Question :“പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് വേണമെന്നും ദൈവമാണ് അതിനെ സൃഷ്ടിച്ചതെന്നും നിങ്ങൾ മതവിശ്വാസികൾ പറയുന്നു. എന്നാൽ നിങ്ങളുടെ ദൈവത്തെ സൃഷ്ടിച്ചതാരാണ്? മതവും ദൈവവും വിശ്വാസകാര്യമാണെന്നും അതിൽ യുക്തിക്ക് പ്രസക്തിയില്ലെന്നുമുള്ള പതിവു മറുപടിയല്ലാതെ വല്ലതും പറയാനുണ്ടോ?”
Answer : പ്രപഞ്ചത്തെപ്പറ്റി പ്രധാനമായും രണ്ടു വീക്ഷണമാണ് നിലനിൽക്കുന്നത്. ഒന്ന് മതവിശ്വാസികളുടേത്. അതനുസരിച്ച് പ്രപഞ്ചം സൃഷ്ടിയാണ്. ദൈവമാണതിന്റെ സ്രഷ്ടാവ്. രണ്ടാമത്തേത് പദാർഥവാദികളുടെ വീക്ഷണമാണ്. പ്രപഞ്ചം അനാദിയാണെന്ന് അവരവകാശപ്പെടുന്നു. അഥവാ അതുണ്ടായതല്ല, ആദിയിലേ ഉള്ളതാണ്. അതിനാലതിന് ആദ്യവും അന്ത്യവുമില്ല.
ആയിരത്തി അഞ്ഞൂറോ രണ്ടായിരമോ കോടി കൊല്ലം മുമ്പ് പ്രപഞ്ചം അതീവസാന്ദ്രതയുള്ള ഒരു കൊച്ചു പദാർഥമായിരുന്നുവെന്ന് ഭൗതികവാദികൾ അവകാശപ്പെടുന്നു. അത് സാന്ദ്രതയുടെയും താപത്തിന്റെയും പാരമ്യതയിലെത്തിയപ്പോൾ പൊട്ടിത്തെറിച്ചു. ആ സ്ഫോടനം അനന്തമായ അസംഖ്യം പൊട്ടിത്തെറികളുടെ ശൃംഖലയായി. സംഖ്യകൾക്ക് അതീതമായ അവസ്ഥയിൽ ആദിപദാർഥത്തിന്റെ താപവും സാന്ദ്രതയും എത്തിയപ്പോഴാണ് അത് പൊട്ടിത്തെറിച്ചത്. ആ പൊട്ടിത്തെറിയുടെ ശബ്ദവും അളക്കാനാവാത്തതത്രെ. വൻ വിസ്ഫോടനത്തിന്റെ അതേ നിമിഷത്തിൽ മുവ്വായിരം കോടി ഡിഗ്രി താപമുള്ള പ്രപഞ്ചം ഉണ്ടായി. പൊട്ടിത്തെറിയുടെ ഫലമായി വികാസമുണ്ടായി. വികാസം കാരണമായി താപനില കുറയുവാൻ തുടങ്ങി. സ്ഫോടനം കഴിഞ്ഞ് നാല് നിമിഷം പിന്നിട്ടപ്പോൾ ന്യൂട്രോണുകളും പ്രോട്ടോണുകളും കൂടിച്ചേർന്നു. ആ സംഗമമാണ് നക്ഷത്രങ്ങൾ തൊട്ട് മനുഷ്യൻ വരെയുള്ള എല്ലാറ്റിന്റെയും ജന്മത്തിന് നാന്ദി കുറിച്ചത്.
പ്രപഞ്ചോൽപത്തിയെ സംബന്ധിച്ച ഭൗതികവാദികളുടെ ഈ സങ്കൽപം ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുയർത്തുന്നു. ആദിപദാർഥം എന്നാണ് താപത്തിലും സാന്ദ്രതയിലും പാരമ്യതയിലെത്തിയത്? എന്തുകൊണ്ട് അതിനു മുമ്പായില്ല, അല്ലെങ്കിൽ ശേഷമായില്ല? അനാദിയിൽ തന്നെ താപത്തിലും സാന്ദ്രതയിലും പാരമ്യതയിലായിരുന്നെങ്കിൽ എന്തുകൊണ്ട് അനാദിയിൽ തന്നെ സ്ഫോടനം സംഭവിച്ചില്ല. അനാദിയിൽ താപവും സാന്ദ്രതയും പാരമ്യതയിലായിരുന്നില്ലെങ്കിൽ പിന്നെ എങ്ങനെ അവ പാരമ്യതയിലെത്തി? പുറത്തുനിന്നുള്ള ഇടപെടലുകൾ കാരണമാണോ? എങ്കിൽ എന്താണ് ആ ഇടപെടൽ? അല്ലെങ്കിൽ അനാദിയിലില്ലാത്ത സാന്ദ്രതയും താപവും ആദിപദാർഥത്തിൽ പിന്നെ എങ്ങനെയുണ്ടായി? എന്നാണ് ആദ്യത്തെ പൊട്ടിത്തെറിയുണ്ടായത്? എന്തുകൊണ്ട് അതിനു മുമ്പായില്ല? എന്തുകൊണ്ട് ശേഷമായില്ല? ഒന്നായിരുന്ന സൂര്യനും ഭൂമിയും രണ്ടായത് എന്ന്? എന്തുകൊണ്ട് അതിനു മുമ്പോ ശേഷമോ ആയില്ല? ഇത്തരം നിരവധി ചോദ്യങ്ങൾക്ക് ഇന്നോളം ഭൗതികവാദികൾ മറുപടി നൽകിയിട്ടില്ല. നൽകാനൊട്ടു സാധ്യവുമല്ല.
ഈ പ്രപഞ്ചം വളരെ വ്യവസ്ഥാപിതവും ക്രമാനുസൃതവുമാണെന്ന് ഏവരും അംഗീകരിക്കുന്നു. ലോകഘടനയിലെങ്ങും തികഞ്ഞ താളൈക്യവും കൃത്യതയും കണിശതയും പ്രകടമാണ്. വ്യക്തമായ യുക്തിയുടെയും ഉയർന്ന ആസൂത്രണത്തിന്റെയും നിത്യ നിദർശനമാണീ പ്രപഞ്ചം. മനുഷ്യന്റെ അവസ്ഥ പരിശോധിച്ചാൽ തന്നെ ഇക്കാര്യം ആർക്കും ബോധ്യമാകും. നാം ജീവിക്കുന്ന ലോകത്ത് അറുനൂറു കോടിയോളം മനുഷ്യരുണ്ട് എല്ലാവരും ശ്വസിക്കുന്ന വായു ഒന്നാണ്. കുടിക്കുന്ന വെള്ളവും ഒന്നുതന്നെ. കഴിക്കുന്ന ആഹാരത്തിലും പ്രകടമായ അന്തരമില്ല. എന്നിട്ടും അറുനൂറു കോടി മനുഷ്യർക്ക് അറുനൂറു കോടി മുഖം. നമ്മെപ്പോലുള്ള മറ്റൊരാളെ ലോകത്തെവിടെയും കാണുക സാധ്യമല്ല. നമ്മുടെ തള്ളവിരൽ എത്ര ചെറിയ അവയവമാണ്. എന്നിട്ടും അറുനൂറു കോടി മനുഷ്യരിലൊരാൾക്കും നമ്മുടേതുപോലുള്ള ഒരു കൈവിരലില്ല. മരിച്ചുപോയ കോടാനുകോടിക്കുമില്ല. ജനിക്കാനിരിക്കുന്ന കോടാനുകോടികൾക്ക് ഉണ്ടാവുകയുമില്ല. നമ്മുടെ ഓരോരുത്തരുടെയും തലയിൽ പതിനായിരക്കണക്കിന് മുടിയുണ്ട്. എന്നാൽ ലോകത്തിലെ അറുനൂറു കോടി തലയിലെ അസംഖ്യം കോടി മുടികളിലൊന്നു പോലും നമ്മുടെ മുടിപോലെയില്ല. അവസാനത്തെ ഡി.എൻ.എ. പരിശോധനയിൽ നമ്മുടേത് തിരിച്ചറിയുക തന്നെ ചെയ്യും. നമ്മുടെയൊക്കെ സിരകളിൽ ആയിരക്കണക്കിന് രക്തത്തുള്ളികൾ ഒഴുകിക്കൊണ്ടേയിരിക്കുന്നു. അറുനൂറു കോടിയുടെ സിരകളിലെ കോടാനുകോടി രക്തത്തുള്ളികളിൽ നിന്നും നമ്മുടേത് വ്യത്യസ്തമത്രെ. നമ്മുടെ ശരീരത്തിന്റെ ഗന്ധം പോലും മറ്റുള്ളവരുടേതിൽ നിന്ന് ഭിന്നമത്രെ. ഇത്രയേറെ അദ്ഭുതകരവും ആസൂത്രിതവും വ്യവസ്ഥാപിതവും കണിശവുമായ അവസ്ഥയിൽ നാമൊക്കെ ആയിത്തീർന്നത് കേവലം യാദൃഛികതയും പദാർഥത്തിന്റെ പരിണാമവും ചലനവും മൂലവുമാണെന്ന് പറയുന്നത് ഒട്ടും യുക്തിനിഷ്ഠമോ ബുദ്ധിപൂർവമോ അല്ല. അത് പരമാബദ്ധമാണെന്ന് അഹന്തയാൽ അന്ധത ബാധിക്കാത്തവരെല്ലാം അംഗീകരിക്കും. അറുനൂറു കോടി മനുഷ്യർക്ക് അത്രയും മുഖഭാവവും കൈവിരലുകളും ഗന്ധവും തലമുടിയും രക്തത്തുള്ളികളും മറ്റും നൽകിയത് സർവശക്തനും സർവജ്ഞനും യുക്തിമാനുമായ ശക്തിയാണെന്ന് അംഗീകരിക്കലും വിശ്വസിക്കലുമാണ് ബുദ്ധിപൂർവകം. ആ ശക്തിയത്രെ പ്രപഞ്ചസ്രഷ്ടാവായ ദൈവം.
