ഇപ്പോൾ ദിവസവും ഖുർആനിൽ നിന്ന് അല്പം വായിക്കാറുണ്ട് എന്ന് മുൻ ഓസീസ് ഇതിഹാസതാരം മാത്യു ഹെയ്ഡൻ.
പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനാണ് ഓസ്ട്രേലിയയുടെ ഇതിഹാസതാരമായ മാത്യു ഹെയ്‌ഡൻ. അടുത്തിടെ യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ സെമിഫൈനൽ വരെ എത്താൻ കഴിഞ്ഞ ടീമിന്റെ മികച്ച പ്രകടനത്തിൽ ഭാഗമായിരുന്നു ഹെയ്‌ഡനും. അതിനിടെയാണ് പാകിസ്താന്റെ പുത്തൻ താരോദയമായ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ് വാൻ തനിക്ക് ഖുർആന്റെ ഒരു ഇംഗ്ലീഷ് പരിഭാഷ സമ്മാനിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. ഇതോടൊപ്പം, പാക് താരങ്ങളുടെ ആത്മീയബോധവും അച്ചടക്കവും കണ്ട് വിസ്മയഭരിതനുമായി അദ്ദേഹം.
ഓസീസ് മാധ്യമമായ ന്യൂസ് കോർപ് ഓസ്ട്രേലിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മാത്യു ഹെയ്‌ഡൻ പാക് ടീമിലെ അനുഭവങ്ങൾ പങ്കുവച്ചത്. ആ നിമിഷം തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്നും ഹെയ്‌ഡൻ പറയുന്നു.
“അതൊരു മനോഹര നിമിഷമായിരുന്നു. ഒരിക്കലുമത് മറക്കാനാകില്ല. ഒരു ക്രിസ്ത്യാനിയാണെങ്കിലും ഇസ്‌ലാമിനെക്കുറിച്ച് ഏറെ ജിജ്ഞാസയുള്ളയാളാണ് ഞാൻ. ഒരാൾ ക്രിസ്തുവിനെയും മറ്റൊരാൾ മുഹമ്മദിനെയുമാണ് പിന്തുടരുന്നത്. ഒരർത്ഥത്തിൽ പറഞ്ഞാൽ ഒരിക്കലും പരസ്പരം കണ്ടുമുട്ടേണ്ടതില്ലാത്തവർ, എന്നാൽ, അവൻ എനിക്ക് ഖുർആന്റെ ഒരു ഇംഗ്ലീഷ് പതിപ്പ് സമ്മാനിച്ചു അഭിമുഖത്തിൽ ഹെയ്‌ഡൻ പറയുന്നു.
അരമണിക്കൂറോളം ഒപ്പമിരുന്ന് സംസാരിച്ചു ഞങ്ങൾ. ദിവസവും ഖുർആനിൽനിന്ന് ചെറിയ ഭാഗങ്ങൾ വായിക്കുന്നുണ്ട് ഇപ്പോൾ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളാണ് റിസ്സി (റിസ് വാൻ). അത്രയും മികച്ചൊരു മനുഷ്യനാണവനെന്നും മാത്യു ഹെയ്‌ഡൻ അഭിപ്രായപ്പെട്ടു.
പാക് താരങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചും വാചാലനായി ഹെയ്‌ഡൻ. ഡ്രസിങ് റൂമിൽ താരങ്ങളുടെ പെരുമാറ്റവും എളിമയും കണ്ട് അത്ഭുതപ്പെട്ടു. ഭയങ്കര രസമായിരുന്നു അത്. എന്തുമാത്രം വിനയാന്വിതരും മിതഭാഷികളുമാണവർ. അവരുടെ ആഴത്തിലുള്ള ആത്മീയതയാണ് അതിനു കാരണം. ഒരു പാശ്ചാത്യനായതുകൊണ്ട് തന്നെ വിശ്വാസത്തിന്റെയും പ്രതിബദ്ധതയുടെയും അനുരണനങ്ങൾ നിങ്ങൾ തിരിച്ചറിയുന്നില്ല. അവരുടെ അഞ്ചുനേരത്തെ നമസ്കാരത്തിന്റെ കാര്യമാണ് മറ്റൊന്ന്. ലിഫ്റ്റിൽ വച്ചാണ് സമയമാകുന്നതെങ്കിൽ അവർ നമസ്കരിക്കുന്നതു കാണാം. ഹെയ്ഡൻ കൂട്ടിച്ചേർത്തു.