“നിന്നെ ഞാൻ കൊല്ലും!” കലിയിളകിയ ഖാബീൽ കൊലവിളി നടത്തി. “ഇല്ല, നീ എന്നെ കൊല്ലാനായി എന്റെ നേരെ കൈ നീട്ടിയാലും പകരം നിന്നെ കൊല്ലാനായി ഞാൻ നിന്റെ നേരെ കൈ നീട്ടുകയില്ല. കാരണം, പ്രപഞ്ചനാഥനായ അല്ലാഹുവെ ഞാൻ ഭയപ്പെടുന്നു. ഹാബീൽ ശാന്തനായി മൊഴിഞ്ഞു. കൊല ക്രൂരതയാണെന്നും നിത്യനാശത്തിനു നിമിത്തമാണെന്നും അയാൾ ഖാബീലിനെ ഉണർത്തി. പക്ഷേ, ഖാബീലിന്റെ കോപാഗ്നി കെട്ടടങ്ങിയില്ല. ഒരു കൂർത്ത കല്ലെടുത്ത് അയാൾ ഹാബീലിനെ കുത്തിക്കൊന്നു. ഭൂമി ആദ്യമായി മനുഷ്യന്റെ ചുടു ചോര വീണു നനഞ്ഞു. സത്യാസത്യ സമരത്തിന്റെ തുടക്കമായിരുന്നു അത്. ഇന്നും അത് അവിരാമം തുടരുന്നു. ഈ സംഭവത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഖുർആൻ ഒരു മഹാസത്യം വിളംബരം ചെയ്യുന്നു: “കൊലക്കുറ്റത്തിനു പകരമായോ ഭൂമിയിൽ നാശം വിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ കൊന്നാൽ അയാൾ മുഴുവൻ മനുഷ്യരെയും കൊന്നവനെപ്പോലെയാകുന്നു. ആരെങ്കിലും ഒരാൾക്ക് ജീവിതം നൽകിയാൽ അയാൾ മുഴുവൻ മനുഷ്യർക്കും ജീവനേകിയതു പോലെയാണ്.” (5:32)
ഇന്നോളമുള്ള മനുഷ്യസമൂഹത്തിന്റെ ചരിത്രം സത്യാ സത്യ സംഘട്ടനങ്ങളുടേതാണ്. നന്മയും തിന്മയും ശരിയും തെറ്റും ധർമവും അധർമവും നീതിയും അനീതിയും തമ്മിലുള്ള നിരന്തരസമരം. എന്നും എവിടെയും സന്മാർഗത്തിന്റെ ഭാഗത്ത് നിലയുറപ്പിച്ചത് പ്രവാചകന്മാരും അവരുടെ പാത പിന്തുടർന്ന വിശ്വാസി സമൂഹവുമായിരുന്നു. അതുകൊണ്ടുതന്നെ മുഷ്കും മുഷ്ടിയും വാളും വടിയും കത്തിയും കുന്തവുമായി രംഗം കയ്യടക്കിയിരുന്ന തിന്മയുടെ തേരാളികൾ അവരെ കഠിനമായി പീഡിപ്പിച്ചുകൊണ്ടിരുന്നു. വെളിച്ചം തെളിയിക്കുന്ന വിളക്കുകൾ ഊതിക്കെടുത്താനും സത്യത്തിന്റെ ശബ്ദം പുറത്തുവരാതിരിക്കാനും ഇരുട്ടിന്റെ ശക്തികൾ ആവതും ശ്രമിച്ചുകൊണ്ടേയിരുന്നു. എതിർപ്പിന്റെ നേരിയ സ്വരമോ പ്രതിഷേധത്തിന്റെ കൊച്ചലകളോ ഇല്ലാതെ സ്വരമായി വിഹരിക്കാനാണല്ലോ അധർമത്തിന്റെ ആളുകൾ ശ്രമിക്കുക. അതുകൊണ്ടുതന്നെ നന്മയുടെ ഭാഗത്ത് നിലയുറപ്പിച്ചവർ സദാ ആട്ടും തൊഴിയും അടിയും ഇടിയും വെട്ടും കുത്തും ഏറ്റുവാങ്ങേണ്ടിവരുന്നു. നാടും വീടും വെടിയാൻ നിർബന്ധിതരാവുന്നു. ഇത്തരം സാഹചര്യങ്ങളിൽ ആയുധമെടുക്കാനും എതിരാളികളെ നേരിടാനും മതം അനുമതി നൽകുന്നു. സത്യത്തിന്റെ സംസ്ഥാപനത്തിനും നീതിയുടെ നടത്തിപ്പിനും ചിലപ്പോഴെങ്കിലും യുദ്ധം അനിവാര്യമായിത്തീരുന്നു. ദൈവത്തിന്റെ അന്ത്യവേദഗ്രന്ഥമായ വിശുദ്ധഖുർആൻ യുദ്ധം അനുവദിക്കാനും ആവശ്യപ്പെടാനുമുള്ള കാരണവും അതുതന്നെ.
ഖുർആൻ പ്രഥമവും പ്രമുഖവുമായ പരിഗണന നൽകുന്നത് കാരുണ്യം, ദയ, വിനയം, വിട്ടുവീഴ്ച പോലുള്ള വിശിഷ്ടഗുണങ്ങൾക്കാണ്. ഖുർആനിൽ കാരുണ്യവുമായി ബന്ധപ്പെട്ട പദങ്ങൾ മുന്നൂറിലേറെയും ക്ഷമയെ സംബന്ധിച്ച പരാമർശം നൂറിലേറെയും തവണ ആവർത്തിക്കപ്പെട്ടിട്ടുണ്ട്. സത്യപ്രബോധക സംഘത്തിനു മുമ്പിൽ അതു സമർപ്പിക്കുന്ന മുഖ്യ സന്ദേശവും വിട്ടുവീഴ്ചയുടേതാണ്: “നന്മയും തിന്മയും തുല്യമാവുകയില്ല. അതിനാൽ നീ തിന്മയെ ഏറ്റം ഉത്തമമായ നന്മ കൊണ്ട് പ്രതിരോധിക്കുക. അപ്പോൾ നിന്നോട് വൈരത്തിൽ വർത്തിക്കുന്നവൻ ആത്മമിത്രമായി മാറുന്നതു കാണാം. ക്ഷമാ ശീലർക്കല്ലാതെ ഈ സൽസ്വഭാവം ലഭ്യമല്ല. മഹാഭാഗ്യവാന്മാരല്ലാതെ ഈ മഹിതപദവി പ്രാപിക്കുകയുമില്ല.” (ഖുർആൻ 41: 34, 35)
ഇങ്ങനെയെല്ലാമാണെങ്കിലും ഭൂമിയിൽ വേരൂന്നാനും സമൂഹത്തിൽ നിലനിൽക്കാനുമായി സമർപ്പിക്കപ്പെട്ട ജീവിതവ്യവസ്ഥയെന്ന നിലയിൽ ഇസ്‌ലാം യുദ്ധം അനുവദിക്കുകയും അനിവാര്യമായ സാഹചര്യങ്ങളിൽ അതിന് ആഹ്വാനം നൽകുകയും ചെയ്യുന്നു. ഈ അർഥത്തിൽ പ്രവാചകൻ നിരവധി യുദ്ധങ്ങൾ നയിച്ചിട്ടുണ്ട്. ഖുർആനിൽ യുദ്ധസംബന്ധമായ സൂക്തങ്ങളുമുണ്ട്.
എന്നാൽ കാലം കണ്ട ഏറ്റവും ശക്തവും മാനവികവും സമഗ്രവുമായ വിപ്ലവം സൃഷ്ടിച്ച വിശുദ്ധ ഖുർആൻ നിരോധിക്കണമെന്ന ആവശ്യം ചരിത്രത്തിലാദ്യമായി ഉയർന്നുവന്നത് ഇന്ത്യയിലാണ്. ഈയാവശ്യാർഥം കൊൽക്കത്ത ഹൈക്കോടതിയിൽ കേസും വരികയുണ്ടായി. ഖുർആനിലെ ഇരുപത്തിനാല് സൂക്തങ്ങൾ യുദ്ധപ്രേരകങ്ങളും പരമതവിദ്വേഷം വളർത്തുന്നവയുമാണെന്ന് ആരോപിച്ചാണ് ഏതാനും കുടിലമനസ്കർ കോടതിയെ സമീപിച്ചത്. കേസ് തള്ളിപ്പോയെങ്കിലും തൽപരകക്ഷികൾ രാജ്യമെങ്ങും ഖുർആനിനെതിരെ വ്യാപകമായ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനായി ഖുർആനിലെ യുദ്ധസംബന്ധിയായ സൂക്തങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തും അവതരണസാഹചര്യം മറച്ചു വെച്ചും വാലും തലയും വെട്ടിമാറ്റിയും ഉപയോഗിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ദ്രപ്രസ്ഥ വിശ്വഹിന്ദുപരിഷത്ത് ഖുർആനിൽ നിന്ന് ഇരുപത്തിനാല് സൂക്തങ്ങൾ തെരഞ്ഞെടുത്ത് സ്വന്തമായ അർഥം നൽകി ലഘുലേഖയായി പ്രസിദ്ധീകരിച്ചത് ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയുണ്ടായി.
വർത്തമാന കാല സംഭവങ്ങൾ കൂടി പരിഗണിക്കുമ്പോൾ ഇസ്‌ലാമിന്റെ യുദ്ധകാഴ്ചപ്പാടിനെ തെറ്റിദ്ധാരണയുണ്ടാക്കും വിധം പലരും പ്രചരിപ്പിക്കുന്നതിനാൽ എന്താണ് സത്യം എന്ന് പൊതുജനകളെ അറിയിക്കൽ നിർബന്ധമായിരിക്കുകയാണ്. അത്കൊണ്ട് യുദ്ധവുമായി നേർക്കുനേരെ ബന്ധപ്പെട്ട ഖുർആൻ സൂക്തങ്ങളുടെ അവതരണ പശ്ചാത്തലവും യഥാർഥ ഉദ്ദേശ്യലക്ഷ്യങ്ങളുമാണ് ഇവിടെ വിശദീകരിക്കുന്നത്.
ഖുർആന്റെ യുദ്ധാഹ്വാനവും മതസ്വാതന്ത്ര്യവും
“ഫിത് ന അവസാനിക്കുകയും ദീൻ അല്ലാഹുവിനായിത്തീരുകയും ചെയ്യുന്നതുവരെ നിങ്ങൾ അവരോട് യുദ്ധം ചെയ്യുക. അഥവാ, അവർ വിരമിക്കുന്നുവെങ്കിൽ അറിയുക; അക്രമികളോടല്ലാതെ ആരോടും കൈയേറ്റം പാടില്ല.” (ഖുർആൻ: 2:193)
“ഫിത് ന ഇല്ലാതാവുകയും ദീൻ പൂർണമായും അല്ലാഹുവിനായിത്തീരുകയും ചെയ്യുന്നതുവരെ അവരോട് സമരം ചെയ്യുക. അഥവാ അവർ ഫിത് നയിൽനിന്ന് വിരമിക്കുകയാണെങ്കിൽ അല്ലാഹു അവർ പ്രവർത്തിക്കുന്നതെല്ലാം കാണുന്നവനത്രെ.” (ഖുർആൻ 8: 39)
ജനങ്ങളെ അടിമകളാക്കി അവരുടെ മേൽ യജമാനരായി വാഴുകയും മൗലിക മനുഷ്യാവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന അതിക്രമകാരികൾക്കെതിരെയുള്ള സമരാഹ്വാനമാണിത്. നാശവും കുഴപ്പവും അതിക്രമവും അവസാനിപ്പിക്കണമെന്ന് ഇസ്‌ലാം ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യവും സമാധാനവും സ്ഥാപിക്കാനും അതിനായി നിർബന്ധിതാവസ്ഥയിൽ അനിവാര്യമായേടത്തോളം ആയുധമെടുക്കാനും ഇസ്‌ലാം അനുവാദം നൽകുന്നു.