പ്രപഞ്ചത്തിൽ പുതുതായൊന്നുമുണ്ടാവില്ലെന്ന് പദാർഥവാദികൾ പറയുന്നു. പുതുതായി വല്ലതും ഉണ്ടാവുകയാണെങ്കിൽ അതുണ്ടാക്കിയത് ആര് എന്ന ചോദ്യമുയരുമല്ലോ. എന്നാൽ ഇന്നുള്ള അറുനൂറോളം കോടി മനുഷ്യർക്ക് ബുദ്ധിയും ബോധവും അറിവും യുക്തിയുമുണ്ട്. ഈ ബുദ്ധിയും ബോധവും അറിവും യുക്തിയുമൊക്കെ എവിടെയായിരുന്നു? വിസ്ഫോടനത്തിനു മുമ്പുള്ള ആദിപദാർഥം ഇതൊക്കെയും ഉൾക്കൊണ്ടിരുന്നോ? എങ്കിൽ അനാദിയിൽ ആ പദാർഥത്തിന്റെ ബുദ്ധിയും ബോധവും അറിവും യുക്തിയും അതിരുകളില്ലാത്തത്ര ആയിരിക്കില്ലേ? അപ്പോൾ അചേതന പദാർഥം ഇത്രയേറെ സർവജ്ഞനും യുക്തിജ്ഞനുമാവുകയോ?
അതിനാൽ അറുനൂറു കോടി മനുഷ്യർക്ക് അറിവും ബോധവും ബുദ്ധിയും യുക്തിയും നൽകിയത് അതിരുകളില്ലാത്ത അറിവിന്റെയും ബോധത്തിന്റെയും യുക്തിയുടെയും ഉടമയായ സർവശക്തനായ ദൈവമാണെന്ന് വിശ്വസിക്കലും അംഗീകരിക്കലുമാണ് ന്യായവും ശരിയും. സത്യസന്ധവും വിവേകപൂർവകവുമായ സമീപനവും അതുതന്നെ.
അനാദിയായ ഒന്നുണ്ട്; ഉണ്ടായേ തീരൂവെന്ന് ഏവരും അംഗീകരിക്കുന്നു. അത് അചേതനമായ പദാർഥമാണെന്ന് ഭൗതികവാദികളും, സർവശക്തനും സർവജ്ഞനുമായ ദൈവമാണെന്ന് മതവിശ്വാസികളും പറയുന്നു. അനാദിയായ, അഥവാ തുടക്കമില്ലാത്ത ഒന്നിനെ സംബന്ധിച്ച്, അതിനെ ആരുണ്ടാക്കി. എങ്ങനെയുണ്ടായി തുടങ്ങിയ ചോദ്യങ്ങൾ ഒട്ടും പ്രസക്തമല്ലെന്നതും സുസമ്മതമാണ്. അനാദിയായ ആദിപദാർഥത്തെ ആരുണ്ടാക്കിയെന്ന ചോദ്യം അപ്രസക്തമാണെന്ന് പറയുന്നവർ തന്നെ അനാദിയായ ദൈവത്തെ ആരുണ്ടാക്കിയെന്ന് ചോദിക്കുന്നത് അർഥശൂന്യവും അബദ്ധപൂർണ്ണവുമത്രെ.
പദാർഥ നിഷ്ഠമായ ഒന്നും ഒരു നിർമാതാവില്ലാതെ ഉണ്ടാവുകയില്ല. അതിനാൽ പദാർഥനിർമിതമായ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് അനിവാര്യമാണ്. എന്നാൽ പദാർഥപരമായതിന്റെ നിയമവും അവസ്ഥയും പദാർഥാതീതമായതിനു ബാധകമല്ല. ദൈവം പദാർഥാതീതനാണ്. അതിനാൽ പദാർഥനിഷ്ഠമായ പ്രപഞ്ചത്തിന്റെ നിയമവും മാനദണ്ഡവും അടിസ്ഥാനമാക്കി പദാർഥാതീതനായ ദൈവത്തെ ആരു സൃഷ്ടിച്ചുവെന്ന ചോദ്യം തീർത്തും അപ്രസക്തമത്രെ.
അനാദിയായ, ആരംഭമില്ലാത്ത, എന്നെന്നും ഉള്ളതായ ഒന്നുണ്ടായേ തീരുവെന്നത് അനിഷേധ്യവും സർവസമ്മതവുമാണ്. അതാണ് സർവശക്തനും പ്രപഞ്ചങ്ങളുടെയൊക്കെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവം.