Question : “യേശുക്രിസ്തുവിനെപ്പറ്റി ഖുർആൻ വളരെ നല്ല അഭിപ്രായപ്രകടനങ്ങളെല്ലാം നടത്തുന്നുണ്ടെങ്കിലും, തന്നിൽക്കൂടി ഒരുക്കപ്പെട്ട വീണ്ടെടുപ്പിൻ പ്രവൃത്തിയെപ്പറ്റി യാതൊന്നും പറയുന്നില്ല. റൂഹുല്ലാഹ്, കലിമത്തുല്ലാഹ്, മസീഹ് എന്നുള്ള നാമങ്ങൾ ബൈബിളിന്റെ വിവക്ഷയിൽ ഈസായുടെ ദൈവത്വത്തെത്തന്നെ സൂചിപ്പിക്കുന്ന പേരുകളാണെങ്കിലും ഇസ്‌ലാം ഈസായുടെ ദൈവത്വത്തെ അംഗീകരിക്കാതെ സാധാരണ പ്രവാചകൻമാരിൽ ഒരാൾ മാത്രമായി ചിത്രീകരിക്കുന്നു. ക്രിസ്തു ക്രൂശിക്കപ്പെട്ടു എന്നുള്ളത് ഒരു ചരിത്രസത്യമായിരുന്നിട്ടു കൂടെയും അവർ അതിനെ നിഷേധിക്കുന്നു. ഫലമോ? ഇസ്‌ലാമിന്റെ കാഴ്ചപ്പാടിൽ രക്ഷപ്രാപിക്കാൻ ദൈവം ഒരു വഴിയും ഒരുക്കിയിട്ടില്ല. പ്രവൃത്തികൾ രക്ഷക്കു കാരണമാവുന്നില്ല എന്ന് ബൈബിൾ മുന്നറിയിപ്പു നല്കിയിരിക്കെ അതുതന്നെയാണ് രക്ഷാമാർഗമെന്ന് ഉപദേശിക്കുന്നു. അല്ലാഹുവിന്റെ കരുണയിൽ ആശ്രയിച്ചു കൊള്ളാൻ ഉദ്ബോധിപ്പിക്കുന്നു. (മുസ്ലിംകൾക്കു വേണ്ടി തോമസ്സ് സഖറിയ എഴുതിയ “സത്യത്തിന്റെ പരിശോധന’ എന്ന പുസ്തകം, പേജ് 45). പ്രതികരണം?
Answer : ആദ്യപിതാവ് ആദം വിലക്കപ്പെട്ട കനി ഭക്ഷിച്ചതിന്റെ പേരിൽ അദ്ദേഹത്തിന്റെ സന്തതികളായ മനുഷ്യരൊക്കെയും പാപികളായി ജനിക്കുന്നു എന്ന അന്ധവിശ്വാസമാണ് ക്രിസ്തുമതത്തിന്റെ ആധാരശില. ഈ വിശ്വാസം കേവലം അയുക്തികവും അടിസ്ഥാനരഹിതവുമാണെന്ന് ക്രൈസ്തവലോകം തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഇസ്ലാമിനും ഖുർആന്നുമെതിരായ വിമർശനത്തിന്റെ അർഥ ശൂന്യത അവർക്ക് ബോധ്യപ്പെടുമായിരുന്നു. പിശാചിന്റെ ദുർബോധനത്തിന് വഴങ്ങിപ്പോയ ഒരു നിമിഷത്തിൽ ആദം-ഹവ്വ ദമ്പതികൾക്ക് സംഭവിച്ച അബദ്ധം മാത്രമായിരുന്നു വിലക്കപ്പെട്ട കനി ഭക്ഷിച്ചു എന്ന പാപം. അതേപ്പറ്റി ബോധമുണ്ടായ ഉടനെ ആദം ദമ്പതികൾ പശ്ചാത്താപവിവശരായി പാപം ഏറ്റുപറയുകയും ദൈവത്തോട് മാപ്പിരക്കുകയും ചെയ്തു. സർവശക്തനായ ദൈവം അവരുടെ പശ്ചാത്താപം സ്വീകരിക്കുകയും പാപമുക്തരാക്കുകയും ആദമിനെയും സന്തതികളെയും ഭൂമിയിൽ തന്റെ പ്രതിനിധികളായി നിയോഗിക്കുകയും ചെയ്തു. ചെയ്ത തെറ്റിൽ പശ്ചാത്തപിച്ചവൻ തെറ്റു ചെയ്യാത്തവനെപ്പോലെയാണ് എന്നത് ദൈവനീതി.
ഒരാളുടെയും പാപഭാരം -അത് സ്വന്തം പിതാവിന്റെതായാലും- മറ്റൊരാൾ പേറുന്നില്ലെന്നതും ദൈവനിശ്ചയമാണ്. അതിനാൽ, ആദം പാപിയായല്ല ഭൂമിയിൽ വന്നത്; ആദം സന്തതികൾ പാപികളായി ജനിക്കുന്നുമില്ല. പിന്നെയെന്തിന് ഒരു രക്ഷകൻ അതേ സമയം, ശരിയും തെറ്റും ചെയ്യാനുള്ള പ്രകൃതിയും സ്വാതന്ത്ര്യവും ദൈവം മനുഷ്യർക്ക് നല്കിയതിനാൽ പ്രകാരം നൻമയുടെയോ തിൻമയുടെയോ മാർഗം തെരഞ്ഞെടുക്കാൻ അവർക്ക് കഴിയുന്നു. നൻമയുടെ മാർഗം ഏതെന്ന് ദിവ്യബോധനം ലഭിച്ച പ്രവാചകൻമാർ ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളിലായി മനുഷ്യരെ പഠിപ്പിച്ചിട്ടുണ്ട്. അവരുടെ അധ്യാപനങ്ങളെ പിൻപറ്റി ജീവിച്ച മനുഷ്യർ ആരായിരുന്നാലും അവർ രക്ഷ പ്രാപിക്കും. ആ മഹാത്മാക്കളിൽ ഒരാളായിരുന്നു യേശുവും. മഹാനായ യേശു ഒരിക്കലും ദിവ്യത്വം വാദിക്കുകയോ അവകാശപ്പെടുകയോ ചെയ്തില്ല. അദ്ദേഹം മനുഷ്യനായ മറിയത്തിന് പിറന്ന മനുഷ്യപുത്രനായിരുന്നു. ‘റൂഹുല്ലാഹ്’ എന്നു പറഞ്ഞാൽ ദൈവത്തിന്റെ ആത്മാവ് എന്നർഥം. പിതാവില്ലാതെ പിറന്ന യേശുവിന്റെ ആത്മാവ് ദൈവദത്തമായിരുന്നു എന്നേ അതിനർഥമുള്ളൂ. ഇസ്രാഈൽ മക്കളുടെ വിമോചകനായി ഒരു മിശിഹാ അവതരിക്കുമെന്ന് ദൈവം നേരത്തെ സുവിശേഷമറിയിച്ചിരുന്നു. വാഗ്ദത്ത മിശിഹാ ആയിരുന്നു യേശു എന്ന് ഖുർആൻ വ്യക്തമാക്കുന്നു. മനുഷ്യനായ മിശിഹാക്ക് ആദിയും അന്ത്യവും ഉണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം ദൈവമോ ദൈവപുത്രനോ അല്ല. വിശ്വാസവും കർമവും ചേർന്നതാണ് മത വിശ്വാസമില്ലാത്ത കർമമോ കർമമില്ലാത്ത വിശ്വാസമോ രക്ഷാമാർഗമല്ല. എന്നാൽ, വിശ്വാസവും കർമ്മവും നന്നായിരിക്കേണ്ടതിന് ദൈവകാരുണ്യം വേണം. അതുകൊണ്ടാണ് ദൈവ കാരുണ്യത്തിൽ ശരണം തേടാൻ ഇസ്‌ലാം ഉദ്ബോധിപ്പിച്ചിരിക്കുന്നത്.
യേശു ക്രൂശിക്കപ്പെട്ടു എന്നത് വിശ്വാസമാണ്; ചരിത്രസത്യമല്ല. ക്രൂശിക്കപ്പെട്ടിരുന്നെങ്കിൽ അദ്ദേഹം ഉയിർത്തെഴുന്നേറ്റു പോയി എന്നതും കേവലം വിശ്വാസമാണ്; യാഥാർത്ഥ്യമല്ല. കാരണം, താൻ കുരിശേറി എന്നും ഉയിർത്തെഴുന്നേറ്റു എന്നും യേശു ഭൂമിയിൽ തിരിച്ചുവന്ന് ആരോടും പറഞ്ഞതായി ക്രൈസ്തവർ അവകാശപ്പെടുന്നില്ല. യേശുവിന് ശേഷമാകട്ടെ, അത് പറയാൻ ദിവ്യബോധനം ലഭിച്ച പ്രവാചകൻമാരാരും വന്നതായി ക്രിസ്ത്യാനികൾ വിശ്വസിക്കുന്നുമില്ല. യേശുവിനു ശേഷം വന്ന പ്രവാചകൻ മുഹമ്മദ് (സ) മാത്രമാണ്. അദ്ദേഹമാകട്ടെ യേശുവിന്റെ കുരിശുമരണത്തെ അസന്ദിഗ്ധമായി നിരാകരിക്കുകയും ചെയ്യുന്നു. യേശുവിനു ശേഷം ഏകദേശം 60 മുതൽ 90 വ രെ നീണ്ട സംവൽസരങ്ങൾക്കുള്ളിൽ ഓർമയിൽ നിന്നെഴുതപ്പെട്ട സുവിശേഷങ്ങൾ യേശുവിന്റെ കുരിശു മരണത്തിലേക്കു നൽകുന്ന സൂചനകൾ ചരിത്ര യാഥാർഥ്യമായി അംഗീകരിക്കാനാവില്ല. ആധുനിക ക്രിസ്തുമതത്തിന്റെ സ്ഥാപകൻ എന്നു പറയാവുന്ന പൗലോസ് യേശുവിന്റെ ശിഷ്യൻ പോലും ആയിരുന്നുമില്ല. ത്രിത്വവാദവും പാപികൾക്കായി യേശു കുരിശിലേറി എന്ന സിദ്ധാന്തവു മെല്ലാം പൗലോസിന്റെ വകയാണുതാനും.