ദൈവം അദൃശ്യനാണ്. പഞ്ചേന്ദ്രിയങ്ങള്‍ക്കതീതനാണ്. ഇന്ദ്രിയാധീനമായ ഭൗതികപ്രപഞ്ചത്തിന്റെ കാര്യകാരണനിയമങ്ങളിലൂടെ മാത്രം അന്വോഷിച്ചാല്‍ അവനെ കണ്ടെത്താനാവില്ല. ഇന്ദ്രിയ വിധേയമാവാത്തതൊന്നും ഇല്ല എന്നാണ് ചിലര്‍ കരുതുന്നത്. ഈ ധാരണയാണ് ദൈവനിഷേധത്തിനാധാരം. ചിലരിതിനെ യുക്തിവാദം എന്നു പറയുന്നുണ്ട്. വാസ്തവത്തില്‍ യുക്തിശൂന്യമാണിത്. കണ്ണില്ലാത്തവര്‍ക്ക് വെളിച്ചത്തിന്റെ അസ്ഥിത്വത്തെ നിഷേധിക്കാം. കാതില്ലാത്തവര്‍ക്ക് കേള്‍വി എന്ന യാഥാര്‍ത്ഥ്യത്തെയും നിഷേധിക്കാം. കണ്ണില്ലാത്തവര്‍ക്ക് വെളിച്ചമോ കാതില്ലാത്തവന് കേള്‍വിയോ അനുഭവിക്കാനാവില്ല. പക്ഷേ,വെളിച്ചം ശബ്ദം എന്നീ യാഥാര്‍ത്ഥ്യങ്ങള്‍ അതുകൊണ്ട് ഇല്ലാതാകുമോ? അഞ്ച് ഇന്ദ്രിയങ്ങളും ഇല്ലാത്ത ഒരാളെ സങ്കല്‍പ്പിക്കുക, അയാള്‍ക്ക് ഈ ലോകം തന്നെ ഇല്ല. ഒരാള്‍ മരിക്കുമ്പോള്‍ അയാളുടെ പഞ്ചേന്ദ്രിയങ്ങള്‍ നിഷ്‌ക്രിയമാകുന്നു. അപ്പോള്‍ അയാളെ സംബന്ധിച്ചിടത്തോളം ഈ ലോകം ഇല്ല. പക്ഷേ, ജീവിച്ചിരിക്കുന്നവര്‍ക്ക് അറിയാം ലോകം പഴയപടി നിലനില്‍ക്കുന്നുവെന്ന്. മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങള്‍ക്കും വിധേയമാക്കാത്ത അതിഭൗതിക ലോകത്തെ നാം നിഷേധിക്കുന്നതും ഇത് പോലെയാണ്.
അഭൗതികപ്രപഞ്ചത്തിലേക്കുള്ള കവാടം വിശ്വാസമാണ്. സ്വന്തം അറിവി്‌ന്റെ പരിമിതിയെ അംഗീകരിക്കുന്നവര്‍ക്കേ വിശ്വസിക്കാന്‍ കഴിയൂ. യുക്തി നിര്‍ദ്ദേശിക്കുന്ന കാര്യകാരണ വ്യവസ്ഥക്കതീതമായ ജ്ഞാനമാണ് വിശ്വാസം. പഞ്ചേന്ദ്രിയങ്ങള്‍ക്ക് അപ്രാപ്യമായതിനെ ദര്‍ശിക്കാനുള്ള ആറാം ഇന്ദ്രിയമാണിത്. ഉണ്‍മകളൊക്കെയും പഞ്ചേന്ദ്രിയങ്ങള്‍ക്ക് അധീനപ്പെട്ടിരിക്കുന്നു എന്ന് ഭ്രമിക്കുന്ന മനസ്സില്‍ വിശ്വാസത്തിനിടമില്ല. പഞ്ചേന്ദ്രിയങ്ങള്‍ക്കെന്നപൊലെ വിശ്വാസമാകുന്ന ആറാം ഇന്ദ്രിയത്തിനും തെറ്റാവുകയും ശരിയാവുകയും ചെയ്യാം അതുകൊണ്ട് പക്ഷേ, വിശ്വാസം അപ്രധാനമാകുന്നില്ല. നോട്ടപ്പിശകും കേള്‍വിദോഷവും കാഴ്ചയുടെയും കേള്‍വിയുടെയും പ്രാധാന്യം കുറക്കുന്നില്ലല്ലോ.
ദൈവത്തെ അംഗീകരിക്കുന്നവരെ പ്പോലെ നിഷേധിക്കുന്നവരും അതിഭൗതികലോകത്ത് ചെന്നു നോക്കി നേരിട്ടറിഞ്ഞിട്ടല്ല അത് ചെയ്യുന്നത്. ഒരു കൂട്ടര്‍ ഭൗതിക ലോകത്തിനപ്പുറം ഒരഭൗതികലോകവും അതില്‍ ഭൗതികലോകത്തെകൂടി ഭരിക്കുന്ന ദൈവവും ഉണ്ടെന്ന് വിശ്വസിക്കുന്നു, മറ്റേ കൂട്ടര്‍ ഇന്ദ്രിയായീതമായി യാതൊന്നും ഇല്ലെന്ന് വിശ്വസിക്കുന്നു. വിശ്വാസം എന്ന നിലയില്‍ രണ്ടിന്റെയും മൂല്യം തുല്യമാണ്. എന്നാല്‍ മനുഷ്യബുദ്ധിയും പ്രാപഞ്ചിക പ്രകൃതിയും ബലപ്പെടുത്തുന്നത് ഒന്നാമത്തെ വിശ്വാസത്തെയാണ്.
പ്രകൃതിയുടെ സാക്ഷ്യം
വലിയവലിയ തത്വശാസ്ത്രങ്ങളും ദര്‍ശനപദ്ധതികളും ആവിശ്കരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ദൈവാസ്ഥിത്വം സ്ഥാപിച്ചിട്ടല്ല. പണ്ടുമുതലേ ആളുകള്‍ ദൈവത്തില്‍ വിശ്വസിച്ച് വരുന്നത്. ഭൗതികശാസ്ത്രം അതിന്റെ നിയമങ്ങളിലൂടെ തെളിയിച്ചത്‌കൊണ്ടുമല്ല. ദൈവവിചാരം അവനവന്റെ മന്സ്സില്‍ തന്നെയുള്ളതാണെന്ന് നോരത്തേ സൂചിപ്പിച്ചുവല്ലോ. സത്യബോധവും സൗന്ദര്യബോധവും പോലെ അതിനെ ഉത്തേജിപ്പിക്കേണ്ടതും മരവിപ്പിക്കേണ്ടതും നാം തന്നെയാണ്. സര്‍വ്വകലാശാലകളില്‍ പഠിച്ചത്‌കൊണ്ടോ ലബോറട്ടറികളില്‍ പരീക്ഷ.ണം നടത്തിയത് കൊണ്ടോ അത് സാധിക്കണമെന്നില്ല. എന്നാല്‍ തന്നിലേക്കും തന്റെ ചുറ്റുമുള്ള ലോകത്തേക്കും ഉള്‍ക്കണ്ണുതുറന്ന് നോക്കുന്നവന് ദൈവത്തെ കണ്ടെത്താനും തിരിച്ചറിയാനും അനായാസം സാധിക്കുകയും ചെയ്യും അതാണ് മുഹമ്മദ് നബി പറഞ്ഞത്. തന്നെ അറിഞ്ഞവന്‍ തന്റെ ദൈവത്തെ അറിഞ്ഞു.
