ലോക തൊഴിലാളി സമൂഹത്തിന് വീണ്ടും ഒരു മെയ് ദിനം. 1886-ല്‍ ചിക്കാഗോവിലെ ഹെ മാര്‍ക്കറ്റില്‍ നടന്ന തൊഴിലാളി പ്രക്ഷോഭത്തിന്റെയും പിന്നീടുണ്ടായ അനിഷ്ട സംഭവങ്ങളുടെയും സ്മരണ അയവിറക്കുന്നു ഈ ദിനം. അന്താരാഷ്ട്ര തൊഴിലാളികളുടെ അവകാശ ദിനമായും ഇത് ആചരിക്കുന്നു. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന തൊഴില്‍ സമയ വിഭജനം തത്ത്വത്തിലെങ്കിലും അംഗീകരിക്കപ്പെട്ടത് ഹെ മാര്‍ക്കറ്റ് സംഭവത്തിനു ശേഷമാണ്.
ലോക തൊഴിലാളിദിനം ആചരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ തൊഴിലിനെയും തൊഴിലാളിയെയും അവരുടെ അവകാശങ്ങളെയും തൊഴിലാളി-മുതലാളി ബന്ധങ്ങളെയും ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലൂടെ നോക്കിക്കാണാന്‍ ശ്രമിക്കുകയാണ് ഇവിടെ.
തൊഴില്‍, വ്യത്യസ്ത വീക്ഷണങ്ങള്‍
ആധുനിക പാശ്ചാത്യ സാമ്പത്തിക വീക്ഷണത്തില്‍, തൊഴില്‍ എന്നാല്‍ സാധനങ്ങളും സേവനങ്ങളും ഉല്‍പാദിപ്പിക്കാന്‍ വേണ്ടി മനുഷ്യന്‍ നടത്തുന്ന എല്ലാതരം മാനസികവും ശാരീരികവുമായ ശ്രമങ്ങളാണ്. മനുഷ്യന്‍ ഉപയോഗിക്കുന്ന എന്തു സാധനവും (അത് നല്ലതായാലും ചീത്തയായാലും), മനുഷ്യനു വേണ്ട എന്തു സേവനവും (അത് ഗുണപ്രദമായാലും ദോഷകരമായാലും) ഉല്‍പാദിപ്പിക്കുക എന്ന അര്‍ഥത്തില്‍ മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉല്‍പാദനവും ലൈംഗിക തൊഴിലാളികളുടെ സേവനമെല്ലാം തൊഴില്‍ എന്ന നിര്‍വചനത്തില്‍ വരുന്നു.
ഇസ്‌ലാമിക വീക്ഷണത്തില്‍ തൊഴില്‍ (അമല്‍) എന്നത് ദൈവത്തിനുള്ള വഴിപ്പെടലിന്റെ (ഇബാദത്ത്) ഭാഗമാണ്. പരിശുദ്ധ ഖുര്‍ആനില്‍ 360 വചനങ്ങളില്‍ ‘അമലി’നെക്കുറിച്ച് സൂചനയുണ്ട്. അതേ അര്‍ഥത്തിലുള്ള മറ്റൊരു വാക്കായ ‘ഫിഅ്‌ലി’നെക്കുറിച്ച് 109 വചനങ്ങളിലും പരാമര്‍ശിച്ചിരിക്കുന്നു. ഇതെല്ലാം മനുഷ്യന്റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്നു. ഇസ്‌ലാം എന്നാല്‍ പ്രവൃത്തിക്ക് ഊന്നല്‍ നല്‍കുന്ന ദര്‍ശനമാണ്. ഇമാം ഗസ്സാലി(റ) ഇഹ്‌യാ ഉലൂമിദ്ദീനില്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. ഈസാ(അ) ഒരിക്കല്‍, പൂര്‍ണമായും ദൈവത്തില്‍ അര്‍പ്പിച്ച ഒരു വ്യക്തിയെ കാണാനിടയായി. അദ്ദേഹം മുഴുസമയവും പ്രാര്‍ഥനയില്‍ മുഴുകിയിരുന്നു. ഈസാ (അ) അദ്ദേഹത്തോട് ചോദിച്ചു: ”നിങ്ങള്‍ക്കെങ്ങനെയാണ് ആഹാരം ലഭിക്കുന്നത്?” അപ്പോള്‍ അയാള്‍ പറഞ്ഞു: ”എന്റെ സഹോദരന്‍ ജോലി ചെയ്യുന്നുണ്ട്. അദ്ദേഹം എനിക്ക് ആഹാരം നല്‍കും.” ഇത് കേട്ടപ്പോള്‍ ഈസാ(അ) പറഞ്ഞു: ”എങ്കില്‍ നിങ്ങളുടെ സഹോദരനാണ് നിങ്ങളെക്കാള്‍ ദൈവത്തിന്റെ അടുത്തയാളും കൂടുതല്‍ ഭക്തനും.” പ്രവര്‍ത്തിക്കാതെയുള്ള പ്രാര്‍ഥനകള്‍ കൊണ്ട് ഒരിക്കലും ഉപജീവന മാര്‍ഗം ലഭിക്കുകയില്ല എന്നും ഇമാം ഗസ്സാലി മറ്റൊരിടത്ത് പ്രസ്താവിക്കുന്നു.
