“ഒട്ടകം മണക്കുന്ന ഈ കാടന്മാർക്കൊപ്പം പഠിക്കാൻ തനിക്കു പറ്റില്ല” ഭർത്താവിനോട് അവർ ക്ഷുഭിതയായി പറഞ്ഞു. എന്നാൽ അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് അസൈലിമിയെ സമാശ്വസിപ്പിച്ചു. “ഈ അറബ് വിദ്യാർഥികളിലേക്ക് കൃസ്തീയ ദർശനത്തിന്റെ മഹത്വം പകർന്നു നൽക്കാൻ നിനക്കു കഴിയും. വളരെ വേഗം അവരെ കൃസ്ത്യാനികളാക്കാൻ സാധിക്കും. അതിനായി പരിശ്രമിക്കൂ” എന്ന ഭർത്താവിന്റെ വാക്കുകളിൽ കഴമ്പുണ്ടെന്നു തോന്നിയ അസൈലിമി താൻ കൈവരിക്കാൻ പോകുന്ന സാംസ്കാരിക നേട്ടത്തിൽ അഭിമാനിച്ചു. ഒരുപക്ഷേ ഈ കമ്പ്യൂട്ടർ പഠനം കർത്താവ് തനിക്കു നൽകിയ ഒരു അവസരമായിരിക്കാം എന്ന വിചാരത്തോടെ അവർ തന്റെ സ്കോളർഷിപ് പഠനം തുടരാൻ തീരുമാനിച്ചു.
കമ്പ്യൂട്ടർ പഠനവും അറബ് യുവജനങ്ങളോടുള്ള അറപ്പ് കലർന്ന സഹകരണവും തുടർന്നപ്പോൾ എത്രയും പെട്ടെന്ന് ഇസ്ലാം ഒരു കെട്ടുകഥയാണെന്ന് തെളിയിച്ച് “സംസ്കാര ശൂന്യരായ” സഹപാഠികളെ “നേർവഴിക്കു നയിക്കാൻ” അസൈലിമി വെമ്പൽ കൊണ്ടു. “ഇസ്ലാമിന്റെ പൊള്ളത്തരം” വെളിച്ചത്തു കൊണ്ടുവരാൻ ഖുർആനിന്റെ ഇംഗ്ലീഷ് പരിഭാഷ സഹപാഠിയായ അറബി വഴി വാങ്ങി വായന ആരംഭിച്ചു.
പക്ഷേ അവിടെ ചരിത്രം വഴിമാറുകയായിരുന്നു. ഖുർആൻ വാക്യങ്ങളുടെ അഗാധതലങ്ങളിൽ നിന്നും ആശയ വിസ്ഫോടനത്തിന്റെ മാസ്മരികത വിഴിഞ്ഞൊഴുകുന്നത് അസൈലിമി അനുഭവിക്കാൻ തുടങ്ങി. അതൊരു കൊടുങ്കാറ്റിന്റെ മർമരമായിരുന്നു. വർത്തമാനകാല ജീവിതത്തിന്റെ രൂപഭാവങ്ങളെ ഉഴുതുമറിക്കുന്ന മാറ്റത്തിന്റെ ഋതുക്കൾ ഖുർആൻ വചനങ്ങളിലൂടെ തന്നിലേക്ക് സന്നിവേശിക്കുന്നത് ആദ്യമൊന്നും അസൈലിമി അറിഞ്ഞിരുന്നില്ല.