കണിശമായ നിയമങ്ങള്‍ അനുസരിച്ച് നിലനില്‍ക്കുന്ന സ്വന്തം ശരീരം, അതില്‍ മിടിച്ചുകൊണ്ടിരിക്കുന്ന ജീവന്‍, അതിന്റെ നിലനില്‍പ്പിനെ നാനാവിധേന സഹായിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി- ഇതെല്ലാം അവന്‍ നേരിട്ടനുഭവിക്കുന്നതാണ്. നിശ്ചിതവേഗത്തില്‍ സ്ഥിരമായി കറങ്ങുന്ന ഭൂമി, വെള്ളം, മലകള്‍, മരങ്ങള്‍ എല്ലാം കൃത്യമായ വ്യവസ്ഥകളെ പിന്‍തുടരുന്നു. ഈ വ്യവസ്ഥാപിതത്വമാണ് പ്രപഞ്ചത്തെ നിലനിര്‍ത്തുന്നത്. ഓരോ സൃഷ്ടിയിലും സവിശേഷമായ ധര്‍മ്മങ്ങള്‍ ചുമത്തപ്പെട്ടതായി കാണുന്നു. ആ ധര്‍മ്മം പൂര്‍ത്തീകരിക്കാനാവശ്യമായ കഴിവുകളും യോഗ്യതകളും അവയില്‍ നിക്ഷേപിക്കപ്പെടുകയും ചെയ്തിരിക്കുന്നു. പ്രാപഞ്ചിക വസ്തുക്കള്‍ അവയുടെ നിയമങ്ങള്‍ പാലിക്കുകയും ധര്‍മ്മങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നതുകൊണ്ടാണ് നാം മനുഷ്യര്‍ക്ക് ഇവിടെ വാഴാന്‍ കഴിയുന്നത്. ഭൂമിയുടെ കറക്കത്തിന്റെ വേഗത, ഭൂമിയും സൂര്യനും തമ്മിലുള്ള അകലം – ഇതിലെതെങ്കിലുമൊന്ന് ഇപ്പൊഴുള്ളതായിരുന്നുവെങ്കില്‍ ഭൂമിയില്‍ വായുവും വെള്ളവും ഉണ്ടാകുമായിരുന്നില്ല. ഇന്ന് നാം അനുഭവിക്കുന്ന രാപ്പകലുകളുണ്ടാകുമായിരുന്നില്ല. ജീവന്‍ അസാധ്യമാകുമായിരുന്നു. ആകാശഗോളങ്ങള്‍ അവക്ക് നിശ്ചയിക്കപ്പെട്ട ഭ്രമണപഥത്തിലൂടെയല്ല സഞ്ചരിക്കുന്നതെങ്കില്‍ പരസ്പരം കൂട്ടിമുട്ടി എല്ലാം താറുമാറായതുതന്നെ. പ്രപഞ്ചത്തിലെ ഓരോ മണല്‍ത്തരിക്കും അതിന്റേതായ ധര്‍മ്മമുണ്ട്. ആ ധര്‍മ്മം നിര്‍വ്വഹിക്കപ്പെടുക അതിന്റെ മാത്രമല്ല ഇതരപദാര്‍ത്ഥങ്ങളുടെ കൂടി നിലനില്‍പ്പിന് അനിവാര്യമാകുന്നു. നമ്മുടെ ജീവജാലത്തെക്കുറിച്ചാലോചിച്ചു നോക്കുക. സമുദ്രം,സൂര്യതാപം,നീരാവി,മേഘങ്ങള്‍,കാറ്റ്,മലകള്‍ തുടങ്ങി എത്രയെത്ര പ്രതിഭാസങ്ങളുടെ പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുന്നു അതിന്റെ ലഭ്യത.
ഇതുപോലെ സസ്യലതാതികളും ജന്തുജാലങ്ങലുമെല്ലാം നിരന്തര്യമായ പാരസ്പര്യത്തിലൂടെയാണ് നിലനില്‍ക്കുന്നത്. പ്രാപഞ്ചികഘടങ്ങളുടെ ഈ യുക്തിപൂര്‍ണ്ണവും സോദ്ദശ്യവും പരസ്പരാസ്രിതവുമായ സംവിധാനവും അതിനു പിന്നില്‍ സര്‍വ്വജ്ഞനും യുക്തിപൂര്‍ണ്ണനും ആസൂത്രണപടുവും തികഞ്ഞ ലക്ഷ്യബോധവുള്ളവനുമായ ഒരസ്ഥിത്വത്തിന്റെ സാന്നിധ്യം സാക്ഷ്യപ്പെടുത്തുന്നു. നമ്മുടെ മാംസ ദൃഷ്ടികള്‍ക്ക് അതിനെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും മനക്കണ്ണുകള്‍ക്ക് തെളിഞ്ഞുകാണാം.