എന്നാൽ, ‘ദീൻ അല്ലാഹുവിനാകുക’ എന്നതിന്റെ ഉദ്ദേശ്യം എല്ലാവരും ഇസ്‌ലാം സ്വീകരിക്കലാണെന്നും അതിനു സന്നദ്ധമാവാത്തവരോടെല്ലാം യുദ്ധം ചെയ്യാനാണ് ഖുർആൻ ആവശ്യപ്പെടുന്നതെന്നും ചിലർ ബോധപൂർവം പ്രചരിപ്പിക്കുന്നുണ്ട്. ഖുർആൻ പഠിച്ച് അതിന്റെ അനുയായികളോ അതിന്റെ ആധികാരിക വ്യാഖ്യാതാക്കളോ ഇത്തരമൊരാശയം അതിൽ നിന്ന് ഇന്നോളം ഉൾകൊണ്ടിട്ടില്ല. മാത്രമല്ല, അത് ഖുർആൻ ആദ്യാവസാനം സ്വീകരിച്ച പൊതു നിലപാടിനു വിരുദ്ധവുമാണ്. സമ്പൂർണ മതസ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ഗ്രന്ഥമാണ് വിശുദ്ധഖുർആൻ. മതത്തിൽ ഒരുവിധ നിർബന്ധവും പാടില്ലെന്ന് അത് അനുശാസിക്കുന്നു: “മതത്തിൽ ഒരു വിധ നിർബന്ധവുമില്ല. സന്മാർഗം മിഥ്യാധാരണകളിൽ നിന്ന് വേർതിരിഞ്ഞു കഴിഞ്ഞിരിക്കുന്നു” (ഖുർആൻ 2: 256), “നീ വിളംബരം ചെയ്യുക. ഇത് നിങ്ങളുടെ നാഥനിൽനിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവർക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവർക്ക് നിഷേധിക്കാം. (18:29)
ദൈവത്തിന്റെ പ്രഥമ പ്രബോധകരായ പ്രവാചകന്മാർക്കു പോലും ദൈവിക സന്ദേശം എത്തിക്കുന്ന ഉത്തരവാദിത്വം മാത്രമേ ഉണ്ടായിരുന്നുള്ളൂ. “ദൈവിക സന്ദേശം സ്പഷ്ടമായി അറിയിക്കലല്ലാതെ മറ്റെന്തെങ്കിലും ദൈവ ദൂതന്മാരുടെ ബാധ്യതയിലുണ്ടോ?” (ഖുർആൻ 16: 35)
ദൈവത്തിന്റെ അന്ത്യദൂതനായ മുഹമ്മദ് നബിക്കും അതിലപ്പുറം ഒരു ഉത്തരവാദിത്വവുമില്ലെന്ന് അല്ലാഹു അറിയിക്കുന്നു: “അഥവാ, അവർ പിന്തിരിഞ്ഞു പോകുന്നുവെങ്കിൽ നിന്നെ അവരുടെ മേൽനോട്ടക്കാരനായി നാം നിയോഗിച്ചിട്ടില്ല. സന്ദേശം എത്തിക്കേണ്ട ബാധ്യത മാത്രമേ നിനക്കുള്ളൂ” (ഖുർആൻ 42:48), “വിധി വ്യക്തമായി എത്തിച്ചുതരുന്ന ഉത്തരവാദിത്വം മാത്രമേ നമ്മുടെ ദൂതന്നുള്ളൂ.” (5:92)
ജനത്തെ നിർബന്ധിച്ച് വിശ്വസിപ്പിക്കാൻ നബിതിരുമേനിക്കുപോലും അനുവാദമുണ്ടായിരുന്നില്ല. അല്ലാഹു പറയുന്നു: “ജനങ്ങൾ വിശ്വാസികളാകാൻ നീ അവരെ നിർബന്ധിക്കുകയോ? ദൈവഹിതമില്ലാതെ ഒരാൾക്കും വിശ്വാസിയാവുക സാധ്യമല്ല” (10:99). “നബിയേ, നീ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുക. നീ ഉദ്ബോധകൻ മാത്രമത്രെ. അവരെ നിർബന്ധിച്ച് വഴിപ്പെടുത്തുന്നവനൊന്നുമല്ല നീ.” (88: 21, 22)
ഇങ്ങനെ ഇസ്‌ലാം വിശ്വാസ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. മതം ആരുടെ മേലും അടിച്ചേൽപിക്കരുതെന്ന് അനുശാസിക്കുന്നു. ഓരോരുത്തർക്കും സ്വന്തം വിശ്വാസവും വീക്ഷണവും വച്ചുപുലർത്താനും അതനുസരിച്ച് പൂജാ പ്രാർഥനകളും ആചാരാനുഷ്ഠാനങ്ങളും നിർവഹിക്കാനും അവകാശമുണ്ട്. അതിലിടപെടാനോ അത് തടയാനോ ആർക്കും അധികാരമില്ല.
ഇസ്‌ലാം ആരെയും അതംഗീകരിക്കാൻ നിർബന്ധിക്കുകയില്ല. അങ്ങനെ നിർബന്ധിക്കുന്നതിന് ഇസ്‌ലാം എതിരാണ്. പ്രവാചകന്റെ കാലം തൊട്ടിന്നോളമുള്ള ചരിത്രാനുഭവവും ഇതിനു സാക്ഷ്യം വഹിക്കുന്നു. മദീനയിലെത്തിയ പ്രവാചകൻ അവിടത്തെ അൻസ്വാറുകളും പലായനം ചെയ്തെത്തിയ മുഹാജിറുകളുമായി ഉടമ്പടിയുണ്ടാക്കി. അതിൽ അവിടത്തെ ജൂതന്മാരുമായി ചില കരാർ വ്യവസ്ഥകൾ പ്രഖ്യാപിക്കുകയും അവർക്ക് ചില വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു. പ്രസ്തുത പ്രമാണത്തിലിങ്ങനെ കാണാം: “നമ്മുടെ ഭരണ സാഹോദര്യസീമയിൽ പെടുന്ന ജൂതന്മാർക്ക് വർഗാടിസ്ഥാനത്തിലുള്ള പക്ഷ പാതപരമായ പെരുമാറ്റങ്ങളിൽ നിന്നും ദ്രോഹങ്ങളിൽ നിന്നും രക്ഷനൽകും. നമ്മുടെ സഹായത്തിനും ദയാപൂർണമായ സംരക്ഷണത്തിനും സ്വന്തം സമുദായാംഗങ്ങളെപ്പോലെ അവർക്കും അവകാശമുണ്ട്. മുസ്‌ലിംകളുമായി ചേർന്ന് അവർ ഏകഘടനയുള്ള ഒരു രാഷ്ട്രമായിത്തീരും. മുസ്‌ലിംകളെപ്പോലെത്തന്നെ അവർക്കും സ്വതന്ത്രമായി തങ്ങളുടെ മതം ആചരിക്കാവുന്നതാണ്.
