Question : “ഇസ്ലാം അടിമത്തം നിരോധിച്ചിട്ടില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എങ്കിൽ സമത്വത്തെയും നീതിയെയും സംബന്ധിച്ച് സംസാരിക്കാൻ ഇസ്ലാമിന് എന്തവകാശമാണുള്ളത്?”
Answer : മനുഷ്യരെല്ലാം ഒരേ ദൈവത്തിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണെന്ന് ഇസ്ലാം പ്രഖ്യാപിക്കുന്നു. അതുകൊണ്ടുതന്നെ അവർക്കിടയിൽ വിവേചനം അരുതെന്ന് അത് അനുശാസിക്കുന്നു. “മനുഷ്യരേ, ഒരാണിൽനിന്നും പെണ്ണിൽനിന്നുമത്രെ നിങ്ങളെ നാം സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ നാം സമുദായങ്ങളും ഗോത്രങ്ങളുമാക്കി. നിങ്ങൾ പരസ്പരം പരിചയപ്പെടേണ്ടതിന്” (ഖുർആൻ 49: 13).
പ്രവാചകൻ പറയുന്നു: “നിശ്ചയം, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളുടെയെല്ലാം പിതാവും ഒരാൾ തന്നെ എല്ലാവരും ആദമിൽ നിന്നു ള്ളവരാണ്. ആദമോ മണ്ണിൽ നിന്നും. അതിനാൽ അറബിക്ക് അനറബിയെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. ഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ” (മുസ്ലിം, അബൂദാവൂദ്).
നിയമത്തിന്റെ മുമ്പിൽ സർവരും സമൻമാരാണെന്ന് ഇസ്ലാം സിദ്ധാന്തിക്കുന്നു. പൗരാവകാശങ്ങളുടെ കാര്യത്തിൽ സർവരും തുല്യരാണ്. പണത്തിന്റെയും പദവിയുടെയും പേരിലുള്ള പ്രത്യേകാവകാശങ്ങൾ അതാർക്കും അനുവദിച്ചുകൊടുക്കുന്നില്ല. തദടിസ്ഥാനത്തിലുള്ള വിവേചനങ്ങളെ തീർത്തും നിരാകരിക്കുകയും ചെയ്യുന്നു.
ഇങ്ങനെയൊക്കെയായിരുന്നിട്ടും ഇസ്ലാം എന്തുകൊണ്ട് അടിമത്തം നിരോധിച്ചില്ല എന്ന പ്രശ്നം വിശദമായ വിശകലനമർഹിക്കുന്നു.
1. മുഹമ്മദ് നബിയുടെ നിയോഗകാലത്ത് ലോകമെങ്ങും ക്രൂരമായ അടിമത്തമാണ് നിലനിന്നിരുന്നത്. പുരാതനറോമിൽ അടിമ ആടുമാടുകളെപ്പോലെ കച്ചവടം ചെയ്യപ്പെടുന്ന വിൽപ്പനച്ചരക്ക് മാത്രമായിരുന്നു. ഓടിപ്പോകാതിരിക്കാനായി കാലുകളിലണിയിക്കപ്പെട്ട ചങ്ങലകളുമായാണ് അവർ ഭാരിച്ച ജോലികൾ പോലും ചെയ്തിരുന്നത്. കാലിത്തൊഴുത്തുകൾക്ക് സമാനമായ സ്ഥലങ്ങളായിരുന്നു അവരുടെ വാസസ്ഥലം. ഭക്ഷണമല്ലാതെ മറ്റൊന്നിനും അവർക്കവകാശമുണ്ടായിരുന്നില്ല. അതും യജമാനന്റെ എച്ചിലുകളായിരുന്നു. ചാട്ടവാറടികൾക്ക് മുതുക് കാണിച്ചുകൊടുക്കാൻ വിധിക്കപ്പെട്ടവരായിരുന്നു അക്കാലത്തെ അടിമകൾ. കാളകൾക്കിടയിലെന്ന പോലെ അടിമകൾക്കിടയിലും പോര് സംഘടിപ്പിക്കുക സാധാരണമായിരുന്നു. അങ്ങനെ അവർ പരസ്പരം തല്ലിച്ചാകുന്നത് കണ്ട് ഉല്ലസിക്കൽ യജമാനൻമാരുടെ മുഖ്യ വിനോദമായിരുന്നു.
ഇന്ത്യയിലെ സ്ഥിതിയും ഭിന്നമായിരുന്നില്ല. ഇന്ത്യയിൽ ജാതിവ്യവസ്ഥയുടെ പേരിലാണ് അടിമത്തം നിലനിന്നിരുന്നത്. അതിനാലത് ദൈവനിശ്ചയമായാണ് ഗണിക്കപ്പെട്ടിരുന്നത്. അമേരിക്കയിലും ആഫ്രിക്കയിലും അടുത്ത കാലം വരെയും ക്രൂരമായ അടിമത്തവും വർണവിവേചനവും നിലനിന്നിരുന്നു. ഇതര പാശ്ചാത്യനാടുകളുടെ സ്ഥിതിയും അതുതന്നെ.