ദൈവിക ദൃഷ്ടാന്തങ്ങള്‍
ദൈവത്തെക്കുറിച്ച് അറിയേണ്ടത് അവന്റെ ദൃഷ്ടാന്തങ്ങളിലൂടെയാണെന്ന് മുഹമ്മദ് നബി പറയുന്നുണ്ട്. കാരണം കണ്ണുകള്‍ക്ക് അവനെ കാണാനാവില്ല. അവനെപ്പോലെ വേറോന്നുമില്ലതന്നെ. ഖുര്‍ആന്‍ നിരവധി പ്രാപഞ്ചിക പ്രതിഭാസങ്ങളെ ദൈവിക ദൃഷ്ടാന്തങ്ങളായി ചൂണ്ടിക്കാണിക്കുന്നു. ചില ഉദാഹരണങ്ങള്‍, സകല ദിഗന്തങ്ങളിലും നാം മനുഷ്യര്‍ക്ക് ദൃഷ്ടാന്തങ്ങള്‍ കാട്ടിക്കൊടുക്കുന്നുണ്ട്. അവരുടെ ആത്മാക്കളില്‍ തന്നെയും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. (ഫുസ്സിലത്ത് : 53). അവര്‍ ഒട്ടകങ്ങളെ നോക്കുന്നില്ലയോ, അത് എവ്വിധം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്, ആകാശത്തെ നോക്കുന്നില്ലയോ, അതെങ്ങനെ ഉയര്‍ത്തപ്പെട്ടുവെന്ന്, പര്‍വ്വതങ്ങളെ നോക്കുന്നില്ലയോ അതെങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്, ഭൂതലത്തെ നോക്കുന്നില്ലയോ അതെങ്ങനെ വിസ്തൃതമാക്കപ്പെട്ടിരിക്കുന്നുവെന്ന് (അല്‍ഗാശിയ : 17-20). മരവിച്ചുകിടന്നമണ്ണ് മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തമാകുന്നു. നാം അതിനെ സജീവമാക്കി ധാന്യമുല്‍പ്പാദിപ്പിക്കുന്നു. ആ ധാന്യങ്ങളാണ് അവരാഹരിക്കുന്നത്. നാമതില്‍ ഈന്തപ്പനത്തോട്ടങ്ങളും മുന്തിരിത്തോപ്പുകളും വളര്‍ത്തി. ഇടയിലൂടെ നീരുറവകളൊഴുക്കി- അവര്‍ക്കു ഫലങ്ങള്‍ തിന്നാന്‍. ഇതൊന്നും അവര്‍ സ്വകരങ്ങളാല്‍ സൃഷ്ടിക്കുന്നതല്ലല്ലോ. എന്നിരിക്കെ അവര്‍ നന്ദിയുള്ളവരാകാത്തതെന്ത്? മണ്ണില്‍മുളക്കുന്ന സസ്യജാതികളിലും മനുഷ്യരില്‍ തന്നെയും അവരറിഞ്ഞിട്ടില്ലാത്ത മറ്റുപലതിലും ഇണകളെ സൃഷ്ടിച്ചവന്‍ അതീവ പരിശുദ്ധന്‍! (യാസീന്‍ : 33-36). മണ്ണില്‍നിന്ന് നിങ്ങളെ സഷ്ടിച്ചതും നിങ്ങളതില്‍ വ്യാപരിച്ചുകൊണ്ടിരിക്കുന്നതും അവന്റെ ദൃഷ്ടാന്തമാകുന്നു. നിങ്ങളില്‍ നിന്നു തന്നെയുള്ള ഇണകളെ സഷ്ടിച്ചുതന്നതും – അതുവഴി