെയാണ് വിളംബരം ചെയ്യുന്നത്. ഇസ്‌ലാമിനെക്കുറിച്ച ഏത് സംസാരവും വിശ്വാസത്തെയും ആത്മീയതയെയും നൈതികതയെയും കുറിച്ച സംസാരങ്ങള്‍ കൂടിയാണ്. മനുഷ്യനെയും ജീവിതത്തെയും കുറിച്ച സങ്കല്‍പ്പമാണ് അവ രൂപപ്പെടുത്തുന്നത്. ആരാധനകളിലും സാമൂഹ്യ ഇടപാടുകളിലുമുള്ള വ്യത്യസ്ത രീതിശാസ്ത്രങ്ങളെക്കുറിച്ച അറിവ് ഇസ്‌ലാമിക ലോകവും സംസ്‌കാരവുമായുള്ള ബന്ധത്തെ മനസ്സിലാക്കാന്‍ നമ്മെ സഹായിക്കും. വളരെ അടിസ്ഥാനപരമായ മത തത്വങ്ങളോടൊപ്പം തന്നെ സാമൂഹ്യ ഇടപാടുകളും (സംസ്‌കാരങ്ങള്‍, സാമൂഹ്യ ആചാരങ്ങള്‍, സര്‍ഗാത്മക ഇടപെടലുകള്‍) ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം പ്രധാനം തന്നെയാണ്. അതേസമയം ഇസ്‌ലാം മുന്നോട്ട് വെക്കുന്ന പരിധി കാത്ത്‌സൂക്ഷിക്കേണ്ടത് പ്രധാനം തന്നെയാണ്. മനുഷ്യനന്മക്ക് വേണ്ടി രൂപപ്പെട്ട എല്ലാ വിജ്ഞാനങ്ങളെയും കലകളെയും ഇസ്‌ലാം അംഗീകരിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ഫലമായാണ് വ്യത്യസ്തങ്ങളായ സാംസ്‌കാരിക പരിസരങ്ങളില്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചത്. അതിനാല്‍ തന്നെയാണ് ഇസ്‌ലാമിന് ഒരു നാഗരികതയായി ചരിത്രത്തിലുടനീളം നിലകൊള്ളാനും അതിന്റെ സാര്‍വ്വലൗകികമായ തത്വങ്ങള്‍ ലോകത്തിലുടനീളം പ്രചരിപ്പിക്കാനും കഴിഞ്ഞത്. അതോടൊപ്പം തന്നെ വ്യത്യസ്തങ്ങളായ സാംസ്‌കാരിക പരിസരങ്ങളെ ഉള്‍ക്കൊള്ളാനും ഇസ്‌ലാമിന് സാധിച്ചിട്ടുണ്ട്.
ഇസ്‌ലാമിന്റെ ഏകതാനതയും ബഹുസ്വരതയും ഒരുപോലെ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. വളരെ സവിശേഷവും ഏകതാനവുമായ ഒരു മതമായി ഇസ്‌ലാമിനെ മനസ്സിലാക്കുകയാണെങ്കില്‍ അതിന്റെ സാംസ്‌കാരികവും നാഗരികവുമായ വശങ്ങളെ നമുക്ക് കണ്ടെത്താന്‍ കഴിയുകയില്ല. അതേസമയം ഇസ്‌ലാം മുന്നോട്ട് വെക്കുന്ന വൈവിധ്യത്തെയും ബഹുസ്വരതയെയും ശരിയായി മനസ്സിലാക്കിയില്ലെങ്കില്‍ ഒരുപാട് ഇസ്‌ലാമുകളായി അവ തെറ്റിദ്ധരിപ്പിക്കപ്പെടാനും സാധ്യതയുണ്ട്. പടിഞ്ഞാറിലെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണിതെന്നാണ് മനസ്സിലാക്കുന്നത്.
എന്താണ് പാശ്ചാത്യ മുസ്‌ലിംകളുടെ സംസ്‌കാരം?