ഇത്തരമൊരവസ്ഥയിലാണ് ഇസ്ലാം ഇക്കാര്യത്തിൽ സമൂലമായ മാറ്റം വരുത്തിയത്. ആദ്യമായി അതു ചെയ്തത് അടിമകളോടുള്ള സമീപനത്തിൽ സമഗ്രമായി പരിവർത്തനം സൃഷ്ടിക്കുകയായിരുന്നു. അവരും മറ്റുള്ളവരെപ്പോലെ മനുഷ്യരാണെന്ന് പ്രഖ്യാപിച്ചു. ആ ബോധം എല്ലാവരിലും വളർത്തുകയും ചെയ്തു. അല്ലാഹു ആജ്ഞാപിച്ചു. “മാതാപിതാക്കളോട് നല്ലനിലയിൽ വർത്തിക്കുക. ബന്ധുക്കളോടും അനാഥകളോടും അഗതികളോടും ബന്ധുവായ അയൽക്കാരോടും അകന്ന അയൽക്കാരോടും സഹവാസികളോടും യാത്രക്കാരനോടും നിങ്ങളുടെ അധീനതയിലുള്ള അടിമകളോടും നൻമയിൽ വർത്തിക്കുക. അഹങ്കാരിയും പൊങ്ങച്ചക്കാരനുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല” (4: 36).
നബിതിരുമേനി അരുൾ ചെയ്യുന്നു: “നിങ്ങളുടെ സഹോദരൻമാരും ബന്ധുക്കളുമാണവർ. തന്റെ കീഴിലുള്ള സഹോദരന് താൻ ഭക്ഷിക്കുന്നതുപോലുള്ള ആഹാരവും ധരിക്കുന്നതുപോലുള്ള വസ്ത്രവും നൽകേണ്ടതാണ്. അവർക്ക് അസാധ്യമായ കാര്യം അവരെ ഏൽപിക്കരുത്. അഥവാ, പ്രയാസകരമായ വല്ല ജോലികളും അവരെ ഏൽപിക്കുകയാണെങ്കിൽ നിങ്ങളും അവരെ സഹായിക്കുക” (ബുഖാരി).
‘ഇത് എന്റെ അടിമ, ഇത് എന്റെ അടിമസ്ത്രീ’ എന്നിങ്ങനെ പറയാൻ പാടില്ലെന്ന് പഠിപ്പിച്ച പ്രവാചകൻ അവരെ നിങ്ങളുടെ കീഴിൽ വരാൻ ഇടയാക്കിയ അല്ലാഹു നിങ്ങളെ അവരുടെ കീഴിൽ കൊണ്ടുവരാനും കഴിവുറ്റവനാണെന്ന് സമൂഹത്തെ ഉണർത്തി.
നബി പറഞ്ഞു: “വല്ലവനും തന്റെ അടിമയെ വധിക്കുന്ന പക്ഷം അവനെ നാമും വധിക്കും. വല്ലവനും തന്റെ അടിമയെ അംഗഛേദം ചെയ്താൽ നാം അവനെയും അംഗഛേദം ചെയ്യും. വല്ലവനും തന്റെ അടിമയെ ഷണ്ഡീകരിച്ചാൽ നാമവനെയും ഷണ്ഡീകരിക്കും.” (ബുഖാരി, മുസ്ലിം). മാന്യമായ ഭക്ഷണവും വസ്ത്രവും പാർപ്പിടവും ഉറപ്പുവരുത്തിയ ഇസ്ലാം ഇതു വഴി അടിമകളുടെ സുരക്ഷിതത്വവും ഭദ്രമാക്കി. മറ്റു സ്ത്രീകളെപ്പോലെ വിവാഹവേളയിൽ അടിമസ്ത്രീകൾക്കും വിവാഹമൂല്യം നിശ്ചയിച്ചു. ഖുർആൻ പറയുന്നു: “നിങ്ങളിലാർക്കെങ്കിലും സ്വതന്ത്രകളായ സത്യവിശ്വാസിനികളെ വിവാഹം ചെയ്യാൻ സാമ്പത്തിക ശേഷിയില്ലെങ്കിൽ നിങ്ങളുടെ അധീനതയിലുള്ള സത്യവിശ്വാസിനികളായ അടിമസ്ത്രീകളെ വിവാഹം ചെയ്തുകൊള്ളുക. നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് നന്നായി അറിയുന്നവൻ അല്ലാഹുവാണ്. നിങ്ങൾ പരസ്പരം ബന്ധുക്കളാണ്. അതിനാൽ അവരുടെ രക്ഷിതാക്കളുടെ അനുമതിയോടെ നിങ്ങളവരെ വിവാഹം കഴിച്ച കൊള്ളുക, അവരുടെ വിവാഹമൂല്യം മര്യാദയോടെ നൽകുകയും ചെയ്യുക.” (4: 26)
പ്രവാചകൻ(സ) പറയുന്നു: “നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. നിങ്ങളുടെ നേതാവായി വരുന്നത് ഉണങ്ങിയ മുന്തിരി പോലുള്ള ശിരസ്സോടുകൂടിയ നീഗ്രോ അടിമയായിരുന്നാലും ശരി. “
ഖലീഫാ ഉമറുൽ ഫാറൂഖ് ആസന്ന മരണനായിരിക്കെ ഭാവി ഭരണാധികാരിയെ സംബന്ധിച്ച ചർച്ചക്കിടയിൽ തന്റെ വികാരം പ്രകടിപ്പിച്ചതിങ്ങനെയാണ്: “അബൂഹുദൈഫ മോചിപ്പിച്ച അടിമയായിരുന്ന സാലിം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ ഭരണാധികാരിയായി ഞാൻ നിശ്ചയിക്കുമായിരുന്നു.”