മടിയന്മാരായി സമയം പാഴാക്കുന്നത് വിശ്വാസമില്ലായ്മയുടെ ലക്ഷണമായി ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു. ”പകലിനെ നാം ജീവിതോപാധി തേടാനുള്ളതാക്കി” (അന്നബഅ് 11) എന്ന വചനം ജീവിതോപാധി തേടിപ്പോകാനുള്ള ഉണര്‍ത്തലാണ്. ശാരീരികവും മാനസികവുമായ ആരോഗ്യമുള്ള ഒരാളും സ്വന്തം ആവശ്യം നിര്‍വഹിക്കാതെ കുടുംബത്തെയോ സ്റ്റേറ്റിനെയോ ആശ്രയിക്കുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. അതേസമയം, ചെയ്യുന്ന ജോലി നല്ലതും അമലുസ്സ്വാലിഹാത്തില്‍ പെടുന്നതുമാകണം. ഈ ലോകത്തോ പരലോകത്തോ പ്രതിഫലമോ ശിക്ഷയോ ലഭിക്കാത്ത ഒരു ജോലിയുമില്ല എന്നതാണ് ഇസ്‌ലാമിക വീക്ഷണം. ഒരു മുസ്‌ലിമിന്റെ മുഴു ജീവിതവും ദൈവത്തിനുള്ള സമര്‍പ്പണമായതിനാല്‍ ഒരു ജോലിയും അതില്‍ നിന്നൊഴിവല്ല. ”അന്നാളില്‍ ജനം പല സംഘങ്ങളായി പുറപ്പെടും. തങ്ങളുടെ പ്രവര്‍ത്തനഫലങ്ങള്‍ നേരില്‍ കാണാന്‍. അതിനാല്‍ അണുമണിത്തൂക്കം നന്മ ചെയ്താല്‍ അന്ന് അതവന്‍ കാണും. അണുമണിത്തൂക്കം തിന്മ ചെയ്താലും അതും കാണും” (99:6-8).
ദൈവദൂതനായി മാറുന്നതിന് മുമ്പുതന്നെ നബി കഠിനാധ്വാനിയായിരുന്നു. ഖദീജ(റ)യുടെ മനസ്സില്‍ മതിപ്പുളവാക്കിയ ഒരു പ്രധാന സ്വഭാവ ഗുണവും പ്രവാചകന്റെ കഠിനാധ്വാന മനസ്ഥിതിയായിരുന്നു. നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചാല്‍ ഭൂമിയിലേക്ക് തൊഴില്‍ തേടി പോകാനും അല്ലാഹുവിനെ ധാരാളം സ്മരിക്കാനും ഖുര്‍ആന്‍ നമ്മോടാവശ്യപ്പെടുന്നു (62:10). നമസ്‌കരിക്കുന്നത് അല്ലാഹുവിനെ സ്മരിക്കാനാണെന്ന് മറ്റൊരിടത്ത് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. അതേപോലെ ജോലി സമയത്തും അല്ലാഹുവിനെ ധാരാളം സ്മരിക്കാന്‍ ആവശ്യപ്പെടുകയാണ്. ജോലിയും ആരാധനയും ഒരേ ചരടില്‍ കോര്‍ക്കുകയാണ്.
