മനുഷ്യബന്ധങ്ങളില്‍ താല്‍പര്യംകൊള്ളാതെ ദൈവവുമായി മാത്രം സംവദിച്ചും ലോകത്തിനുവേണ്ടി അഹര്‍ന്നിശം വേദാന്തം മൊഴിഞ്ഞും കഴിയുന്ന കേവലമൊരു ജ്ഞാനിയായിരുന്നില്ല പ്രവാചകന്‍. ദൈവത്തിന്റെ ഏകത്വത്തില്‍ ഊന്നിയുറച്ചും സമസ്രഷ്ടങ്ങളോട് സ്‌നേഹവിശ്വാസങ്ങള്‍ പ്രകടിപ്പിച്ചും കഴിഞ്ഞ പ്രവാചകന്‍ അസദൃശനായ ഒരു കര്‍മ്മയോഗിയും മനുഷ്യസ്‌നേഹിയുമായിരുന്നു.
നബിതിരുമേനി കാരുണ്യത്തിന്റെ നിറകുടമായിരുന്നു- നോവുണരുന്ന ദിക്കുകളിലൊക്കെ അനുതാപാര്‍ദ്രനായി ച്ചെന്ന് ആശ്വാസം പകരുവാന്‍ മടികാണിക്കാത്ത പ്രവാചകന്‍, ഒരാണില്‍നിന്നും പെണ്ണില്‍നിന്നും പിറന്ന മനുഷ്യകം സൂക്ഷമാര്‍ത്ഥത്തില്‍ സഹോദരസമുദായമാണെന്ന മഹാസന്ദേശം അനാവരണം ചെയ്യുകയായിരുന്നു. പ്രവാചകന്റെ കറകളഞ്ഞ ദൈവബോധവും ആര്‍ദ്രമായസമീപനവും ശത്രുക്കളില്‍ പോലും അമേയമായ സ്വാധീനതകളുളവാക്കി. സ്രീകളോടും, കുട്ടികളോടും വൃദ്ധരോടും മാത്രമല്ല, പക്ഷികളോടും മൃഗങ്ങളോടും കൊച്ചുപ്രാണികളോടും വൃക്ഷങ്ങളോട് പോലും പ്രവാചകന്‍ സ്‌നേഹാര്‍ദ്രത കാട്ടിയിരുന്നു. പ്രവാചകനംഗീരിച്ച യുദ്ധനിയമങ്ങളില്‍ പോലുമത് കാണാന്‍ കഴിയും. ശത്രുക്കളുടെ സ്രീകളെയും വയോധികരെയും ദ്രോഹിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകന്‍ വൃക്ഷങ്ങള്‍ വെട്ടിനശിപ്പിക്കരുതെന്നുപോലും നിര്‍ദ്ദേശിക്കുമ്പോള്‍ ആ വ്യക്തിത്വത്തിന്റെ ഉദാരവും കരുണാര്‍ദ്രവുമായ ഭാവം നമുക്ക് ബോധ്യപ്പെടും.