Question: “മുസ്ലിം സമുദായത്തിൽ ജനിക്കുന്നവർക്ക് ദൈവത്തെയും പ്രവാചകനെയും വേദഗ്രന്ഥത്തെയും സ്വർഗനരകങ്ങളെയും സംബന്ധിച്ച അറിവ് സ്വാഭാവികമായും ലഭിക്കും. മറ്റുള്ളവർക്കത് കിട്ടുകയില്ല. അതിനാൽ ആ അറിവ് ലഭിക്കാത്തതിന്റെ പേരിൽ അതനുസരിച്ച് ജീവിക്കാൻ സാധിക്കാത്തവരൊക്കെ നരകത്തിലായിരിക്കുമെന്നാണോ നിങ്ങൾ പറയുന്നത്?
Answer: മുസ്ലിം സമുദായത്തിൽ ജനിക്കുകവഴി, ദൈവത്തെയും ദൈവീക ജീവിത വ്യവസ്ഥയെയും സംബന്ധിച്ച വ്യക്തമായ അറിവു ലഭിച്ച ശേഷം അതനുസരിച്ച് ജീവിക്കാത്തവൻ സത്യനിഷേധി (കാഫിർ) യാണ്. അവർക്ക് മരണശേഷം കൊടിയ ശിക്ഷയുണ്ടാകുമെന്ന് ഖുർആൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാത്രമല്ല, ദൈവത്തെയും ദൈവിക ജീവിതക്രമത്തെയും സംബന്ധിച്ച് അറിവുള്ളവരെല്ലാം മറ്റുള്ളവരെ അതറിയിച്ചുകൊടുക്കാൻ ബാധ്യസ്ഥരാണ്. ഈ ബാധ്യത നിർവഹിച്ചില്ലെങ്കിൽ അതിന്റെ പേരിലും പരലോകത്ത് അവർ ശിക്ഷാർഹരായിരിക്കും.
എന്നാൽ ദൈവത്തെയും ദൈവിക മതത്തെയും സംബന്ധിച്ച് ഒട്ടും കേട്ടറിവു പോലുമില്ലാത്തവർ ശിക്ഷിക്കപ്പെടുമെന്നോ നരകാവകാശികളാകുമെന്നോ ഇസ്‌ലാം പഠിപ്പിക്കുന്നില്ല. ഖുർആനോ പ്രവാചകചര്യയോ അങ്ങനെ പറയുന്നുമില്ല. മറിച്ച്, ദിവ്യ സന്ദേശം വന്നെത്തിയിട്ടില്ലാത്തവർ ശിക്ഷിക്കപ്പെടില്ലെന്നാണ് വേദഗ്രന്ഥം പഠിപ്പിക്കുന്നത്. പതിനേഴാം അധ്യായം പതിനഞ്ചാം വാക്യത്തിലിങ്ങനെ കാണാം: “ആർ സന്മാർഗം സ്വീകരിക്കുന്നുവോ, അതിന്റെ തന്നെ ഗുണത്തിനു വേണ്ടിയാകുന്നു. ആർ ദുർമാർഗിയാകുന്നുവോ, അതിന്റെ ദോഷവും അവനുതന്നെ. ഭാരം വഹിക്കുന്നവരാരും തന്നെ ഇതരന്റെ ഭാരം വഹിക്കുകയില്ല. (സന്മാർഗം കാണിക്കാനായി) ദൈവദൂതൻ നിയോഗിതനാവുന്നതുവരെ നാമാരെയും ശിക്ഷിക്കാറുമില്ല.”
അതേസമയം ദൈവത്തെ സംബന്ധിച്ച് കേൾക്കാത്തവരോ സാമാന്യ ധാരണയില്ലാത്തവരോ ഉണ്ടാവുകയില്ല. അവർ ദൈവത്തെക്കുറിച്ച് കൂടുതലന്വേഷിക്കാനും ആ ദൈവം വല്ല ജീവിതമാർഗവും നിശ്ചയിച്ചുതന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും ബാധ്യസ്ഥരാണ്. അപ്രകാരം തന്നെ സ്വർഗമുണ്ടെന്നും നിശ്ചിത മാർഗത്തിലൂടെ നീങ്ങുന്നവർക്കേ അത് ലഭിക്കുകയുള്ളൂവെന്നുമുള്ള കാര്യം കേട്ടറിഞ്ഞവരൊക്കെയും അതേക്കുറിച്ച് പഠിക്കാൻ കടപ്പെട്ടവരാണ്. അതിന്റെ ലംഘനം ശിക്ഷാർഹമായ കുറ്റമാവുക സ്വാഭാവികമാണല്ലോ.