ഭൂമിയിലെ സകല ജീവജാലങ്ങളോടും കാരുണ്യവും ദയയും കാണിക്കണമെന്ന് മുഹമ്മദ് നബി (സ) പഠിപ്പിച്ചു. മൃഗങ്ങളോട് കനിവും കാരുണ്യവും കാണിക്കുന്നത് പ്രവാചകന്‍ എപ്പോഴും പ്രോത്സാഹിപ്പിച്ചു. സുറാഖത്തുബ്‌നു ജഅ്‌സം (റ) നബി(സ)യോട് ചോദിച്ചു: ”റസൂലേ, വഴിതെറ്റിയ ഒട്ടകത്തെ പിടിച്ച് കൂരയുണ്ടാക്കി അതിനെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്താല്‍ അല്ലാഹു എനിക്ക് പ്രതിഫലം നല്‍കുമോ?” പ്രവാചകന്‍: ”അതേ, തീര്‍ച്ചയായും, കരളുള്ള ഏത് ജീവികളുടെയും വിശപ്പും ദാഹവും അകറ്റുന്നവര്‍ പ്രതിഫലാര്‍ഹര്‍ തന്നെ” (ഇബ്‌നുമാജ).
മറ്റൊരു സംഭവം: ഒരിടത്ത് അവശയായ ഒട്ടകത്തെ തിരുനബി കാണാനിടയായി. നിറഞ്ഞ കണ്ണുകളുമായി നില്‍ക്കുന്ന അതിനെ അവിടുന്ന് തടവി സമാധാനിപ്പിച്ചു.
”ആരുടേതാണീ ഒട്ടകം?”-തിരുദൂതര്‍ വിളിച്ചു ചോദിച്ചു.
”അല്ലാഹുവിന്റെ റസൂലേ, അതെന്റേതാണ്”-ഒരു അന്‍സാരി പറഞ്ഞു.
”അല്ലാഹു നിന്റെ ഉടമസ്ഥതയിലാക്കിത്തന്ന ഈ മൃഗത്തിന്റെ കാര്യത്തില്‍ നീ അവനെ അനുസരിക്കാത്തതെന്ത്?! നീ അതിനെ വേദനിപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്നുവെന്ന് അതെന്നോട് വേവലാതി പറയുന്നു” (മുസ്‌ലിം).
ഒരു ജീവിയെയും അകാരണമായി ശല്യം ചെയ്യരുതെന്നും പ്രവാചകന്‍ വിലക്കി. അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) പറയുന്നു: ”ഞങ്ങള്‍ റസൂലിന്റെ കൂടെ യാത്രയിലായിരിക്കെ പ്രവാചകന്‍ (സ) ഒരു ആവശ്യത്തിനായി പോയി. അപ്പോള്‍ ഒരു അടയ്ക്കാക്കിളിയെയും രണ്ട് കുഞ്ഞുങ്ങളെയും ഞങ്ങള്‍ കണ്ടു. ആ രണ്ട് കുഞ്ഞുങ്ങളെയും ഞങ്ങള്‍ എടുത്തപ്പോള്‍ തള്ളപ്പക്ഷി വട്ടമിട്ടു പറക്കാന്‍ തുടങ്ങി. ഇത് കണ്ടുകൊണ്ടാണ് നബി (സ) വന്നത്. പ്രവാചകന്‍ ചോദിച്ചു: ”ഈ കുഞ്ഞിനെ ചൊല്ലി ആ പക്ഷിയെ വേദനിപ്പിച്ചതാരാണ്? അതിനെ തിരിച്ചുനല്‍കുക” (അബൂദാവൂദ്).
