Question: “മുസ്ലിംകൾ മാത്രമേ സ്വർഗത്തിൽ പ്രവേശിക്കുകയുള്ളൂവെന്നല്ലേ ഇസ്‌ലാം പറയുന്നത്? ഇത് തീർത്തും സങ്കുചിത വീക്ഷണമല്ലേ? പരലോകത്തും സംവരണമോ?
Answer: ഒരാൾ പരീക്ഷ പാസാകണമെന്നാഗ്രഹിക്കുന്നില്ല. പരീക്ഷക്കു വന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുന്നുമില്ല. എങ്കിൽ മറ്റെന്തൊക്കെ എഴുതിയാലും പരീക്ഷയിൽ വിജയിക്കുകയില്ല. വിജയിക്കുമെന്ന് ആരും പ്രതീക്ഷിക്കുകയുമില്ല. അപ്രകാരം തന്നെ രോഗം മാറണമെന്ന് ആഗ്രഹിക്കുന്നില്ല; രോഗശമനത്തിന് നിർദേശിക്കപ്പെട്ട മരുന്ന് കഴിക്കുന്നുമില്ല. എന്നാലും രോഗം മാറണമെന്ന് ആരും പറയുകയില്ലല്ലോ. ഇവ്വിധം തന്നെ സ്വർഗം ലക്ഷ്യമാക്കാതെ, സ്വർഗലബ്ധിക്കു നിശ്ചയിക്കപ്പെട്ട മാർഗമവലംബിക്കാതെ ജീവിക്കുന്നവർക്ക് സ്വർഗം ലഭിക്കുകയില്ല. അത്തരക്കാർക്കും സ്വർഗം നൽകണമെന്ന് നീതിബോധമുള്ളവരാരും അവകാശപ്പെടുകയുമില്ല.
സ്വർഗം സജ്ജനങ്ങൾക്കുള്ള ദൈവത്തിന്റെ ദാനമാണ്. വേദഗ്രന്ഥത്തിൽ ദൈവദൂതന്മാരിലൂടെയാണ് അല്ലാഹു അത് വാഗ്ദാനം ചെയ്തത്. അത് ലഭ്യമാകാൻ വ്യക്തമായ മാർഗം നിശ്ചയിച്ചിട്ടുമുണ്ട്. അതിനാൽ ആർ ദൈവം, സ്വർഗം, ദൈവദൂതന്മാർ, വേദഗ്രന്ഥം തുടങ്ങിയവയിൽ യഥാവിധി വിശ്വസിച്ച് സ്വർഗം ലക്ഷ്യം വച്ച് അതിനു നിശ്ചയിക്കപ്പെട്ട വഴിയിലൂടെ സഞ്ചരിക്കുന്നുവോ അവർക്ക് സ്വർഗം ലഭിക്കും. ഇക്കാര്യത്തിലാരോടും ദൈവം ഒട്ടും വിവേചനം കാണിക്കുകയില്ല. എന്നാൽ സ്വർഗത്തിൽ വിശ്വസിക്കുകയോ അത് ലക്ഷ്യം വെക്കുകയോ അത് വാഗ്ദാനം ചെയ്ത ദൈവത്തെയും ആ അറിവു നൽകിയ ദൈവദൂതനെയും വേദഗ്രന്ഥത്തെയും അംഗീകരിക്കുകയോ ചെയ്യാതെ, അതിനു നിശ്ചയിക്കപ്പെട്ട മാർഗമവലംബിക്കാതെ ജീവിക്കുന്നവർക്ക് അത് ലഭിക്കുമെന്ന് പ്രതീക്ഷിക്കാവതല്ല. ലഭിക്കണമെന്ന് പറയുന്നതിലൊട്ടും അർഥവുമില്ല. അതിനാലിതിൽ സങ്കുചിതത്വത്തിന്റെയോ സംവരണത്തിന്റെയോ പ്രശ്നമില്ല. നിഷ്കൃഷ്ടമായ നീതിയാണ് ദീക്ഷിക്കപ്പെടുക.