തിരൂർ: മലപ്പുറത്തുനിന്ന് മാനവ സൗഹാർദ്ദത്തിന്റെ മറ്റൊരു സന്ദേശം കൂടി. മുസ്‌ലിം സഹോദരന്റെ മരണത്തിൽ അനുശോചിച്ച് ക്ഷേത്രം ഉത്സവം ആഘോഷം വേണ്ടെന്നു വച്ചു. തിരൂർ തൃപ്പങ്ങോട്ട് ബീരാഞ്ചിറ പുന്നശ്ശേരി ക്ഷേത്രത്തിൽ ആഘോഷമാണ് ചെറാട്ടിൽ ഹൈദറിന്റെ മരണത്തോടെ ചടങ്ങുകളിൽ മാത്രം ഒതുക്കിയത്. ബാൻഡുകളും വാദ്യങ്ങളും ഒരുക്കി തൃപ്പങ്ങോട്ട് പുന്നശ്ശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം നടക്കുന്നു. ഇതിനിടെയായിരുന്നു നാട്ടിലെ കാരണവരായ ചെറാട്ടിൽ ഹൈദറിന്റെ മരണം. വിവരമറിഞ്ഞ ക്ഷേത്രകമ്മിറ്റി മരണം നടന്ന വീട്ടിലെ ദുഃഖം തങ്ങളുടേത് കൂടിയാക്കി താലപ്പൊലി ഉത്സവം ആഘോഷം ഉപേക്ഷിച്ച് ചടങ്ങുകളിൽ ഒതുക്കി.
“ബാൻഡ് മേളം, ചെണ്ട, തായമ്പക അങ്ങനെ എല്ലാ വിധ ആഘോഷങ്ങൾക്കും തയ്യാറായിരുന്നു. പക്ഷെ, അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞതോടെ എല്ലാം ഒഴിവാക്കി” നാട്ടുകാരൻ ആയ ക്ഷേത്രവിശ്വാസി പറയുന്നു. മരണവീട് പോലെ തന്നെ ക്ഷേത്ര പരിസരവും മൂകമായി. “എല്ലാം തയ്യാറായതിന് ശേഷമാണ് ഹൈദറാക്ക മരണപ്പെട്ടത് അറിയുന്നത്. അപ്പൊ തന്നെ കമ്മിറ്റി ഭാരവാഹികളും ക്ഷേത്ര ഊരാളന്മാരും ചേർന്ന് ഇനി ഉത്സവവുമായി മുന്നോട്ട് പോകണ്ട എന്ന് തീരുമാനമെടുത്തു.” കമ്മിറ്റി മെമ്പർ പറയുന്നു.
ഹൈദറിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരാനാണ് ആഘോഷങ്ങൾ ഒഴിവാക്കിയതെന്നും കമ്മിറ്റി ഭാരവാഹികളായ ടി.പി.വേലായുധൻ, എം.വി.വാസു, ടി.പി.അനിൽകുമാർ, കെ.പി.സുരേഷ്, ബാബു പുന്നശ്ശേരി, പ്രേമൻ പുന്നശ്ശേരി, ഷാജി പുന്നശ്ശേരി, കെ.ഇ.സുരേഷ് എന്നിവർ പറഞ്ഞു.
മഹല്ല് ഭാരവാഹികളും ഹൈദരുടെ കുടുംബവും ക്ഷേത്രം കമ്മിറ്റിയുടെ തീരുമാനത്തിൽ നന്ദി അറിയിച്ചു. “മരണവാർത്ത അറിഞ്ഞ ഉടനെ ആഘോഷങ്ങൾ പൂർണമായും നിർത്തിവെക്കാൻ തീരുമാനിച്ചത് എന്ത്കൊണ്ടും ഒരു പ്രശംസ അർഹിക്കുന്ന കാര്യമാണ്. കാരണം ഒരുപാട് പ്രശ്നകലുഷിതമായ ഈ കാലഘട്ടത്തിൽ അതൊന്നും നോക്കാതെ ഇങ്ങനെ പരസ്പരസ്നേഹത്തിന്റെ ഒരു തീരുമാനമാണ് ക്ഷേത്രകമ്മിറ്റി എടുത്തത്.” മഹല്ല് സെക്രട്ടറി കൂടിയായ മുജീബ് പൂളക്കൽ പറയുന്നു.