വിശ്വാസം, ആത്മീയത, പ്രവര്‍ത്തനം, നൈതികത എന്നിവയെല്ലാം ഇസ്‌ലാം മുന്നോട്ട് വെക്കുന്ന വളരെ അടിസ്ഥാനപരമായ തത്വങ്ങളാണ്. മുസ്‌ലിംകള്‍ ജീവിക്കുന്ന വ്യത്യസ്തങ്ങളായ സാംസ്‌കാരിക അന്തരീക്ഷങ്ങളിലെല്ലാം അവരത് മുറുകെപ്പിടിക്കുകയും ചെയ്യുന്നുണ്ട്. തങ്ങള്‍ പിന്തുടരുന്ന സംസ്‌കാരങ്ങളും മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പ്രധാനം തന്നെയാണ്. അതിനാലാണ് പാക്കിസ്ഥാന്‍, അള്‍ജീരിയ, മൊറോക്കോ, തുര്‍ക്കി തുടങ്ങിയ മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്ന് വരുന്ന ഒന്നാം തലമുറയില്‍ പെട്ട മുസ്‌ലിം കുടിയേറ്റക്കാര്‍ ഇസ്‌ലാമിന്റെ സാര്‍വ്വലൗകിക തത്വങ്ങളോടൊപ്പം തങ്ങളുടെ സംസ്‌കാരങ്ങളും മുറുകെപ്പിടിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക വിശ്വാസം കാത്ത്‌സൂക്ഷിക്കുക എന്നതിനര്‍ത്ഥം തങ്ങളുടെ പാരമ്പര്യമായ സംസ്‌കാരത്തെ മുറുകെപ്പിടിക്കുക എന്നത് കൂടിയാണ്. അവര്‍ക്ക് ശേഷമുള്ള തലമുറകളുടെ വരവോട് കൂടിയാണ് പുതിയ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉയര്‍ന്ന് വരാന്‍ തുടങ്ങിയത്. തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുസ്‌ലിം സംസ്‌കാരവുമായി യാതൊരു ബന്ധവുമില്ലാതെ വളര്‍ന്ന് വരുന്ന കുട്ടികള്‍ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഒരു ചോദ്യമായി മാറിയിരിക്കുകയാണ്. അവര്‍ മനസ്സിലാക്കുന്നത് തങ്ങളുടെ മക്കളുടെ മതസ്വത്വം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ് എന്നാണ്. എന്നാല്‍ ഈ ആശങ്ക അപ്രസക്തമാണ്. കാരണം ഒരുപാട് മുസ്‌ലിം ചെറുപ്പക്കാര്‍ തങ്ങളുടെ നാടുകളിലെ സംസ്‌കാരം കൈയൊഴിഞ്ഞിട്ടുണ്ടെങ്കിലും ഇസ്‌ലാമിനോട് അവര്‍ക്ക് പൂര്‍ണ്ണ വിധേയത്വമാണുള്ളത്. ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നവരുടെ അവസ്ഥയും ഇത് തന്നെയാണ്. അതിനാല്‍ തന്നെ ഇവിടെ മുസ്‌ലിം രാഷ്ട്രങ്ങളിലെ സംസ്‌കാരവും ഇസ്‌ലാമും തമ്മിലുള്ള മൗലികമായ വ്യത്യാസം വളരെ പ്രകടമാണ്. പുതിയ തലമുറ ഇസ്‌ലാമിനെ മനസ്സിലാക്കുന്ന രീതി വളരെ വ്യത്യസ്തമാണ്. അതിനെ ഉള്‍ക്കൊള്ളുക എന്നത് പഴയ തലമുറയെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. പുതിയ ചെറുപ്പക്കാര്‍ക്ക് ഇസ്‌ലാമെന്നത് പ്രതീക്ഷയുടെയും മോക്ഷത്തിന്റെയും അടയാളമാണ്. ഇസ്‌ലാമിക തത്വങ്ങളെ പടിഞ്ഞാറിലെ ജീവിതവുമായി സമന്വയിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
