Question : ഇസ്ലാം ഒരു സ്ത്രീവിരുദ്ധ പ്രത്യയശാസ്ത്രമാണെന്ന് ആരോപിക്കാൻ ഇസ്‌ലാമിക ശരീഅഃത്ത് അനന്തരാവകാശത്തിന്റെ കാര്യത്തിൽ സ്ത്രീയെ അവഗണിച്ചുവെന്ന് ചിലർ ആക്ഷേപിക്കുന്നു. ശെരിയാണോ ?
Answer: അല്ല. പുരുഷനു തുല്യം സ്വത്തു സമ്പാദിക്കാനും സൂക്ഷിക്കാനും ചെല വഴിക്കാനും ശരീഅത്ത് സ്ത്രീക്ക് അവകാശവും സ്വാതന്ത്ര്യവും നൽകിയി ട്ടുണ്ട്. സകാത്തുപോലുള്ള കുടുംബപരമല്ലാത്ത സാമ്പത്തിക ബാധ്യതയിലും പുരുഷ തുല്യയാണ്. ദായധന വിതരണത്തിൽ പുത്രന് പുത്രിയുടെ വിഹിതത്തിന്റെ ഇരട്ടി ലഭിക്കുന്നതായിരിക്കാം ഒരുപക്ഷേ ഈ ആക്ഷേപത്തിനാധാരം. എന്നാൽ ആ വിവേചനം സ്ത്രീയോടുള്ള അവഗണനയായി തോന്നുന്നത് കാര്യങ്ങൾ കേവലം ഉപരിപ്ലവമായി കാണുന്നതുകൊണ്ടാണ്.
ദായധനം വ്യക്തികൾ സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയ ധനമല്ല. അവരുടെ മുൻഗാമികളുടെ അധ്വാന ഫലം വീതിച്ചെടുക്കുന്നതാണ്. മുൻഗാമികളുടെ സമ്പാദ്യത്തിൽ പിൻഗാമികൾക്കുള്ള വിഹിതം നിർണ്ണയിക്കുന്നതിൽ ഇസ് ലാം രണ്ടു സംഗതികൾ പരിഗണിച്ചിരിക്കുന്നു. ഒന്ന്, പിൻഗാമികൾക്ക് പരേതനുമായുള്ള ബന്ധത്തിന്റെ സ്വഭാവം. രണ്ട്, പിൻഗാമികളുടെ സാമ്പത്തിക ബാധ്യത മാതാപിതാക്കളും മക്കളുമാണ് ഒരാളുടെ ഏറ്റവും അടുത്ത ബന്ധുക്കൾ. ഈ ബന്ധുക്കളുടെ സാന്നിധ്യത്തിൽ അയാളുടെ സഹോദരീ സഹോദരൻമാർക്കോ, മാതൃ-പിതൃ സഹോദരങ്ങൾക്കോ ദായധനാവകാശം ലഭിക്കുകയില്ല. ഇത് ഇസ് ലാം സഹോദരീ സഹോദരൻമാരെ അവഗണിച്ചതുകൊണ്ടാണെന്ന് ആരും പറയില്ലല്ലോ. ദായധന വിഹിതം നിശ്ചയിക്കുന്നതിൽ ദീക്ഷിച്ചിട്ടുള്ള രണ്ടാമത്തെ സംഗതി സാമ്പത്തിക ബാധ്യതയാണ്. പുരുഷന് സ്ത്രീയെ അപേക്ഷിച്ച് കൂടുതൽ സാമ്പത്തിക ബാധ്യതകളുണ്ട്. കുടുംബ ചെലവുകൾ നടത്തേണ്ടത് പുരുഷന്റെ ബാധ്യതയാണ്. ഇസ് ലാം ആ ഉത്തരവാദിത്വത്തിൽ നിന്ന് സ്ത്രീയെ ഒഴിവാക്കിയിരിക്കുന്നു. സ്ത്രീ തന്റെ ഭർത്താവിനേക്കാൾ സമ്പന്നയാണെങ്കിൽ പോലും ഭർത്താവിനും മക്കൾക്കും ചെലവിനു കൊടുക്കാൻ ബാധ്യസ്ഥയല്ല. അവകാശം എല്ലാ നിലയിലും തുല്യമാകുമ്പോൾ ബാധ്യതയും എല്ലാ നിലയിലും തുല്യമാകേണ്ടതാണല്ലോ. അതു സ്ത്രീക്ക് കൂടുതൽ ഭാരമായാണ് തീരുക. ഈ വസ്തുതകൾ മുമ്പിൽ വെച്ചുകൊണ്ട് ആലോചിച്ചാൽ സ്വത്തവകാശത്തിൽ ഇസ്ലാം സ്ത്രീയെ അവഗണിച്ചിരിക്കുകയല്ല, അവളുടെ പ്രകൃതി ആവശ്യപ്പെടുന്ന യഥാർത്ഥ പരിഗണന നൽകിയിരിക്കുകയാണ് എന്ന് കാണാം.