ഖുർആൻ വചനങ്ങളിലെ താക്കീതുകളെ ധിക്കരിക്കാൻ കഴിയാതിരുന്ന ഒരു മാനസികാവസ്ഥയാണ് അസൈലിമിയിലുണ്ടായ ആദ്യ ചുവടുവയ്പ്. ശനിയാഴ്ച രാത്രികളിൽ ഭർത്താവിനോടൊപ്പമുള്ള ബാർ സന്ദർശനം അവർ ഉപേക്ഷിച്ചു; തുടർന്ന് പന്നി മാംസവും വർജ്ജിച്ചു. തന്റെ ഭാര്യയിൽ സംജാതമായിക്കൊണ്ടിരിക്കുന്ന പരിവർത്തനങ്ങൾ ‘ഏതോ അജ്ഞാത സുഹൃത്ത്’ സംഭാവന ചെയ്തതാണെന്ന സംശയത്താൽ അവരുടെ ഭർത്താവ് അസൈലിമിയിൽ നിന്നും ഒഴിഞ്ഞു മാറുകയും ക്രമേണ അയാൾ വേറേ താമസം ആരംഭിക്കുകയും ചെയ്തു.
സംവാദത്തിനു വേണ്ടിയും സഹപാഠികളായ അറബികളെ ‘സംസ്കാരികായി ഉന്നതിയിലെത്തിക്കാനും’ അസൈലിമി തുടങ്ങിയ ഇസ്ലാമിക പഠനം അതോടെ വഴിത്തിരിവിൽ എത്തി. ഇസ്ലാമിന്റെ ധന്യ ശാന്തതയിലേക്കുള്ള പ്രവേശനമായി അതു മാറാൻ അധിക കാലം എടുത്തില്ല. അസൈലിമി എന്ന ബാപ്റ്റിക് കൃസ്ത്യാനി അമീന ആയി രൂപാന്തരപ്പെട്ടു. അമീന അസൈലിമി എന്ന നാമധേയം സ്വീകരിച്ച അവർ താൻ കണ്ടെത്തിയ സത്യങ്ങൾ ലോകത്തോട് വിളിച്ചു പറയാൻ ഒരു പ്രബോധകയുടെ ഉത്തരവാദിത്വം തന്നെ ഏറ്റെടുക്കാൻ തീരുമാനിച്ചു.
അമേരിക്കയിലെ അറിയപ്പെടുന്ന ബ്രോഡ് കാസ്റ്റിങ്ങ് ജേർണലിസ്റ്റായിരുന്ന അസൈലിമി അമീനയായി മാറിയതോടെ പല മേഖലകളിൽ നിന്നും രൂക്ഷമായ പ്രതികരണമാണ് ഉണ്ടായത്. വളരെ യാഥാസ്തിഥിക ക്രൈസ്തവ കുടുംബമായിരുന്നു അമീന അസൈലിമിയുടേത്. മകൾ മുസ്ലിമായതറിഞ്ഞ പിതാവ് ശക്തമായാണ് പ്രതികരിച്ചത്. ഇരട്ടക്കുഴൽ തോക്കുമായി അമീനയെ വധിക്കാൻ തന്നെ അയാൾ പുറപ്പെട്ടു. പക്ഷേ ചരിത്ര നിയോഗം തന്നിലേക്ക് ഏല്പിച്ചിരിക്കുന്ന ദൈവം തമ്പുരാന്റെ കാവൽ അമീന അസൈലിമിയെ ഒരു പോറൽ പോലും ഏല്പിക്കാതെ കാത്തു രക്ഷിച്ചു.
അമീനയെ തന്ത്രപൂർവം മാനസികരോഗാശുപത്രിയിൽ എത്തിക്കാനാണ് അവരുടെ സഹോദരി ശ്രമിച്ചത്. ‘അറേബ്യൻ മാനിയ’ താങ്ങാനാകാതെ അമീനയുടെ മാതാവും മുത്തശ്ശിയും ചീത്തവാക്കുകളും ശാപവചനങ്ങളും ചൊരിഞ്ഞുകൊണ്ട് അമീനയെ തള്ളിപ്പറഞ്ഞു വേർപിരിഞ്ഞു.