ഇസ്‌ലാം ഒരു ജോലിയെയും മോശമായോ താഴ്ന്നതായോ കാണുന്നില്ല. ചെയ്യുന്ന ജോലി തനിക്കും സമൂഹത്തിനും ഗുണപ്രദവും ഇസ്‌ലാമിക ശരീഅത്ത് അനുവദിക്കുന്നതുമാകണമെന്നു മാത്രം. ഭൗതികമായി എത്ര ഉയര്‍ന്ന ജോലിയാണെങ്കിലും മേല്‍ പ്രസ്താവിച്ചതിന് വിരുദ്ധമായ ജോലിയാണെങ്കില്‍ ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ ആ ജോലിക്ക് ഉയര്‍ച്ചയോ മാന്യതയോ ഇല്ല. രാജാവായാലും തൂപ്പുകാരനായാലും അവരവരുടെ ജോലികള്‍ സത്യസന്ധമായും ഉത്തരവാദിത്തത്തോടെയും നിറവേറ്റുമ്പോഴാണ് ആ ജോലിക്ക് ഇസ്‌ലാമിക വീക്ഷണത്തില്‍ സ്ഥാനവും മഹത്വവും ലഭിക്കുന്നത്.
തൊഴിലാളികള്‍
തൊഴിലുടമകളോടും മുതലാളിമാരോടും സംഘര്‍ഷത്തിലേര്‍പ്പെടുന്ന, വര്‍ഗ സമരത്തിന്റെ ചരിത്രം രചിക്കുന്ന, മുതലാളിത്ത ചൂഷണങ്ങള്‍ക്ക് വിധേയമായി അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട വിഭാഗമായാണ് തൊഴിലാളികളെ ആധുനിക പ്രത്യയശാസ്ത്രങ്ങള്‍ പരിചയപ്പെടുത്തുന്നത്. ഇസ്‌ലാം ഇത്തരം വര്‍ഗ വിഭജനങ്ങളെ നിരാകരിക്കുന്നു. ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ ധനം അല്ലാഹുവിന്റേതാകയാല്‍ മുതലാളി എന്ന വിഭജനത്തെ അത് അംഗീകരിക്കുന്നില്ല. ധനം താല്‍ക്കാലികമായി ഏല്‍പിക്കപ്പെട്ട ‘ട്രസ്റ്റി’ മാത്രമാണ് ഏത് പണക്കാരനും. തൊഴിലാളിയെ തൊഴിലുടമ സഹോദരനായാണ് കാണേണ്ടത്. പ്രവാചകന്‍(സ) പറഞ്ഞു: ”നിങ്ങളുടെ തൊഴിലാളികള്‍ (ഭൃത്യന്മാര്‍) അല്ലാഹു നിങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന നിങ്ങളുടെ സഹോദരന്മാരാണ്. ആരുടെയെങ്കിലും നിയന്ത്രണത്തില്‍ വല്ല സഹോദരനുമുണ്ടെങ്കില്‍ താന്‍ തിന്നുന്ന അതേ ആഹാരം അവനെയും ആഹരിപ്പിക്കണം. താന്‍ ധരിക്കുന്ന അതേ വസ്ത്രം അവനെയും ധരിപ്പിക്കണം. അവരുടെ കഴിവില്‍ കവിഞ്ഞ ജോലി അവരെ ഏല്‍പിക്കരുത്. ഇനി ഏല്‍പിച്ചാലോ അവരെ അതില്‍ സഹായിക്കുകയും വേണം” (ബുഖാരി). മറ്റൊരിക്കല്‍ നബി(സ) മുതലാളിമാരോട് ചോദിക്കുകയുണ്ടായി: ”നിങ്ങളിലുള്ള ബലഹീനന്‍ (തൊഴിലാളി) മുഖേനയല്ലാതെ നിങ്ങള്‍ക്ക് ആഹാരം ലഭിക്കുന്നുണ്ടോ?” (ബുഖാരി, മുസ്‌ലിം). മേല്‍ പ്രസ്താവിച്ച തിരുവചനങ്ങളുടെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിലെ തൊഴിലാളി-തൊഴിലുടമ ബന്ധം സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും പരസ്പര സഹായത്തിന്റെയും മൂശയില്‍ വാര്‍ത്തെടുത്തതാണ്.
