‘പ്രവാചക ജീവിതത്തില്‍ നിങ്ങള്‍ക്ക് മാതൃകയുണ്ട്’ എന്നാണ് ഖുര്‍ആന്‍ വിശ്വാസിസമൂഹത്തോട് പറയുന്നത്. ആസ്തിക്യത്തിന്‍റെ അടയാളങ്ങള്‍ മനുഷ്യര്‍ക്ക് കാണിച്ചുകൊടുക്കുക, അവരുടെ മനസ്സുകളെ സംസ്‌കരിക്കുക, അവര്‍ക്ക് വേദവും യുക്തിജ്ഞാനവും പഠിപ്പിക്കുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ പ്രവാചകനിയോഗത്തിന്‍റെ ലക്ഷ്യങ്ങളായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുമുണ്ട്. പ്രവാചക ജീവിതം, അവിടുത്തെ പ്രിയപത്‌നി ആഇശ(റ) വിശദീകരിച്ച പോലെ, ഖുര്‍ആനികാശയങ്ങളുടെ ജീവിക്കുന്ന സാക്ഷ്യവും അവയുടെ മനോഹരമായ ആവിഷ്‌കാരവുമായിരുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഇഹലോക-പരലോക ജീവിതങ്ങള്‍ തമ്മിലുള്ള യഥാര്‍ഥ സന്തുലനം പുനഃസ്ഥാപിക്കുകയാണ് പ്രവാചകന്‍ ചെയ്തത്. ശരീരത്തിന്‍റെയും ആത്മാവിന്‍റെയും ആഗ്രഹങ്ങളും അഭിലാഷങ്ങളും ഒരേസമയം ന്യായയുക്തമായി അവിടെ അഭിസംബോധന ചെയ്യപ്പെടുന്നു. രാത്രി വളരെ വൈകുവോളം അദ്ദേഹം നിന്ന് പ്രാര്‍ഥിക്കുമായിരുന്നു. റമദാനല്ലാത്ത മറ്റു മാസങ്ങളിലും പല ദിവസവും അദ്ദേഹത്തിന് നോമ്പുണ്ടാവും. ആ ചുണ്ടുകള്‍ എപ്പോഴും ദൈവസ്‌തോത്രങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കും. എന്നിട്ടും സ്വന്തം അനുയായികളുടെയോ സുഹൃത്തുക്കളുടെയോ കുടുംബത്തിന്‍റെയോ കാര്യത്തില്‍ അദ്ദേഹം എന്തെങ്കിലും അവഗണനയോ അലംഭാവമോ കാണിച്ചതായി ഒരാള്‍ക്കും ചൂണ്ടിക്കാണിക്കാനാവില്ല.
അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം ആത്മീയത, സ്വയം തന്നെ ശരീരപീഡകള്‍ ഏല്‍പിക്കുന്നതിന്‍റെയോ ന്യായമായ ഭൗതികാവശ്യങ്ങളുടെ നിര്‍വഹണത്തില്‍ വീഴ്ചവരുത്തുന്നതിന്‍റെയോ പേരായിരുന്നില്ല. ദൈവത്തെ സ്‌നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിന്‍റെ പേരാണ് ആത്മീയത എന്ന് അവിടുന്ന് പഠിപ്പിച്ചു. ദൈവം കനിഞ്ഞരുളിയ അപാരവും അപരിമേയവുമായ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണ് ദൈവസ്‌നേഹം പ്രകടമാവേണ്ടത്.