അബൂബക്ർ സ്വിദ്ദീഖ്, ഉമറുൽ ഫാറൂഖ് പോലുള്ള വളരെ പ്രമുഖരായ അനുചരൻമാരുൾപ്പെടുന്ന സംഘത്തിന്റെ സർവ സൈന്യാധിപനായി വിമോചിത അടിമയായ സൈദിന്റെ മകൻ ഉസാമയെ നിശ്ചയിച്ച നബി സൈദിന് തന്റെ പിതൃസഹോദരീ പുത്രി സൈനബിനെ വിവാഹം കഴിപ്പിച്ചുകൊടുക്കാൻ സന്നദ്ധനായി.
അറബികളായ സ്വതന്ത്രൻമാർക്കും അടിമകൾക്കുമിടയിൽ സാഹോദര്യം സ്ഥാപിക്കുക പ്രവാചകന്റെ പതിവിൽ പെട്ടതായിരുന്നു. നീഗ്രോ അടിമയായിരുന്ന ബിലാലും ഖശ്അമീഗോത്രക്കാരനായ ഖാലിദുബ്നു റുവൈഹയും തമ്മിലും അടിമയായിരുന്ന സൈദും സ്വന്തം പിതൃവ്യനായ ഹംസയും തമ്മിലും അടിമയായിരുന്ന ഖാരിജ ബ്നു സൈദും പിൽക്കാലത്ത് പ്രഥമ ഖലീഫയായിത്തീർന്ന അബൂബക്ർ സ്വിദ്ദീഖും തമ്മിലും നബി തിരുമേനി സാഹോദര്യം സ്ഥാപിക്കുകയുണ്ടായി.
അടിമകളെ അവഗണിക്കാനോ പ്രയാസപ്പെടുത്താനോ ഇസ്ലാം അനുവദിച്ചില്ല. ഒരിക്കൽ അടിമയെ പിറകിൽ നടത്തി വാഹനത്തിൽ സഞ്ചരിക്കുന്ന യാത്രക്കാരനോട് അബൂഹുറയ്റ പറഞ്ഞു: “നിന്റെ പിറകിൽ അവനെയും കയറ്റു. നിന്റെ സഹോദരനാണവൻ. നിന്റേതുപോലുള്ള ആത്മാവ് അവനുമുണ്ട്.”
ഈവിധം അടിമയ്ക്ക് സമൂഹത്തിൽ മാന്യമായ പദവിയും അംഗീകാരവും പരിഗണനയും നൽകി അവന്റെ അവകാശങ്ങൾ സംരക്ഷിച്ച ഇസ്ലാം അവനോടുള്ള അനീതിയെയും അതിക്രമത്തെയും കൊടിയ കുറ്റമായി കണക്കാക്കുകയുണ്ടായി. അതോടൊപ്പം അടിമയുടെ ബാധ്യതകളിലും ശിക്ഷകളിലും ഗണ്യമായ ഇളവനുവദിക്കുകയും ചെയ്തു.
2. ഇസ്ലാം അടിമത്തത്തെ ഒരടിസ്ഥാനമായി അംഗീകരിക്കുന്നില്ല. അന്തിമമായി അതിനറുതി വരുത്താനുള്ള നടപടികളാണ് അത് സ്വീകരിച്ചത്. അടിമത്ത മോചനത്തിന് വമ്പിച്ച പ്രാധാന്യം നൽകി. അല്ലാഹു ചോദി ക്കുന്നു: “മനുഷ്യൻ എന്തുകൊണ്ട് ദുർഘടമായ പുണ്യപാത കടക്കുന്നില്ല. എന്താണ് ആ ദുർഘട മാർഗമെന്ന് നിനക്കറിയാമോ? അടിമയുടെ മോചനമാണത്)” (90: 11-13)
ഇസ്ലാം സകാത്തിന്റെ ഒരോഹരി നിശ്ചയിച്ചത് അടിമകളുടെ മോചനത്തിനുവേണ്ടിയാണ് (9: 60). തന്റെ ഉടമസ്ഥതയിലുള്ള അടിമയെ മോചിപ്പിക്കലും മറ്റുള്ളവരുടെ വശമുള്ളവരെ വാങ്ങി മോചിപ്പിക്കലും ഇസ്ലാം നിശ്ചയിച്ച അടിമമോചന മാർഗ്ഗങ്ങളത്. അതനുസരിച്ചാണ് നബിതിരുമേനിയും അവിടത്തെ അനുചരൻമാരും തങ്ങളുടെ കീഴിലുണ്ടായിരുന്ന അടിമകളെ മോചിപ്പിച്ചത്. അബൂബക്ർ സ്വിദ്ദീഖിനെപ്പോലുള്ള സഹൃദയർ സമ്പത്തിന്റെ സിംഹഭാഗവും വിനിയോഗിച്ചത് അടിമകളെ വാങ്ങി മോചിപ്പിക്കാനാണ്. പത്തുപേർക്ക് എഴുത്തും വായനയും പഠിപ്പിച്ചുകൊടുക്കുന്ന അടിമകളെ പ്രവാചകൻ മോചിപ്പിച്ചിരുന്നു.
പല പാപങ്ങൾക്കും ഇസ്ലാം നിശ്ചയിച്ച പ്രായശ്ചിത്തങ്ങളിൽ പ്രഥമവും പ്രധാനവും അടിമകളെ മോചിപ്പിക്കലാണ്. “ആരെങ്കിലും ഒരു വിശ്വാസിയെ വധിക്കാനിടയായാൽ പ്രായശ്ചിത്തമായി വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കണം. കൊല്ലപ്പെട്ടവന്റെ അവകാശികൾക്ക് നഷ്ടപരിഹാരം നൽകുകയും വേണം. അവർ നഷ്ടപരിഹാരം വിട്ടുകൊടുത്താലൊഴികെ (4: 92).
ശപഥലംഘനം, വ്രതമനുഷ്ഠിക്കവെ ഭാര്യാഭർത്താക്കൻമാർ ലൈംഗികബന്ധം പുലർത്തൽ പോലുള്ള അപരാധങ്ങളുടെ പ്രായശ്ചിത്തവും അടിമകളെ മോചിപ്പിക്കലത്രെ. ഇങ്ങനെ അടിമത്ത മോചനത്തിന് ഇസ്ലാം വിവിധ മാർഗങ്ങൾ നിശ്ചയിച്ചു. പരലോകത്ത് അതിമഹത്തായ പ്രതിഫലം വാഗ്ദാനം നൽകുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇസ്ലാമിക സമൂഹത്തിൽ സംഭവിച്ചപോലെ വിപുലവും വ്യാപകവുമായ നിലയിൽ അടിമകൾ വിമോചിതരായ മറ്റൊരു കാലഘട്ടവും ചരിത്രത്തിലുണ്ടായിട്ടില്ല.
മോചനപത്രമെഴുതി സ്വാതന്ത്ര്യം നേടാനും ഇസ്ലാം അവസരമൊരുക്കി. അതനുസരിച്ച് അടിമയും യജമാനനും യോജിച്ചു തീരുമാനിക്കുന്ന മൂല്യം നിശ്ചയിച്ച് സ്വാതന്ത്ര്യം നേടാൻ അടിമകൾക്ക് സാധിക്കുമായിരുന്നു. ഇത്തരം ഘട്ടങ്ങളിൽ സ്വാതന്ത്ര്യം നൽകാൻ യജമാനൻ ബാധ്യസ്ഥനാണ്. അതിലിടപെടാനോ കരാർ നിരാകരിക്കാനോ അയാൾക്ക് അവകാശമില്ല. മോചനപത്രമെഴുതുന്ന നിമിഷം മുതൽ അടിമ അടിമയല്ലാതായി, കൂലിപ്പണിക്കാരന്റെ സ്ഥാനത്തെത്തുന്നു. പിന്നീട് ചെയ്യുന്ന ജോലിക്ക് പ്രതിഫലമുണ്ടാവുകയും അത് മോചനമൂല്യമായി മാറുകയും ചെയ്യുന്നു. മറ്റു തൊഴിലുകളിലൂടെ പണമുണ്ടാക്കി മോചനമൂല്യം ശേഖരിക്കാനും അയാൾക്കവകാശമുണ്ടായിരിക്കും. ഇത്തരമൊരു വ്യവസ്ഥ യൂറോപ്പിൽ അംഗീകരിക്കപ്പെട്ടത് പതിനാലാം നൂറ്റാണ്ടിൽ മാത്രമാണെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ.
ഇങ്ങനെ വിവിധ വിധേന മോചനം നേടിയ അടിമകൾ ഇസ്ലാമിക ചരിത്രത്തിൽ മഹത്തായ സ്ഥാനമലങ്കരിക്കുകയും ഭരണംവരെ കൈയാളുകയുമുണ്ടായി. ബിലാലുബ്നു റബാഹിനെപ്പോലെ അതുല്യമായ പദവിയിലെത്തിയവരും അവരിലുണ്ട്.