പുതിയ മുസ്‌ലിം ചെറുപ്പത്തിന് തങ്ങള്‍ ജീവിക്കുന്ന പടിഞ്ഞാറിലെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ മുന്‍നിര്‍ത്തി ഖുര്‍ആനും നബിചര്യയും വായിക്കാനും അതനുസരിച്ചുള്ള ഒരു ഇസ്‌ലാമിക ജീവിതം നയിക്കാനും സാധ്യമാകുന്നുണ്ട്. തങ്ങള്‍ കടന്ന് വരുന്ന സംസ്‌കാരത്തില്‍ നിന്നും ഇസ്‌ലാമിക സ്വത്വത്തെ വേര്‍പ്പെടുത്തിയത് കൊണ്ടാണ് പടിഞ്ഞാറന്‍ യാഥാര്‍ത്ഥ്യത്തെ ഇസ്‌ലാമിക പരിപ്രേക്ഷത്തില്‍ വായിക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്. അതിലൂടെ മാത്രമേ നമുക്ക് ചുറ്റുമുള്ള സമൂഹവുമായുള്ള ഒരു തുറന്ന സംവാദം സാധ്യമാകുകയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.
ചരിത്രത്തിലുടനീളം തങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടുമായി ഇസ്‌ലാമിനെ സമന്വയിപ്പിക്കുകയാണ് മുസ്‌ലിംകള്‍ ചെയ്തിട്ടുള്ളത്. ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള പരിക്കുമേല്‍പ്പിക്കാതെയാണ് അവരത് സാധ്യമാക്കിയത്. ആ മാതൃകയാണ് പടിഞ്ഞാറിലെ മുസ്‌ലിംകളും പിന്തുടരേണ്ടത്. തങ്ങളുടെ മതഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി പടിഞ്ഞാറിലെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ വായിക്കുകയാണ് അവര്‍ ചെയ്യേണ്ടത്. അവര്‍ക്ക് ഒരുപക്ഷേ ഫ്രാന്‍സിന്റെയോ അമേരിക്കയുടേയോ ബ്രിട്ടന്റേയോ സംസ്‌കാരങ്ങളെ സ്വീകരിക്കേണ്ടി വന്നേക്കാം. തങ്ങളുടെ മതതത്വങ്ങളുമായി അവയെ സമന്വയിപ്പിക്കുകയാണ് അവര്‍ ചെയ്യേണ്ടത്. പടിഞ്ഞാറില്‍ നിന്നും ഇസ്‌ലാമിലേക്ക് മതപരിപരവര്‍ത്തനം ചെയ്യുന്നവരുടെ പങ്ക് ഇവിടെ വളരെ വലുതാണ്. ഒരു യൂറോപ്യന്‍-അമേരിക്കന്‍ ഇസ് ലാമിക സംസ്‌കാരത്തിന്റെ പിറവിക്ക് അത് കാരണമായിട്ടുണ്ട്. ഒരേസമയം പടിഞ്ഞാറന്‍ സംസ്‌കാരത്തേയും ഇസ്‌ലാമിക സംസ്‌കാരത്തെയും സമന്വയിപ്പിക്കുന്ന പ്രക്രിയയാണത്. അതിന് തുടക്കം കുറിക്കപ്പെട്ടിട്ടുണ്ട്. അതേസമയം തുറന്ന മനസ്സും കാര്യങ്ങളെ കൃത്യമായി വിശകലനം ചെയ്യാനുള്ള കഴിവും വിമര്‍ശനബുദ്ധിയുമുണ്ടെങ്കില്‍ മാത്രമേ അതിലൂടെ ബഹുസ്വരതയുടെ പുതിയ സാധ്യതകള്‍ തുറക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ.