മുസ്‌ലിംകള്‍ യുദ്ധപ്രിയരാണെന്നും ഖുര്‍ആന്‍ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നതുകൊണ്ടാണതെന്നും ‘ജിഹാദാ’കുന്ന ഏറ്റുമുട്ടല്‍ ഊണിലും ഉറക്കിലും അവര്‍ക്ക് നിര്‍ബന്ധമാണെന്നും ഒട്ടേറെ ആളുകള്‍ ഇസ്‌ലാമിനെക്കുറിച്ച് തെറ്റുധാരണ വെച്ചുപുലര്‍ത്തുന്നുണ്ട്. എന്നാല്‍ വാസ്തവം അതിനെല്ലാമപ്പുറത്താണ്. അല്ലാഹു മനുഷ്യനെ സമാധാനഗേഹത്തിലേക്ക് ക്ഷണിക്കുന്നു (യൂനുസ് 25) എന്നാണ് ഖുര്‍ആന്‍ പറയുന്നത്. അസ്സലാം എന്നാണ് ഇസ്‌ലാമിന്റെ അഭിവാദ്യം തന്നെ. സ്വയംതന്നെ സമാധാനത്തിന്റെ വഴിത്താരയാണത്. ഖുര്‍ആന്‍ പറയുന്നു:
‘നിങ്ങള്‍ക്കിതാ അല്ലാഹുവില്‍നിന്ന് പ്രകാശവും വ്യക്തമായ ഗ്രന്ഥവും വന്നിരിക്കുന്നു. അല്ലാഹു തന്റെ പ്രീതി തേടിയവരെ അതുമുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവുമുഖേന അവരെ അന്ധകാരങ്ങളില്‍നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരികയും നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു'(മാഇദ 15,16).
സമാധാനം എന്ന അര്‍ഥം ലഭിക്കുന്ന ‘അസ്സല്‍മ്’ എന്ന വാക്കും അവയുടെ സഹപദങ്ങളും നൂറ്റിമുപ്പതിലേറെ തവണ ഖുര്‍ആനില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ യുദ്ധം എന്നര്‍ഥമുള്ള ‘ഹര്‍ബ്’ എന്ന വാക്ക് 6 ഇടങ്ങളില്‍മാത്രമാണുള്ളത്. സമാധാനം പ്രഖ്യാപിതലക്ഷ്യവും നിത്യഹരിതപ്രമേയവുമാണ് ഇസ്‌ലാമില്‍. യുദ്ധം സമാധാനത്തിനായി നിര്‍ബന്ധിതമായി സ്വീകരിക്കേണ്ടിവരുന്ന ആത്യന്തികതയാണ് എന്നര്‍ഥം.
അല്ലാഹു ഒരിക്കലും യുദ്ധത്തിന് കൊതിക്കുന്നില്ല എന്നതിന് ഖുര്‍ആന്‍ സൂക്തങ്ങള്‍ തന്നെ തെളിവ്. ‘അവര്‍ യുദ്ധത്തിന്റെ തീ കത്തിക്കുമ്പോഴെല്ലാം അല്ലാഹു അത് ഊതിക്കെടുത്തിക്കളയുന്നു. അവര്‍ ഭൂമിയില്‍ നാശം പരത്താന്‍ യത്‌നിക്കുകയായിരുന്നു. അല്ലാഹു ഭൂമിയില്‍ യുദ്ധവും കുഴപ്പവും ഉണ്ടാക്കുന്നവരെ സ്‌നേഹിക്കുന്നില്ല തന്നെ'(അല്‍മാഇദ 64).
സത്യനിഷേധത്തിന്റെ പാതയിലുറച്ചുനിന്ന് പ്രവാചകന്‍മാര്‍ക്കെതിരെ കുതന്ത്രങ്ങളൊപ്പിച്ചവര്‍ക്കെതിരെ സമര്‍പിക്കപ്പെട്ട കുറ്റപത്രം അവര്‍ ഭൂമിയില്‍ യുദ്ധത്തീ ആളിക്കത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണെന്നാണ്. എന്നാല്‍ ഖുര്‍ആന്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് കലാപകാരികളും സാമ്രാട്ടുകളും യുദ്ധത്തിന് കോപ്പുകൂട്ടുമ്പോള്‍ അതിനെ നിര്‍വീര്യനാക്കുന്ന സമാധാനത്തിന്റെ ദൈവമാണെന്നാണ്. അക്കാലത്ത് അറബ് ദേശത്ത് ആയുധവ്യവസായത്തിന്റെ കുത്തകവ്യാപാരികളായിരുന്നു യഹൂദന്‍മാര്‍. യുദ്ധം എക്കാലത്തും ആയുധക്കച്ചവടത്തിന്റെ ആവശ്യവും ഉല്‍പന്നവുമാണെന്നത് നാം മറന്നുപോകരുത്.