പ്രവാചകനാവുന്നതിനു മുമ്പുതന്നെ അദ്ദേഹം വളരെ കാരുണ്യവാനും ഉദാരനുമായിരുന്നു. മക്കന്‍ സമൂഹത്തില്‍ ഏറ്റവുമധികം വിശ്വാസ്യതയാര്‍ജിച്ച വ്യക്തിയും (അല്‍ അമീന്‍) മറ്റൊരാളായിരുന്നില്ല. അതിനാല്‍ വിവിധ ഗോത്രങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ മധ്യസ്ഥനായി അദ്ദേഹത്തെ വിളിക്കാറുണ്ടായിരുന്നു. പാവങ്ങള്‍ക്കും മര്‍ദിത വിഭാഗങ്ങള്‍ക്കും പ്രവാചകത്വ ലബ്ധിക്കു മുമ്പുതന്നെ അദ്ദേഹം കൈത്താങ്ങായി. ബന്ധുക്കളെയും അപരിചിതരെയും ഒരേ സ്‌നേഹാദരങ്ങളോടെ പരിചരിച്ചു.
പ്രവാചകത്വ ദൗത്യം ഏറ്റെടുത്ത് പത്തു വര്‍ഷം പിന്നിട്ടപ്പോഴേക്കും അദ്ദേഹത്തിനും അനുയായികള്‍ക്കുമെതിരെ ശത്രുക്കള്‍ നടത്തിക്കൊണ്ടിരുന്ന പീഡനങ്ങള്‍ അവയുടെ പാരമ്യത്തിലെത്തി. ഗത്യന്തരമില്ലാതെ അദ്ദേഹം മക്കയുടെ സമീപമുള്ള ത്വാഇഫ് നഗരത്തിലേക്ക് ചെന്നു; അവിടത്തുകാരെങ്കിലും തന്‍റെ സത്യപ്രബോധനത്തെ അംഗീകരിക്കുമെന്ന പ്രതീക്ഷയില്‍. ത്വാഇഫിലെ പൗരപ്രമുഖര്‍ മാത്രമല്ല, സാധാരണ ജനവും പ്രവാചകനെ കല്ലെറിയുകയും അപമാനിക്കുകയുമാണ് ചെയ്തത്. മുറിവേറ്റ്, ചോരയൊലിച്ച് അദ്ദേഹം തൊട്ടടുത്ത ഒരു തോട്ടത്തില്‍ കയറിയിരുന്നു. അദ്ദേഹത്തിന്‍റെ ഹൃദയവ്യഥകള്‍ ഒരു പ്രാര്‍ഥനാ മന്ത്രത്തിന്‍റെ രൂപത്തില്‍ ഇങ്ങനെ പുറത്തേക്കൊഴുകി:”നാഥാ, ജനങ്ങള്‍ക്ക് മുന്നില്‍ എന്‍റെ കഴിവുകേടും നിസ്സഹായതയും ഞാന്‍ നിന്നോടല്ലാതെ മറ്റാരോട് പരാതിപ്പെടാന്‍. നീ കരുണാവാരിധിയാണ്, ദുര്‍ബലരുടെ സംരക്ഷകനാണ്, എന്‍റെ സംരക്ഷകനും നീ തന്നെയാണല്ലോ. നീ എന്നെ ആര്‍ക്കാണ് ഏല്‍പിച്ചുകൊടുക്കുന്നത്? എന്നോട് മോശമായി പെരുമാറുന്ന വിദൂരത്തുള്ള ഈ അപരിചിതര്‍ക്കോ? എനിക്കു മേല്‍ നീ ആധിപത്യം നല്‍കിയ എന്‍റെ തന്നെ ശത്രുക്കള്‍ക്കോ? നിനക്ക് എന്നോട് കോപമില്ലെങ്കില്‍ പിന്നെയൊന്നും എനിക്ക് പ്രശ്‌നമല്ല. നിന്‍റെ സഹായമാണ് എന്‍റെ മുന്നിലെ വിശാല വഴിയും പ്രതീക്ഷയും. അന്ധകാരങ്ങളെ വകഞ്ഞുമാറ്റുന്ന നിന്‍റെ പ്രകാശത്തിലാണ് ഞാന്‍ അഭയം തേടുന്നത്. ഇഹലോകത്തെ കാര്യവും പരലോകത്തെ കാര്യവും നേരായ രീതിയിലാവണം. എങ്കിലേ നിന്‍റെ കോപവും ക്രോധവും എന്‍റെ മേല്‍ പതിക്കാതിരിക്കൂ. എന്തൊക്കെ സംഭവിച്ചാലും നിന്‍റെ തൃപ്തിയാണ് ഏറ്റവും അഭികാമ്യമായിട്ടുള്ളത്. സകല കഴിവുകള്‍ക്കുമുടമ നീ തന്നെയാണല്ലോ.”
പ്രവാചകന്‍റെ ജീവിതം, പ്രവാചകത്വലബ്ധിക്കു മുമ്പുതന്നെ, സഹ ഗോത്രീയരുടെ ജീവിതത്തില്‍നിന്ന് തീര്‍ത്തും ഭിന്നമായിരുന്നു. ദീര്‍ഘകാലം അദ്ദേഹം ധ്യാനമനനങ്ങളിലായിരിക്കും. അങ്ങനെയൊരു സന്ദര്‍ഭത്തിലാണല്ലോ ദിവ്യ വെളിപാടുകള്‍ ആദ്യമായി അവതരിക്കുന്നതു തന്നെ. അപ്പോഴൊന്നും താന്‍ കൈയേറ്റ ഈ ഉത്തരവാദിത്തം തന്‍റെ ജനതയുടെ ഇത്രയേറെ കടുത്ത ശത്രുത ക്ഷണിച്ചുവരുത്തുമെന്ന് അദ്ദേഹം കരുതിയില്ല. നബിയുടെ ഭാര്യ ഖദീജ(റ)യുടെ ബന്ധുവായ വറഖതുബ്‌നു നൗഫല്‍ ഇക്കാര്യം തുടക്കത്തിലേ ഉണര്‍ത്തുന്നുണ്ട്. ആദ്യ ദിവ്യവെളിപാട് ലഭിച്ചതിന്‍റെ പരിഭ്രാന്തിയില്‍ തന്നെ വന്നു കണ്ട പ്രവാചകനോട് ആ വയോധികന്‍ പറഞ്ഞു: ”മോസസിന്‍റെ അടുത്ത് വന്ന അതേ മാലാഖ തന്നെ ഇത്. എനിക്കെന്‍റെ യുവത്വം തിരിച്ചുകിട്ടിയിരുന്നെങ്കില്‍, താങ്കളെ താങ്കളുടെ ജനം പുറത്താക്കുമ്പോള്‍ ഞാന്‍ ജീവിച്ചിരുന്നെങ്കില്‍.” അപ്പോള്‍ പ്രവാചകന്‍ ചോദിക്കുന്നുണ്ട്; ‘അവര്‍ എന്തിനാണ് എന്നെ പുറത്താക്കുന്നത്?’ വറഖത്തിന്റെ മറുപടി: ”പീഡിപ്പിക്കപ്പെടാതെ ഒരു പ്രവാചക നിയോഗവും ഉണ്ടാവുകയില്ല.”
രണ്ട് കാര്യങ്ങളാണ് വറഖത്ത് ഊന്നിപ്പറഞ്ഞത്. ഒന്ന്, പ്രവാചകനായി നിയോഗിതനായതിനാല്‍ പീഡനപരമ്പരകള്‍ വരാന്‍ പോകുന്നു. രണ്ട്, പീഡന പര്‍വങ്ങളിലൂടെ കടന്നുപോവുകയെന്നത് എല്ലാ പൂര്‍വ പ്രവാചകന്മാരുടെയും പാരമ്പര്യവുമാണ്. എന്തെല്ലാം പീഡന രൂപങ്ങളെയാണ് മക്കയിലെ ആ ചെറിയ ഇസ്‌ലാമിക സമൂഹത്തിന് അഭിമുഖീകരിക്കേണ്ടിവന്നത്! ഗോത്രീയ ബന്ധങ്ങള്‍ അതോടെ ശിഥിലമായെങ്കിലും, ആദര്‍ശപരവും ആത്മീയവുമായ ഒരു സുദൃഢബന്ധം പകരം വളര്‍ന്നുവരുന്നുമുണ്ടായിരുന്നു. ദൈവത്തിന്‍റെ ഏകത്വത്തില്‍ ഊന്നിയ ആദര്‍ശബന്ധം. ആദര്‍ശസമൂഹ(ഉമ്മഃ)ത്തിന്‍റെ പിറവിയെയും അത് വിളംബരപ്പെടുത്തി. അതിന് ദേശീയമോ വംശീയമോ ആയ പരിധികളുണ്ടായിരുന്നില്ല. പരിചയിച്ചു വന്ന ഗോത്രാചാരങ്ങളില്‍നിന്നും സാമൂഹിക സങ്കല്‍പങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു ആ ആദര്‍ശസമൂഹം മുന്നോട്ടുവെച്ച പരികല്‍പനകള്‍.
മക്കയില്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ സകല പരിധികളും ലംഘിച്ചപ്പോഴാണ് മദീനയിലേക്ക് പലായനം ചെയ്യേണ്ടിവന്നത്. ആ ചരിത്രസംഭവം ഹിജ്‌റ എന്ന് അറിയപ്പെട്ടു. പ്രവാചകന്‍റെയും ശൈശവദശയില്‍ കഴിയുന്ന ഇസ്‌ലാമിക സമൂഹത്തിന്‍റെയും പ്രയാണത്തിലെ ഏറ്റവും ശ്രദ്ധേയമായ നാഴികക്കല്ലായി ഹിജ്‌റയെ വിലയിരുത്താം. ഇസ്‌ലാമിക ചരിത്രത്തെ തന്നെ അത് പുതിയൊരു ദിശയിലേക്ക് തിരിച്ചുവിട്ടു. ജന്മനാട്ടില്‍നിന്ന് വേരോടെ പിഴുതുമാറ്റപ്പെടുക എന്നത് ഏതൊരു മനുഷ്യനും വളരെ വേദനാജനകമായ അനുഭവമാണ്. പക്ഷേ, സാമൂഹികമായി ചിന്തിച്ചാല്‍ അതൊരു വിജയപാത ഒരുക്കല്‍ കൂടിയാണ്. ഹിജ്‌റ തന്നെയാണല്ലോ ഏതാനും വര്‍ഷങ്ങള്‍ക്കകം പ്രവാചകനെയും അനുയായികളെയും ദിഗ്വിജയികളായി മക്കയില്‍ തിരിച്ചെത്തിച്ചത്. ഇസ്‌ലാം അറേബ്യയുടെ ഭൂമിശാസ്ത്ര പരിധികള്‍ മറികടന്ന് ലോക ചരിത്രത്തിലേക്ക് കടക്കുന്നത് ഹിജ്‌റയോടെയാണ്. പ്രവാചകന്‍ ലോക ജനതക്കാകെ കാരുണ്യമാണെന്നും ഒരു സാര്‍വലൗകിക സന്ദേശമാണ് ഇസ്‌ലാമിന് പകര്‍ന്നുനല്‍കാനുള്ളതെന്നുമുള്ള ഖുര്‍ആന്‍റെ പ്രഖ്യാപനത്തിന് സാധൂകരണം ലഭിക്കുന്നത് ഹിജ്‌റയോടെയാണ് എന്നര്‍ഥം.
