ഒരു ഗ്രാമത്തില്‍ വലിയൊരു തണല്‍ മരമുണ്ടായിരുന്നു. വളര്‍ന്നു പടര്‍ന്ന് പന്തലിച്ച് വന്‍ കുട പോലെ നില്‍ക്കുന്ന മരത്തിന്റെ കാഴ്ച അതിമനോഹരമായിരുന്നു.
ദൂരെനിന്നുവന്ന ഒരു വിദഗ്ധന്‍ മരം പരിശോധിച്ചു. അതിലെ കായ്കള്‍ വിഷമയമാണെന്നും കുട്ടികളില്‍ രോഗങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളതാണെന്നും കണ്ടെത്തി. എന്നാല്‍ ഉടനെ മരം മുറിച്ചുകളയണമെന്ന് അയാള്‍ പറഞ്ഞില്ല.
ജനങ്ങള്‍ ഒത്തുകൂടുന്ന പ്രധാന കേന്ദ്രമായിരുന്നു ആ തണല്‍വൃക്ഷം. അത് മുറിച്ചുമാറ്റുകയെന്നു പറഞ്ഞാല്‍ അവര്‍ക്ക് സ്വന്തം കഴുത്തു മുറിക്കുന്നതിന് തുല്യമായിരുന്നു. വിഷവൃക്ഷമായിരുന്നെങ്കിലും അതിന്റെ കെടുതികള്‍ പെട്ടെന്നും നേരിട്ടും അനുഭവിച്ചിരുന്നില്ല. അതുകൊണ്ട് അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള പ്രസംഗവും പ്രചാരണവും അവര്‍ക്ക് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. തലമുറകളായി എല്ലാ പ്രായക്കാരും ആസ്വദിച്ചുവന്നിരുന്ന ആനന്ദമായിരുന്നു വൃക്ഷച്ചുവട്ടിലെ ഒത്തുകൂടല്‍. അവിടെ സൗഹൃദങ്ങള്‍ വളരുകയും ബന്ധങ്ങള്‍ ഉറക്കുകയും ചെയ്തിരുന്നു. ജനക്ഷേമകരമായ ഒട്ടേറെ പദ്ധതികള്‍ അവിടെ രൂപംകൊണ്ടിരുന്നു; കൊടുക്കല്‍ വാങ്ങലുകള്‍ നടന്നിരുന്നു.
അയാള്‍ ഒരു മനശ്ശാസ്ത്രവിദഗ്ധനും കൂടിയായിരുന്നു. പെട്ടെന്നുള്ള മാറ്റം ഒരു സമൂഹവും ഇഷ്ടപ്പെടുകയില്ലെന്ന് അയാള്‍ക്കറിയാമായിരുന്നു. അയാള്‍ അടുത്തുതന്നെ മറ്റൊരു ഫലവൃക്ഷം നട്ടു. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അത്, നിറയെ കായ്ഫലം തരുന്ന വന്‍വൃക്ഷമായി. പഴയ മരച്ചുവട്ടില്‍ വിശ്രമിച്ചിരുന്നവര്‍ പുതിയ മരത്തിന്റെ സുഖശീതളിമയില്‍ ഒത്തുകൂടി. വിഷമരം അനാഥമായി. വിദഗ്ധന്‍ നാട്ടുകാരുടെ സഹായത്തോടെ അത് മുറിച്ചു.
പരിഷ്‌കരണം എങ്ങനെ വേണമെന്നതിന്റെ മാതൃകയാണ് ഈ കഥ. പകരം വെക്കാനില്ലാത്ത പരിഷ്‌കരണം സമൂഹത്തെ ലക്ഷ്യബോധമില്ലാത്തവരും നിഷ്‌ക്രിയരുമാക്കും.
