ഇംഗ്ലണ്ടിലെ ഇസ്ലാം വ്യാപനത്തിനുപിന്നിൽ സുപ്രധാന കണ്ണിയായി വർത്തിച്ചത് അബ്ദുല്ല വില്യം ഹെൻറി കുല്യം(1856-1932) ആണ്.ഇസ്ലാം ആശ്ലേഷിച്ച ആദ്യ ഇംഗ്ലീഷുകാരിലൊരാളാണ് അദ്ദേഹം.
അഭിഭാഷകനായ ഹെൻറി കുല്യം 1887 ൾ ചികിത്സക്കായി മൊറോക്കോയിലേക്ക് പോയിരുന്നു. ആ യാത്രക്കിടയിലാണ് അദ്ദേഹത്തിൻറെ ഇസ്ലാം സ്വീകരണം.സഹയാത്രികരായ ഒരു കൂട്ടം ഹാജിമാരുടെ സ്വഭാവരീതികളും ആരാധനകളുമൊക്കെയാണ് അദ്ദേഹത്തെ ആകർഷിച്ചത്.
ഇംഗ്ലണ്ടില്‍ തിരികെയെത്തിയ അദ്ദേഹം ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളിൽ മുഴുകി. തദ്ഫലമായി അറുനൂറിലധികം ബ്രിട്ടീഷുകാര്‍ ഇസ്ലാം സ്വീകരിക്കുകയുണ്ടായി.
ആൺകുട്ടികൾക്ക് ബോർഡിംഗ് സ്കൂളുകളും പെൺകുട്ടികൾക്ക് പകൽ ക്ലാസ്സുകളും അനാഥ കുഞ്ഞുങ്ങളെ ഏറ്റെടുത്ത് ഓർഫനേജ് തുടങ്ങുകയും ചെയ്തു.
1889 ൽ ലിവർപൂളിൽ ഇംഗ്ലണ്ടിലെ ആദ്യമസ്ജിദും ഇസ്ലാമിക് സെൻററും അദ്ദേഹം സ്ഥാപിച്ചു. അതേ വർഷം തന്നെ The faith of Islam എന്ന കൃതി പ്രസിദ്ധീകരിച്ചു.വിക്ടോറിയൻ കാലഘട്ടത്തിലെ ശാസ്ത്രവീക്ഷണങ്ങൾ മുന്നില്‍ വെച്ച് രചിച്ച ഈ കൃതിക്ക്മൂന്ന് എഡിഷനുകളിറങ്ങി.13 ഭാഷകളിലേക്ക് അത് വിവർത്തനം ചെയ്യപ്പെട്ടു.കൃതിക്കുണ്ടായ കീർത്തി കാരണം വിക്ടോറിയാ രാജ്ഞി അതിൻറെ ഒരു കോപ്പി വാങ്ങി സൂക്ഷിച്ചു. അദ്ദേഹത്തിന്‍റെ Islamic world എന്ന മാസികക്ക് ലോകതലത്തില്‍ സ്വീകാര്യത ലഭിച്ചിരുന്നു.
ക്രിസ്തീയ പുരോഹിതരും ഇംഗ്ലീഷ് മീഡിയയും സൃഷ്ടിച്ച മുൻവിധികൾ കാരണം ധാരാളം പീഡനങ്ങൾക്ക് അദ്ദേഹം ഇരയായി.അദ്ദേഹം യാത്ര ചെയ്യുമ്പോൾ ജനം അദ്ദേഹത്തിനുനേരെ പന്നിത്തലകളും കല്ലുകളുമെറിഞ്ഞു.വധശ്രമത്തിനുമിരയായി.
ഉസ്മാനീ ഖലീഫ സുൽത്താൻ അബ്ദുൽഹമീദ് രണ്ടാമൻ അബ്ദുല്ല കുല്യമിനെ ബ്രിട്ടീഷ് മുസ്ലിംകളുടെ ശൈഖുൽ ഇസ്ലാമായി നിയോഗിച്ചു. പേർഷ്യൻ -അഫ്ഗാൻ ഭരണകൂടങ്ങളും അദ്ദേഹത്തെ ബ്രിട്ടീഷ് മുസ്ലിംകളുടെ നേതാവായി പരിഗണിച്ചിരുന്നു.
പാശ്ചാത്യ സമൂഹത്തില്‍ മതാന്ധത സൃഷ്ടിച്ച പ്രശ്നങ്ങളെയും അനന്തരഫലങ്ങളെയും അത്തരമൊരു മതാന്ധതയെ സമചിത്തതയോടെ നേരിട്ട മുഹമ്മദ് നബി(സ)യുടെ ജീവിത പശ്ചാത്തലം വെച്ച് പഠനവിധേയമാക്കുന്ന ഇദ്ദേഹത്തിന്‍റെ കൃതിയാണ് 1890 ൽ രചിക്കപ്പെട്ട fantastics and fanaticism …..
കടപ്പാട് :പ്രബോധനം വാരിക