പരസ്പരം ശാന്തി നേടാന്‍ – നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അവന്റെ ദൃഷ്ടാന്തമാകുന്നു. വാനഭുവനങ്ങളെ നിര്‍മ്മിച്ചതും നിങ്ങളുടെ ഭാഷ വ്യത്യസ്തമാക്കിയതും അവന്റെ ദൃഷ്ടാന്തമാകുന്നു. നിങ്ങള്‍ രാപ്പകലുകളില്‍ ഉറങ്ങുന്നതും അവന്റെ അനുഗ്രഹം തേടി അധ്വാനിക്കുന്നതുമെല്ലാം അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു (അര്‍റൂം -20- 23). ആകാശഭൂമികളുടെ സൃഷ്ടിയിലും രാപ്പകല്‍മാറ്റത്തിലും ബുദ്ധിമാന്‍മാര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.(ആലു ഇംറാന്‍ : 190). ഭൗതികപ്രതിഭാസങ്ങളുടെ സൂക്ഷമനിരീക്ഷണവും അതില്‍നിന്നുള്‍ക്കൊള്ളുന്ന അവബോധവും നമുക്കുള്ളിലുള്ള ദൈവബോധത്തെ ഉണര്‍ത്തുകയും ഭക്തിവികാരം വളര്‍ത്തുകയും ചെയ്യും. നിത്യപരിചയമുള്ള പലപ്രതിഭാസങ്ങളുടെയും ദൃഷ്ടാന്തവശത്തെ, നിത്യപരിചയം കൊണ്ടുതന്നെ നാം അവഗണിക്കുകയാണ്. നാം ഇവയുടെ ഭൗതികഘടനയെ മാത്രം പഠിക്കുകയും ഭൗതികജീവിതത്തില്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ദൃഷ്ടാന്തങ്ങളോടുള്ള ഈ അവഗണനയും അശ്രദ്ധയും, അവിദ്യയും അവിവേകവുമാണ്. അതാണ് ദൈവനിഷേധത്തിലേക്കും ബഹുദൈവത്വത്തിലേക്കും വഴി തെളിക്കുന്നത്.
ദൈവവിശ്വാസവും ബുദ്ധിയും.
പഞ്ചേന്ദ്രിയങ്ങലിലൂടെ അനുഭവപ്പെടുന്നതോ പദാര്‍ത്ഥലോകത്തിന്റെ കാര്യകാരണനിയമങ്ങളിലൂടെ കണ്ടെത്താനാവുത്തതോ അ്ല്ല ദൈവത്തിന്റെ അസ്ഥിത്വമെന്നത് നടെ സൂചിപ്പിച്ചുവല്ലോ. ദൈവവിശ്വാസം യുക്തിക്ക് വിരുദ്ധമാണെന്നല്ല അതിനര്‍ത്ഥം. ദൈവം ഭൗതികയുക്തിക്ക് അപ്രാപ്യനാകുന്നു. എന്നാണ്. ദൈവത്തെ അനുഭവഭേദ്യമാക്കാന്‍ പര്യാപ്തമായ ഇന്ദ്രിയങ്ങള്‍ നമുക്കില്ല. ഭൗതികലോകത്തിന്റെ കാര്യകാരണനിയമങ്ങളിലൂടെ സൃഷ്ടാവായ ദൈവം ആ കാര്യകാരണവ്യവസ്ഥക്കും അതീതനാണ്. അതു കൊണ്ട് പരീക്ഷണശാലയില്‍ ഗവേഷണം നടത്തി കണ്ടുപിടിക്കുന്നവനുമല്ല സാക്ഷാല്‍ ദൈവം.
നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് പ്രാപ്യമായ സംഗതികളെല്ലാം യുക്തിക്കധീനമാകുന്നു. കേവല യുക്തികൊണ്ട് ദൈവം ഉണ്ടെന്നോ ഇല്ലെന്നോ സ്ഥാപിക്കാനാവില്ല. ദൂരം അളക്കാനുള്ള നാട കൊണ്ട് വസ്തുക്കളുടെ തൂക്കം അളക്കാനാവില്ലല്ലോ. അതു പോലെ ഭൗതികപ്രതിഭാസങ്ങള്‍ അറിയാനുള്ള ഉപാധികള്‍ കൊണ്ട് അഭൗതിക പ്രതിഭാസങ്ങള്‍ അറിയാനാവില്ല. യുക്തിയുടെ മുമ്പില്‍ ദൈവത്തിന്റെ ഭാവവും അഭാവവും തുല്യമായ രണ്ട് സാധ്യതകളാണ്. ഇതില്‍ ഒന്ന് തിരഞ്ഞെടുക്കുന്നതിന് അനുകൂലമായ ന്യായങ്ങള്‍ വേണം. നാസ്തികത തെരഞ്ഞെടുക്കുന്നതിന് അനുകൂലമായ ന്യായങ്ങള്‍ വേണം. നാസ്തികത തെരഞ്ഞെടുക്കാനുള്ള ഒരേയൊരു ന്യായം ദൈവം ഇന്ദ്രിയഗോചരമാകുന്നില്ല എന്നതു മാത്രമാണ്. ദൈവം ഇന്ദ്രിയഗോചരമായ അസ്ഥിത്വമാണെന്ന് വാദിക്കുന്നവര്‍ക്കെതിരെ മാത്രമേ ഈ ന്യായം പ്രസക്തമാകൂ. ഒരു ദൈവശാസ്ത്രവും അങ്ങനെ പറയുന്നില്ല മറിച്ച് പറയുന്നുണ്ട്താനും. അതിനാല്‍ ഈ ന്യായം ദൈവാസ്ഥിത്വ ചര്‍ച്ചയില്‍ അപ്രസക്തമാകുന്നു. ഏറി വന്നാല്‍ ദൈവത്തിന്റെ ഭാവത്തെയും അഭാവത്തെയും ഒരുപോലെ അസ്ഥിരപ്പെടുത്തുന്ന ന്യായമേ അതാകുന്നുള്ളൂ. ഭാവത്തിന്റെയും അഭാവത്തിന്റെയും തുല്യ സാധ്യത അപ്പോഴും നിലനില്‍ക്കുന്നു. അഭാവം സ്ഥിരപ്പെടുത്താന്‍ വേറെ തെളിവുകള്‍ വേണം. അതാകട്ടെ ഇനിയും ആരും ഉന്നയിച്ചിട്ടില്ല. എന്നാല്‍ അസ്ഥിത്വ സാധ്യതയെ ഒരനിവാര്യതയായി ഉയര്‍ത്തുന്ന നൈയാമികമായ തെളിവുകള്‍ ദൈവശാസ്ത്രകാരന്‍മാര്‍ പണ്ടെ ധാരാളമായി ഉന്നയിച്ചിട്ടുള്ളതാണ്. നൈയാമികമായ ദൈവാസ്ഥിത്വവാദത്തെ ഇങ്ങനെ ഗ്രഹിക്കാം.
