ഈ ലോകത്തിന്റെ നിഗൂഢതകള്‍ക്ക് പിന്നിലൊരു പരാശക്തിയുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് മനുഷ്യരിലെ ബഹുഭൂരിഭാഗവും. ആ ആദിമ ശക്തിയോട് മനുഷ്യകുലത്തിനുള്ള പ്രത്യക്ഷമായ ബന്ധത്തെ പ്രതിനിധീകരിക്കുന്നവയാണ് വേദങ്ങള്‍. മനുഷ്യസ്രോതസ്സില്‍നിന്നല്ലാതെ ദൈവിക സ്രോതസ്സില്‍നിന്ന് ആശയ സ്വീകരണം നടത്തപ്പെട്ടിട്ടുള്ളവയാണ് വേദങ്ങള്‍. അന്തിമമായ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. സ്വയം അത് അങ്ങനെ അവകാശപ്പെടുകയും ചെയ്യുന്നു. മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാനപരമായ ഒരു നിര്‍വചനമാണ് ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന ദര്‍ശനം. നീതി എന്ന ഒറ്റ അളവുകോല്‍ കൊണ്ട് മനുഷ്യ ജീവിതത്തെയും അതിന്റെ പശ്ചാത്തലങ്ങളെയും നിര്‍വചിക്കാന്‍ മനുഷ്യന് ശേഷി നല്‍കുകയാണ് ഖുര്‍ആന്‍ എന്ന് ഒറ്റവാക്കില്‍ ആ ദര്‍ശനത്തെ പരിചയപ്പെടുത്താം.
ദൈവികമായ വചന ഭാഷണങ്ങളുടെ മനുഷ്യ ഭാഷയാണ് എല്ലാ വേദഗ്രന്ഥങ്ങളുടേതും. ധ്യാനാത്മകമായ ആലോചനയുടെയും ജ്ഞാന ശേഷിയുടെയും മികവ് കൊണ്ട് വായിക്കപ്പെടേണ്ടവയാണ് എല്ലാ വേദഗ്രന്ഥങ്ങളും. ആശയങ്ങളെ ആഴങ്ങളില്‍ അടക്കം ചെയ്തിരിക്കുന്നുവെന്ന സവിശേഷതയാണ് വേദഗ്രന്ഥങ്ങള്‍ക്കുള്ളത്. ഖുര്‍ആനെ സംബന്ധിച്ചാണെങ്കില്‍, വായിക്കുന്നവന്റെ വൈജ്ഞാനികവും അനുഭവപരവുമായ ശേഷികള്‍ കൊണ്ട് മാത്രം വെളിപ്പെടുകയും ആര്‍ജിതമാവുകയും ചെയ്യുന്ന ആന്തരിക വിജ്ഞാനങ്ങളാണ് അതില്‍ ഉള്ളടങ്ങിയിരിക്കുന്നത്. ആഴങ്ങളില്‍ തിരയുന്നവര്‍ക്ക് മാത്രം വെളിപ്പെടുത്തിക്കൊടുക്കുന്ന ഈ ആന്തരിക വിജ്ഞാനങ്ങളെ വായിച്ചെടുക്കാന്‍ എല്ലാവര്‍ക്കും സാധിച്ചുകൊള്ളണമെന്നില്ല. വായിക്കുന്നവരില്‍ എല്ലാവരിലും അത് സൃഷ്ടിക്കുന്ന ജ്ഞാന പരിസരങ്ങളുടെ വ്യാപ്തി അവരുടെ വൈയക്തികമായ ശേഷികളെക്കുടി ആസ്പദിച്ചായിരിക്കും എന്ന് സാരം. ബുദ്ധിമാന്മാര്‍ക്കും ദാര്‍ശനികന്മാര്‍ക്കുമായി അത്തരം അറിവുകളെ ഖുര്‍ആന്‍ പരിമിതപ്പെടുത്തിയിരിക്കുന്നു എന്നും ഖുര്‍ആന്‍ തന്നെ പ്രസ്താവിക്കുന്നുണ്ട്.1
ഖുര്‍ആനിന്റെ ആഴങ്ങളില്‍നിന്ന് അതിന്റെ ദര്‍ശനങ്ങള്‍ ജീവിതത്തിന്റെ ആദര്‍ശങ്ങളിലേക്കും ജീവിക്കുന്ന സമൂഹത്തിന്റെ പരിസരങ്ങളിലേക്കും നിരന്തരമായി പുനഃപ്രതിഷ്ഠിക്കപ്പെടുന്നതിലു
പശ്ചാത്തലങ്ങളുടെ പിന്‍ബലങ്ങളില്‍നിന്ന് മാത്രമേ ഒരാള്‍ക്ക് ഏതൊരു വായനയെയും സമീപിക്കാന്‍ സാധിക്കൂ. പശ്ചാത്തലങ്ങള്‍ക്ക് മാറ്റങ്ങളുണ്ടാകുമ്പോള്‍ വായിക്കപ്പെടുന്ന ആശയങ്ങള്‍ക്കും തദനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു. ആ മാറ്റങ്ങള്‍ പുരോഗമനാത്മകമാണോ എന്നതിനെ ആശ്രയിച്ചാണ് ഒരു വായന പ്രസക്തമാകുന്നതും അത് നിലനില്‍ക്കുന്നതും. അങ്ങനെയല്ലാത്ത വായനകള്‍ക്ക് കാലത്തെ അതിജീവിച്ച് അധികകാലം പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. അവ വളരെ വേഗം തിരസ്‌കരിക്കപ്പെട്ടുപോകും. ഖുര്‍ആനെപ്പറ്റി പറയുകയാണെങ്കില്‍ മനുഷ്യന്റെ സാമൂഹികമായ വിജ്ഞാനങ്ങളുടെ പരിധികള്‍ വ്യത്യസ്തമാകുംതോറും, അഥവാ പശ്ചാത്തലങ്ങള്‍ പുരോഗമിക്കുംതോറും ഖുര്‍ആന്റെ ഓരോ ആശയത്തിനും കൂടുതല്‍ ആഴങ്ങള്‍ കൈവന്നുകൊണ്ടിരിക്കും. എക്കാലത്തും നിലനില്‍ക്കുന്നതാണ് ഖുര്‍ആനിക വായനയെന്ന് നാം അവകാശപ്പെടുമ്പോള്‍ വായനയില്‍ സംഭവിക്കേണ്ട കാലികമായ പുരോഗമനാത്മകതയാണ് അത് ആവശ്യപ്പെടുന്നത്.
മനുഷ്യന്റെ വിജ്ഞാനങ്ങളും കാഴ്ചപ്പാടുകളും പുരോഗമിക്കും തോറും അവര്‍ സൃഷ്ടിച്ച ഭൂതകാലബോധങ്ങളെ അവര്‍ തന്നെ തിരുത്തുകയും പുതിയ വര്‍ത്തമാനങ്ങള്‍ തീര്‍ക്കുകയുമാണ് മനുഷ്യകുലത്തില്‍ ഇന്നോളം സംഭവിച്ചിട്ടുള്ളത്. അവന്റെ തന്നെ ഭൂതകാലത്തില്‍നിന്ന് വര്‍ത്തമാന കാലത്തിലേക്കുള്ള പരിണാമത്തെയും അവക്ക് ആധാരമാകുന്ന ശാസ്ത്രത്തെയുമാണ് സാമൂഹികശാസ്ത്രമെന്ന് നാം വിളിക്കുന്നത്. ഓരോ കാലത്തിനും അതിന്റേതായ സാമൂഹികശാസ്ത്രമുണ്ട്. ആ കാലത്തിന്റെ സാമൂഹികമായ പശ്ചാത്തലമെന്നാല്‍ അന്നത്തെ സാമൂഹികശാസ്ത്രമാണ്. സാമൂഹിക ശാസ്ത്രത്തിന്റെ വളര്‍ച്ചയും അതിലൂടെ രൂപം കൊള്ളുന്ന കാഴ്ചപ്പാടുകളുമാണ് മനുഷ്യന്റെ എല്ലാ പുരോഗതിയുടെയും അടിസ്ഥാനം. മനുഷ്യന്റെ ജീവിത സാഹചര്യങ്ങളെ അടിമുടി പരിഷ്‌കരിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക ശാസ്ത്രം ഖുര്‍ആനിക വായനയുടെ പശ്ചാത്തലമായി പരിഗണിക്കപ്പെടേണ്ടതുണ്ടോ എന്നതാണ് ഒരു വിഷയം. അങ്ങനെയെങ്കില്‍ മറ്റൊരു കാലത്തെ സാമൂഹികശാസ്ത്രത്തെയും അന്നത്തെ സാമൂഹിക സവിശേഷതകളെയും അഭിമുഖീകരിച്ചുകൊണ്ട് നിര്‍ദേശിക്കപ്പെട്ട കല്‍പനകളെ എങ്ങനെയാണ് പുതിയൊരു സാമൂഹിക സാഹചര്യത്തില്‍ സ്വീകരിക്കേണ്ടത് എന്നതാണ് ആലോചനകളില്‍ പ്രധാനമാകേണ്ടത്.
ഉദാഹരണമായി, ഒരു സന്ദിഗ്ധമായ രാഷ്ട്രീയ ഘട്ടത്തില്‍ കടുത്ത ലംഘനം നടത്തി സഖ്യകക്ഷിയെ ഒരു മഹാ വിപത്തിലേക്ക് തള്ളിവിട്ട ഒരു ഗോത്ര വിഭാഗത്തെ മുഹമ്മദ് നബി (സ) നേരിട്ടത് കായികമായായിരുന്നു. അനുയായികളെയുമായി അവര്‍ക്കെതിരെ പട നയിച്ചും അവര്‍ ചെയ്ത സാമൂഹികമായ ഒരു അനീതിയെയും മ്ലേഛതയെയും മുന്‍നിര്‍ത്തി അവരെ ആക്രമിച്ചും നീതിയുടെ ഒരു പാഠം അദ്ദേഹം അക്കാലത്തെ ജനങ്ങള്‍ക്കു മുമ്പില്‍ കാണിച്ചു കൊടുത്തു. ഖുര്‍ആനികമായ വിജ്ഞാനത്തിന്റെ പിന്‍ബലത്തിലാണ് മുഹമ്മദ് നബിയുടെ സമ്പൂര്‍ണമായ ജീവിതമെന്നിരിക്കെ, അദ്ദേഹം ഖുര്‍ആനെ അന്നത്തെ സാമൂഹിക സാഹചര്യത്തിനനുസൃതമായി ഉള്‍ക്കൊണ്ടതുകൊണ്ടാണ് അങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. ദേശരാഷ്ട്രങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളും ദേശാതിര്‍ത്തികളും രാഷ്ട്രങ്ങള്‍ക്കുള്ള പൊതുനിയമങ്ങളും വികസിച്ചു വന്നിട്ടില്ലാത്ത അന്നത്തെ ഗോത്രാധിഷ്ഠിത സാഹചര്യങ്ങളെയും അന്നത്തെ സാമൂഹിക ശാസ്ത്രത്തെയും വിശകലനം ചെയ്യാതെ ഇന്നും കരാര്‍ ലംഘകരും ചതിയന്മാരുമായ സമൂഹങ്ങളോട് ഒരു രാജ്യത്തിനകത്തെ മുസ്ലിംകള്‍ക്കോ ഒരു മുസ്ലിം രാജ്യത്തിനോ ഈയൊരു നിലപാട് അനുവര്‍ത്തിക്കാമോ എന്നതാണ് ചോദ്യം. പാടില്ല എന്നാണ് ഉത്തരമെങ്കില്‍, അതിന്റെ കാരണമെന്ത്? മുഹമ്മദ് നബി കാണിച്ചുതന്ന ഒരു നീതിനിര്‍വഹണ രീതിയെയും അദ്ദേഹത്തിന്റെ ഖുര്‍ആനിക വിജ്ഞാനത്തെയും നിരാകരിക്കലാകുമോ അത്? ഇന്നത്തെ സാമൂഹിക ശാസ്ത്രത്തെയും സാഹചര്യങ്ങളെയും പരിഗണിക്കുകയും അതിനുള്ളില്‍നിന്ന് കരാര്‍ ലംഘനം, ചതി, ഗൂഢാലോചന, രാഷ്ട്രീയമായ കുറ്റങ്ങള്‍ ഇവയെ നേരിടുകയും വേണമെന്ന ഉത്തരമാണ് നമുക്ക് പറയാനുള്ളതെങ്കില്‍, ഖുര്‍ആന്റെ മുഴുവന്‍ വായനകളും ഈയൊരു പശ്ചാത്തലപരതയെ ഉള്‍ക്കൊണ്ടുകൊണ്ടു മാത്രമേ നടത്താന്‍ പാടുള്ളൂ എന്ന് നമുക്ക് സമ്മതിച്ചേ പറ്റൂ. തിന്മകള്‍ എക്കാലത്തും തിന്മകള്‍ തന്നെയാണ്; നന്മകള്‍ നന്മകളും. എന്നാല്‍ ആ തിന്മകളെ തിരുത്തേണ്ടതും നന്മകളെ സ്വീകരിക്കേണ്ടതുമായ വഴികള്‍ എല്ലാ കാലത്തും ഒരു നിലകളില്‍ തന്നെ ആകണമെന്നില്ല. ലക്ഷ്യങ്ങളെ അപ്രസക്തമാക്കാതെ അവയിലേക്കുള്ള വഴികളെ കണ്ടെത്തലാണ് ഖുര്‍ആനിക വായനകളിലൂടെ സംഭവിക്കേണ്ടത്.
ഓരോ വ്യക്തിക്കും ഖുര്‍ആനില്‍ ഓരോ വായനാനുഭവമുണ്ട്. ആലോചനയും ചിന്തയും ധിഷണയും കൊണ്ട് വായിക്കപ്പെടേണ്ട ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്ന് അംഗീകരിക്കുന്നവര്‍ക്ക് ഈ നിലപാടിനെ നിഷേധിക്കാന്‍ കഴിയില്ല. കാരണം ഓരോ മനുഷ്യന്റെയും ആലോചനകളും ചിന്തകളും ധിഷണാപരമായ ശേഷികളും വ്യത്യസ്തങ്ങളാണ്. ഒരാളുടെ ഇത്തരം ബൗദ്ധിക ശേഷികളെയും ആഖ്യാനപരമായ കണ്ടെത്തലുകളെയും മറ്റൊരാളായി നിന്ന് കൊണ്ട് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. നമ്മെത്തന്നെ പൂര്‍ണമായി കണ്ടെത്താനുള്ള ശ്രമകരമായ യജ്ഞമാണ് ഐഹിക ജീവിതമെന്നിരിക്കെ, അതില്‍ പോലും നമുക്ക് വിജയിക്കാന്‍ സാധിക്കാതെ പോകുന്നുവെന്നിരിക്കെ, എങ്ങനെയാണ് നാം അന്യനെ കണ്ടെത്തുന്നത്? അതുകൊണ്ടുതന്നെ ഖുര്‍ആന്റെ വൈയക്തികമായ വായനകളാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതാദര്‍ശത്തെ രൂപപ്പെടുത്തേണ്ടത്. ഒരാള്‍ ഖുര്‍ആനെ വായിക്കുമ്പോള്‍ പശ്ചാത്തലങ്ങളായി മുന്നില്‍ നില്‍ക്കുന്നത് അയാളുടെ അറിവുകളും അയാളുടേതു മാത്രമായ ജീവിതാനുഭവങ്ങളും അയാള്‍ കടന്നുപോയ സാഹചര്യങ്ങളും അവയെ ഖുര്‍ആനുമായി കൂട്ടിയോജിപ്പിക്കുന്ന അയാളുടെ ധിഷണയുമാണ്. ഇതൊന്നും മനുഷ്യരില്‍ ഏകതാനകമായതല്ല. ഓരോരുത്തരിലും ഏറിയും കുറഞ്ഞുമിരിക്കുന്ന ഈ ശേഷികള്‍ ഒരാള്‍ക്ക് ലഭിക്കുന്നത് ദൈവികമായ വരദാനമായാണ്. ഒരു പ്രവാചകന്‍ വന്ന് വേദവായനയെ ഏകതാനകമാക്കാനുള്ള ഒരു സാധ്യതയെയും ഇസ്ലാം അവശേഷിപ്പിച്ചിട്ടുമില്ല. സ്വന്തം ശേഷികളോടും അവ കൊണ്ട് വായിക്കപ്പെടുന്ന ആശയങ്ങളോടും നീതിയും കൂറും പുലര്‍ത്തുകയെന്നതു തന്നെയാണ് തന്റേതായ വേദഭാഷ്യത്തെ കണ്ടെത്താന്‍ ഒരാള്‍ക്ക് വേണ്ടത്. അതില്‍ അയാള്‍ സത്യസന്ധനായിരിക്കുന്നേടത്തോളം കാലം അയാള്‍ സ്വന്തം ദൗത്യം നിര്‍വഹിക്കുകയാണ്.
ലോകത്തെ എല്ലാ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ക്കും അതിന്റെയടിസ്ഥാനത്തില്‍ രചിക്കപ്പെട്ടിട്ടുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ക്കും വായനയുടെയും വ്യാഖ്യാനത്തിന്റെയും ചില പരിമിതികള്‍ ബാധകമാണ്. ഒരാളിന്റെ ആയുസ്സിന്റെയും അയാള്‍ കഴിച്ചുകൂട്ടിയ കാലത്തിന്റെയും, ഈ രണ്ട് പശ്ചാത്തലങ്ങളില്‍നിന്നായി അയാള്‍ ആര്‍ജിച്ച അനുഭവങ്ങള്‍, കാഴ്ചപ്പാടുകള്‍, വിജ്ഞാനങ്ങള്‍ എന്നിവയുടെയും സ്വാധീനങ്ങളും പരിമിതികളും എല്ലാ ഗ്രന്ഥങ്ങളിലുമുണ്ട്. ഒരാള്‍ക്ക് ഖുര്‍ആനിലേക്ക് താന്‍ കടന്നുപോയ വഴികളെക്കുറിച്ച് മാത്രമേ സംസാരിക്കാന്‍ സാധിക്കൂ. ഒരുപക്ഷേ ആ വഴികള്‍ മറ്റൊരാളിന്റെ വഴികളിലേക്കുള്ള കൈവഴികളാകാം; അയാളുടെ മതത്തിലേക്കുള്ള വഴി അതാകണമെന്ന് ശഠിക്കാന്‍ രണ്ടാമതൊരാള്‍ക്ക് യാതൊരവകാശവുമില്ല. അത്തരം ശാഠ്യങ്ങള്‍ക്ക് മതപരമായി സാധുതയുമില്ല. ഒരു ആശയസ്രോതസ്സും അതിന്റെ വായനക്കാരനും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധമാണ് വ്യാഖ്യാനമെന്ന് പറയാം.2 വായനക്കാരന്റെ ആസ്വാദന ശേഷിയോടും നൈപുണ്യത്തോടും നേരിട്ട് സംവദിക്കേണ്ട മൂല ഗ്രന്ഥം ഒരു മാധ്യമത്തിന് വിധേയമാകുന്നു എന്ന ഒരു പരിമിതി കൂടി വ്യാഖ്യാനങ്ങള്‍ ആധികാരികമാകുന്നതോടെ സംഭവിക്കുന്നുണ്ട്. വ്യാഖ്യാതാവിന് വീണ്ടും വായനക്കാരനുണ്ടാകുമ്പോള്‍ മൂലഗ്രന്ഥം നിര്‍വഹിക്കേണ്ട ദൗത്യത്തിന് കാര്യമായ ഉലച്ചിലുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. വ്യാഖ്യാതാവിന് സുദീര്‍ഘമായ ഒരു കാലയളവു കൂടി ജീവിക്കാനും പുതിയ അനുഭവങ്ങളെയും വിജ്ഞാനങ്ങളെയും ജീവിതസന്ദര്‍ഭങ്ങളെയും സാമൂഹികാവസ്ഥകളെയും പരിചയപ്പെടാനും അവസരമുണ്ടായിരുന്നുവെങ്കില്‍ ആ വ്യാഖ്യാതാവിനു തന്നെ തന്റെ നിലപാടുകള്‍ പലതും പുതുക്കി സ്ഥാപിക്കേണ്ടി വരുമായിരുന്നു. മഹാനായ പണ്ഡിതന്‍ ഇമാം ശാഫിഈയുടെ ജീവിതം മതത്തിന്റെ ഇത്തരം പുതു വ്യാഖ്യാനങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമാണ്. കൂഫയിലെ ദീര്‍ഘകാലത്തെ ജീവിതത്തിനിടയിലാണ് അദ്ദേഹം ഖുര്‍ആന്റെയും പ്രവാചക ചര്യകളുടെയും വായനകള്‍ നടത്തിയതും ആ വിജ്ഞാനങ്ങളുടെ അടിസ്ഥാനത്തില്‍ നിലപാടുകള്‍ കൈക്കൊണ്ടതും. മതത്തിന്റെ ജീവിതദര്‍ശനത്തെയും സാമൂഹികവും കര്‍മപരവുമായ ശാസ്ത്രങ്ങളെയും സംബന്ധിച്ച് അക്കാലത്ത് അദ്ദേഹം ഒരുപാട് സംസാരിച്ചു. നിരവധി പേര്‍ക്ക് സംശയനിവാരണങ്ങള്‍ നടത്തുകയും സ്വന്തം സത്യാന്വേഷണങ്ങള്‍ തുടരുകയും ചെയ്തു. പിന്നീട് ഈജിപ്തിലേക്ക് താമസം മാറ്റിയ ഒരു ഘട്ടത്തില്‍ ഇമാം ശാഫിഈക്ക് മുന്നില്‍ തുറക്കപ്പെട്ടത് കൂഫയില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സാമൂഹിക സാഹചര്യമായിരുന്നു. പുതിയ ലോകം, പുതിയ കാലം, പുതിയ സംസ്‌കാരം, പുതിയൊരു സാമൂഹികശാസ്ത്രം. അങ്ങനെ എല്ലാം കൊണ്ടും പുതുതായ ജീവിതസാഹചര്യങ്ങളിലാണ് ഈജിപ്തില്‍ അദ്ദേഹം കഴിച്ചുകൂട്ടിയിരുന്നത്. അദ്ദേഹത്തിന്റെ വേദവായനയിലും മതവായനയിലും പുതിയ പശ്ചാത്തലങ്ങള്‍ രൂപപ്പെട്ടു. ആ രൂപപ്പെടലുകള്‍ അദ്ദേഹത്തിന്റെ ഫിഖ്ഹില്‍ പോലും കാര്യമായ മാറ്റങ്ങള്‍ വരുത്തി. ഇമാം ശാഫിഈയുടെ പുതിയ അഭിപ്രായങ്ങള്‍ എന്ന പേരില്‍ ഒരു വിജ്ഞാന ശാഖ തന്നെ രൂപപ്പെട്ടുവന്നത് ഇങ്ങനെ സാമൂഹികശാസ്ത്രപരമായ പശ്ചാത്തലങ്ങളുടെ മാറ്റങ്ങള്‍ വഴിയാണ്. വിഭിന്നമായ മറ്റൊരു സാമൂഹിക പശ്ചാത്തലത്തിലും മറ്റൊരു കാലത്തും ജീവിക്കാന്‍ കഴിയാതെ പോയതുകൊണ്ടാണ് മറ്റൊരു പുനര്‍വായനക്ക് അദ്ദേഹത്തിന് അവസരങ്ങളില്ലാതെ പോയത്.
വായിക്കുകയെന്ന ആഹ്വാനവുമായി ആരംഭം കുറിച്ച വിശുദ്ധ ഖുര്‍ആന്‍ എന്തിനു വേണ്ടി വായിക്കപ്പെടണം എന്ന ആലോചനകളാണ് അതിന്റെ വായനയെ സമ്പുഷ്ടമാക്കുന്ന വൈവിധ്യങ്ങളിലേക്ക് നമ്മെ നയിക്കുന്നത്. പതിനാല് നൂറ്റാണ്ടായി ഘടനക്കും ആശയങ്ങള്‍ക്കും യാതൊരു മാറ്റവും വരാതെ നിലനില്‍ക്കുന്ന ഒരു വേദഗ്രന്ഥം എങ്ങനെയാണ് നിരന്തരമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയിലും അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മനുഷ്യ കുലത്തിനും നിത്യപ്രസക്തമായി നില്‍ക്കേണ്ടത് എന്ന അന്വേഷണങ്ങള്‍ ഏറ്റവും കുറഞ്ഞ പക്ഷം മുസ്ലിംകളില്‍നിന്നെങ്കിലും ഉണ്ടാവേണ്ടതുണ്ട്. മനുഷ്യകുലത്തിന്റെ ജീവിതാന്വേഷണങ്ങള്‍ക്ക് മുമ്പില്‍ ഒരു വെളിച്ചമായി നിലനില്‍ക്കേണ്ട ഖുര്‍ആന്റെ കൈകാര്യകര്‍ത്താക്കളും പ്രചാരകരുമായി ഇന്ന് നിലനില്‍ക്കുന്നത് അവരാണ്. ആ ഉത്തരവാദിത്തം നിര്‍വഹിക്കപ്പെടാത്തിടത്തോളം ഖുര്‍ആനോടുള്ള നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കപ്പെടാതെ അവശേഷിക്കും. വിശുദ്ധ ഖുര്‍ആന്റെ നന്മകളുമായി മുന്നോട്ടു കുതിക്കാനാണ് ഖുര്‍ആന്‍ നമ്മോട് ആവശ്യപ്പെടുന്നത്.3 ഓരോ കാലത്തിനും ഒരു വായനയുണ്ട്. ആ കാലത്തിന്റെ വിജ്ഞാനങ്ങളെയും സാമൂഹികശാസ്ത്രത്തെയും മുന്‍നിര്‍ത്തിയുള്ളതാണ് ആ വായന. ഒരു കാലത്തിന്റെ സാഹചര്യങ്ങളെ ഖുര്‍ആനിക മൂല്യങ്ങള്‍ കൊണ്ട് നിര്‍ധാരണം ചെയ്യലും സമൂഹങ്ങള്‍ക്കുമേല്‍ ചില ലക്ഷ്യങ്ങള്‍ ആവിഷ്‌കരിച്ചു നല്‍കലുമാണ് അത്. ആത്മാന്വേഷണങ്ങളില്‍നിന്ന് ആരംഭിക്കുകയും ഈ ലോകത്തെയും വ്യവസ്ഥകളെയും, അവിടെ ഖലീഫ എന്ന നിലയില്‍ മനുഷ്യന് നിര്‍വഹിക്കാനും വളരാനുമുള്ള വഴികളെയും കണ്ടെത്താന്‍ പ്രേരണ നല്‍കുന്നതുമായ ഒരു വേദഗ്രന്ഥം അപ്രസക്തമാക്കപ്പെട്ടുപോകുന്ന വഴികളെ നാം തിരിച്ചറിയണം. അല്ലെങ്കില്‍ വേദഗ്രന്ഥത്തെ അവഗണിച്ചുകളഞ്ഞ ബുദ്ധിശൂന്യരില്‍ നാം അകപ്പെട്ടുപോയേക്കും.
കുറിപ്പുകള്‍
1. വിശൂദ്ധ ഖുര്‍ആന്‍: ഇബ്‌റാഹീം -52, സ്വാദ് -29, അല്‍അന്‍ആം -105, യൂസുഫ് -2, അന്നഹ്ല്‍ -44
2. വിശുദ്ധ ഖുര്‍ആന്‍: അല്‍ കഹ്ഫ് – 109
3. വിശുദ്ധ ഖുര്‍ആന്‍: അല്‍ ഫാത്വിര്‍ – 32
4. Qur’an Liberation and Pluralism – Farid Esack
5. The Quest for Meaning – Tariq Ramadan