അസ്മാഅ് (റ) പറയുന്നു: നബി (സ) ഒരു ഗ്രഹണ നമസ്‌കാരത്തോടനുബന്ധിച്ചുള്ള ഖുത്വ്ബയില്‍ പറഞ്ഞു: ”നരകം എന്നിലേക്ക് അടുപ്പിക്കപ്പെട്ടു; എന്റെ രക്ഷിതാവേ! ഞാന്‍ അവരുടെ കൂടെയാണോ എന്ന് ഞാന്‍ പറഞ്ഞുപോകുന്നതുവരെ. അപ്പോള്‍ നരകത്തില്‍ ഒരു സ്ത്രീയെ ഞാന്‍ കണ്ടു. ഒരു പൂച്ച അവളെ മാന്തിക്കൊണ്ടിരിക്കുന്നു. ഞാന്‍ ചോദിച്ചു. എന്താണ് ആ സ്ത്രീയുടെ പ്രശ്‌നം? മലക്കുകള്‍ പറഞ്ഞു: ”അവള്‍ അതിനെ കെട്ടിയിട്ടു; വിശപ്പ് കാരണം അത് ചാകുന്നതുവരെ” (ബുഖാരി).
വളരെ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ജീവികളെ പരിശീലനങ്ങള്‍ക്കോ പരീക്ഷണങ്ങള്‍ക്കോ പഠനാവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്ന് ഹദീസുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇബ്‌നു ഉമര്‍ (റ) പറഞ്ഞു: ”ജീവനുള്ളവയെ നാട്ടക്കുറിയാക്കുന്നതിനെ അല്ലാഹുവിന്റെ റസൂല്‍ (സ) ശപിച്ചിട്ടുണ്ട്” (മുസ്‌ലിം).
ജീവികളോടുള്ള പെരുമാറ്റത്തെ പാരത്രികലോകത്തെ രക്ഷാശിക്ഷകളോടാണ് പ്രവാചകന്‍ ബന്ധപ്പെടുത്തുന്നത്. അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു: ”ദാഹിച്ച് വലഞ്ഞ ഒരു നായ കിണറിന്റെ ചുറ്റുവട്ടം കറങ്ങിത്തിരിയുന്നത് ബനൂ ഇസ്രാഈലിലെ ഒരു വേശ്യ കണ്ടു. ദയ തോന്നിയ അവള്‍ തന്റെ ഷൂ അഴിച്ച് വെള്ളം നിറച്ച് നായയെ കുടിപ്പിച്ചു. ഇക്കാരണത്താല്‍ മാത്രം അല്ലാഹു അവള്‍ക്ക് പൊറുത്തുകൊടുത്തു” (ബുഖാരി).
ജീവികളെ അറുക്കുകയാണെങ്കില്‍ പോലും അവയോട് അത്യധികം ദയ കാണിക്കണമെന്ന് റസൂല്‍ പഠിപ്പിച്ചു. മുആവിയ(റ)യില്‍നിന്ന് നിവേദനം: ഒരാള്‍ ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേ, ഞാന്‍ ആടിനെ അറുക്കാറുള്ളത് അതിനോട് ദയ കാണിച്ചുകൊണ്ടാണ്.” അപ്പോള്‍ നബി (സ) പറഞ്ഞു: ”നീ ആ ആടിനോട് ദയ കാണിക്കുന്നുണ്ടെങ്കില്‍ അല്ലാഹു നിന്നോടും ദയ കാണിക്കും” (അഹ്മദ്).
മൃഗങ്ങളെ കൂടുതല്‍ വേദനിപ്പിക്കാതിരിക്കാന്‍, അവയെ അറുക്കാന്‍ കിടത്തുന്നതിന്റെ മുമ്പുതന്നെ കത്തി മൂര്‍ച്ച കൂട്ടണമെന്ന് നബി (സ) പഠിപ്പിക്കുന്നു. ഇബ്‌നു അബ്ബാസ് (റ) നിവേദനം: ”ഒരിക്കലൊരാള്‍ അറുക്കാനുള്ള മൃഗത്തെ കെട്ടിയിട്ട് കിടത്തിയതിനു ശേഷം കത്തി മൂര്‍ച്ച കൂട്ടുകയായിരുന്നു. പ്രവാചകന്‍ അദ്ദേഹത്തോട് ചോദിച്ചു: ”ആ മൃഗത്തിന് ഒന്നിലധികം മരണം നല്‍കാനാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്? അതിനെ കിടത്തുന്നതിനു മുമ്പു തന്നെ കത്തി മൂര്‍ച്ച കൂട്ടാമായിരുന്നില്ലേ……?!” (അല്‍ ഹാകിം).