ഹജ്ജ് വേളയില്‍ പ്രവാചകന്‍ നടത്തിയ വിടവാങ്ങല്‍ പ്രഭാഷണം, എത്ര ഉദാത്തമാണത്! അറബിക്ക് അനറബിയേക്കാള്‍ യാതൊരു ശ്രേഷ്ഠതയുമില്ല. ഒരു തരത്തിലുള്ള ശ്രേണീ ബദ്ധ വിഭജനങ്ങളും ഇസ്‌ലാമിക സമൂഹം അംഗീകരിക്കുകയില്ല എന്നാണതിന്‍റെ അര്‍ഥം. സ്ഥലപരമോ വംശീയമോ ആയ വേര്‍തിരിവുകള്‍ മറികടന്ന് ആദര്‍ശം അംഗീകരിച്ചവരെയെല്ലാം ഒരേ ചരടില്‍ കോര്‍ക്കുകയാണ്. ദേശീയ-സാംസ്‌കാരിക പൈതൃകങ്ങള്‍ എന്തുതന്നെയായാലും, വിശ്വാസി സമൂഹത്തിലെ ഓരോരുത്തര്‍ക്കും അവകാശങ്ങളും ബാധ്യതകളും ഒരേ തരത്തിലുള്ളത്.
ഹിജ്‌റക്കു ശേഷം പ്രവാചകന്‍ മദീനയില്‍ എന്താണ് ചെയ്തത്? പരസ്പരം പോരടിച്ചുകൊണ്ടിരുന്ന ഔസ്, ഖസ്‌റജ് ഗോത്രങ്ങളെ സമാധാനത്തിന്‍റെ പാതയിലേക്ക് കൊണ്ടുവന്നു. ജൂതന്മാരുള്‍പ്പെടെയുള്ള എല്ലാ ജനവിഭാഗങ്ങള്‍ക്കും മുഴുവന്‍ രാഷ്ട്രീയ പൗരത്വാവകാശങ്ങളും വകവെച്ചുനല്‍കുന്ന ഒരു ഭരണഘടന തയാറാക്കി. ചരിത്രത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന. ഇതിന് മുന്‍ മാതൃകകളില്ല. ഓരോ വിഭാഗത്തിന്‍റെയും അവകാശബാധ്യതകള്‍ അവരുടെ പേര് എടുത്തുപറഞ്ഞുകൊണ്ടുതന്നെ അതില്‍ പ്രതിപാദിച്ചിരുന്നു.
മദീനാ ജീവിതകാലത്താണ് നജ്‌റാനിലെ ക്രൈസ്തവ സമൂഹത്തെ പ്രതിനിധീകരിച്ച് ഒരു ബിഷപ്പിന്‍റെ നേതൃത്വത്തില്‍ അറുപത് പേരടങ്ങുന്ന സംഘം പ്രവാചകനെ കാണാനെത്തിയത്. സംസാരം കഴിഞ്ഞ ശേഷം പുരോഹിതന്മാരും നേതാക്കളും ഉള്‍ക്കൊള്ളുന്ന ആ സംഘത്തിന് തന്‍റെ മസ്ജിദില്‍ പ്രാര്‍ഥന നിര്‍വഹിക്കാന്‍ അദ്ദേഹം അനുവാദം നല്‍കി. ഇസ്‌ലാമും ക്രൈസ്തവതയും തമ്മിലുള്ള പ്രത്യേക ബന്ധം ഊന്നിപ്പറയുകയായിരുന്നു പ്രവാചകന്‍. രണ്ടും അബ്രഹാമിക് പാരമ്പര്യത്തിലുള്ള മതങ്ങളാണ്. ഏതൊരു വിഭാഗത്തിന്‍റെയും മതസ്വാതന്ത്ര്യം പ്രധാനമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഈ സംഭവം വ്യക്തമാക്കുന്നുണ്ടല്ലോ. ക്രൈസ്തവര്‍ക്ക് അവരുടെ മതാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്നതോടൊപ്പം തന്നെ, അവരുടെ ചര്‍ച്ചുകളും മറ്റു മതസ്ഥാപനങ്ങളും സംരക്ഷിക്കപ്പെടുമെന്ന ഉറപ്പുകൂടി നല്‍കുകയാണ് പ്രവാചകന്‍ ഈ അന്യാദൃശമായ പ്രവൃത്തിയിലൂടെ.