ഒരു തിന്മ ഇല്ലാതാക്കാന്‍ ഒട്ടേറെ നന്മകള്‍ വെട്ടിനിരത്തുന്നത് ബുദ്ധിശൂന്യതയാണ്. മാറ്റം ഉടനെ വേണമെന്ന് വാശിപിടിക്കുന്നവരാണ് സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്നത്. കഠിനമായ ശിര്‍ക്കും അനാചാരങ്ങളും ചെയ്തുകൊണ്ടിരുന്ന ജനസമൂഹത്തെ നബി മാറ്റിയെടുത്തത് നീണ്ട ഇരുപത്തിമൂന്ന് കൊല്ലം കൊണ്ടായിരുന്നു. അതും സൗമ്യമായ ഇടപെടലിലൂടെ. കഅ്ബയുടെ അകം നിറഞ്ഞിരുന്ന വിഗ്രഹങ്ങള്‍ പിഴുതുമാറ്റിയത് വിശ്വാസിയുടെ അകം തൗഹീദിന്റെ വെളിച്ചം നിറഞ്ഞ ശേഷമായിരുന്നു.
എല്ലാ പരിഷ്‌കാരങ്ങളും സാവധാനത്തിലേ നടപ്പാക്കാവൂ. ജനങ്ങളുടെ അംഗീകാരമില്ലാത്ത ഒരു പരിഷ്‌കരണവും പച്ചപിടിക്കുകയില്ല. മാനസികമാറ്റം വരുത്താത്ത ഒരു വിപ്ലവവും വിജയിക്കുകയില്ല. ഒരു വെട്ട് രണ്ട് കഷ്ണം എന്ന രീതിയില്‍ പരിഷ്‌കരണം നടപ്പാക്കണമെന്ന് വാശിപിടിക്കുന്നവര്‍ സമൂഹത്തെ കൂടുതല്‍ പിന്തിരിപ്പനാക്കുകയാണ് ചെയ്യുന്നത്. എന്തിനും വാശിപിടിക്കുന്നവര്‍ കൂടുതല്‍ എതിര്‍വാശിക്കാരെ സൃഷ്ടിക്കുന്നു.
ദീര്‍ഘവീക്ഷണമില്ലാത്തവരും ജനമനസ്സ് വായിക്കാനറിയാത്തവരും സ്വയം പരിഷ്‌കര്‍ത്താക്കളായി ചമയുമ്പോഴാണ് കാലുഷ്യങ്ങള്‍ വളരുന്നത്. പ്രതിരോധത്തിന്റെ ഭാഷ ശത്രുക്കള്‍ക്കു പോലും മനസ്സിലാകും. അക്രമത്തിന്റെ ഭാഷ അനുഭാവികള്‍ക്കു പോലും ദഹിക്കില്ല. അത്തരം അവിവേകത്തിന്റെ ബാക്കിപത്രമായി അക്രമ പരമ്പരകളുണ്ടാകുന്നതില്‍ ദുഃഖിച്ചിട്ടു കാര്യമില്ല. വാളെടുത്തവന്‍ വാളാല്‍ എന്ന യേശുവിന്റെ പ്രമാണം ഈ പശ്ചാത്തലത്തിലാണ് പ്രസക്തമാകുന്നത്. ‘പ്രവാചകരേ, നമ്മെ ആക്രമിക്കുമ്പോള്‍ നമുക്ക് തിരിച്ചടിച്ചൂകൂടേ?’ എന്ന് അനുയായികള്‍ ചോദിച്ചപ്പോള്‍ ‘ക്ഷമിക്കൂ’ എന്നായിരുന്നു നബിയുടെ മറുപടി. ശത്രുക്കളുടെ ആക്രമണങ്ങളാല്‍ പൊറുതിമുട്ടിയ സമയത്തായിരുന്നു നബിയുടെ ഉപദേശം. ഗുണകാംക്ഷ നിറഞ്ഞ നേതൃത്വവും അനുസരണയുള്ള അനുചരന്മാരുമായതുകൊണ്ടാണ് നബിയുടെ വിപ്ലവം വിജയിച്ചത്. നമ്മുടെ ചില പരിഷ്‌കര്‍ത്താക്കളുടെ നിലപാടായിരുന്നു നബിയുടേതെങ്കില്‍ നാട് കുട്ടിച്ചോറായേനേ. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ‘ക്ഷമ’ എന്ന അനുഗ്രഹത്തിന്റെ മാധുര്യം ആസ്വദിക്കാനാവുക. ക്ഷമയും നമസ്‌കാരവും കൊണ്ട് ദൈവസഹായം തേടുക എന്ന ഖുര്‍ആന്റെ ആഹ്വാനം പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ അടിത്തറയായി അംഗീകരിക്കേണ്ട ദര്‍ശനമാണ്.