തൊഴിലാളികളുടെ അവകാശങ്ങള്‍
അവകാശങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുകയും ഉത്തരവാദിത്തങ്ങള്‍ മറക്കുകയും ചെയ്യുന്ന ആധുനിക തൊഴിലാളി പ്രസ്ഥാനങ്ങളുടെയും തൊഴില്‍ സംഘടനകളുടെയും കാഴ്ചപ്പാടില്‍ നിന്ന് തികച്ചും വ്യത്യസ്തമായ സമീപനമാണ് ഇസ്‌ലാമിന്റേത്. തൊഴിലാളിയുടെയും തൊഴില്‍ ഉടമയുടെയും അവകാശങ്ങളെ ഒരുപോലെ ഇസ്‌ലാം അംഗീകരിക്കുന്നു. മനുഷ്യന്റെ അധ്വാനത്തെക്കുറിച്ച് അല്ലാഹു പറയുന്നു: ”നിശ്ചയം നാം മനുഷ്യനെ സൃഷ്ടിച്ചത് ക്ലേശം അനുഭവിക്കുന്നവനായാണ്” (അല്‍ബലദ് 4). ജോലിക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ രണ്ട് കാര്യങ്ങള്‍ പരിഗണിക്കണമെന്ന് ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നു: ”തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനുമത്രേ” (28:26). തൊഴിലാളിയില്‍ നിന്ന് തൊഴിലുടമ പ്രതീക്ഷിക്കുന്നതും വിശ്വസ്തതയും കഠിനാധ്വാനവുമാണ്. അതോടൊപ്പം തന്നെ തൊഴിലാളിയുടെ അവകാശങ്ങള്‍ പൂര്‍ണമായും ഇസ്‌ലാം വകവെച്ചു കൊടുക്കുന്നു.
പ്രവാചകന്റെ കാലത്തെ അടിമകളായ തൊഴിലാളികള്‍ക്ക് ഇസ്‌ലാം നല്‍കിയ എല്ലാ ആനുകൂല്യങ്ങളും ഇന്നത്തെ തൊഴിലാളികള്‍ക്കും ലഭിക്കേണ്ടതാണ്. അന്നത്തെ തൊഴിലാളികളെക്കാള്‍ ശോചനീയമായ അവസ്ഥയില്‍ ജോലി ചെയ്യുന്ന എത്രയോ തൊഴിലാളികള്‍ ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട്. അടിമ മോചനം വളരെ പുണ്യമായി ഇസ്‌ലാം കാണുന്നു. ഇതേക്കുറിച്ച് ഖുര്‍ആന്‍ പല സ്ഥലങ്ങളിലും പരാമര്‍ശിക്കുന്നു: ”എന്നിട്ടും അവന്‍ മലമ്പാത താണ്ടിക്കടന്നില്ല. മലമ്പാത എന്തെന്ന് നിനക്കെന്തറിയാം? അത് അടിമയുടെ മോചനമാണ്” (അല്‍ബലദ് 11-13). അബൂബക്ര്‍ (റ), ഉസ്മാന്‍(റ), അബ്ദുല്ലാഹിബ്‌നു ഉമര്‍(റ), അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) തുടങ്ങിയവര്‍ ധാരാളം അടിമകളെ മോചിപ്പിച്ചിട്ടുണ്ടായിരുന്നു. 8000-ത്തോളം അടിമകളെ വരെ മോചിപ്പിച്ച സ്വഹാബികളുണ്ട്. ആധുനിക കാലഘട്ടത്തിലെ അടിമത്ത മോചനം, തൊഴിലാളികളുടെ ദുരിതങ്ങളും പ്രയാസങ്ങളും ദൂരീകരിച്ചുകൊണ്ട് അവരെ ചൂഷണങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതാണ്. കട ബാധ്യതയില്‍ കുടുങ്ങിയവര്‍, തൊഴില്‍ തട്ടിപ്പിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്നവര്‍, ജയിലുകളിലും തടവറകളിലും കഴിയുന്നവര്‍, ശരിയായ രീതിയില്‍ ശമ്പളമോ ഭക്ഷണമോ താമസ സൗകര്യമോ ഇല്ലാതെ ലേബര്‍ ക്യാമ്പുകളിലും മറ്റും ദുരിതം പേറുന്നവര്‍, സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍, ബാലവേല ചെയ്യുന്ന കുഞ്ഞുങ്ങള്‍ തുടങ്ങിയവരുടെയെല്ലാം മോചനം ഇസ്‌ലാം നമ്മോടാവശ്യപ്പെടുന്നുണ്ട്.