മക്കയില്‍ വിജയശ്രീലാളിതനായി തിരിച്ചെത്തിയപ്പോള്‍ പ്രവാചകന്‍ എന്താണ് ചെയ്തത്? സകല ശത്രുക്കള്‍ക്കും അദ്ദേഹം മാപ്പു കൊടുത്തു. പ്രവാചകനെതിരെയുള്ള യുദ്ധങ്ങള്‍ക്ക് നേതൃത്വം കൊടുത്ത അബൂസുഫ്‌യാനും ഉഹുദ് യുദ്ധത്തില്‍ പ്രവാചകന്‍റെ പ്രിയങ്കരനായ പിതൃസഹോദരന്‍ ഹംസ(റ)യെ കൊലപ്പെടുത്താന്‍ വഹ്ശി എന്നൊരാളെ പറഞ്ഞുവിടുകയും ഹംസ(റ) രക്തസാക്ഷിയായപ്പോള്‍ അദ്ദേഹത്തിന്റെ ശരീരം കുത്തിക്കീറി വികൃതമാക്കുകയും ചെയ്ത ഹിന്ദും കൂട്ടത്തിലുണ്ട്. എല്ലാവരോടുമായാണ് പ്രവാചകന്‍ പറഞ്ഞത്; ‘പിരിഞ്ഞുപോകൂ. നിങ്ങള്‍ സ്വതന്ത്രരാണ്.’
പ്രവാചകന്‍ ഇഹലോകത്തോട് വിടവാങ്ങുമ്പോള്‍ ഏതാണ്ട് മുഴു അറേബ്യയുടെയും ചോദ്യം ചെയ്യപ്പെടാത്ത ഭരണാധികാരി തന്നെയായിരുന്നു അദ്ദേഹം. എന്നിട്ടും ആര്‍ക്കും ഒരു വില്‍പത്രവും അദ്ദേഹം എഴുതിവെച്ചില്ല. വളരെ ചെറിയ വസ്തുവകകളേ സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഭരണാധികാരിയായി വന്ന അബൂബക്ര്‍(റ) അതൊക്കെയും പൊതുസ്വത്തായി പ്രഖ്യാപിച്ചു. പ്രവാചകന്‍ അനന്തരമായി നല്‍കുന്നത് സ്വത്തല്ല, ജ്ഞാനമാണ് എന്ന പ്രവാചകവചനത്തെ അന്വര്‍ഥമാക്കുന്നതായിരുന്നു അബൂബക്‌റി(റ)ന്റെ ഈ നടപടി.
തന്‍റെ ഭാര്യമാര്‍ക്കൊക്കെയും സ്‌നേഹനിധിയായ ഭര്‍ത്താവായിരുന്നു പ്രവാചകന്‍. അവരില്‍ ആഇശ(റ)യും ഹഫ്‌സ(റ)യും പ്രവാചകന്‍റെ ജീവിതകാലത്തും ശേഷവും അന്വേഷിച്ചെത്തുന്നവര്‍ക്ക് ഇസ്‌ലാമിക നിയമങ്ങളില്‍ വിശദീകരണവും വ്യക്തതയും നല്‍കാന്‍ മാത്രം വ്യുല്‍പത്തി നേടിയിരുന്നു. അദ്ദേഹത്തിന്‍റെ ഏറ്റവുമടുത്ത നാല് അനുചരന്മാരെ നോക്കൂ- അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി (എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ). അവരാണ് പിന്നീട് ഇസ്‌ലാമിക സമൂഹത്തിന്‍റെ കടിഞ്ഞാണ്‍ കൈയേറ്റത്. വളരെ മാതൃകാപരമായി അവര്‍ തങ്ങളുടെ ജനതയെ നയിച്ചു. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും സത്യസന്ധരായ ഭരണാധികാരികള്‍. ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴേക്കും, ഖുര്‍ആനും നബിചര്യയും മാതൃകയാക്കിയ ഈ സമൂഹം ഒരു മഹാ രാഷ്ട്രീയ സാന്നിധ്യമായി ലോകചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടുകഴിഞ്ഞിരുന്നു. സ്‌പെയിന്‍ മുതല്‍ ചൈനയുടെ അതിര്‍ത്തികള്‍ വരെയുണ്ടായിരുന്നു അതിന്‍റെ വ്യാപ്തി. മാനവികതയുടെയും സംസ്‌കാരത്തിന്‍റെയും മാത്രമല്ല, ശാസ്ത്ര പുരോഗതിയുടെയും സുവര്‍ണ യുഗമായിരുന്നു അത്. അന്ദുലൂസിലെ ഇസ്‌ലാമിക നാഗരികതയാണല്ലോ പാശ്ചാത്യ നവോത്ഥാനത്തിന് വരെ ഒരു മുഖ്യ പ്രേരണയായിത്തീര്‍ന്നത്.
