അബൂറഷാദ് പുറക്കാട്
ഇന്ന് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പേരിൽ കെട്ടിവെക്കുന്ന മതരാഷ്ട്രവാദം (Theocratical state, മതമൗലികവാദം (Religious Fundamentalism) പുരുഷാധിപത്യ വാദം (Patriarchism), മത-ശാസ്ത്ര സംഘട്ടനം (Science vs Religion Conflict) തുടങ്ങിയ ആരോപണങ്ങളുടെ ചരിത്ര പശ്ചാത്തലം ചികഞ്ഞാൽ നാം ചെന്നെത്തുക പൗരാണിക യൂറോപ്യൻ ക്രിസ്തീയ പാരമ്പര്യങ്ങളിലാണ്. ഇസ്‌ലാമുമായി അവയ്ക്ക് ബന്ധമില്ല എന്നർഥം. ക്രിസ്ത്യൻ ഏകാധിപതികളുടെ ക്രൂരമായ സേഛാധിപത്യ ഭരണത്തിനെതിരെ പതിനേഴ് പതിനെട്ട് നൂറ്റാണ്ടുകളിൽ ഇംഗ്ലണ്ടും ഫ്രാൻസുമടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പൊട്ടിപ്പുറപ്പെട്ട വിപ്ലവങ്ങളുടെ ലക്ഷ്യവേധികളായിരുന്നു ഇവയിലേറെയും.
‘മതരാഷ്ട്ര’ വാദം
മതരാഷ്ട്രം എന്ന സംജ്ഞ തന്നെ യൂറോപ്പിലെ മതരാഷ്ട്ര വിഭജന വാദ(Dichotomy of Religion and State)ത്തിന്റെ അവശിഷ്ടമാണ്. മധ്യകാലഘട്ടങ്ങളിലെ പാശ്ചാത്യ ക്രിസ്തീയ ഉൽപ്പന്നം. ഇസ്‌ലാമിക ലോകത്തിന് ഒട്ടും പരിചയമില്ലാത്തതും മുസ്‌ലിം ധിഷണാ പരിസരത്തേക്ക് ബലാൽക്കാരം കുത്തിവെച്ചതുമായ ഒരു അന്യ പദം (Alien Term). പാതിരിമാർ സ്ഥാപിച്ച മതരാഷ്ട്രത്തിൽ, തങ്ങൾ ദൈവത്തിന്റെ പ്രതിപുരുഷന്മാരാണെന്നായിരുന്നു അവരുടെ അവകാശ വാദം. തദടിസ്ഥാനത്തിൽ അവർ പടച്ചുണ്ടാക്കുന്ന നിയമങ്ങൾ ദൈവികമാണെന്നും (വിശുദ്ധ ഖുർആൻ ഇക്കാര്യം അൽബഖറ 79-ാം സൂക്തത്തിൽ പരാമർശിക്കുന്നുണ്ട്) എല്ലാ പ്രജകളും അത് സശിരകമ്പം അനുസരിച്ച് കൊള്ളണമെന്നും അവർ ശഠിച്ചു. നിയമങ്ങൾക്കോ നിയമസ്രോതസ്സുകൾക്കോ ഒരു സുതാര്യതയുമുണ്ടായിരുന്നില്ല. അതേ സമയം ഇസ്‌ലാമിക ഭരണത്തിൽ ഖലീഫ ഒരിക്കലും ദൈവത്തിന്റെ പ്രതിപുരുഷനോ പുണ്യവാളനോ ആയിരുന്നില്ല. നിയമങ്ങൾ ഖുർആനിലും സുന്നത്തിലുമുള്ള പരസ്യവും സുതാര്യവുമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. അതുകൊണ്ട് തന്നെ അത് പ്രമാണവിരുദ്ധമാണെങ്കിൽ ഏത് പൗരനും ചോദ്യം ചെയ്യാൻ അവകാശമുണ്ടായിരുന്നു. ഖലീഫതുല്ലാഹ് (അ ല്ലാഹുവിന്റെ പ്രതിനിധി) എന്നല്ല, ഖലീഫതുർറസൂൽ’ (പ്രവാചക പ്രതിനിധി) എന്നായിരുന്നു ഖലീഫമാർ അറിയപ്പെട്ടിരുന്നത്. പിന്നീട് ഖലീഫ ‘അമീറുൽ മുഅമിനീൻ’ ആയി മാറുകയും ചെയ്തു. ഖലീഫക്ക് സമൂഹത്തോടായിരുന്നു കടപ്പാട്. ഖലീഫമാരെ മാത്രമല്ല, നബി(സ)യെ പോലും ആളുകൾ ചോദ്യം ചെയ്തിരുന്നു; അതും ചിലപ്പോൾ നിസ്സാര കാര്യങ്ങൾക്ക് വേണ്ടി. മുസ്‌ലിം ഭരണാധികാരിയെ ഏത് സമയത്തും മാറ്റാൻ ജനങ്ങൾക്ക് അധികാരവും അവകാശവും ഉണ്ടായിരുന്നു. ക്രിസ്ത്യൻ മതരാഷ്ട്രത്തിലെ “ദൈവനിയുക്ത’ ഭരണാധികാരി എന്ന സങ്കൽപവുമായി മുസ്‌ലിം ഭരണാധികാരിക്ക് യാതൊരു ബന്ധവുമില്ല.