തൊഴിലാളികളോടുള്ള പെരുമാറ്റം
പ്രവാചകന്റെ കൂടെ പത്തു വര്‍ഷം താമസിക്കുകയും സേവനം ചെയ്യുകയും ചെയ്ത അനസുബ്‌നു മാലികിന്റെ വാക്കുകള്‍ ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു: ”ഞാന്‍ പ്രവാചകന്റെ വീട്ടില്‍ പത്തു വര്‍ഷം സേവനം ചെയ്തു. ആ കാലയളവില്‍ ഒരിക്കല്‍ പോലും എന്നോട് ‘ഛെ’ എന്ന വാക്ക് പറയുകയോ ‘നീ എന്തിന് അതു ചെയ്തു, നീ എന്തുകൊണ്ട് അത് ചെയ്തില്ല’ എന്ന് ചോദിക്കുകയോ ചെയ്തിട്ടില്ല.” അവിചാരിതമായി സംഭവിക്കുന്ന ചെറിയ വീഴ്ചകള്‍ക്കും നഷ്ടങ്ങള്‍ക്കും തൊഴിലാളിയില്‍ നിന്ന് പിഴ ഈടാക്കുന്ന മുതലാളിയും ചെറിയ പോരായ്മകളെ നിശിതമായി വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന മേലധികാരികളും തൊഴിലാളികളുടെ ആത്മവീര്യവും ആത്മാര്‍ഥതയും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
തൊഴിലാളിയും തൊഴിലുടമയും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും സ്‌നേഹം പങ്കുവെക്കുകയും ചെയ്യുക എന്നത് തൊഴിലാളി-മുതലാളി ബന്ധം സുദൃഢമാക്കാനും സൗഹൃദപരമാവാനും ഇടയാക്കുന്നു. വ്യാവസായിക വിപ്ലവ കാലഘട്ടത്തില്‍ അന്നത്തെ ഫാക്ടറി തൊഴിലാളികള്‍ നേരിട്ട ഏറ്റവും വലിയ സാമൂഹിക-മാനസിക പ്രശ്‌നമായിരുന്നു ഈ പങ്കുവെപ്പിന്റെ അഭാവം. മുതലാളിമാര്‍ അകലെയുള്ള മണിമന്ദിരങ്ങളില്‍ ആര്‍ഭാടപൂര്‍ണമായ ഭക്ഷണം കഴിക്കുമ്പോള്‍ തൊഴിലാളികള്‍ ചേരികളില്‍ അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമായിരുന്നു. അബൂഹുറയ്‌റ റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ”അല്ലാഹുവിന്റെ പ്രവാചകന്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്, നിങ്ങളുടെ വേലക്കാരന്‍ ഭക്ഷണവുമായി നിങ്ങളുടെ അടുത്ത് വരുമ്പോള്‍ അവനെ കൂടെ ഇരുത്തുന്നില്ലെങ്കില്‍ ഒന്നോ രണ്ടോ ഉരുള ഭക്ഷണം നിങ്ങള്‍ അവന് കൊടുക്കുകയെങ്കിലും വേണം. എന്തുകൊണ്ടെന്നാല്‍ അത് പാകം ചെയ്തു കൊണ്ടുവന്നത് അവനാണ്.”