യഥാര്‍ഥത്തില്‍ അബ്രഹാമിക് വിശ്വാസ സംഹിതയുടെ പുനര്‍ ജന്മമാണ് മുഹമ്മദ് നബി(സ)യുടെ നിയോഗത്തോടെ സംഭവിക്കുന്നത്. രണ്ടിന്‍റെയും അസ്തിവാരം കരുത്തുറ്റതും എന്നാല്‍ ലളിതവുമായ കലര്‍പ്പറ്റ ഏകദൈവ വിശ്വാസമാണ്. മോസസ്, ഡേവിഡ്, ജീസസ് എന്നിവരിലൂടെ കൈമാറിക്കിട്ടിയ അതേ വിശ്വാസസംഹിത. മനുഷ്യന്‍റെ വിമോചനവും യഥാര്‍ഥ സമാധാനവും ഈ പ്രവാചക ദൗത്യത്തിലൂടെ മാത്രമാണ് സാക്ഷാത്കരിക്കാനാവുക. ‘സകല ലോകങ്ങള്‍ക്കും കാരുണ്യമായാണ് താങ്കളെ അയച്ചത്’ എന്ന ഖുര്‍ആനിക പ്രഖ്യാപനത്തിന്റെ (21:107) പൊരുള്‍ അതാണ്.
പ്രവാചക ജീവിതം ആദ്യം മുതല്‍ അവസാനം വരെ മനുഷ്യസമൂഹത്തിനൊന്നാകെയും അനുഗ്രഹമാണെന്ന് പ്രഖ്യാപിക്കുന്ന മുസ്‌ലിം സമൂഹം, ആ ജീവിതത്തിലെ കാരുണ്യം, നീതിബോധം, സത്യത്തോടുള്ള പ്രതിബദ്ധത തുടങ്ങിയ സമുന്നത മാനുഷിക മൂല്യങ്ങള്‍ക്ക് സ്വന്തം ജീവിതത്തിലൂടെ മൂര്‍ത്ത രൂപം നല്‍കുകയാണ് വേണ്ടത്. പ്രവാചകന്‍റെ മഹദ് പൈതൃകത്തിന് അവര്‍ നല്‍കുന്ന ഏറ്റവും വലിയ ആദരമായിരിക്കുമത്. പ്രവാചകന്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ അവര്‍ സ്വന്തം ജീവിതത്തില്‍ സാക്ഷാത്കരിക്കണം. ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെടുകയും എന്നാല്‍, ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും ഏറ്റവുമധികം സ്വാധീനം ചെലുത്തുകയും ചെയ്യുന്ന ആ വ്യക്തിത്വത്തോടുള്ള ആദരവും കടപ്പാടും ഈ വിധത്തില്‍ നിര്‍വഹിക്കാന്‍ മുസ്‌ലിം സമൂഹം തയാറാകുമോ?
(റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘തവാസുല്‍ യൂറോപ്പി’ന്‍റെ ഡയറക്ടറാണ് ലേഖിക)
(കടപ്പാട് :പ്രബോധനം വാരിക)