അനൂപ് വി ആർ
ആധുനിക ചരിത്രം ആരംഭിക്കുന്നത് ഫ്രാൻസിൽ നിന്ന് ആണെന്നാണല്ലോ പരക്കെയുള്ള പരമ്പരാഗത ധാരണ. ഫ്രഞ്ച് വിപ്ലവമെന്ന ഈ ഇടിമിന്നലിൽ മുളച്ച ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നീ കൂണുകൾ എന്ന മിത്ത് അതുവരെയുള്ള മതമാനവികതയുടെ ചരിത്രത്തെ തന്നെയാണ് റദ്ദു ചെയ്യുന്നത്. അത്തരമൊരു മതമാനവിക പാരമ്പര്യത്തിന്റെ പൂർണതയാണ് മുഹമ്മദ് നബി. നബി അതുവരെയുള്ള ഒരു പാരമ്പര്യത്തേയും നിഷേധിച്ചിട്ടില്ല. മറിച്ച് എല്ലാറ്റിനേയും പൂരിപ്പിക്കുകയും പൂർണമാക്കുകയുമായിരുന്നു. ആ അർഥത്തിൽ എല്ലാ മതകീയ പാരമ്പര്യങ്ങളുടെയും അനിവാര്യമായ ആധുനികതയായിരുന്നു. പ്രവാചക സ്വരം. റസൂലും ബിലാലും തമ്മിലുള്ള സുദൃഢമായ സ്നേഹപാശം തന്നെയല്ലേ സാഹോദര്യത്തെ കുറിച്ചുള്ള ഏറ്റവും ഉദാത്തമായ മാതൃക. അതിനു ചരിത്രത്തിൽ പൂർവ്വമാതൃകകളേയില്ല.
ബിലാൽ ബാങ്ക് വിളിക്കുമ്പോൾ മുഴങ്ങുന്നത് ചരിത്രത്തിൽ ഇത് വരെ ആവിഷ്കരിക്കപ്പെടാതിരുന്ന അപരവൽക്കരിക്കപ്പെട്ട ശബ്ദങ്ങൾ കൂടിയാണ്. അതിനാൽത്തന്നെ അത് അടിച്ചമർത്തപ്പെട്ട സ്വത്വത്തിന്റെ സ്വാതന്ത്ര്യത്തിന്റെ അതിരുകൾ ഇല്ലാത്ത സംഗീതാനുഭവമായി.
അറബിക്ക് അനറബിയേക്കാൾ യാതൊരുവിധ ശ്രേഷ്ഠതയും ഇല്ല എന്ന് തീർത്തു പറയുമ്പോൾ അത് അത്രയും കാലത്തെ വംശാഭിമാന പ്രഖ്യാപനങ്ങളിൽ നിന്നുള്ള ചരിത്രത്തിന്റെ വ്യച്ഛേദനവും വിമോചനവും കൂടിയാണ്. പലിശയെ ഒരു സാമൂഹിക തിന്മയേക്കാൾ വ്യക്തിപരമായി കൂടി അരുതായ്മയായി അവതരിപ്പിക്കുന്നതിനേക്കാൾ വിപ്ലവാത്മകത ഏത് ആധുനികദർശനത്തിന് ആണ് അവകാശപ്പെടാൻ കഴിയുക?
അങ്ങനെ ഇന്ന് ആ ഘോഷിക്കപ്പെടുന്ന പുരോഗമന ആധുനിക മൂല്യങ്ങൾ അതിന്റെ ആത്മീയ ശുദ്ധിയാൽ റസൂൽ അവതരിപ്പിച്ചതാണ്. സ്നേഹമായിരുന്നു അതിന്റെ രാസത്വരകം. മുഹമ്മദ് നബിയോളം അതിതീവ്രമായി സ്നേഹിക്കപ്പെട്ട ഒരാൾ ചരിത്രത്തിൽ ഉണ്ടാകുമോ? ജീവിച്ചിരിക്കുമ്പോഴും, അതിന് ശേഷവും ജീവിച്ചിരിക്കുമ്പോൾ ആ സ്നേഹനദിയിൽ നീന്തി തുടിച്ചവരാണ്. അനുചരൻമാരായ സ്വഹാബികൾ. അതിന് ശേഷവും ഇന്നോളവും അനസ്യൂതമായി ഒഴുകുകയാണ് ആ അനുരാഗ നദി. ആളുകൾ ഇപ്പോഴും അതിൽ മുങ്ങിക്കുളിച്ചു കൊണ്ടിരിക്കുകയാണ്. ആ സ്നേഹപ്രവാഹത്തിൽ സ്വയം ജ്ഞാനസ്നാനം ചെയ്തവരാണ് ചിത്രത്തിന്റെ ഇടി കൂട്ടിൽനിന്ന് ബോക്സർ മുഹമ്മദലി മുതൽ നമ്മുടെ കമലാസുരയ്യ വരെ.
ഉപാധികളില്ലാത്ത സ്നേഹമാണ് റസൂൽ. സ്നേഹത്താൽ പുതിയ ചരിത്രം സാധ്യമാക്കുകയായിരുന്നു റസൂൽ.