അകാരണമായി ഒരു ജീവിയെയും കൊല്ലരുത്. നബി (സ) പറഞ്ഞു: ”ആരെങ്കിലും ഒരു കുരുവിയെ അകാരണമായി കൊന്നാല്‍ അത് അന്ത്യദിനത്തില്‍ അല്ലാഹുവിനോട് ഉറക്കെ വിളിച്ചുപറയും: എന്റെ രക്ഷിതാവേ, ഇയാളെന്നെ ഒരുപകാരത്തിനുമല്ലാതെ വെറുതെ കൊന്നതാണ്” (അഹ്മദ്, നസാഈ).
മൃഗങ്ങളുടെ ദേഹത്തില്‍ മുറിവേല്‍പ്പിക്കുന്ന ആചാരങ്ങളെയും റസൂല്‍ നിരോധിച്ചു. ജാബിറി(റ)ല്‍നിന്ന് നിവേദനം: മുഖത്ത് ചാപ്പകുത്തിയ കഴുതയെ കണ്ടണ്ടപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: ”അതിനെ ചാപ്പ കുത്തിയവനെ അല്ലാഹു ശപിച്ചിരിക്കുന്നു” (മുസ്‌ലിം).
ഇഹ്‌സാനിന്റെ ഉദാഹരണമായി പ്രവാചകന്‍ (സ) പറഞ്ഞത് ഒരാള്‍ അറുക്കാന്‍ പോകുന്ന മൃഗത്തോട് കാണിക്കുന്ന ദയയെയാണ്. ശദ്ദാദുബ്‌നു ഔസില്‍നിന്ന് നിവേദനം: ”അല്ലാഹു ഇഹ്‌സാന്‍ (നന്നായി നിര്‍വഹിക്കുക) എല്ലാ കാര്യങ്ങളിലും നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിനാല്‍ കൊല്ലുകയാണെങ്കില്‍പോലും നന്നായി കൊല്ലണം. അറുക്കുകയാണെങ്കില്‍ നന്നായി അറുക്കണം. കത്തി മൂര്‍ച്ചകൂട്ടണം. ഉരുവിനെ (വെള്ളം നല്‍കി) ആശ്വസിപ്പിക്കണം” (മുസ്‌ലിം).
ഒരിക്കല്‍ അല്ലാഹുവിന്റെ റസൂല്‍ മിനായില്‍ അനുയായികളുടെ കൂടെ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് അവിടെയുള്ള കല്ലുകള്‍ക്കിടയില്‍നിന്ന് ഒരു പാമ്പ് ഇഴഞ്ഞുവന്നത്. അതിനെ അടിച്ചുകൊല്ലാന്‍ സ്വഹാബികളില്‍ ചിലര്‍ ഓടിയടുത്തപ്പോള്‍ പാമ്പ് പാറക്കല്ലുകള്‍ക്കിടയില്‍ മറഞ്ഞു. ഇത് അകലെനിന്നും കണ്ട നബി (സ) ഇപ്രകാരം പറഞ്ഞു: ”അല്ലാഹു അതിനെ നിങ്ങളുടെ ഉപദ്രവത്തില്‍നിന്ന് കാത്തു. അതിന്റെ ഉപദ്രവത്തില്‍നിന്ന് നിങ്ങളെയും കാത്തു” (ബുഖാരി).
ജീവികളുടെ ആരോഗ്യകാര്യത്തിലും അവയെ വളര്‍ത്തുന്നവര്‍ ശ്രദ്ധിക്കണമെന്ന് പ്രവാചകന്‍ (സ) പഠിപ്പിച്ചു. അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി (സ) പറഞ്ഞു: ”രോഗിയായവയുടെ കൂടെ ആരോഗ്യമുള്ളവയെ മേയ്ക്കാന്‍ വിടരുത്” (ബുഖാരി). അങ്ങനെ ‘ലോകര്‍ക്കാകമാനം കാരുണ്യമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല’ എന്ന അല്ലാഹുവിന്റെ വചനത്തെ സത്യപ്പെടുത്തുന്ന എത്രയെത്ര സംഭവങ്ങള്‍!
(കടപ്പാട് :പ്രബോധനം ആഴ്ചപതിപ്പ്)