കോപാകുലനായ ഭർത്താവ് ഇതിനകം തന്നെ വിവാഹ മോചനത്തിനായി കോടതി കയറിക്കഴിഞ്ഞിരുന്നു. തന്റെ തീരെ ചെറിയ കുഞ്ഞുങ്ങൾ അമീനക്കു ജീവനായിരുന്നു. പക്ഷേ അവരെ വിട്ടു കൊടുക്കാൻ ഭർത്താവ് തയ്യാറായില്ല. ഇസ്ലാം മതം ഉപേക്ഷിച്ചു വന്നാലേ കുട്ടികളെ വളർത്താനുള്ള അവകാശം നൽകൂ എന്ന് കോടതി അമീനയോട് ശക്തമായി പറഞ്ഞു. കോടതി നൽകിയ ആനുകൂല്യം രസാവഹമായിരുന്നു. 20 മിനിറ്റു നേരം അമീനയ്ക്കു പുനരാലോചനക്ക് സമയം നൽകി! പുതിയ മതം ഉപേക്ഷിച്ച് ഈ സമയ പരിധിക്കുള്ളിൽ വന്നാൽ കുട്ടികളുമായി പോകാമെന്നും അല്ലാത്ത പക്ഷം കുട്ടികളെ ഭർത്താവിനു നൽകുമെന്നും നൊന്തു പെറ്റ ഒരു മാതാവിനോട് കോടതി പറഞ്ഞപ്പോൾ അമീന നാഥനിൽ തന്നെ അഭയം തേടി. അല്ലാഹുവിന്റെ ഇച്ഛക്കു വിരുദ്ധമായൊരു ജീവിതം അമീന അസൈലിമിക്ക് ചിന്തിക്കാൻ കഴിഞ്ഞില്ല. തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ 20 മിനിറ്റുകൾക്കു ശേഷം വിശ്വാസ ദാർഢ്യത്തോടെ. ഹൃദയത്തിന് ചാഞ്ചല്യമില്ലാതെ വെറും കയ്യോടെ അവർ കോടതിയുടെ നീണ്ട പടികൾ ഇറങ്ങി. മനുഷ്യാവകാശ സംരക്ഷകർ എന്ന് വീമ്പിളക്കുന്ന അമേരിക്കയിലെ മനുഷ്യത്വ രഹിതമായ ഈ കോടതി വിധി ഇരട്ടത്താപ്പിന്റെ മറ്റൊരു പര്യായമായി നമുക്ക് വിശേഷിപ്പിക്കാം.
ഇസ്ലാം ആശ്ലേഷിച്ചതിന്റെ പേരിൽ തുടർന്നും അമീന അസിലിമി വേട്ടയാടപ്പെട്ടൂ കൊണ്ടിരുന്നു. ഇസ്ലാമിക വേഷം ധരിച്ച് ജോലി സ്ഥലത്തെത്തിയ അവരെ സ്വീകരിച്ചത് പിരിച്ചു വിടൽ നോട്ടീസ് ആയിരുന്നു. അങ്ങനെ ഒരിക്കൽ കൂടി വിശാല ഹൃദയമുള്ളവർ എന്നു നടിക്കുന്ന വെള്ളക്കാരന്റെ തനിനിറം അമീന തിറിച്ചറിഞ്ഞു. അലറുന്ന ആഴിത്തിരകൾക്കിടയിലെ നിയന്ത്രണം നഷ്ടപ്പെട്ട പായ്ക്കപ്പൽ പോലെ അമീനയുടെ ജീവിതം പ്രക്ഷുബ്ധമായി മാറി. പക്ഷേ ഒരിക്കലും അവർ തന്റെ നാഥനെയോ ദൈവിക ദർശനത്തെയോ തള്ളിക്കളയാൻ തയ്യാറായില്ല. മാതാപിതാക്കൾക്കും സഹോദരിക്കും മുൻഭർത്താവിനും എല്ലാം അവർ തുടർച്ചയായി കത്തുകളും കാർഡുകളും അയച്ചു കൊണ്ടിരുന്നു. അവയിലൊക്കെയും വിശുദ്ധ ഖുർആനിന്റെ വിസ്മയ ആശയങ്ങളുടെ ജീവൻ തുടിക്കുന്ന സന്ദേശങ്ങളായിരുന്നു നിറഞ്ഞു നിന്നിരുന്നത്. അവ ക്രമേണ അമീനയുടെ കുടുംബാംഗങ്ങളിൽ ഒരോരുത്തരുടെയും ഹൃദയങ്ങളിൽ വിള്ളൽ വീഴ്ത്താൻ തുടങ്ങി.