പുരാതന മതരാഷ്ട്രങ്ങളായി എണ്ണപ്പെട്ടിരുന്നത് ഫറോവയുടെ കാലം മുതലുള്ള പുരാതന ഈജിപ്ത്, പൗരാണിക തിബത്ത്, ബുദ്ധിസ്റ്റ് ചൈന, ജപ്പാൻ, ഇസ്രയേൽ… തുടങ്ങിയവയായിരുന്നു. ഇന്നത്തെ ‘മതരാഷ്ട്ര’ങ്ങളുടെ പട്ടികയിലാവട്ടെ, വത്തിക്കാൻ മാത്രമേ മുസ്‌ലിമേതര രാജ്യമുള്ളൂ. ബാക്കിയെല്ലാം മുസ്‌ലിം രാജ്യങ്ങളാണ്. സുഊദി അറേബ്യ, ഇറാൻ, സുഡാൻ, യമൻ, മൗറിത്താനിയ, അഫ്ഗാനിസ്താൻ എന്നിങ്ങനെ… ഈ രാജ്യങ്ങളെ കുറിച്ചുള്ള ഒരു വിലയിരുത്തലിനു ഇവിടെ മുതിരുന്നില്ല. ഒരു കാര്യം മാത്രം ഉറപ്പിച്ചു പറയാൻ കഴിയും. ഈ രാജ്യങ്ങളിലൊന്നും യഥാർഥ ശരീഅത്ത്(ഇസ്‌ലാമിക ഭര ണം) നിലവിലില്ല. ഏകദേശം അറുപതോളം മുസ്‌ലിം രാജ്യങ്ങളുള്ളതിൽ 22 രാജ്യങ്ങൾ ഇപ്പോഴും നിയമത്തിന്റെ അടിസ്ഥാനമായി ശരീഅത്തിനെ (ഏട്ടിലെങ്കിലും) അംഗീകരിക്കുന്നവരാണ് എന്ന് മാത്രം.
‘ഇസ്‌ലാമിക സ്റ്റേറ്റ്’ എന്നാൽ മതരാഷ്ട്രമല്ല. ഇസ്‌ലാമിക ഗവൺമെന്റിന്റെ മഹനീയ മാതൃകകൾ മദീനയിൽ മുഹമ്മദ് നബി(സ)യും ശേഷം സച്ചരിതരായ നാലു ഖലീഫമാരും ചരിത്രത്തിൽ പ്രയോഗവൽക്കരിച്ചു കാണിച്ചിട്ടുണ്ട്. ആധുനിക പദാവലികൾ വെച്ച് നോക്കുമ്പോൾ ആ രാഷ്ട്രസങ്കൽപ്പം ‘ജനാധിപത്യപര’വും ‘മതേതര’വുമായിരുന്നു. ഇക്കാര്യം മുസ്‌ലിം എഴുത്തുകാർക്കും ബുദ്ധിജീവികൾക്കും പുറമേ, നിരവധി അമുസ്‌ലിം ധിഷണാശാലികളും എടുത്തു പറഞ്ഞിട്ടുണ്ട്. (1) ഇസ്‌ലാമിക രാഷ്ട്രം പാശ്ചാത്യ വിഭാവനയിലുള്ള മതരാഷ്ട്രമല്ലെന്ന് (Theocratical State) മൗലാനാ മൗദൂദിയും (2) യൂസുഫുൽ ഖർദാവിയും (3) കാര്യകാരണ സഹിതം സമർഥിച്ചിട്ടുണ്ട്. എന്നാൽ, ഒരു കാര്യം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. യശഃശരീരനായ സുഡാനിയൻ പണ്ഡിതനും പൊളിറ്റിക്കൽ ആക്ടിവിസ്റ്റുമായിരുന്ന ഡോ. ഹസനുത്തുറാബി പറയാറുള്ളത് പോലെ: ‘ഇസ്‌ലാമിക ശരീഅത്തും ഇസ്‌ലാമിക ഭരണവും ഒന്നായി കാണരുത്. ഇസ്‌ലാമിക ശരീഅത്ത് ദൈവികമാണ്. ഇസ്‌ലാമിക ഭരണം മനുഷ്യൻ അവന്റെ കഴിവനുസരിച്ച് നടപ്പിലാക്കുന്ന അതിന്റെ ആവിഷ്കാരമാണ്. മനുഷ്യന് എന്തൊക്കെ ദൗർബല്യങ്ങളുണ്ടോ അതൊക്കെ ഭരണത്തിനുമുണ്ടായേക്കാം. അത് കണ്ടിട്ട് ശരീഅത്ത് പരാജയപ്പെട്ടു എന്ന് വിലയിരുത്തരുത്. മനുഷ്യാവിഷ്കാരത്തിന്റെ ദൗർബല്യമോ പോരായ്മയോ ആയിരിക്കും അത് എന്നർഥം. ഇത്തരം സന്ദർഭങ്ങളിൽ ഭരണാധികാരിയെ മാറ്റാൻ ഇസ്‌ലാമിക ജനായത്ത സമ്പ്രദായത്തിൽ തുറന്ന പഴുതുകളുണ്ട്.
മതമൗലിക വാദം
പത്തൊമ്പതാം നൂറ്റാണ്ടിൽ അമേരിക്കൻ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് മതമൗലികവാദം (Fundamentalism). സാമൂഹിക-ശാസ്ത്രത്തിലും പ്രകൃതി ശാസ്ത്രത്തിലും ഒക്കെ വന്ന മാറ്റങ്ങൾക്കനുസരിച്ച്, പ്രത്യേകിച്ച് ജീവശാസ്ത്ര പരിണാമ സിദ്ധാന്തം (Biological Evolution Theory)പോലുള്ളവയോടുള്ള ക്രിസ്ത്യൻ സമീപനം മാറ്റണമെന്നുള്ള പുതിയ പരിഷ്കരണ വാദികളുടെ ശ്രമങ്ങൾക്കെതിരെ, പാരമ്പര്യ ക്രിസ്ത്യൻ വിശ്വാസങ്ങളിലേക്ക് മടങ്ങാനുള്ള ആഹ്വാനവുമായാണ് ക്രിസ്ത്യൻ ഫണ്ടമെന്റലിസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. യേശുവിന്റെ ദൗത്യം, ചർച്ചിന് സമൂഹത്തിലുള്ള സ്ഥാനം, ബൈബിളിന്റെ ചരിത്രപരമായ കൃത്യത (Historical Accuracy of Bible), യേശുവിന്റെ പുനരാഗമനം, ക്രിസ്തുവിന്റെ വിശുദ്ധജനനം (Virgin Birth of Christ) തുടങ്ങി ബൈബിൾ വ്യാഖ്യാനമനുസരിച്ചുള്ള മത നിയമങ്ങളാണ് ശരിയെന്നും അവ അങ്ങനെ തന്നെ നിലനിർത്തണമെന്നും അവർ വാദിച്ചു. ഇതിനെയാണ് ഫണ്ടമെന്റലിസം എന്ന് പറയുന്നത്. ഇതാണ് ഫണ്ടമെന്റലിസത്തിന്റെ ആവിർഭാവം.