ഒരിക്കല്‍ ശത്രുസന്നാഹത്തെ പ്രതിരോധിക്കാന്‍ തിരുമേനിയും അനുയായികളും പുറപ്പെട്ടു. എന്നാല്‍ എന്തോ കാരണത്താല്‍ ശത്രുക്കളുമായി ഏറ്റുമുട്ടേണ്ടിവന്നില്ല. യുദ്ധം ഉണ്ടാകാത്തതില്‍ അനുയായികളില്‍ ചിലര്‍ അസംതൃപ്തി പ്രകടിപ്പിച്ചു. തിരുമേനി അവരെ ശാസിച്ചും ശിഷണം നല്‍കിയും ഇപ്രകാരം പറഞ്ഞു: ‘യുദ്ധം ആഗ്രഹിക്കരുത്. സ്വാസ്ഥ്യത്തിനുവേണ്ടി പ്രാര്‍ഥിക്കുക. എന്നാല്‍ യുദ്ധമുണ്ടായാല്‍ സമരമുഖത്ത് ഉറച്ചുനിന്ന് പൊരുതുകയും ചെയ്യുക'(മുസ്‌ലിം).
യുദ്ധങ്ങളുടെ കാരണം മതപരമല്ല, മറിച്ച് അധികാരക്കൊതിയുടെ രാഷ്ട്രീയമാണ്. യുദ്ധവിരുദ്ധമുഖത്തുള്ള സമാധാനത്തിന്റെ പ്രണേതാവായി ഇസ്‌ലാമിനെ കാണാനാവുന്നത് അതുകൊണ്ടാണ്. മനുഷ്യരെ കീഴ്‌പ്പെടുത്തി അധികാരം വാഴാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ക്കെതിരെ പ്രതിരോധംതീര്‍ക്കാന്‍ ഖുര്‍ആനില്‍ യുദ്ധവും യുദ്ധപ്രേരണകളും യുദ്ധനിരൂപണങ്ങളും ഉള്ളടക്കമായി വന്നതിന്റെ രഹസ്യം മറ്റൊന്നല്ല. ഇസ്‌ലാം ഒരേസമയം മതവും രാഷ്ട്രീയവുമാണെന്ന വസ്തുത മറന്നുപോകുന്നവര്‍ ഖുര്‍ആനിലെ യുദ്ധപാഠങ്ങള്‍ തെറ്റുധരിക്കുന്നത് സ്വാഭാവികമാണ്. വെട്ടാനും കൊല്ലാനുമുള്ള ഖുര്‍ആനികാഹ്വാനങ്ങള്‍ ഒരു രാഷ്ട്രത്തിനെതിരെ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയുള്ള സൈനികനീക്കങ്ങള്‍ മാത്രമാണ്. അല്ലാതെ ഒരു മതം മറ്റുമതവിശ്വാസികള്‍ക്കെതിരെ നടത്തുന്ന പടപ്പുറപ്പാടല്ല. കാഫിര്‍, മുശ്‌രിക് എന്നീ സാങ്കേതികപദാവലികള്‍ മതപരവും ദൈവശാസ്ത്രപരവും മാത്രമല്ല, രാഷ്ട്രീയഅര്‍ഥവുമുള്ളതാണ്. പവിത്രമാസങ്ങള്‍ പിന്നിട്ടുകഴിഞ്ഞാല്‍ മുശ്‌രിക്കിനെ കണ്ടിടത്തുവെച്ച് വധിക്കുകയെന്ന് പറഞ്ഞത് അവന്റെ ബഹുദൈവവിശ്വാസം കാരണമായല്ല, മറിച്ച് മക്കയിലെ രാഷ്ട്രത്തിനെതിരെ അവര്‍ നടത്തിയ രാജ്യദ്രോഹപ്രവര്‍ത്തനങ്ങളും മദീനാരാഷ്ട്രത്തിനെതിരായ ഹുദൈബിയാ കരാര്‍ ലംഘനവും മുന്‍നിര്‍ത്തിയാണ്. ഇതിന്റെ മറ്റൊരു തലമാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തുഹ്ഫത്തുല്‍ മുജാഹിദീന്‍(പോരാളികള്‍ക്കൊരു ഉപഹാരം) എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നത്. അധിനിവേശശക്തികളായ കാഫിറുകള്‍ക്കെതിരെ സാമൂതിരി രാജാവിന്റെ നേതൃത്വത്തിലുള്ള പോരാട്ടത്തില്‍ കഴിവുള്ളവരും പ്രായപൂര്‍ത്തിയെത്തിയവരുമായ എല്ലാ മുസ്‌ലിംസ്ത്രീപുരുഷന്‍മാരുടെയും പങ്കാളിത്തം നിര്‍ബന്ധ വ്യക്തിബാധ്യതയാണെന്ന് അദ്ദേഹം പറയുന്നത് കേവലമതചട്ടക്കൂടില്‍നിന്നല്ല, മറിച്ച് രാഷ്ട്രീയതലം പരിഗണിച്ചുകൊണ്ടുതന്നെയാണ്.
മുസ്‌ലിംകള്‍ യുദ്ധംചെയ്യുന്നത് കുഫ്‌റ് നിലനില്‍ക്കുന്നതുകൊണ്ടല്ല. ഏതെങ്കിലും രാജ്യത്ത് കാഫിറുകള്‍ ഉള്ളതുകൊണ്ടുമല്ല. എന്നല്ല, പലപ്പോഴും ഇസ്‌ലാമികരാജ്യത്തിനകത്തുതന്നെ ഇസ്‌ലാംസ്വീകരിക്കാത്ത, അതിനെ തള്ളിക്കളയുന്ന മറ്റ് മത-പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന പൗരന്‍മാരുമുണ്ട്. അവരെല്ലാം ഇസ്‌ലാമികഭരണകൂടത്തിന്റെ സംരക്ഷണയിലുള്ളവരാണ്. അവരുടെ ബഹുദൈവാരാധനാകേന്ദ്രങ്ങള്‍ക്ക് രാഷ്ട്രം സംരക്ഷണം നല്‍കുകയുംചെയ്യും. അത് രാഷ്ട്രത്തിന്റെ ദീനീബാധ്യതയാണ്. ‘അതിനാല്‍ മതംമാറ്റാന്‍ വേണ്ടി ഇസ്‌ലാം യുദ്ധംചെയ്യുന്നു. വാള്‍ത്തുമ്പില്‍ ആളുകളെ മുസ്‌ലിംകളാക്കുന്നു’ എന്ന നുണകള്‍ അജ്ഞരായ ആളുകള്‍ക്ക് മാത്രമേ പറഞ്ഞുനടക്കാനാകൂ.ഖുര്‍ആന്‍ പറയുന്നു: ‘മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം വക്രമാര്‍ഗങ്ങളില്‍നിന്ന് വേര്‍തിരിഞ്ഞ് സുതരാം വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു'(അല്‍ബഖറ 256).
അപ്പോള്‍ ബദ്‌റും ഉഹുദും ഖന്‍ദഖും ഖാദിസിയ്യയും എന്തിനുവേണ്ടിയായിരുന്നു? രണ്ടുലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ആ യുദ്ധങ്ങളെല്ലാം എന്ന് ചരിത്രം പരിശോധിക്കുമ്പോള്‍ ബോധ്യമാകും. അതിലൊന്ന് ഇസ്‌ലാം നേതൃത്വംനല്‍കുന്ന രാഷ്ട്രത്തിന്റെ ആത്മസംരക്ഷണാര്‍ഥം നടത്തിയ പ്രതിരോധനടപടിയുടെ ഭാഗമാണ്. മറ്റൊന്ന് എല്ലാ മതവിഭാഗത്തിന്റെയും ന്യൂനപക്ഷത്തിന്റെയും ആരാധനാസ്വാതന്ത്ര്യം നിലനിര്‍ത്താനും ആരാധനാലയങ്ങള്‍ സംരക്ഷിക്കാനും മര്‍ദ്ദിത-പീഡിതവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ച് ജനാധിപത്യമൂല്യങ്ങള്‍ ഉറപ്പുവരുത്താനും ആയിരുന്നു.
ഖുര്‍ആന്‍ പറയുന്നു: ‘ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും നിന്റെ വകയായി ഒരു രക്ഷാധികാരിയെയും സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ എന്ന് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന മര്‍ദ്ദിതരായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി നിങ്ങളെന്തുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധംചെയ്യുന്നില്ല'(അന്നിസാഅ് 78). മര്‍ദ്ദിതസമൂഹത്തിന് പ്രയാസവും ദുരിതവും സഹിച്ചാണെങ്കിലും, രക്ഷാമാര്‍ഗം കണ്ടെത്താന്‍ യുദ്ധംമാത്രമേ പോംവഴിയുള്ളൂ എന്നുള്ളപ്പോള്‍ അങ്ങനെയെങ്കിലും ആ സമൂഹത്തെ രക്ഷിക്കണം എന്നാണ് ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നത്.
മര്‍ദ്ദിതരായ ജനസമൂഹത്തിന്, യുദ്ധക്കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനതയ്ക്ക് മര്‍ദ്ദനപീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ യുദ്ധത്തിന് അല്ലാഹു അനുവാദം നല്‍കിയിട്ടുണ്ട്. അതിനുകാരണം മര്‍ദ്ദിതരാണ് ആ സമൂഹം എന്നതായിരുന്നു. തങ്ങളുടെ നാഥന്‍ ഏകനായ അല്ലാഹുവാണെന്ന് പ്രഖ്യാപിച്ചതിന്റെ പേരിലാണ് അവര്‍ മര്‍ദ്ദിക്കപ്പെടുന്നത്. യുദ്ധത്തിന് അനുവാദം നല്‍കിയശേഷം അതിന്റെ ലക്ഷ്യം അല്ലാഹു സുവ്യക്തമാക്കുന്നത് ഇങ്ങനെയാണ്: ‘അല്ലാഹു ജനങ്ങളില്‍ ഒരു വിഭാഗത്തെ ഉപയോഗിച്ച ് അക്രമികളായ മറുവിഭാഗത്തെ പ്രതിരോധിച്ചില്ലായിരുന്നുവെങ്കില്‍ അല്ലാഹുവിന്റെ നാമം ധാരാളമായി സ്മരിക്കപ്പെടുന്ന മഠങ്ങളും ചര്‍ച്ചുകളും യഹൂദസിനഗോഗുകളും പള്ളികളും ധാരാളമായി തകര്‍ക്കപ്പെടുമായിരുന്നു'(അല്‍ഹജ്ജ് 40).ചുരുക്കത്തില്‍ ഇസ്‌ലാം ഗത്യന്തരമില്ലാതെ യുദ്ധത്തെ സമീപിക്കുന്നത് സകലമതസ്ഥരുടെയും ആരാധനകളുടെയും ആരാധനാലയങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്താനാണ്.
‘കുഴപ്പം (ഫിത്‌ന) ഇല്ലാതാവുകയും ദീന്‍ മുഴുവന്‍ അല്ലാഹുവിനായിത്തീരുകയും ചെയ്യുന്നതുവരെ നിങ്ങള്‍ അവരോട് യുദ്ധംചെയ്യുക ‘(അല്‍അന്‍ഫാല്‍ 39) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ലോകം മുഴുവന്‍ ഇസ്‌ലാം നടപ്പില്‍ വരുത്താനാണല്ലോ ഖുര്‍ആന്റെ ആഹ്വാനം എന്ന് ചിലയാളുകള്‍ ഈ സൂക്തം മുന്‍നിര്‍ത്തി സംശയമുന്നയിക്കാറുണ്ട്. ആധുനികഇസ്‌ലാമികപണ്ഡിതനായ ഡോ. മുസ്ത്വഫസ്സിബാഈ തന്റെ ‘സമാധാനവും യുദ്ധവും ഇസ് ലാമില്‍ ‘ എന്ന പുസ്തകത്തില്‍ അതെക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ്: ‘ഫിത്‌ന അല്ലെങ്കില്‍ കുഴപ്പം എന്നതിന്റെ ഉദ്ദേശ്യം ശത്രുവിന്റെ കയ്യേറ്റം എന്നാണ് . ദീന്‍ (മതം) മുഴുവന്‍ അല്ലാഹുവിനാവുക എന്നതിന്റെ വിവക്ഷ മുഴുവന്‍ മനുഷ്യര്‍ക്കും മതസ്വാതന്ത്ര്യമനുവദിക്കപ്പെടുക ‘എന്നാണ്. ഈ രണ്ടുലക്ഷ്യങ്ങളും സ്ഥാപിതമാകുന്നിടത്ത് ഇസ് ലാമിന്റെ യുദ്ധം അവസാനിക്കുന്നു. ശത്രുക്കള്‍ കടന്നാക്രമണത്തില്‍നിന്നും മതവിശ്വാസവിഷയങ്ങളില്‍ ജനങ്ങളെ പീഡിപ്പിക്കുന്നതില്‍നിന്നും മാറിനിന്നാല്‍ അവരുമായി യുദ്ധം അനുവദനീയമല്ല. അല്ലാഹു പറയുന്നു: ‘എന്നാല്‍ അവര്‍ യുദ്ധത്തില്‍നിന്ന് വിരമിക്കുകയാണെങ്കിലോ അവരിലെ അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരാക്രമണവും പാടുള്ളതല്ല'(അല്‍ബഖറ 193).
ചുരുക്കത്തില്‍ ഇസ്‌ലാമിലെ യുദ്ധം എന്നത് വിശ്വാസികളും അവിശ്വാസികളുമെല്ലാമുള്‍ക്കൊള്ളുന്ന മനുഷ്യരുടെ ജനാധിപത്യപരമായ അവകാശത്തിനുവേണ്ടിയുള്ള രാഷ്ട്രീയഇടപെടലാണെന്ന് നിസ്സംശയം പറയാം.
കടപ്പാട് : ടി മുഹമ്മദ്.