ജൂതന്മാരെപ്പോലെത്തന്നെ ക്രൈസ്തവ ഗോത്രങ്ങളുമായും പ്രവാചകൻ സന്ധിയിലേർപ്പെട്ടിരുന്നു. അതിലവർക്ക് സമ്പൂർണ മതസ്വാതന്ത്ര്യം ഉറപ്പ് നൽകപ്പെട്ടിരുന്നു. സർ തോമസ് ആർണൾഡ് എഴുതുന്നു: “മുഹമ്മദ് തന്നെ പല അറബ് ക്രൈസ്തവ ഗോത്രങ്ങളുമായും സന്ധിയിലേർപ്പെട്ടിരുന്നു. അവർക്ക് അദ്ദേഹം സംരക്ഷണവും സ്വന്തം മതം ആചരിക്കാനുള്ള സ്വാതന്ത്ര്യവും ഉറപ്പുവരുത്തി. അവരുടെ പുരോഹിതന്മാർക്കുണ്ടായിരുന്ന സവിശേഷാധികാരങ്ങൾ പഴയപോലെ നിലനിർത്തി.” (ഇസ്‌ലാം പ്രബോധനവും പ്രചാരവും, പേജ് 60)
പ്രവാചകന്റെ പാത തന്നെയാണ് അദ്ദേഹത്തിന്റെ പിൻമുറക്കാരും സ്വീകരിച്ചത്. രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖ് ഈലിയാവാസികൾക്ക് എഴുതിക്കൊടുത്ത രക്ഷാവ്യവസ്ഥകളിലിങ്ങനെ കാണാം: “ദൈവത്തിന്റെ ദാസനും വിശ്വാസികളുടെ നായകനുമായ ഉമർ ഈലിയായിലെ ജനങ്ങൾക്ക് നൽകുന്ന സംരക്ഷണക്കരാറാണിത്. എല്ലാവരുടെയും ജീവന്നും സ്വത്തിനും ചർച്ചുകൾക്കും കുരിശുകൾക്കും മതസംബന്ധമായ എല്ലാറ്റിനും സംരക്ഷണം ഉറപ്പുനൽകുന്നു. ആരുടെയും ചർച്ചുകൾ വാസസ്ഥലമാക്കുകയോ നശിപ്പിക്കുകയോ അരുത്. അവയോ അവയോട് ചേർന്നുനിൽക്കുന്ന വസ്തുവഹകളോ കുറച്ചുകളയരുത്. അതുപോലെത്തന്നെ അവരുടെ സ്വത്തുക്കളോ കുരിശുകളോ പിടിച്ചടക്കരുത്. വിശ്വാസകാര്യത്തിന് ആരുടെമേലും പ്രതിബന്ധമുണ്ടാക്കുകയോ മതംമാറ്റത്തിന് നിർബന്ധിക്കുകയോ അരുത്. ആരെയും ദ്രോഹിക്കാനും പാടില്ല. (ത്വബ് രി, പേജ് 2405)
ഇന്ത്യാ ചരിത്രത്തിൽ കടുത്ത വർഗീയവാദിയും പരമതദ്രോഹിയുമായി മുദ്രകുത്തപ്പെട്ട ഔറംഗസീബ് രാജ്യനിവാസികൾക്ക് പൂർണാർഥത്തിൽ മതസ്വാതന്ത്ര്യം അനുവദിച്ച വ്യക്തിയായിരുന്നു. ബനാറസ് ഗവർണറായിരുന്ന അബുൽഹസന് അദ്ദേഹം നൽകിയ ഉത്തരവിലിങ്ങനെ കാണാം: “നീതിപൂർവകമായ നമ്മുടെ ഈ ഭരണം നടക്കുന്ന കാലത്തുപോലും ബനാറസിലും മറ്റു ചില ദേശങ്ങളിലും താമസിക്കുന്ന ഹിന്ദുപ്രജകളെ ചിലർ വൈരാഗ്യത്താലും വിദ്വേഷത്താലും വിഷമിപ്പിച്ചു കൊണ്ടിരിക്കുന്നതായി നമുക്ക് വിവരം ലഭിച്ചിരിക്കുന്നു. അവിടങ്ങളിലെ ക്ഷേത്രങ്ങളുടെ സംരക്ഷകരായ ബ്രാഹ്മണന്മാരെ അവരുടെ കൃത്യനിർവഹണത്തിൽ നിന്നും ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതായും നാം മനസ്സിലാക്കുന്നു. നമ്മോടു കൂറും വിശ്വസ്തതയുമുള്ള അബുൽഹസനോട് നാം കൽപിക്കുന്നു. ഈ ഉത്തരവ് കൈവശം കിട്ടിയ ഉടനെത്തന്നെ ഇത്തരം അനാശാസ്യപ്രവർത്തനങ്ങൾ ഇല്ലാതാക്കുകയും ഭാവിയിൽ ബ്രാഹ്മണ പുരോഹിതന്മാരുടെ പ്രവർത്തനങ്ങളിൽ അവർക്ക് യാതൊരു തടസ്സവും ഉണ്ടാവുകയില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. ദീർഘകാലം നിലനിൽക്കേണ്ടതും ദൈവദത്തമായി നൽകപ്പെട്ടതുമായ നമ്മുടെ സാമ്രാജ്യത്തിന്റെ ഉയർച്ചയ്ക്കും മനുഷ്യസമൂഹത്തിന്റെ കൂട്ടായ നന്മയ്ക്കും വേണ്ടി അവർ നടത്തുന്ന പ്രാർഥനകൾ അഭംഗുരം തുടരാൻ അനുവദിക്കുകയും വേണം. ഇത് വളരെ അടിയന്തര കാര്യമായി കരുതി ഉടൻ നടപടികൾ സ്വീകരിക്കുക. ഹിജ്റ 1090 റബീഉൽ ആഖിർ 17” (ഉദ്ധരണം: സി.കെ. കരീം – ചരിത്രപാഠങ്ങൾ, പേജ് 495)
ഔറംഗസീബിന്റെ സമീപനത്തെ അലക്സാണ്ടർ ഹാമിൽട്ടൺ ഇങ്ങനെ വിലയിരുത്തുന്നു: “ഹിന്ദുക്കൾക്ക് പരിപൂർണമായ മതസ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്നതിനു പുറമെ ഹൈന്ദവരാജാക്കന്മാരുടെ കീഴിലായിരിക്കുമ്പോഴൊക്കെ അവർ നടത്തിയിരുന്ന വ്രതങ്ങളും ഉത്സവങ്ങളും ഇപ്പോഴും ആഘോഷിക്കുവാനുള്ള സൗകര്യങ്ങളുണ്ട്. മീററ്റ് നഗരത്തിൽ മാത്രം ഹൈന്ദവവിഭാഗത്തിൽ നൂറിൽപരം വ്യത്യസ്ത വിഭാഗങ്ങളുണ്ടെങ്കിലും അവർ തമ്മിൽ പ്രാർഥനകളുടേയോ സിദ്ധാന്തങ്ങളുടെയോ പേരിൽ യാതൊരുവിധ തർക്കവും നടക്കുന്നില്ല. ഏതൊരാൾക്കും അയാളാഗ്രഹിക്കുന്നവിധം ദൈവാർച്ചനകൾ നടത്താനും ആരാധിക്കുവാനുമുള്ള സ്വാതന്ത്ര്യമുണ്ട്. മതധ്വംസനങ്ങൾ അജ്ഞാതമാണ്. (Alexander Hamilton – A new Account of the East Indies Vol.1, pp. 159,162,163 ഉദ്ധരണം: ചരിത്രപാഠങ്ങൾ)
വിശുദ്ധ ഖുർആനും പ്രവാചകചര്യയും ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം മുസ്‌ലിംകൾ എക്കാലവും പൂർണമായും പ്രയോഗവത്കരിച്ചിരിക്കുന്നുവെന്നതിന് കഴിഞ്ഞ പതിനാലു നൂറ്റാണ്ടു കാലത്തെ ചരിത്രം സാക്ഷിയാണ്. സമകാലിക ലോകത്തിന്റെ അവസ്ഥ പരിശോധിക്കുന്ന ആർക്കും ഇസ്‌ലാം പൂർണ മതസ്വാതന്ത്ര്യം അനുവദിക്കുന്നുവെന്നും അത് മതംമാറ്റത്തിന് ആരെയും നിർബന്ധിക്കുന്നില്ലെന്നും സംശയരഹിതമായി ബോധ്യമാകും.
രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖിന്റെ കാലത്താണ് ഈജിപ്ത് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാഗമായത്. അന്നു മുതലിന്നോളം അവിടെ കോപ്റ്റിക് ക്രൈസ്തവർ സ്വജീവിതം നയിച്ചുവരുന്നു. ആധുനിക ഈജിപ്തിൽ അവർക്ക് ആയിരത്തി അഞ്ഞൂറോളം ആരാധനാലയങ്ങളും അഞ്ഞൂറോളം സംഘടനകളുമുണ്ട്. അവയെല്ലാം സ്ഥാപിതമായത് മുസ്‌ലിം ഭരണകാലത്താണ്. ഇസ്‌ലാം മതംമാറ്റത്തിന് നിർബന്ധിച്ചിരുന്നുവെങ്കിൽ പതിനാല് നൂറ്റാണ്ടിനു ശേഷവും ഇത്രയേറെ അന്യമതാനുയായികളും അവരുടെ ആരാധനാലയങ്ങളും അവിടെ അവശേഷിക്കുമായിരുന്നില്ല.
നിരവധി നൂറ്റാണ്ടുകൾ മുസ്‌ലിം ആധിപത്യം നിലനിൽക്കുകയും ജനസംഖ്യയിൽ മഹാഭൂരിപക്ഷവും മുസ്‌ലിംകളാവുകയും ചെയ്തിട്ടും മതന്യൂന പക്ഷങ്ങൾ മുസ്‌ലിം നാടുകളിലെല്ലാം നിലനിൽക്കുകയും സ്വരത്തോടെയും സമാധാനത്തോടെയും ജീവിക്കുകയും ചെയ്യുന്നുവെന്നത് അനിഷേധ്യമായ വസ്തുതയത്രെ. ഇസ്‌ലാം സമ്പൂർണ മതസ്വാതന്ത്ര്യം അനുവദിച്ചതിനാലും ഖുർആൻ ബഹുമതസമൂഹത്തെ അംഗീകരിക്കുന്നതിനാലുമാണ് ഇത് സാധിതമായത്.
‘അതിനാൽ ഫിത് ന ഇല്ലാതാവുകയും ദീൻ അല്ലാഹുവിനായിത്തീരുകയും ചെയ്യുക’ എന്നതിന്റെ ഉദ്ദേശ്യം, ഇസ്‌ലാമിന്റെ ശത്രുക്കൾ പ്രചരിപ്പിക്കുന്നതു പോലെ മറ്റെല്ലാ മതങ്ങളെയും ഇല്ലാതാക്കി ഇസ്‌ലാം മാത്രമാകുന്നതുവരെ എന്നല്ല; മറിച്ച്, ഭൂമിയിൽ കുഴപ്പവും അതിക്രമവും ഇല്ലാതാവുകയും മനുഷ്യരുടെ മേൽ മനുഷ്യൻ പരമാധികാരം നടത്തുന്ന അടിമത്താവസ്ഥ അവസാനിച്ച് ദൈവം നൽകിയ സ്വാതന്ത്ര്യത്തിന്റെ സ്വച്ഛാവസ്ഥ സംജാതമാകുന്നതു വരെ എന്നാണ്. മാനവമോചനത്തിന്റെ മഹിതമായ സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഇസ്‌ലാം മനുഷ്യൻ മനുഷ്യരെ ആജ്ഞാനുവർത്തികളും അടിമകളുമാക്കിവെക്കുന്ന പതിതാവസ്ഥ അംഗീകരിക്കുന്നില്ല. അതവസാനിപ്പിച്ച് മാനവമഹത്വം പ്രകാശിതമാകുന്ന സ്വാതന്ത്ര്യാവസ്ഥ സംജാതമാകുന്നതുവരെ ധർമ സമരം നടത്താനാണ് ഖുർആൻ ആവശ്യപ്പെടുന്നത്. അതിനാൽ “ഫിത് ന അവസാനിക്കുകയും ദീൻ അല്ലാഹുവിനായിത്തീരുകയും ചെയ്യുകയെന്നതിന്റെ യഥാർഥ വിവക്ഷ, മർദനം അവസാനിച്ച് മൗലിക മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും സ്ഥാപിതമാവുകയെന്നാണ്. തുനീഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനനായകനും പ്രമുഖ ഇസ്‌ലാമിക ചിന്തകനുമായ റാശിദുൽ ഗനൂശി എഴുതുന്നു: “നമുക്കും മറ്റുള്ളവർക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യം, അഭിപ്രായ പ്രകടന സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, അനീതിയിൽ നിന്നും അടിച്ചമർത്തലിൽ നിന്നുമുള്ള സ്വാതന്ത്ര്യം തുടങ്ങിയ മൗലിക സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും അംഗീകരിക്കുന്ന എല്ലാ ഭരണകൂടങ്ങളെയും പൊതുവിൽ നാം അംഗീകരിക്കുന്നുണ്ട്. കാരണം ന്യൂനപക്ഷങ്ങളായി ജീവിക്കാനും ഇസ്‌ലാമിക ജീവിതം നയിക്കാനും മറ്റുള്ളവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാനും അനിവാര്യമായ ഒരു ചട്ടക്കൂട് തരുന്നത് ഈ സ്വാതന്ത്ര്യമാണ്. മക്കക്കാർ ഇസ്‌ലാമിനെ നിരാകരിച്ചപ്പോൾ നബിതിരുമേനി പറഞ്ഞത് ‘ജനങ്ങളെ അഭിസംബോധന ചെയ്യാൻ എന്നെ അനുവദിക്കുക’ എന്നാണ്. എത്യോപ്യയെ സംബന്ധിച്ച് ‘ജനങ്ങളെ അടിച്ചമർത്താത്ത ഒരു ഭരണാധികാരി അവിടെ ഉണ്ട് എന്നും പറയുകയുണ്ടായി.’ (ഉദ്ധരണം: പ്രബോധനം വാരിക, 2002 ജൂലൈ 20)