ഉണ്മകള്‍ അനിവാര്യമായും മൂന്നിനമാകുന്നു. ഒന്ന്, ഉണ്ടാവല്‍ അസംഭവ്യമായ ഉണ്മ. രണ്ട്, ഉണ്ടാവലും ഇല്ലാതിരിക്കലും സംഭവ്യമായ ഉണ്മ. മൂന്ന്, ഉണ്ടായിരിക്കല്‍ അനിവാര്യമായ ഉണ്മ. (മുസ്തലീഹുല്‍ വുജൂദ്,മുംകിനുല്‍ വുജൂദ്, വാജിബുല്‍ വുജൂദ് എന്നിങ്ങനെയാണ് ഇസ്‌ലാമിക ദൈവശാസ്ത്രം ഈ മൂന്നിനം ഉണ്മകളെ വ്യവഹരിച്ചിട്ടുള്ളത്). ഈ മൂന്ന് വിഭാഗത്തിലുംപെടാത്ത ഒരു ഉണ്മ സങ്കല്‍പ്പിക്കാന്‍ സാധ്യമല്ല. ഇതില്‍ ഒന്നാമത്തേത് തീര്‍ത്തും അസംഭവ്യമാകുന്നു. അത് ഉളവാകുക ഒരിക്കലും സാധ്യമല്ല. ഉണ്ടാവുകയും ഇല്ലാതിരിക്കുകയും ചെയ്യാവുന്നതാണ് രണ്ടാമത്തേത്. ആദ്യം ഇല്ലാതിരിക്കുകയും പിന്നെ ഉണ്ടാവുകയും പിന്നെ നശിച്ചുപോവുകയും ചെയ്യുന്ന എല്ലാ ഉണ്മകളും ഇക്കൂട്ടത്തില്‍പെടുന്നു. ഇത്തരം ഉണ്മകള്‍ സ്വയംഭൂവാകുക സാധ്യമല്ല. ഇല്ലാത്ത ഒന്ന് ഉണ്ടാവണമെങ്കില്‍ അതിനൊരു നിമിത്തം വേണം. ഒരു മുംകിനുല്‍ വുജൂദി (സംഭവ്യമായ ഉണ്മ)ന് മറ്റൊരു മുകിനുല്‍ വുജൂദി (ഉണ്ടാവലും ഇല്ലാതിരിക്കലും സംഭവ്യമായ ഉണ്മ)ന്റെ അത്യന്തിക നിമിത്തമാകാന്‍ കഴിയില്ല. മുസ്തഹീലുല്‍ വുജൂദ് (അസംഭവ്യമായ ഉണ്മ) മുംകിനുല്‍ ആത്യന്തിക നിമിത്തമാവുകയില്ല. ഉണ്ടായിരിക്കല്‍ അനിവാര്യമായ വാജിബുല്‍ വുജൂദ് മാത്രമേ അതല്ലാത്ത ഉണ്മയുടെ ആദികാരണമാകൂ. ഈ പ്രപഞ്ചത്തില്‍ എണ്ണമറ്റ വസ്തുക്കള്‍ ഉണ്ടായിക്കൊണ്ടും ഇല്ലാതായിക്കൊണ്ടുമിരിക്കുന്നതായി കാണപ്പെടുന്നു. അതെല്ലാം മുംകിനുല്‍ വുജൂദ് (ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യാവുന്ന ഉണ്മ) കളാണ്. അവക്കു നിമിത്തമായി വര്‍ത്തിക്കുന്ന ഒരു വാജിബുല്‍ വുജൂദിന്റെ അസ്തിത്വത്തെ അവ സ്ഥിരപ്പെടുത്തുന്നു. വാജിബുല്‍ വുജൂദ് സദാ ഉണ്ടായിരിക്കല്‍ അനിവാര്യമായതിനാല്‍ അനാദിയും അനന്തവുമാകുന്നു. അങ്ങനെയുള്ള ഉണ്മക്ക് മറ്റൊരു ഉദ്ഭവകാരണം ആവശ്യമില്ല. അതു സങ്കല്‍പ്പാതീതമാണ്. ഉണ്ടാവുകയും നശിച്ചുപോവുകയും ചെയ്യുന്ന മാറ്റങ്ങള്‍ക്കു വിധേയമായ (മുംകിനുല്‍ വുജൂദ്) ഈ പ്രപഞ്ചത്തിന് നിമിത്തമായി വര്‍ത്തിക്കുന്ന ആദ്യന്തങ്ങള്‍ക്കതീതമായ അനിവാര്യ ഉണ്മ (വാജിബുല്‍ വുജൂദ്) ആകുന്നു ദൈവം എന്നു വിളിക്കപ്പെടുന്നത്. ഭൗതികപ്രപഞ്ചത്തിന്റെ അസ്തിത്വത്തെ അംഗീകരിക്കുന്നുവെങ്കില്‍ അതിനു നിമിത്തമായ ഒരഭൗതിക അസ്തിത്വത്തെയും അംഗീകരിക്കേണ്ടി വരും. അഥവാ നാം ഉണ്ടെങ്കില്‍ ദൈവം ഉണ്ട്.