നാഥൻ അത്ഭുതകരമായ മാറ്റമാണ് അമീന അസൈലിമിയുടെ കുടുംബത്തിൽ ഉണ്ടാക്കിയത്. ആദ്യമായി അവരുടെ മുത്തശ്ശി ഇസ്ലാമിന്റെ വെള്ളി വെളിച്ചത്തിലേക്ക് കടന്നുവന്നു. കൊച്ചുമകളുടെ മുമ്പാകെ സത്യ സാക്ഷ്യം മൊഴിഞ്ഞ അവർ വൈകാതെ മരണപ്പെടുകയും ചെയ്തു.
ഭർത്താവിൽ നിന്നും വേർപിരിഞ്ഞ് മറ്റൊരാളെ വിവാഹം കഴിച്ചിരുന്ന അമീനയുടെ മാതാവ് ഇസ്ലാം പുൽകാൻ സന്നദ്ധയായി. അവർ മകളെ രഹസ്യമായി ഫോൺ ചെയ്തു വിവരം അറിയിച്ചു. അമീന അവർക്കു സാക്ഷ്യ വചനങ്ങൾ പറഞ്ഞു കൊടുത്തു. തൊട്ടു പിറകെ അമീനയുടെ അമ്മയുടെ രണ്ടാം ഭർത്താവും രഹസ്യമായി ഇസ്ലാംമതം സ്വീകരിച്ചു. ഇരുവരുടെയും മതം മാറ്റം കുറേക്കാലത്തേക്ക് അവർ പരസ്പരം അറിഞ്ഞിരുന്നില്ല എന്നതാണ് കൗതുക കരമായ മറ്റൊരു കര്യം.
അമീന അസൈലിമിയുടെ കത്തുകൾ കഠിന ഹൃദയനായ പിതാവിനെയും പിടിച്ചുലച്ചു. ഒരു പ്രഭാതത്തിൽ അദ്ദേഹം മകളെ തേടിയെത്തി. മുസ്ലിം ആയതിന്റെ പേരിൽ ഇരട്ടക്കുഴൽ തോക്കുമായി വർഷങ്ങൾക്ക് മുമ്പ്മകളെ കൊല്ലാൻ തുനിഞ്ഞിറങ്ങിയ ആ പിതാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.കലിമ ഉച്ചരിക്കുമ്പോൾ ആ മനുഷ്യന്റെ ചുണ്ടുകൾ പശ്ചാത്താപത്താൽ വിറയാർന്നിരുന്നു. പിരിയുമ്പോൾ, ആ പിതാവ് മകളോട് ചെയ്ത ക്രൂരതകളൊക്കെ അല്ലാഹുവിനോട് തുറന്നു പറഞ്ഞ് ഹൃദയത്തിലെ കറകളും ഭാരങ്ങളും നീക്കം ചെയ്ത് ഒരു പുതിയ മനുഷ്യനായി മാറിയിരുന്നു.