3. അടിമകൾ തലമുറ തലമുറകളായി തുടരുന്ന അവസ്ഥക്ക് ഇസ്ലാം അറുതി വരുത്തി. യജമാനന് അടിമസ്ത്രീയിൽ കുട്ടികളുണ്ടായാൽ അവർ യജമാനന്റെ കുട്ടികളായാണ് പരിഗണിക്കപ്പെടുകയെന്നും മറ്റു മക്കളെപ്പോലെ തന്നെ പൂർണാവകാശമുള്ള സ്വതന്ത്രരായ പൗരൻമാരായിരിക്കുമെന്നും ഇസ്ലാം പ്രഖ്യാപിച്ചു. അതോടൊപ്പം യജമാനന്റെ മരണത്തോടെ അവരുടെ മാതാക്കൾ സ്വതന്ത്രരായിത്തീരുമെന്നും അത് വിളംബരം ചെയ്തു. അതോടൊപ്പം യജമാനൻമാർ തങ്ങളുടെ കീഴിലുള്ള അടിമസ്ത്രീകളെ വേശ്യാവൃത്തിക്കുപയോഗിച്ച് വരുമാനമുണ്ടാക്കുന്ന അത്യന്തം നീചമായ സമ്പ്രദായത്തിന് പൂർണമായും അറുതിവരുത്തുകയും ചെയ്തു.
4. ക്രമപ്രവൃദ്ധമായി അടിമത്തം അവസാനിപ്പിക്കാനാവശ്യമായ സമീപനം സ്വീകരിച്ച ഇസ്ലാം അത് പൂർണമായും നിരോധിക്കാതിരുന്നത് അനിവാര്യമായ കാരണങ്ങളാലാണ്. യുദ്ധത്തിലൂടെയല്ലാതെ അടിമകളുണ്ടാവുന്ന എല്ലാ വഴികളും അത് പൂർണമായും കൊട്ടിയടച്ചു. നബിതിരുമേനിയുടെ നിയോഗകാലത്ത് യുദ്ധത്തടവുകാരെ അടിമകളാക്കുകയോ വധിക്കുകയോ ചെയ്യുന്ന സമ്പ്രദായമാണ് നിലനിന്നിരുന്നത്. ദീർഘകാലം ഇതേ അവസ്ഥ തുടരുകയുണ്ടായി. ശത്രുരാഷ്ട്രവുമായി യുദ്ധമുണ്ടാകുമ്പോൾ അവർ പിടികൂടുന്ന ഇസ്ലാമിക രാഷ്ട്രത്തിലെ പൗരൻമാരെ അടിമകളാക്കുകയോ വധിക്കുകയോ ചെയ്യുന്ന സമ്പ്രദായം നിലനിന്നിരുന്ന സാഹചര്യത്തിൽ ഇസ്ലാമിക രാഷ്ട്രം പിടികൂടുന്ന രാഷ്ട്രത്തിലെ ബന്ദികളുടെ കാര്യത്തിൽ മറ്റൊരു നിലപാട് സ്വീകരിക്കുക സാധ്യമോ പ്രായോഗികമോ ആയിരുന്നില്ല. എന്നിട്ടും യുദ്ധത്തടവുകാരെ വധിക്കുന്നത് ഇസ്ലാം വിലക്കി. അവരെ വെറുതെ വിടുകയോ പ്രതിഫലം വാങ്ങി വിട്ടയക്കുകയോ ചെയ്യാമെന്ന് നിർദേശിക്കുകയും ചെയ്തു. (47: 4)
യുദ്ധത്തടവുകാരെ മുഴുവൻ താമസിപ്പിക്കാൻ സൗകര്യമുള്ള സംവിധാനമില്ലാതിരുന്നതിനാൽ ശത്രുരാഷ്ട്രങ്ങൾ ചെയ്ത പോലെത്തന്നെ ഇസ്ലാമിക രാഷ്ട്രവും അവരെ അടിമകളാക്കുകയാണുണ്ടായത്. ഇതേക്കുറിച്ച് പ്രമുഖ ഇസ്ലാമിക പണ്ഡിതൻ മുഹമ്മദ് ഖുത്ബ് എഴുതുന്നു: “യുദ്ധത്തടവുകാരുടെ കാര്യത്തിൽ ശത്രുപക്ഷം മറ്റൊരു രീതി സ്വീകരിക്കാൻ സന്നദ്ധമാവുന്നതുവരെ എന്ന് അടിമത്ത സമ്പ്രദായത്തിന് അവധി നിശ്ചയിച്ചു. മുസ്ലിം യുദ്ധത്തടവുകാർ ഏകപക്ഷീയമായി അടിമത്തത്തിന്റെ ചളിക്കുണ്ടിൽ എറിയപ്പെടാതിരിക്കാൻ വേണ്ടി മാത്രമാണത്. ഇവിടെ എടുത്തോതേണ്ട ഒരു പ്രധാന സംഗതിയുണ്ട്. ‘വെറുതെയോ പ്രതിഫലം വാങ്ങിയോ വിട്ടയക്കുക’ എന്ന യുദ്ധത്തടവുകാരെ പരാമർശിക്കുന്ന ഏക ഖുർആൻ വാക്യം ബന്ധനസ്ഥരെ അടിമകളാക്കുന്ന കാര്യം പറഞ്ഞിട്ടില്ല. അതൊരു ശാശ്വത നിയമമാവാതിരിക്കാൻ വേണ്ടിയാണത്. പ്രായശ്ചിത്തം വാങ്ങിയുള്ള മോചനത്തെപ്പറ്റി പറഞ്ഞു. പ്രതിഫലം കൂടാതെയുള്ള മോചനത്തെക്കുറിച്ചും പറഞ്ഞു. കാരണം, അവ രണ്ടുമാണ് സമീപഭാവിയിലോ വിദൂരഭാവിയിലോ യുദ്ധത്തടവുകാരോടുള്ള പെരുമാറ്റത്തിൽ മനുഷ്യരാശിക്കുവേണ്ടി ഇസ്ലാം പരിമിതപ്പെടുത്താനുദ്ദേശിക്കുന്ന ശാശ്വത രൂപങ്ങൾ. അടിമത്ത സമ്പ്രദായം മുസ്ലിംകൾ സ്വീകരിച്ചത് നിർബന്ധ സാഹചര്യത്തിന്റെ അനിവാര്യത നിമിത്തമായിരുന്നു. അല്ലാതെ ഖണ്ഡിതമായ ഒരു ഇസ്ലാമിക വിധിക്ക് വിധേയമായിട്ടായിരുന്നില്ല. (തെറ്റിദ്ധരിക്കപ്പെട്ട മതം – പുറം 62)
നബിതിരുമേനിയുടെ കാലത്ത് യുദ്ധത്തടവുകാരുടെ കാര്യത്തിൽ പ്രധാനമായും അഞ്ചു സമീപനമാണ് സ്വീകരിച്ചിരുന്നത്.
a. ശത്രുക്കൾ ബന്ധനസ്ഥരാക്കിയ തടവുകാർക്കു പകരമായി തങ്ങളുടെ തടവുകാരെ അവർക്ക് കൈമാറുക.
b. പ്രതിഫലം സ്വീകരിച്ച് മോചിപ്പിക്കുക. ബദർ യുദ്ധത്തിലെ തടവുകാരുടെ കാര്യത്തിൽ മാത്രമേ ഈ സമീപനം സ്വീകരിച്ചുള്ളൂ. ഇസ്ലാമിക രാഷ്ട്രം ദരിദ്രവും തടവുകാർ മക്കയിലെ സമ്പന്നരുമായിരുന്നതിനാലാകാം അവരിൽനിന്ന് പ്രതിഫലം സ്വീകരിച്ചത്.
c. രാജ്യത്തിന്റെ ഭദ്രതയ്ക്ക് ഹാനികരമല്ലെങ്കിൽ വെറുതെ വിടുക. ഹുനൈൻ യുദ്ധത്തിലെ തടവുകാരുടെ കാര്യത്തിൽ നബിതിരുമേനി ഈ സമീപനമാണ് സ്വീകരിച്ചത്. ബനുമുസ്ത്വലഖ് യുദ്ധത്തിലെ ബന്ദികളുടെ കാര്യത്തിൽ അവലംബിച്ച നയവും ഇതുതന്നെയായിരുന്നു.
d. ശത്രുക്കൾ പിടികൂടുന്ന ഇസ്ലാമിക സമൂഹത്തിലെ പൗരൻമാരെ അടിമകളാക്കുന്നപോലെ മുസ്ലിംകളുടെ പിടിയിൽ പെടുന്ന തടവുകാരെയും അടിമകളാക്കി പട്ടാളക്കാർക്ക് ഭാഗിച്ചുകൊടുക്കുക. അപ്പോഴും അവരോട് മാന്യമായി പെരുമാറാനും തങ്ങൾ കഴിക്കുന്ന ആഹാരവും ധരിക്കുന്ന വസ്ത്രവും താമസിക്കുന്നതുപോലുള്ള ഇടവും അവർക്ക് നൽകാനും ശക്തമായി നിർദേശിക്കപ്പെട്ടിരുന്നു.
e. മുസ്ലിംകൾക്ക് നിർബന്ധ പട്ടാള സേവനം നിശ്ചയിക്കപ്പെട്ടിരുന്നതിനാൽ അതിൽ നിന്നൊഴിവാക്കപ്പെട്ട മതന്യൂനപക്ഷങ്ങൾ രാജ്യരക്ഷക്കായി നൽകേണ്ട ജിസ്യ സ്വീകരിച്ച് തടവിലാക്കപ്പെടുന്നവരെയെല്ലാം സ്വതന്ത്രരാക്കുക. നജ്റാനിലെ ക്രിസ്ത്യാനികളുടെ കാര്യത്തിൽ നബിതിരുമേനി സ്വീകരിച്ച സമീപനം ഇതായിരുന്നു. പിൽക്കാലത്ത് ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരികളവലംബിച്ച നയവും ഇതുതന്നെ.