യുദ്ധം ഖുർആനിൽ
“നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന് പ്രേരിപ്പിക്കുക. നിങ്ങളുടെ കൂട്ടത്തിൽ ക്ഷമാശീലരായ ഇരുപതു പേരുണ്ടായാൽ അവർക്ക് ഇരുനൂറു പേരെ ജയിച്ചടക്കാം. നിങ്ങളുടെ കൂട്ടത്തിൽ നൂറു പേരുണ്ടെങ്കിൽ ആയിരം പേരെ അവർക്ക് ജയിച്ചടക്കാവുന്നതാണ്. അവർ കാര്യം ഗ്രഹിക്കാത്ത ജനതയായതിനാലാണിത്.” (ഖുർആൻ 8:65)
“ദൈവമാർഗത്തിൽ നിങ്ങൾ വധിക്കപ്പെടുകയോ മരിച്ചുപോവുകയോ ആണെങ്കിൽ അതുവഴി അല്ലാഹുവിങ്കൽ നിന്ന് ലഭിക്കാനിരിക്കുന്ന പാപമോചനവും അനുഗ്രഹവും കപടവിശ്വാസികൾ ഒരുക്കൂട്ടിക്കൊണ്ടിരിക്കുന്നതിനേക്കാളെല്ലാം എത്രയോ മെച്ചമാകുന്നു. നിങ്ങൾ മരണപ്പെടട്ടെ; വധിക്കപ്പെടട്ടെ രണ്ടായാലും നിങ്ങൾക്കെല്ലാം തിരിച്ചുചെല്ലാനുള്ളത് അല്ലാഹുവിങ്കലേക്കാകുന്നു.” (ഖുർആൻ 3:157, 158)
“പരലോകത്തിനുവേണ്ടി ഭൗതിക ജീവിതത്തെ വിറ്റവർ ദൈവിക മാർഗത്തിൽ സമരം ചെയ്യേണ്ടതാകുന്നു. ആർ അല്ലാഹുവിന്റെ മാർഗത്തിൽ പൊരുതുകയും അങ്ങനെ വധിക്കപ്പെടുകയോ വിജയിക്കുകയോ ചെയ്യുകയും ചെയ്യുന്നുവോ അവന്ന് നാം അതിമഹത്തായ പ്രതിഫലം നൽകുന്നതാകുന്നു. നിങ്ങൾക്കെന്തുകൊണ്ട് യുദ്ധം ചെയ്തുകൂടാ? അല്ലാഹുവിന്റെ മാർഗത്തിലും, ‘ഞങ്ങളുടെ നാഥാ, അക്രമികളായ ആളുകൾ അധിവസിക്കുന്ന ഈ നാട്ടിൽ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും നിന്റെ വകയായി ഒരു രക്ഷാധികാരിയെയും സഹായിയെയും ഞങ്ങൾക്കു നീ നിശ്ചയിച്ചു തരികയും ചെയ്യേണമേ’ എന്നു പ്രാർഥിച്ചുകൊണ്ടിരിക്കുന്ന മർദിച്ചൊതുക്കപ്പെട്ട പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയും. സത്യവിശ്വാസം സ്വീകരിച്ചവർ ദൈവിക മാർഗത്തിൽ സമരം ചെയ്യുന്നു. സത്യനിഷേധം കൈക്കൊണ്ടവരോ പിശാചിന്റെ മാർഗത്തിലും പടവെട്ടുന്നു. അതിനാൽ നിങ്ങൾ പിശാചിന്റെ മിത്രങ്ങളോടു പോരാടുക. അറിയുക: പിശാചിന്റെ തന്ത്രം നന്നെ ദുർബലം തന്നെ.” (ഖുർ ആൻ 4:74-76)
“ഭദ്രമായ മതിൽക്കെട്ടുപോലെ ഒറ്റക്കെട്ടായി അണിനിരന്ന് അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. തീർച്ച.” (ഖുർആൻ 614)
ഇസ്‌ലാമിന്റെ വിമർശകർ യുദ്ധ പ്രേരകങ്ങളെന്നാക്ഷേപിച്ച് എടുത്തുദ്ധരിക്കാറുള്ള ഖുർആൻ വാക്യങ്ങളാണിവ. ഈ സൂക്തങ്ങൾ യുദ്ധ പ്രേരകം തന്നെ. ഇതുപോലുള്ള വാക്യങ്ങൾ ഖുർആനിൽ നിന്ന് ഉദ്ധരിക്കാൻ സാധിക്കും; കാരണം ഇസ്‌ലാം ഒരവസരത്തിലും ആയുധമെടുക്കാനോ യുദ്ധം ചെയ്യാനോ അനുവദിക്കാത്ത മതമല്ല. അനിവാര്യമായ സാഹചര്യത്തിൽ അടർക്കളത്തിലിറങ്ങാനും അടരാടാനും അതനുവദിക്കുന്നു. സാഹചര്യത്തിന്റെ തേട്ടമനുസരിച്ച് അതനുവദിക്കുകയും പ്രേരിപ്പിക്കുകയും നിർബന്ധിക്കുകയും നിരോധിക്കുകയും ചെയ്യുന്നു.
അതിനാൽ ഇതു സംബന്ധമായി ചില മൗലിക സത്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.