‘പടയാളിയുടെ വാള്‍ ചോരയില്‍ മുങ്ങുന്നതിനു മുമ്പ് സാഹിത്യകാരന്റെ പേന മഷിയില്‍ മുങ്ങിയിരിക്കും’ എന്നത് ശ്രേഷ്ഠമായ ഒരാശയത്തിന്റെ മനോഹരമായ ആവിഷ്‌കാരമാണ്. പേനത്തുമ്പില്‍നിന്ന് ഉറ്റിവീണത് ഒരു ആശയത്തിന്റെ വിത്താണ്. സാഹിത്യകാരന്റെ പേനയില്‍നിന്ന് വാര്‍ന്നുവീണ വിപ്ലവാശയം കാലങ്ങള്‍ കടന്നുവന്നാണ് യാഥാര്‍ഥ്യമാകുന്നത്. പേന കൊണ്ട് എഴുതാന്‍ പഠിപ്പിച്ചവന്‍ എന്ന ഖുര്‍ആന്‍ വാക്യം ഈ വിപ്ലവാശയവുമായി ചേര്‍ത്തു വായിക്കേണ്ടതാണ്. അതിന് ഒരേപോലെ ചിന്തിക്കുകയും പണിയെടുക്കുകയും സദാ ജാഗ്രതയോടെ നിലയുറപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മ ആവശ്യമാണ്. ക്ഷമാലുക്കളായ ഒരു കൂട്ടം ആളുകളുടെ കൈകളിലൂടെ രൂപപ്പെട്ടുവരുന്ന പളുങ്കുപാത്രമാണ് വിപ്ലവം.
നബി ജ്ഞാനി മാത്രമല്ല, മനശ്ശാസ്ത്രവിദഗ്ധന്‍ കൂടിയായിരുന്നു. കായ്ഫലം തരുന്ന കല്‍പവൃക്ഷം നട്ട് വിഷവൃക്ഷം പിഴുതുകളയുന്ന സൂക്ഷ്മ പരിഷ്‌കരണമാണ് നബി നടപ്പിലാക്കിയത്. യുദ്ധത്തിന്റെയും ഗോത്രവൈരത്തിന്റെയും അനാചാരങ്ങളുടെയും നരകത്തില്‍നിന്ന് മോചിപ്പിച്ച് വിശ്വാസത്തിന്റെ തെളിനീരൊഴുകുന്ന, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പൂക്കള്‍ വിരിയുന്ന ആരാമം അവിടുന്ന് പകരം നല്‍കി.
ഹിറാ ഗുഹയിലെ ഇരുട്ടില്‍ ദിവ്യത്വത്തിന്റെ അനന്തതയില്‍നിന്ന് പ്രവാചകന്റെ ഹൃദയത്തില്‍ വന്നുവീണ ‘വായിക്കൂ, നിന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തില്‍’ എന്ന വിത്താണ് ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട് വളര്‍ന്നുപന്തലിച്ച് ഒരു ഇസ്‌ലാമിക രാഷ്ട്രമായത്. ഇസ്‌ലാമിന്റെ അടിത്തറയായ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യം എക്കാലവും ഫലം തരുന്ന വന്‍വൃക്ഷം പോലെയാണെന്ന അല്ലാഹുവിന്റെ ഉപമ ഹൃദ്യവും ചിന്തോദ്ദീപകവുമാണ്. വിത്ത് വൃക്ഷമായി രൂപാന്തരപ്പെടുന്നതിന് വേണ്ടിവരുന്ന കാലദൈര്‍ഘ്യവും ശ്രദ്ധയും പരിചരണവും സഹനവും പ്രസ്ഥാന വളര്‍ച്ചക്കാവശ്യമാണെന്ന സൂചനയും ദൈവവാക്യത്തിലടങ്ങിയിരിക്കുന്നു. വിത്ത് മുളച്ച് വൃക്ഷമാവുന്നതുപോലെയുള്ള പ്രക്രിയയാണ് ഏതൊരു ആശയത്തിന്റെയും വളര്‍ച്ച. അതിന് പരിചരണവും അര്‍പ്പണബോധവും ക്ഷമയും ത്യാഗവും ആവശ്യമാണ്.
കെ.പി ഇസ്മാഈല്‍