പ്രകാശ രേഖ: പതിനഞ്ച്
നോർവേയിലെ ഒരു സ്ത്രീ റെസ്റ്റോറൻറിൽ വന്ന് കൗണ്ടറിൽ പണം നൽകി പറഞ്ഞു:
“അഞ്ച് കോഫി, രണ്ട് സസ്പെൻഡഡ്”
അഞ്ച് കോഫികൾക്ക് പണം നൽകുന്നു.
മൂന്ന് കപ്പ് കാപ്പി കൊണ്ടുപോയി.
മറ്റൊരാൾ വന്നു പറഞ്ഞു
“പത്ത് കോഫി, അഞ്ച് സസ്പെൻഡഡ്”,
പത്തിന് പണം നൽകി അഞ്ച് കോപ്പ കോഫികൾ കൊണ്ടു പോയി.
മറ്റൊരാൾ വന്നു പറഞ്ഞു
“അഞ്ച് ഭക്ഷണം, രണ്ട് സസ്പെൻഡഡ് “,
അഞ്ച് ഭക്ഷണത്തിന് പണം നൽകി മൂന്ന് ഭക്ഷണപ്പൊതികളെടുത്തു.
കുറച്ചു കഴിഞ്ഞപ്പോൾ കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച ഒരു വൃദ്ധൻ കൗണ്ടറിൽ വന്നു. അയാൾ ചോദിച്ചു:” സസ്പെൻഡഡ് കോഫി ഉണ്ടോ?”
കൗണ്ടറിലെ സ്ത്രീ ” ഉണ്ട്” എന്ന് പറഞ്ഞു ഒരു കോപ്പ ചൂടുള്ള കോഫി കൊടുത്തു.
അൽപ സമയം കഴിഞ്ഞ് മുഷിഞ്ഞ വസ്ത്രം ധരിച്ച മറ്റൊരാൾ വന്ന് ചോദിച്ചു:
“എന്തെങ്കിലും സസ്പെൻഡ് ചെയ്ത ഭക്ഷണം” ഉടനെ, കൗണ്ടറിലെയാൾ ചൂടുള്ള ചോറും ഒരു കുപ്പി വെള്ളവും നൽകി.
ഭൂമിയിലെ വിഭവം എല്ലാവർക്കുമുള്ളതാണെന്ന് തിരിച്ചറിയുന്ന അപൂർവ്വം ചിലരുണ്ട്. അവരുടെ സാന്നിധ്യമാണ് എന്നും എവിടെയും അവശർക്കും അശരണർക്കും ആശ്വാസമേകാറുള്ളത്. അവർ തങ്ങൾക്കാവശ്യമുള്ളത് മാത്രമെടുത്ത് അവശേഷിക്കുന്നത് ആവശ്യക്കാർക്ക് നൽകുന്നു. വെള്ളത്തിൽ ജീവിക്കുന്ന മത്സ്യം അര വയറേ നിറക്കുകയുള്ളൂ. വിളഞ്ഞു നിൽക്കുന്ന വയലുകളിൽ നിന്ന് കുരുവി ഒരു കതിരേ കൊത്തിയെടുക്കാറുള്ളു.അവ്വിധം ആവശ്യമുള്ളത് മാത്രമെടുക്കുകയും അവശേഷിക്കുന്നത് ആവശ്യക്കാർക്ക് നീക്കി വെക്കുകയും ചെയ്യുന്നു. ആരാണ് അവയുടെ ഗുണഭോക്താക്കളെന്ന് അന്വേഷിക്കുന്നു പോലുമില്ല. ഇവ്വിധം മഹിതമായ നിലപാടുകൾ സ്വീകരിക്കാൻ അപൂർവം ആളുകൾക്കേ കഴിയുകയുള്ളൂ. ഏവരുടെയും ആദരവർഹിക്കുന്നവരും അവർ തന്നെ. അത്തരക്കാരെ സംബന്ധിച്ച സംസാരം പോലും സുമനസ്സുകളിൽ സദ് വികാരങ്ങളുണർത്തുന്നു.