1. ഖുർആൻ ജാതി, മത, ദേശ, ഭാഷാ ഭേദമന്യ മുഴുവൻ മനുഷ്യരെയും അത്യധികം ആദരിച്ചിരിക്കുന്നു: “മനുഷ്യ മക്കളെ നാം മഹത്വമേകി മാനിച്ചിരിക്കുന്നു.” (17:70)
2. അതിനാൽ അകാരണമായി മനുഷ്യ ജീവനെ ഹനിക്കൽ ഏറ്റം ഗുരുതരമായ അപരാധമാണ്: “അല്ലാഹു ആദരിച്ച മനുഷ്യനെ അന്യായമായി വധിക്കരുത്. ആരെങ്കിലും അന്യായമായി വധിക്കപ്പെട്ടാൽ അതിന് പ്രതിക്രിയാ നടപടി തേടാനുള്ള അധികാരം അവന്റെ അവകാശികൾക്കു നാം നൽകിയിരിക്കുന്നു.” (ഖുർആൻ 17:33)
ദൈവത്തിന്റെ ഉത്തമ ദാസന്മാരെ സംബന്ധിച്ച് ഖുർആൻ പറയുന്നു. “അവർ അല്ലാഹു ആദരിച്ച ഒരു ജീവനെയും അന്യായമായി ഹനിക്കുകയില്ല.” (25:68)
നിരപരാധിയായ ഒരാളെ വധിക്കുന്നത് മനുഷ്യരാശിയെ ഒന്നാകെ കൊല്ലുന്നതു പോലെയും ഒരാൾക്ക് ജീവിക്കാനവസരമൊരുക്കുന്നത് മുഴുവൻ മനുഷ്യർക്കും ജീവനേകുന്നതുപോലെയുമാണെന്ന് ഖുർആൻ പഠിപ്പിക്കുന്നു. “ഒരാളെ കൊന്നതിനു പകരമായോ അല്ലെങ്കിൽ ഭൂമിയിൽ നാശം വിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാൽ അവൻ മുഴുവൻ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവൻ ആർക്കെങ്കിലും ജീവിതം നൽകിയാൽ അവൻ മുഴുവൻ മനുഷ്യർക്കും ജീവിതം നൽകിയതു പോലെയാകുന്നു.” (ഖുർആൻ 5:32)
3. ഇങ്ങോട്ട് യുദ്ധം ചെയ്യുന്നവരോട് തിരിച്ച് യുദ്ധം ചെയ്യാൻ അനുമതി നൽകുകയാണ് ഖുർആൻ ചെയ്യുന്നത്. “യുദ്ധത്തിനിരയാകുന്നവർക്ക് അവർ മർദിതരായതിനാൽ തിരിച്ചടിക്കാൻ അനുവാദം നൽകപ്പെട്ടിരിക്കുന്നു. അല്ലാഹു അവരെ സഹായിക്കുവാൻ കഴിവുറ്റവൻ തന്നെ; തീർച്ച.’ (ഖുർആൻ 22:39)
വിശ്വാസികൾ യുദ്ധം ചെയ്യാൻ ശാസിക്കപ്പെട്ടത് അത്തരക്കാരെ നേരിടാനാണ്. “നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങളും യുദ്ധം ചെയ്യുക.” (ഖുർആൻ 2:190)
“ബഹുദൈവാരാധകർ എപ്രകാരം ഒറ്റക്കെട്ടായി നിങ്ങളോട് യുദ്ധം ചെയ്യുന്നുവോ അതേ വിധം ഒറ്റക്കെട്ടായി നിന്ന് നിങ്ങൾ അവരോടും യുദ്ധം ചെയ്യുക. അറിയുക: അല്ലാഹു ഭക്തന്മാരുടെ കൂടെയാകുന്നു.” (ഖുർആൻ 9:36)
4. യുദ്ധവേളയിൽ പരിധി ലംഘിക്കാൻ പാടില്ലെന്ന് ഖുർആൻ നിഷ്കർഷിക്കുന്നു: “എന്നാൽ നിങ്ങൾ പരിധി ലംഘിക്കരുത്. പരിധി ലംഘിച്ച് പ്രവർത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടില്ല; തീർച്ച.” (2:190)
5. ശത്രുക്കൾ യുദ്ധത്തിൽ നിന്ന് വിരമിച്ചാൽ വിശ്വാസികളും യുദ്ധം നിർത്തണം: “നിങ്ങളോട് യുദ്ധം ചെയ്യാൻ അവർ മടിക്കുന്നില്ലെങ്കിലോ നിങ്ങളും അവരോടേറ്റുമുട്ടുക. ഇതുതന്നെയാണ് അത്തരം സത്യനിഷേധികൾക്കുള്ള ശിക്ഷ. എന്നാൽ അവർ വിരമിക്കുന്നുവെങ്കിലോ, അറിയുക: അല്ലാഹു മാപ്പേകുന്ന വനും ദയാപരനുമാകുന്നു.” (ഖുർആൻ 2:191,192)
“കുഴപ്പമുണ്ടാക്കുന്നത് അവസാനിക്കുന്നതുവരെയും അനുസരണം പൂർണമായും ദൈവത്തിനായിത്തീരുന്നതുവരെയും അവരോട് യുദ്ധം ചെയ്യുക. അഥവാ അവർ വിരമിക്കുന്നുവെങ്കിൽ അല്ലാഹു അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതൊക്കെയും കണ്ടറിയുന്നവനാകുന്നു.” (ഖുർആൻ 8: 39)
6. രാജ്യദ്രോഹ പ്രവർത്തനം നടത്തുന്ന കപടവിശ്വാസികളോടും ജനങ്ങളുടെ മേൽ പരമാധിപത്യം നടത്തുക വഴി മൗലിക മനുഷ്യാവകാശങ്ങൾ നിരാകരിക്കുന്ന ഭരണകൂടങ്ങളോടും ഖുർആൻ യുദ്ധം അനുവദിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നുവെങ്കിലും കരാറിലേർപ്പെട്ട നാടുകളോട് അതു പാടില്ലെന്ന് പഠിപ്പിക്കുന്നു: “സത്യവിശ്വാസം സ്വീകരിക്കുകയും സ്വദേശം വെടിയുകയും ദേഹം കൊണ്ടും ധനം കൊണ്ടും ദൈവികമാർഗത്തിൽ സമരം നടത്തുകയും ചെയ്തവരും നാടുവിട്ടുവന്നവർക്ക് അഭയം നൽകുകയും സഹായ മേകുകയും ചെയ്തവരുമുണ്ടല്ലോ; അവർ, യഥാർഥത്തിൽ പരസ്പരം രക്ഷാധികാരികളാകുന്നു. വിശ്വാസം സ്വീകരിക്കുകയും സ്വദേശം വെടിയാതിരിക്കുകയും ചെയ്യുന്നവരോ, നിങ്ങൾക്ക് അവരുടെ രക്ഷാകർതൃത്വ ബാധ്യതയില്ല. അവർ നാടുവിട്ടു വരുംവരെ – എന്നാൽ തങ്ങളുടെ മതകാര്യത്തിൽ അവർ സഹായം തേടിയാൽ സഹായിക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്. എന്നാൽ അത് നിങ്ങളുമായി കരാറിലേർപ്പെട്ട ഏതെങ്കിലും ജനതക്കെതിരെയാവരുത്. നിങ്ങൾ ചെയ്യുന്നതൊക്കെ അല്ലാഹു കണ്ടറിയുന്നുണ്ട്.’ (ഖുർആൻ 8:72)
7. യുദ്ധം അനിവാര്യമായി വരുമ്പോൾ പോലും അത് പരമാവധി മനുഷ്യ നാശവും സ്വത്ത് നഷ്ടവും ഒഴിവാക്കിക്കൊണ്ടായിരിക്കണമെന്ന് ഇസ്‌ലാം നിഷ്കർഷിക്കുന്നു. അതുകൊണ്ടുതന്നെ പ്രവാചകന്റെ കാലത്തു നടന്ന 81 യുദ്ധങ്ങളിൽ 259 മുസ്‌ലിംകളും 759 ശത്രുക്കളുമുൾപ്പെടെ 1018 പേർ മാത്രമേ വധിക്കപ്പെട്ടുള്ളൂ. വളരെ വിശാലമായൊരു രാജ്യത്ത് സമഗ്രമായ ഒരു വിപ്ലവം സൃഷ്ടിക്കാൻ അത്രയും മനുഷ്യ ജീവനെ നഷ്ടമായുള്ളൂവെന്നത് മാനവ ചരിത്രത്തിലെ മഹാ വിസ്മയമായി മാറാനുള്ള കാരണവും മറ്റൊന്നല്ല.
8. സമാധാനം ആഗ്രഹിക്കുന്നവർക്കും സന്ധിക്ക് അപേക്ഷിക്കുന്നവർക്കുമെതിരെ യുദ്ധം ചെയ്യാൻ പാടില്ലെന്ന് ഖുർആൻ പഠിപ്പിക്കുന്നു: “അവർ സമാlധാനത്തിലേക്ക് ചായുന്നുവെങ്കിൽ നീയും അതിനു സന്നദ്ധനാവുക. അല്ലാഹുവിൽ ഭരമേല്പിക്കുകയും ചെയ്യുക. അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനും തന്നെ; തീർച്ച.” (8:61)
“അവർ നിങ്ങളോടു യുദ്ധം ചെയ്യാതെ മാറി നിൽക്കുകയും നിങ്ങളുടെ നേരെ സന്ധിയുടെയും സമാധാനത്തിന്റെയും ഹസ്തം നീട്ടുകയും ചെയ്യുന്നുവെങ്കിൽ പിന്നെ അവരെ ആക്രമിക്കാൻ നിങ്ങൾക്ക് അല്ലാഹു ഒരു വഴിയും അനുവദിച്ചു തന്നിട്ടില്ല.” (4:90)
9. യുദ്ധത്തിലായാലും നിരപരാധികളെ വധിക്കുന്നത് ഇസ്‌ലാം വിലക്കിയിരിക്കുന്നു. സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും ആരാധനാലയങ്ങളിൽ ഒതുങ്ങിക്കഴിയുന്നവരെയും വധിക്കരുതെന്നും കൃഷി നശിപ്പിക്കരുതെന്നും ഫലവൃക്ഷങ്ങൾ വെട്ടി മുറിക്കരുതെന്നും നബിതിരുമേനി കല്പിച്ചിരിക്കുന്നു. ഇങ്ങനെ ഇസ്‌ലാം യുദ്ധത്തെയും ആത്മീയവൽക്കരിക്കുകയും മൂല്യനിരതവും ധർമനിഷ്ഠവുമാക്കുകയും ചെയ്യുന്നു.
അനിവാര്യ ഘട്ടങ്ങളിൽ ആയുധമണിയാൻ അനുവദിക്കാത്ത മതമേയില്ല. ഭൗതിക ദർശനങ്ങളുടെ സ്ഥിതിയും ഭിന്നമല്ല. മാർക്സിസം വിഭാവന ചെയ്യുന്ന സാമൂഹിക നീതി സ്ഥാപിക്കാൻ അത് നിർദേശിക്കുന്ന മാർഗം തന്നെ സായുധവിപ്ലവമാണല്ലോ. ഹിന്ദുമതം അടക്കം ലോകത്തിലെ ഏത് മതവും അനിവാര്യഘട്ടങ്ങളിൽ യുദ്ധത്തിന് അനുവാദം നൽകുന്നുണ്ട്. ഇസ്‌ലാമിന്റെ പ്രത്യേകത എന്തെന്നാൽ അത് ന്യായമായ ഒരാവശ്യത്തിന് വേണ്ടി മാത്രം നടത്തുന്ന ധർമനിഷ്ഠയുള്ള നിലപാടാണ് എന്നതാണ്.
(2002 ൽ ശൈഖ് മുഹമ്മദ് കാരകുന്ന് എഴുതിയ ‘ഖുർആന്റെ യുദ്ധസമീപനം’ എന്ന പുസ്തകത്തിലെ തെരഞ്ഞെടുത്ത ഭാഗങ്ങളാണിത്. മർദിതരുടെ യുദ്ധം, ആദ്യയുദ്ധം, സന്ധി ലംഘിച്ചവരോടുള്ള സമീപനം, ഖുർആന്റെ യുദ്ധാഹ്വാനവും മതസ്വാതന്ത്ര്യവും, കപടവിശ്വാസികളോടുള്ള സമീപനം, ജൂത-ക്രൈസ്തവരോടുള്ള സമീപനം, യുദ്ധത്തടവുകാരോടുള്ള സമീപനം, യുദ്ധം ഖുർആനിലും ഋഗ്വേദത്തിലും, നാലുതരം ബന്ധങ്ങൾ, ബഹുദൈവാരാധകരും മസ്ജിദുൽ ഹറാമും, ആരാണ് കാഫിറുകൾ തുടങ്ങി പതിനൊന്ന് തലക്കെട്ടുകളിലായി ഇസ്‌ലാമിന്റെ യുദ്ധ കാഴ്ചപ്പാടിനെ സമഗ്രമായും സംക്ഷിപ്തമായും അവതരിപ്പിക്കുന്ന പുസ്തകമാണ് ‘ഖുർആന്റെ യുദ്ധസമീപനം’. അതിൽ നിന്ന് വളരെ പ്രസക്തവും അനിവാര്യവുമായ ഭാഗങ്ങൾ മാത്രമാണ് ഇവിടെ ഉദ്ധരിച്ചത്. കൂടുതൽ വായനക്ക് ഇതേ പുസ്തകം ഇപ്പോഴും ലഭ്യമാണ്. IPH ആണ് പ്രസാധകർ.)