Question: സമ്പന്നർ കൂടുതൽ സമ്പന്നരാവുകയും പട്ടിണി കിടക്കുന്നവർ മുഴുപ്പട്ടിണിക്കാരാവുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ സകാത്ത് രണ്ടര ശതമാനം എന്ന നിരക്ക് കണിശമാണോ?
Answer: സകാത്ത് ഇസ്‌ലാമിന്റെ അടിത്തറയാണെന്നതുകൊണ്ട് സാമ്പത്തികശേഷിയുള്ള ഏതു മുസ്‌ലിമും അത് നൽകിയേ മതിയാവൂ. എന്നാൽ മുഹമ്മദ് നബി(സ) മദീനയിൽ ഇസ്‌ലാമികഭരണകൂടം സ്ഥാപിച്ച ശേഷമാണ് സകാത്ത് സംഭരണം വ്യവസ്ഥാപിതമായി ആരംഭിച്ചതും അതിന്റെ തോത് നിർണയിച്ചതും. തോത് നിർണയിക്കുമ്പോൾ സാമൂഹിക സാഹചര്യങ്ങൾ നിശ്ചയമായും കണക്കിലെടുത്തിരിക്കും. സമ്പന്നരിൽനിന്ന് ഈടാക്കി ദരിദ്രർക്ക് നൽകാനുള്ള നിർബന്ധ ദാനമാണ് സകാത്ത്. ദാരിദ്ര്യനിർമാർജനം സകാത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണെന്ന് ഇത് വ്യക്തമാക്കുന്നു. ഒരു ഇസ്‌ലാമിക ഭരണകൂടം പക്ഷേ, സകാത്തോ ദാനമോ മാത്രമല്ല ദാരിദ്ര്യ നിർമാർജനത്തിന് സ്വീകരിക്കുന്ന ഉപാധികൾ. ശേഷിയുള്ള എല്ലാവർക്കും തൊഴിൽ, സമ്പത്തിന്റെ വികേന്ദ്രീകരണം, പലിശനിരോധം, ധൂർത്ത് ദുർവ്യയ നിയന്ത്രണം, തരിശുഭൂമി കൃഷിയോഗ്യമാക്കൽ, കച്ചവടത്തിലെ കൊള്ളലാഭം തടയൽ തുടങ്ങി ഒട്ടേറെ നടപടികളിലൂടെ ദാരിദ്ര്യനിവാരണം ഉറപ്പുവരുത്തുന്നതോടൊപ്പം രണ്ടരശതമാനം സകാത്തും ഏർപ്പെടുത്തും എന്നതാണ് വസ്തുത. അന്നേരം ആ നിരക്ക് മതിയാവുകയും ചെയ്യും. പോരെങ്കിൽ, നികുതി വഴി ധനസമാഹരണം നടത്താം.
എന്നാൽ, ഇസ്‌ലാമിക വ്യവസ്ഥിതി നിലവിലില്ലാത്ത ഇന്ത്യ പോലുള്ള മുതലാളിത്തരാജ്യങ്ങളിൽ രണ്ടര ശതമാനം സകാത്ത് വിഹിതം കൊണ്ട് മാത്രം ദാരിദ്ര്യം ഇല്ലാതാക്കാൻ സാധിക്കില്ല. സകാത്തിന്റെ തോത് ഉയർത്തുന്നതും പ്രശ്നപരിഹാരമല്ല. സകാത്ത് നൽകാൻ ബാധ്യസ്ഥരായ എല്ലാവരിൽനിന്നും കൃത്യമായി അത് ഈടാക്കാനും ദാരിദ്ര്യ നിർമാർജനത്തിന് ഉതകുംവിധം അതിന്റെ വിതരണം ശാസ്ത്രീയമാക്കാനും മഹല്ല് തലത്തിൽ സംവിധാനമുണ്ടായാൽ ഒരു പരിധിവരെ ദാരിദ്ര്യം തടയാം. ദാനധർമങ്ങളിലൂടെ മറ്റു ക്ഷേമപദ്ധതികളും നടപ്പാക്കാം. ‘നിശ്ചയമായും ധനത്തിൽ സകാത്തിനു പുറമെയും ബാധ്യതയുണ്ട്’ എന്ന നബിവചനം ഇതിന് പ്രേരണ നൽകുന്നു. എന്നാൽ സകാത്തിന്റെ സാമൂഹിക സംഭരണവും വിതരണവും തന്നെ ഹറാമാണെന്നും അത് പണക്കാർ പാവങ്ങൾക്ക് എറിഞ്ഞുകൊടുക്കുന്ന നാണയത്തുട്ടുകളാണെന്നും തീരുമാനിച്ച പുരോഹിതന്മാർ സമുദായത്തെ നയിക്കുവോളം ദരിദ്രർ കൂടുതൽ ദരിദ്രരായിത്തന്നെ തുടരുകയേ ചെയ്യൂ.