ഇസ്‌ലാമിന് ഇതുമായി ഒരു ബന്ധവുമില്ല. അമേരിക്കയിലെ ജോർജ് ടൗൺ യൂനിവേഴ്സിറ്റി പ്രഫസർ ജോൺ എസ്പോസിറ്റോ ‘ഇസ്‌ലാമിക മതമൗലികവാദം’ എന്ന കൃത്യമായ നിർവചനമില്ലാത്ത ഈ അസംബന്ധ സംജ്ഞയെ നിശിതമായി വിമർശിച്ചിട്ടുണ്ട്. പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരി കരൺ ആംസ്ട്രോങ്ങ് പറയുന്നു: “ഏകദൈവത്തിൽ വിശ്വസിക്കുന്ന മൂന്ന് മതങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഒടുവിലാണ് മുസ്‌ലിംകളിൽ മതമൗലികവാദ പ്രവണത വളർന്നതും വികസിച്ചതും. 60-70 കാലഘട്ടങ്ങളിൽ ആധുനിക (പാശ്ചാത്യ) സംസ്കാരം മുസ്‌ലിം ലോകത്ത് വേര് പിടിക്കാൻ തുടങ്ങിയപ്പോഴാണ് ഇത് സംഭവിച്ചത്. ഇക്കാലത്തിനിടക്ക് ആധുനികാനുഭവങ്ങളോട് ദീർഘകാലം ഇടപഴകിക്കഴിഞ്ഞ് ക്രിസ്ത്യൻ-ജൂത സമൂഹങ്ങളിൽ മൗലിക വാദം ആഴത്തിൽ വേര് പിടിച്ചിരുന്നു. (4) ഇങ്ങനെ നിരീക്ഷിച്ച് വേറെയും ഒട്ടേറെ അമുസ്‌ലിം ചിന്തകരുണ്ട്. ഫണ്ടമെന്റലിസം എന്ന ആരോപണം ജോൺ എസ്പോസിറ്റോ പറഞ്ഞത് പോലെ ഇസ്‌ലാമിന് അന്യമാണ്. ഇനി മുസ്‌ലിംകളിൽ ആരെങ്കിലും ആ വഴിക്ക് ചിന്തിക്കുന്നെങ്കിൽ അതിനുത്തരവാദികൾ പാശ്ചാത്യരുമാണ്. (5)
പുരുഷാധിപത്യവാദം
ഈ ആശയം തന്നെ റോമൻ നിർമിതമാണ്. അഥവാ, ക്രിസ്ത്യൻ/യൂറോപ്യൻ. റോമൻ സംസ്കാരത്തിൽ സ്ത്രീകൾ പുരുഷന്റെ സമ്പത്തും അടിമയും ആയിരുന്നു. അത് കൊണ്ട് സ്ത്രീകളുടെ ഭൂമിയും പുരയിടവും സമ്പത്തും അടിമകളും പിതാവിൽ നിന്നോ ഭർത്താവിൽ നിന്നോ അനന്തിരമായി കിട്ടിയ സ്വത്തുക്കളും എല്ലാം കുടുംബത്തിലെ പുരുഷന്റെ ഉടമസ്ഥതയിലായിരുന്നു. ഈ റോമൻ സമ്പ്രദായത്തെയാണ് Patriarchy എന്ന് വിളിക്കുന്നത്. ഈ പദം എഴുത്തുകളിൽ ആദ്യമായി ഉപയോഗിച്ചത് പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ച ബ്രിട്ടീഷ് രാഷ്ട്രീയ താത്വികനായ റോബര്ട്ട് ഫിൽമർ (Robert Filmer) ആണ്. ക്രിസ്ത്യൻ സ്വേഛാധിപത്യ ഭരണകൂടത്തിന്റെ ജീർണതകളെ നിരൂപണം ചെയ്തു കൊണ്ട് അദ്ദേഹം എഴുതി, 1680-ൽ പ്രസിദ്ധീകരിച്ച ‘പാട്രിയാർക’ (Patriarcha) എന്ന പുസ്തകത്തിലാണ് ഈ പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. അക്കാലത്തെ കുടുംബങ്ങളിൽ പുരുഷന്മാർ പെരുമാറുന്നത് പോലെയാണ്, മധ്യകാല രാജാക്കന്മാർ ജനങ്ങളോട് പെരുമാറുന്നത് എന്നായിരുന്നു അദ്ദേഹം ആ പുസ്തകത്തിൽ സ്ഥാപിച്ചത്. ഇവിടെ നിന്നാണ് ഇസ്‌ലാമിക സംസ്കൃതിക്ക് തികച്ചും അപരിചിതമായ ‘പുരുഷാധിപത്യം’ എന്ന വിഴുപ്പ് ഇസ്‌ലാമിന് പേറേണ്ടി വന്നത്.
ഇസ്‌ലാമിൽ പുരുഷാധിപത്യം എന്ന പ്രശ്നമേ ഉൽഭവിക്കുന്നില്ല. ഇമാം ഇബ്നുഹസം പറഞ്ഞത് പോലെ “മുഹമ്മദ് നബി (സ) സ്ത്രീകളിലേക്കും പുരുഷന്മാരിലേക്കും ഒരു പോലെ അയക്കപ്പെട്ട പ്രവാചകനാണ്. അല്ലാഹുവിന്റെയും പ്രവാചകന്റെയും അഭിസംബോധനകൾ പുരുഷന്മാരിലേക്കും സ്ത്രീകളിലേക്കും ഒരു പോലെ ഉള്ളതാണ്. അത് കൊണ്ട് വളരെ വ്യക്തമായ പ്രമാണമോ പണ്ഡിതന്മാരുടെ ഇജ്മാഓ (ഏകകണ്ഠമായ അഭിപ്രായം) ഇല്ലാതെ, അതിലെവിടെയെങ്കിലും സ്ത്രീകളെ കൂടാതെ പുരുഷന്മാർക്ക് മാത്രമായി എന്തെങ്കിലും പ്രത്യേകമായുണ്ട് എന്നു പറയുന്നത് അനുവദനീയമാവുകയില്ല. കാരണം, അത് (ഒരു പൊതുനിയമത്തിനെതിരായ) സ്പഷ്ടമായ വിവേചനമാണ്. അത് അനുവദനീയമാവുകയില്ല തന്നെ.” (6)
പാശ്ചാത്യരടക്കമുള്ള സകലലോക സമൂഹങ്ങളിലും പുരുഷാധിപത്യം കൊടികുത്തി വാണകാലത്ത് ചില മുസ്‌ലിം പണ്ഡിതന്മാരും സ്ത്രീവിരുദ്ധമായ ചില പ്രമാണ വ്യാഖ്യാനങ്ങൾ നടത്തിയിട്ടുണ്ട് എന്നത് ശരിയാണ്. അത് യഥാർഥത്തിൽ സൂക്ഷ്മമായിരുന്നില്ല. മുസ്‌ലിം ഫെമിനിസ്റ്റുകൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന, ‘അർറിജാലു ഖവ്വാമൂന അലന്നിസാഇ’ (4:34) എന്ന പ്രയോഗത്തിന്റെ വ്യാഖ്യാനമൊക്കെ അതിൽ പെട്ടതാണ്. അതിന്റെ ശരിയായ വിവക്ഷ ശൈഖ് മുഹമ്മദ് അശ്ശഅറാവി (റ), യൂസുഫുൽ ഖറദാവി പോലുള്ള അനേകം ആധുനിക പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. “ഖവ്വാമൂൻ’ എന്നാൽ കാര്യങ്ങൾ നോക്കി നടത്തുക, സംരക്ഷണം നൽകുക, മേൽനോട്ടം വഹിക്കുക എന്നൊക്കെയാണ് അർഥം. അറബി നിഘണ്ടു നോക്കിയാൽ എവിടെയും ആ പദത്തിന് വിലായത്ത്’ (അധികാരം) എന്നോ ‘അബവിയ്യത്ത്’ (പുരുഷാധിപത്യം) എന്നോ അർഥം കാണില്ല. ഖവ്വാമൂൻ എന്നതിന് പകരം ഈ രണ്ടാലൊരു പദം ഉപയോഗിക്കാൻ അല്ലാഹുവിനു അറിയാത്തത് കൊണ്ടല്ലല്ലോ! ഖുർആൻ വളരെ കൃത്യമായി പുരുഷനും സ്ത്രീക്കുമുള്ള അവകാശങ്ങൾ വിവേചന ലേശമെന്യേ ആണ് നിർണയിച്ചു വെച്ചിട്ടുള്ളത്. എന്ന് മാത്രമല്ല, ഇസ്‌ലാം അവതരിച്ചത് തന്നെ അന്നത്തെ സമൂഹത്തിൽ നിലനിന്നിരുന്ന പുരുഷാധിപത്യത്തെ തകർക്കുന്നതിനു വേണ്ടി കൂടിയായിരുന്നു.
കിഴക്കും പടിഞ്ഞാറും അഭ്യസ്തവിദ്യരായ സ്ത്രീകളാണ് പുരുഷന്മാരേക്കാൾ കൂടുതൽ ഇസ്‌ലാം ആശ്ലേഷിക്കുന്നത്. ഈ പറയപ്പെടുന്ന ‘വിവേചന’ങ്ങളും ‘പുരുഷാധിപത്യ’വും എല്ലാം ഉള്ളതോടോപ്പം തന്നെയാണ് അവർ അഹമഹമികയാ മത്സരിച്ചു ഇസ്‌ലാമാശ്ലേഷിക്കുന്നത്. ഇസ്‌ലാമിലെ സുശക്തമായ കുടുംബ വ്യവസ്ഥയും സ്ത്രീകളോടുള്ള ഇസ്‌ലാമിന്റെ നീതി പൂർവകമായ സമീപനവുമാണ് തങ്ങളെ ഇസ്‌ലാമിലേക്കാകർഷിക്കുന്നത് എന്ന് അവർ തന്നെ സ്വയം സാക്ഷ്യപ്പെടുത്തുന്നു. (7) ഒരു കാര്യം കൂടി പറയേണ്ടതുണ്ട്; ഇസ്‌ലാമിലെ ദൈവസങ്കൽപം ക്രിസ്ത്യാനിസം അടക്കമുള്ള മറ്റെല്ലാ മതങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്, മനുഷ്യന് സങ്കൽപിക്കാൻ കഴിയുന്ന ഒരു രൂപവുമില്ല. ദൈവം അരൂപിയാണ് എന്നർത്ഥം. അത് പോലെ ദൈവം ലിംഗരഹിതനാണ് (Unisexual). എന്നാൽ, മറ്റ് മതങ്ങളൊക്കെ ദൈവത്തെ/ദൈവങ്ങളെ അവതരിപ്പിക്കുന്നത് രണ്ടാലൊരു ലിംഗത്തിലുള്ള മനുഷ്യരൂപങ്ങളിലാണ്. പ്രധാന ‘ദൈവം’ അത് യഹോവയാവട്ടെ യേശുവാകട്ടെ, ശിവനാകട്ടെ വിഷ്ണുവാകട്ടെ എല്ലാം പുരുഷരൂപികളാണ്. ദൈവം പുരുഷനാവുമ്പോൾ സ്വാഭാവികമായും മതം പുരുഷാധിപത്യപരമാവുമല്ലോ. അതേ സമയം, ഇസ്‌ലാമിൽ ദൈവത്തിനു ലിംഗമില്ല.
മത-ശാസ്ത്ര സംഘട്ടനം
‘മതമില്ലാത്ത ശാസ്ത്രം മുടന്തനാണ്. ശാസ്ത്രമില്ലാത്ത മതം കുരുടനും’ – ആൽബർട്ട് ഐൻസ്റ്റീന്റെ പ്രസിദ്ധമായ ഒരു വാചകമാണിത്. മതവും ശാസ്ത്രവും എത്രത്തോളം പരസ്പര ബന്ധിതമാണ് എന്ന് ഈ വാക്കുകൾ സൂചിപ്പിക്കുന്നു. തുടക്കത്തിൽ ചർച്ചും സയൻസും നല്ല ഇണക്കത്തിലായിരുന്നുതാനും. ഒട്ടേറെ ശാസ്ത്രജ്ഞന്മാരെ കാത്തലിക് ചർച്ചുകൾ സംഭാവന ചെയ്തതായി ചരിത്രത്തിൽ കാണാം. പല ശാസ്ത്ര സംരംഭങ്ങൾക്കും ചർച്ച് നേതൃത്വം കൊടുത്തിരുന്നു. എന്നാൽ മധ്യകാലഘട്ടത്തിലെ പാതിരിമാർ ശാസ്ത്രത്തിന്റെ ചില കണ്ടുപിടുത്തങ്ങൾ തങ്ങളുടെ അധീശാധികാരത്തിനും മുരട്ടു വിശ്വാസത്തിനും ഭീഷണിയാവുന്നു എന്ന് കണ്ടപ്പോൾ, ശാസ്ത്രത്തിനും ശാസ്ത്രജ്ഞർക്കും എതിരെ തിരിഞ്ഞു. പല ശാസ്ത്രജ്ഞരെയും തൂക്കിലേറ്റി. പലരെയും തുറുങ്കിലടച്ചു. ഹൈപാതിയ (Hypatia), റോജർ ബേക്കൺ (Roger Becon), പിയെട്രോ ഡി അബാനോ (Pietro d’ Abano), സിക്കോ ഡി അസ്കോളി (Cecco d’ Ascoli), മൈക്കൽ സെർവെറ്റസ് (Michael Servetus), ജി റോലാമോ കാർഡാനോ (Girolamo Cardano), ജിയൊഡാനാ ബ്രൂണോ (Giordano Bruno), ലൂസിലിയോ വനീനി (Lucilio Vanini), ടൊമ്മാസോ കാംപാനില (Tommaso Campanilla), കാസിമിയെഴ്സ് ലിസിങ്ക്സ് (Kazimierz Lyszczynsk) തുടങ്ങിയവർ ഇത്തരത്തിൽ ചർച്ച് പട്ടാള വിചാരണ നടത്തിയും അല്ലാതെയും വധിച്ച ഹതഭാഗ്യരായിരുന്നു. ഇവരിൽ ചിലരെയൊന്നും ശാസ്ത്രജ്ഞരായതിന്റെ പേരിൽ മാത്രമല്ല വധിച്ചത്. അവർ ചർച്ചിനെ വെല്ലുവിളിച്ചു എന്നതിന്റെ പേരിലും കൂടിയായിരുന്നു. ഇതിലാദ്യം പരാമർശിച്ച ഹൈപാതിയ എന്ന വനിതയെ നാലാം നൂറ്റാണ്ടിൽ ഒരു ക്രിസ്ത്യൻ ആൾക്കൂട്ടം വളഞ്ഞ് തല്ലിക്കൊല്ലുകയായിരുന്നു.
ഇത്തരം ശാസ്ത്ര വിരുദ്ധമായ ചർച്ചിന്റെ തീവ്രനിലപാടുകളാണ് മധ്യകാലഘട്ടത്തിലെ യൂറോപ്യൻ സമൂഹത്തെ ചർച്ചകൾക്കെതിരാക്കിയത്. സമാനമായ ഒരു സംഭവം പോലും ഇസ്‌ലാമിക ചരിത്രത്തിലെവിടെയും കണ്ടെത്തുക സാധ്യമല്ല. ഇസ്‌ലാമിക പണ്ഡിതന്മാരും മുസ്‌ലിം രാജാക്കന്മാരും ശാസ്ത്രസംരംഭങ്ങളെയും ശാസ്ത്രജ്ഞരെയും എക്കാലത്തും പരമാവധി പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. അന്ധകാര യുഗം (Dark Age) എന്ന് യൂറോപ്യന്മാർ വിളിക്കുന്ന മധ്യകാലഘട്ടം (ഏഴ് മുതൽ പതിനഞ്ച് വരെയുള്ള നൂറ്റാണ്ട്) ഇസ്‌ലാമിന്റെ സുവർണ കാല(Golden Age)മായിരുന്നു. അക്കാലത്താണ് ഇസ്‌ലാമിക ലോകത്ത് ഭൗതിക ശാസ്ത്രം ഏറെ വികസിച്ചത്. ഗണിതശാസ്ത്രം, ഭൂമിശാസ്ത്രം, ഗോളശാസ്ത്രം, ഊർജതന്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, ഔഷധശാസ്ത്രം തുടങ്ങി ശാസ്ത്രത്തിന്റെ മിക്ക മേഖലകളിലും മുസ്‌ലിംകളായിരുന്നു അഗ്രഗാമികൾ (Pioneers). പല പാശ്ചാത്യ സർവകലാശാലകളിലും അടുത്ത കാലം വരെ മുസ്‌ലിം പണ്ഡിതന്മാരുടെ കൃതികളായിരുന്നു വൈദ്യ ശാസ്ത്രം അടക്കമുള്ള പല ശാസ്ത്ര വിഷയങ്ങളുടെയും അടിസ്ഥാന പാഠ പുസ്തകങ്ങൾ.
നിരീക്ഷണവും (Observation) യുക്തി വിചാരവുമാണ് (Reason) ആണ് ശാസ്ത്രത്തിന്റെ രണ്ട് മുഖ്യ അടിസ്ഥാനമായി അവതരിപ്പിക്കപ്പെടുന്നത്. ഇത് രണ്ടും ഏറെ പ്രോത്സാഹിപ്പിക്കുന്നുണ്ട് ഖുർആൻ. ഭൂമിയിൽ സഞ്ചരിച്ചു കൊണ്ട് ചരിത്രത്തിലെ ദൈവനിഷേധികളുടെ പതനം നിരീക്ഷിക്കാനും (3:137, 16:36), പ്രപഞ്ച നിരീക്ഷണം നടത്തി ദൈവത്തിന്റെ സൃഷ്ടി വൈഭവം തൊട്ടറിയാനും (23:80) ഖുർആൻ ആഹ്വാനം ചെയ്യുന്നു. നിങ്ങൾ യുക്തിപൂർവം ചിന്തിക്കുന്നില്ലേ (അഫലാ തഅ്ഖിലൂൻ) എന്ന് നിരവധി സന്ദർഭങ്ങളിൽ ഖുർആൻ ചോദിക്കുന്നു. ഖുർആനിലെ ശാസ്ത്രാത്ഭുതങ്ങളെ കുറിച്ചുള്ള ധാരാളം ഗ്രന്ഥങ്ങൾ ഇംഗ്ലീഷ്, അറബി അടക്കമുള്ള ഒട്ടേറെ ലോകഭാഷകളിൽ ലഭ്യമാണ്.
കുറിപ്പുകൾ
1. ഡോ. ക്രെഗ് കൺസിഡൈൻ (Dr. Craig Considine), എൽ. കാൾ ബൗൺ (L. Carl Brown), ഡോ. ജോൺ ആൻ മോറോ (Dr. John Andrew Morro) തുടങ്ങിയവർ ഉദാഹരണം.
2. മൗലാനാ മൗദൂദി: ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം പേജ്: 27
3. ശൈഖ് യൂസുഫുൽ ഖർദാവി: ഇസ്‌ലാമിന്റെ രാഷ്ട്രീയം പേജ്: 77-78
4. Karen Amstrong : Islam A Short History P.165
5. Unholy War എന്ന പുസ്തകത്തിൽ John Esposito ഇത് വിശദമായി വിവരിക്കുന്നുണ്ട്.
6. ഇബ്നുഹസം: അൽ ഇഹ്കാമു ഫീ ഉസ്വൂലിൽ അഹ്കാം (ഒന്നാം ഭാഗം മൂന്നാം വാള്യം) ഉദ്ധരണം: “അൽ മർഅത്തു വദ്ദീനു വൽ അഖ്ലാഖ്’: ഡോ. നവാലുസ്സഅ്ദാവി & ഡോ. ഹിബ റഊഫ് ഇസ്സത്ത് P. 184
7. Why Women Are Accepting Is lam: Compiled by -Muhammad Haneef Shahid, Published by Darusslam International Publishers, KSA, UAE, UK, USA.