അമീനയുടെ കത്തുകൾ ബന്ധുക്കൾക്കും പരിചയക്കാർക്കും നിരന്തരം ലഭിച്ചു കൊണ്ടിരുന്നു. അതിന് പ്രതികരണം എന്ന നിലയിൽ നിരവധി പേർ അവരെ തേടിയെത്തി ഇസ്ലാം സ്വീകരിച്ചു കൊണ്ടിരുന്നു. ഒരു ദിനം കുനിഞ്ഞ ശിരസ്സോടെ തന്നെ കാണാൻ വന്ന ആഗതനെ കണ്ട് അമീന അസൈലിമി ശരിക്കും ഞെട്ടി. തന്റെ മുൻ ഭർത്താവ്…! താൻ ഒരു മുസ്ലിം ആയ സത്യം അദ്ദേഹം വെളിപ്പെടുത്തിയപ്പോൾ നാഥന് നന്ദി പറയാൻ അമീന ആകാശത്തിലേക്ക് കൈകൾ ഉയർത്തി. ദൈവിക ദർശനത്തിന്റെ വെളിച്ചത്തിൽ തരളിതനായ ആ മനുഷ്യൻ താൻ ചെയ്ത തെറ്റകൾക്ക് അമീനയോട് മാപ്പ് അഭർഥിച്ചു.
വിവാഹ മോചനത്തിനു ശേഷം മറ്റൊരാളെ വിവാഹം ചെയ്ത അമീന അസൈലിമിക്ക് ആ ബന്ധത്തിൽ ഒരു മകൻ ജനിച്ചിരുന്നു. 20 വർഷങ്ങൾക്ക് മുമ്പ് ക്രൂരനായ ഒരു ജഡ്ജി വഴി പിരിച്ച തന്റെ മക്കളിൽ ഒരാളെ മുസ്ലിമായി തന്നെ അമീനക്ക് തിരിച്ചു കിട്ടി. ഭ്രാന്തി എന്ന മുദ്രകുത്തി അമീനയെ ചങ്ങലയിൽ തളക്കാൻ ആവുന്നത്ര ശ്രമിച്ച സഹോദരിയും ഇസ്ലാമിന്റെ തണലിലേക്ക് നടന്നടുത്തു. കൊടുങ്കാറ്റുകൾ ആഞ്ഞു വീശിയിട്ടും സ്രഷ്ടാവിന്റെ മാർഗത്തിൽ സ്ഥൈര്യതൊടെ നിലകൊണ്ട അമീന അങ്ങനെ ചരിത്രത്തിലേക്ക് നടന്നു കയറുകയായിരുന്നു.
കടുത്ത ഇസ്ലാമോഫോബിയ വേട്ടയാടുന്ന അമേരിക്കൻ മനസ്സുകളിൽ ഒരു സുഖ ശീതള സ്പർശമായി നിറഞ്ഞു നിന്ന പ്രബോധകയായിരുന്നു അമീന അസൈലിമി. ഇവരുടെ ശ്രമഫലമായാണ് അമേരിക്കൻ ഐക്യ നാടുകളുടെ തപാൽ വകുപ്പിൽ ഈദുൽ ഫിത്വർ സ്റ്റാമ്പ് പുറത്തിറക്കാൻ ചരിത്രത്തിൽ ആദ്യമായി 2009 ൽ ആ രാജ്യം തയ്യാറായത്.
താൻ വിശ്വസിച്ച ആദർശത്തിനു സ്വന്ത ജീവിതം കൊണ്ട് വ്യാഖ്യാനം എഴുതിയ അമീന കടന്നു പോയ വഴികളിലൊക്കെ മാറ്റത്തിന്റെ കാറ്റ് ആഞ്ഞു വീശുകയായിരുന്നു.
“ഇസ്ലാം എന്റെ ശക്തിയും ഊർജവുമാണ്…അതെന്റെ ജീവിതത്തെ അർഥ സമ്പൂർണവും മനോഹരവും ആക്കി മാറ്റി.”
അമീന അസൈലിമിയുടെ ഈ വാക്കുകളും അവരുടെ ജീവിതാനുഭവങ്ങളും അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകളെ തേജസ്സുറ്റതാക്കുന്നു.