തൊഴിലാളികളോടുള്ള നീതി
തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട മറ്റൊരു പ്രധാന അവകാശമാണ് നീതി. വര്‍ണ, വര്‍ഗ, ലിംഗ, ദേശ വ്യത്യാസങ്ങള്‍ കാരണമായി തൊഴിലുടമകള്‍ തൊഴിലാളികളോട് വിവേചനം കാണിക്കാറുണ്ട്. ബ്രിട്ടീഷ് ഇന്ത്യയില്‍ ഒരേ യോഗ്യതയുള്ള ഒരേ തസ്തികയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനും യൂറോപ്യനും രണ്ടുതരം ശമ്പളമായിരുന്നു നല്‍കിയിരുന്നത്. ഇത്തരം നീതിനിഷേധങ്ങള്‍ ഇന്നും ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലും നിലനില്‍ക്കുന്നുണ്ട്. തൊഴില്‍ ലഭിക്കുന്ന കാര്യത്തിലും ശമ്പളക്കാര്യത്തിലും മറ്റു സൗകര്യങ്ങളുടെ കാര്യത്തിലും പ്രമോഷന്‍ മാനദണ്ഡങ്ങളിലുമെല്ലാം ഇത്തരം നീതിനിഷേധങ്ങളും വിവേചനങ്ങളും നടക്കുന്നു.
ഇസ്‌ലാം അടിസ്ഥാനപരമായി നീതിക്ക് വേണ്ടി നിലകൊള്ളുന്നതിനാല്‍ തൊഴില്‍ രംഗത്തും നീതി നിലനില്‍ക്കണമെന്ന് അതാഗ്രഹിക്കുന്നു. ഖുര്‍ആനില്‍ നീതി എന്നതിന് രണ്ട് വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഒന്ന്, ‘അദ്ല്‍’. മറ്റൊന്ന് ‘ഖിസ്ത്വ്’. ‘അദ്ല്‍’ എന്ന വാക്ക് സന്തുലിതമായി നിലനിര്‍ത്തുക എന്ന അര്‍ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. രണ്ടറ്റങ്ങളിലേക്കും പോകാതെ മധ്യമ നിലപാട് സ്വീകരിക്കുക. ‘ഖിസ്ത്വ്’ എന്നാല്‍ ഓരോരുത്തര്‍ക്കും അവരവരുടെ ഓഹരി/ അവകാശം നല്‍കുക എന്നാണ്. ഈ രണ്ടര്‍ഥത്തിലും തൊഴിലാളിക്ക് നീതി ലഭ്യമാകേണ്ടതുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതും ഓരോരുത്തര്‍ക്കും അവകാശപ്പെട്ടത് കിട്ടാതിരിക്കുന്നതും നീതിനിഷേധം തന്നെയാണ്.
വ്യക്തവും സുതാര്യവുമായ കരാറുകള്‍
തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടാനും വഞ്ചിക്കപ്പെടാനും ഇടയാക്കുന്ന ഒരു പ്രധാന കാരണം തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാറുകളിലെ അവ്യക്തതയും സുതാര്യത ഇല്ലായ്മയുമാണ്. വാക്കാലോ രേഖാമൂലമോ ഉണ്ടാകുന്ന കരാറുകള്‍ നിയമപരവും നീതിയുക്തവും കൃത്യവുമായിരിക്കണം. അത്തരം കരാറുകള്‍ ഇരു വിഭാഗവും പൂര്‍ണമായും പാലിക്കുകയും വേണം. ഒരു തൊഴിലാളിയെ ജോലിക്ക് നിയമിക്കുമ്പോള്‍ തന്നെ ചെയ്യേണ്ട ജോലി, സമയം, ജോലിയുടെ സ്വഭാവം, ശമ്പളം, ലീവ്, ഒഴിവു സമയം, മറ്റു ആനുകൂല്യങ്ങള്‍, തൊഴിലുമായി ബന്ധപ്പെട്ട റിസ്‌ക് ഫാക്ടറുകള്‍ മുതലായവയെല്ലാം വിശദമായി അറിയിക്കുകയും വ്യക്തമായ കരാറില്‍ ഇരു വിഭാഗവും എത്തിച്ചേരേണ്ടതുമാണ്. ചില വന്‍കിട കമ്പനികള്‍ നിയമന ഉത്തരവില്‍ ഈ കാര്യങ്ങളെല്ലാം സൂചിപ്പിക്കാറുണ്ടെങ്കിലും ചെറുകിട സ്ഥാപനങ്ങളും വ്യക്തികളും ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി അറിയിക്കാറില്ല. ഇസ്‌ലാം ഈ കാര്യത്തില്‍ വളരെ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നു. നബി(സ) പറഞ്ഞു: ”ഒരാളെ കൂലിക്കു വിളിച്ചാല്‍ അവന്റെ കൂലി അവനെ അറിയിക്കണം.” ”കൂലി നിശ്ചയിക്കാതെ ജോലി ചെയ്യിപ്പിക്കരുത്” (ബൈഹഖി). എല്ലാതരം കരാറുകളും പാലിക്കാന്‍ ഖുര്‍ആന്‍ ശക്തമായ നിര്‍ദേശം നല്‍കുന്നു. ”വിശ്വസിച്ചവരേ, കരാറുകള്‍ പാലിക്കുക” (5:1). ”വിശ്വാസികള്‍ തങ്ങളുടെ ബാധ്യതകളും കരാറുകളും പൂര്‍ത്തീകരിക്കുന്നവരാണ്” (23:8).
സംഘടിക്കാനുള്ള അവകാശം
മേല്‍ പ്രസ്താവിച്ച അവകാശങ്ങളും നീതിയും തൊഴിലാളികള്‍ക്ക് നിഷേധിക്കപ്പെടുകയാണെങ്കില്‍ അവ തിരിച്ചുപിടിക്കാന്‍ തൊഴിലാളികള്‍ക്ക് സമാധാനപരമായ രീതിയില്‍ സംഘടിക്കാം. കാരണം നീതിയും ന്യായവും ലോകത്ത് നിലനില്‍ക്കണമെന്നതും അവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ പാടില്ലഎന്നതും ഇസ്‌ലാമിന്റെ താല്‍പര്യമാണ്. എന്നാല്‍, തൊഴില്‍ സംഘടനകള്‍ അതിര്‍ കവിയാന്‍ പാടില്ല. കാരണം ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കുന്നത് ദൈവം വിലക്കിയതാണ്.
തൊഴില്‍ ഉടമകളുടെ അവകാശങ്ങള്‍
ആധുനിക സാമ്പത്തിക സിദ്ധാന്തങ്ങളും തൊഴിലാളി പ്രസ്ഥാനങ്ങളും തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുമ്പോള്‍ ഇസ്‌ലാം തൊഴിലാളികളുടെയെന്ന പോലെ തൊഴിലുടമകളുടെ അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നു. തൊഴിലാളികള്‍ നിലനില്‍ക്കണമെങ്കില്‍ തൊഴിലുടമകളും നിലനില്‍ക്കണം. പ്രവാചക വചനങ്ങള്‍ ഇതിനു തെളിവാണ്. ”ജോലികള്‍ പൂര്‍ണതയോടെ ചെയ്യുന്നവനെ അല്ലാഹു ഇഷ്ടപ്പെടുന്നു” (ബൈഹഖി). ആത്മാര്‍ഥതയും വിശ്വസ്തതയും കഠിനാധ്വാനവും തൊഴിലാളിയില്‍ നിന്ന് മുതലാളിക്ക് ലഭിക്കേണ്ട അവകാശങ്ങളാണ്. ഏല്‍പിച്ച ജോലി പൂര്‍ണമായും ഭംഗിയായും നിറവേറ്റുമ്പോള്‍ തൊഴിലാളി രണ്ടുതരം പ്രതിഫലങ്ങള്‍ക്ക് അര്‍ഹനാവുന്നു. ഒന്ന്, ജോലി ദൈവ സമര്‍പ്പണത്തിലധിഷ്ഠിതമായ മനോഭാവത്തോടെ ചെയ്യുമ്പോള്‍ അത് ‘അമലുസ്സ്വാലിഹാത്ത്’ ആയി മാറുകയും പുണ്യകരമായിത്തീരുകയും ചെയ്യുന്നു. ഏല്‍പിച്ച ജോലി സത്യസന്ധമായി ചെയ്തതില്‍ സന്തുഷ്ടനാവുന്ന തൊഴിലുടമ കൂലി സന്തോഷത്തോടെ നല്‍കാന്‍ തയാറാവുന്നു എന്നതാണ് രണ്ടാമത്തേത്.
(കടപ്പാട് :പ്രബോധനം)