യുദ്ധത്തടവുകാരെ അടിമകളാക്കുകയെന്നത് അനിവാര്യമായ സാഹചര്യത്തിൽ അപൂർവമായി മാത്രമവലംബിച്ച സമീപനമായിരുന്നു. അതൊരു സ്ഥിരം സമ്പ്രദായമായിരുന്നില്ല. അതുകൊണ്ടുതന്നെ ഇസ്ലാം അടിമത്തം അനുവദിച്ചുവെന്നത് നിർബന്ധിത പരിതഃസ്ഥിതിയിലെ താൽക്കാലിക സമീപനം മാത്രമത്രെ. മുഹമ്മദ് ഖുത്വ്ബ് എഴുതുന്നു: “ഒരടിസ്ഥാനമെന്ന നിലയ്ക്ക് അടിമത്തത്തെ ഇസ്ലാം അംഗീകരിച്ചിട്ടില്ല. അടിമത്തമോചന ത്തിനുവേണ്ടി വ്യത്യസ്ത മാർഗങ്ങളിലൂടെ ഇസ്ലാം നടത്തിയ ശ്രമം അതിനു തെളിവാണ്. അതിന്റെ ഉറവിടങ്ങൾ വറ്റിച്ചുകളയാൻ ഇസ്ലാം പരമാവധി ശ്രമിച്ചു. ഇസ്ലാമിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ വയ്യാത്ത, അതിന്റെ പിടിയിലൊതുങ്ങാത്ത ഒരു നിർബന്ധിത സാഹചര്യമുണ്ടായിരുന്നു. ഇസ്ലാമിന് സ്വാധീനമില്ലാത്ത രാഷ്ട്രങ്ങളും ജനതകളുമായി ബന്ധപ്പെട്ട ഒരു പ്രശ്നമായിരുന്നു അത്. അവർ മുസ്ലിം യുദ്ധത്തടവുകാരെ അടിമകളാക്കി കഠിന ശിക്ഷയ്ക്കു വിധേയമാക്കി. അതിനാൽ (അടിമകളോടുള്ള നീചമായ പെരുമാറ്റത്തിന്റെ കാര്യത്തിലൊഴിച്ച്, അടിമകളാക്കുകയെന്ന തത്ത്വത്തിലെങ്കിലും) തത്തുല്യമായ നയം സ്വീകരിക്കുവാനത് നിർബന്ധിതമായി. അടിമത്ത സമ്പ്രദായം നിർത്തലാക്കാതിരിക്കുന്നതിന് ഇസ്ലാമിനെ നിർബന്ധിച്ച ആ ഏക മാർഗം അവസാനിപ്പിക്കുവാൻ ലോകത്തിലെ ഇതര ശക്തികളുടെ സഹകരണം കൂടി ആവശ്യമായിരുന്നു. ആ സഹകരണം ലഭിക്കുന്ന നിമിഷത്തിൽ അസന്ദിഗ്ധമാംവിധം ഇസ്ലാം വ്യക്തമാക്കിയ അതിന്റെ മഹത്തായ സിദ്ധാന്തത്തിലേക്ക് മടങ്ങുന്നതാണ്. എല്ലാവർക്കും സമത്വവും സ്വാതന്ത്ര്യവും എന്ന തത്ത്വത്തിലേക്ക്” (തെറ്റിദ്ധരിക്കപ്പെട്ട മതം- പുറം 64)
ഇന്നും യുദ്ധത്തടവുകാരെ കുറ്റവാളികളായി കണ്ട് തടവിലിടാറാണ് പതിവ്. കാരാഗൃഹത്തിലെ ഇരുളടഞ്ഞ മുറിയിൽ തടവുപുള്ളിയായി കാലം കഴിക്കുന്നതിനെക്കാൾ പതിൻമടങ്ങ് ഭേദം ഇസ്ലാമിക സമൂഹത്തിലുണ്ടായിരുന്ന എല്ലാ ഭൗതികാവശ്യങ്ങളും പൂർത്തീകരിക്കപ്പെടുന്ന സംവിധാനമായിരുന്നുവെന്നതാണ് വസ്തുത. അടിമയെന്ന വിശേഷണം ഏറെ അരോചകമാണെങ്കിലും.
ഒരു സാമൂഹികഘടനയുടെ അവിഭാജ്യഭാഗമായി നിലനിൽക്കുന്ന ഒരു സമ്പ്രദായത്തെ പെട്ടെന്നൊരുനാൾ നിയമം മൂലം നിരോധിക്കുന്നത് ഫലപ്രദമല്ല. അടിമത്ത സമ്പ്രദായത്തെ അക്കാലത്ത് കേവലം ഒരുത്തരവുകൊണ്ട് അവസാനിപ്പിക്കുക സാധ്യമായിരുന്നില്ല. അത്തരമൊരു നടപടി ഉണ്ടായാലും പിറ്റേന്ന് മുതൽ സമൂഹം മുഴുവൻ അടിമകളെയും സാധാരണ സ്വതന്ത്ര പൗരൻമാരെപ്പോലെ സ്വീകരിക്കാൻ മാനസികമായി സന്നദ്ധമാവുകയില്ല. ഒരു സുപ്രഭാതത്തിൽ വിമോചിതരായ എല്ലാ അടിമകളുമായി സ്വതന്ത്രസമൂഹം സമഭാവനയോടെ പെരുമാറുമെന്ന് പ്രതീക്ഷിക്കാവതല്ല. വിവാഹത്തിലേർപ്പെടാനും മറ്റും ഇത് വിഘാതം സൃഷ്ടിക്കും. വിമുക്ത അടിമകളുടെ ഒരു വർഗം രൂപംകൊള്ളലായിരിക്കും ഇതിന്റെ ഫലം. നേരത്തെ ലഭിച്ചുപോന്നിരുന്ന തൊഴിലും സംരക്ഷണവും ലഭിക്കാതെ ഈ വിഭാഗം കൊടിയ കെടുതികൾക്കിരയാവുകയും ചെയ്യും. അബ്രഹാം ലിങ്കൺ അമേരിക്കൻ ഐക്യനാടുകളിലെ അടിമത്ത വ്യവസ്ഥ നിർത്തലാക്കിയപ്പോഴുണ്ടായ അനുഭവമിതിന് സാക്ഷിയാണ്. അടിമകൾ സ്വാതന്ത്ര്യം ഉൾക്കൊള്ളാൻ മാനസികമായി സജ്ജമായിട്ടില്ലാതിരുന്നതിനാൽ യജമാനൻമാരുടെ അടുത്തേക്ക് തിരിച്ചുവന്ന് തങ്ങളെ അടിമകളായി സ്വീകരിക്കാൻ അവരോട് ആവശ്യപ്പെടുകപോലുമുണ്ടായി. അതിനാലാണ് ഇസ്ലാം അടിമത്ത സമ്പ്രദായത്തിന് അറുതി വരുത്താൻ ക്രമപ്രവൃദ്ധവും വ്യവസ്ഥാപിതവുമായ മാർഗം അവലംബിച്ചത്.
5. മനുഷ്യശരീരത്തിന്റെ ചലനങ്ങളുടെ മേൽ ഏർപ്പെടുത്തപ്പെടുന്ന നിയന്ത്രണമാണല്ലോ നിയമം. അതിനാൽ നാമെങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് നിയമമാണ്. ഇത്തരം നിയമങ്ങൾ നിർമിക്കാനുള്ള ആത്യന്തികമായ അധികാരാവകാശം ആർക്കാണെന്നത് മനുഷ്യസ്വാതന്ത്ര്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തികൾ തോന്നിയപോലെ ജീവിക്കുന്ന സമൂഹം പൂർണമായും അരക്ഷിതവും അരാജകവുമായിരിക്കും. അതിനാൽ സമൂഹത്തിന്റെ സുഗമമായ നിലനിൽപിന് നിയമം അനിവാര്യമാണ്. അത് നിർമിക്കാനുള്ള പരമാധികാരം കൈയടക്കിവയ്ക്കുന്നവർ തന്നെ നിയമനിർമാണത്തിന്റെ പരമാധികാരം ദൈവത്തിനല്ലാതെ മറ്റാർക്കുമില്ലെന്ന പരമസത്യം അംഗീകരിക്കാത്ത എല്ലാവരും തങ്ങളെപ്പോലുള്ള മനുഷ്യരുടെ അടിമകളും ആജ്ഞാനുവർത്തികളും, ഈ സൂക്ഷ്മാർഥത്തിൽ നിയമനിർമാണത്തിന്റെ പരമാധികാരം ഭരണകൂടത്തിന് അംഗീകരിച്ചുകൊടുക്കുന്ന ആധുനിക സമൂഹങ്ങളൊക്കെയും അടിമ സമൂഹങ്ങളത്രെ. അവരെ സംബന്ധിച്ചേടത്തോളം യഥാർഥ മോചനം ഏറെ വിദൂരം തന്നെ.
നിയമനിർമാണത്തിന്റെ പരമാധികാരമോ സ്വേഛ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ അനുവാദമോ ഇസ്ലാം ആർക്കും നൽകുന്നില്ല. സൃഷ്ടാവിനുമാത്രമാണ് പരമാധികാരം. ഭരണാധികാരികൾ അവന്റെ നിയമം നീതി പൂർവം നടപ്പാക്കുന്നവർ മാത്രമത്രെ. ഈജിപ്തിന്റെ ജേതാവും ആ രാജ്യത്തിന്റെ പ്രഥമ മുസ്ലിം ഗവർണറുമായ അംറുബ്നുൽ ആസ്വിന്റെ മകൻ ഒരു സാധാരണക്കാരനെ അന്യായമായി അടിച്ചതായി പരാതി ലഭിച്ചപ്പോൾ ഖലീഫാ ഉമറുൽ ഫാറൂഖ് പ്രതികാരം നടപ്പിലാക്കിയശേഷം ഗവർണറോട് ചോദിച്ചതിതായിരുന്നു: “അംറേ, നിങ്ങളെപ്പോഴാണ് ജനങ്ങളെ അടിമകളാക്കാൻ തുടങ്ങിയത്? അവരുടെ മാതാക്കൾ അവരെ സ്വതന്ത്രരായിട്ടാണല്ലോ പ്രസവിച്ചത്?”
അടിമത്തത്തെ സംബന്ധിച്ച് ഇസ്ലാമിക സമീപനത്തിന്റെ അന്തസ്സത്ത എന്തെന്ന് ഉമറുൽ ഫാറൂഖിന്റെ ഈ ചോദ്യം അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. യഥാർഥ വിമോചനം ഉദ്ഘോഷിക്കുന്ന ഇസ്ലാം ചരിത്രത്തിലറിയപ്പെടുന്നതുപോലുള്ള അടിമത്തവുമായി ഒരിക്കലും പൊരുത്തപ്പെടുന്നില്ല.